പശ്ചിമഘട്ടത്തില്‍ നിന്ന് നാല് പുതിയ ലൈക്കനുകള്‍; കണ്ടെത്തലിന് പിന്നില്‍ മഹാരാജാസിലെ ഗവേഷകര്‍

കൊച്ചി: കേരളത്തിലെ വിവിധ ദേശീയോദ്യാനങ്ങളില്‍ നിന്ന് നാല് പുതിയ ലൈക്കന്‍ വര്‍ഗ്ഗങ്ങളെ കണ്ടെത്തി ഗവേഷകര്‍. എറണാകുളം മഹാരാജാസ് കോളേജ് ബോട്ടണി വിഭാഗത്തിലെ ലൈക്കനോളജി ലാബിലെ ഗവേഷകരാണ് കണ്ടെത്തലിനു പിന്നില്‍. പശ്ചിമഘട്ടത്തില്‍ നിന്നുള്ളതാണ് ഈ നാല് പുതിയ ലൈക്കനുകളും.
1. പാര്‍മോട്രീമാ സഹ്യാദ്രിക്കം (Parmotrema sahyadricum): ന്യൂസിലന്‍ഡില്‍ നിന്നും പ്രസിദ്ധീകരിക്കുന്ന ഫൈറ്റോടാക്‌സ ജേണലിലാണ് വയനാട്ടില്‍ നിന്ന് മഹാരാജാസിലെ ഗവേഷകരായ ഡോ.സ്റ്റീഫന്‍ സെക്യുറ, അരുണ്‍ ക്രിസ്റ്റി, അശ്വതി അനില്‍കുമാര്‍, ആര്‍ഷ എസ് മോഹന്‍ എന്നിവര്‍ കണ്ടെത്തിയ ഈ ലൈക്കന്‍ വര്‍ഗ്ഗത്തെ പറ്റിയുള്ള പഠനറിപ്പോർട്ട് പ്രസിദ്ധീകരിച്ചത്.
2. സോളിനോപ്‌സോറ റൈസോമോര്‍ഫാ (Solenopsora rhizomorpha): ഇരവികുളം, മതികെട്ടാന്‍ ചോല ദേശീയോദ്യാനങ്ങളില്‍ നിന്നുമാണ് ഈ പുതിയ ലൈക്കന്‍ മഹാരാജാസിലെ ഗവേഷകരായ ഡോ.സ്റ്റീഫന്‍, അരുണ്‍ ക്രിസ്റ്റി, അശ്വതി അനില്‍കുമാര്‍ എന്നിവര്‍ കണ്ടെത്തിയത്. ഇതും ഫൈറ്റോടാക്‌സ എന്ന ജേണലിലാണ് പ്രസിദ്ധീകരിച്ചിട്ടുളളത്. മഹാരാജാസിലെ ഗവേഷകരെ കൂടാതെ പീച്ചി കേരള വനഗവേഷണ സ്ഥാപനത്തിലെ സയന്റിസ്റ്റായ ഡോ.സില്‍ജോ ജോസഫും ഇതില്‍ ഉള്‍പ്പെടുന്നു.
3. ബുവെല്ലിയ ഘാട്ടെന്‍സിസ് (Buellia ghattensis): മതികെട്ടാന്‍ ചോല ദേശീയോദ്യാനത്തില്‍ നിന്നുമാണ് ഈ ലൈക്കനെ മഹാരാജാസിലെ ഗവേഷകര്‍ കണ്ടെത്തിയത്. റഷ്യയില്‍ നിന്നും പ്രസിദ്ധീകരിക്കുന്ന ബയോളജി ബുള്ളറ്റിനിലാണ് ഈ ലൈക്കനെ പറ്റി പ്രസിദ്ധീകരിച്ചിട്ടുള്ളത്. മഹാരാജാസിലെ ഗവേഷകരെ കൂടാതെ കേരള വനഗവേഷണ സ്ഥാപനത്തിലെ ഡോ.സില്‍ജോ ജോസഫും, ലക്‌നൗവിലെ നാഷണല്‍ ബൊട്ടാണിക്കല്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിലെ ശാസ്ത്രജ്ഞരും ഈ ഗവേഷണത്തില്‍ ഉള്‍പ്പെടുന്നു.
4. പിക്‌സൈന്‍ ജാനകിയെ (Pyxine janakiae): മതികെട്ടാന്‍ ചോല ദേശീയോദ്യാനത്തില്‍ നിന്നുമാണ് ഡോ.ഇ.കെ.ജാനകി അമ്മാളിന്റെ പേരില്‍ നാമകരണം ചെയ്യപ്പെട്ടിട്ടുള്ള ലൈക്കനെ മഹാരാജാസിലെ ഗവേഷകര്‍ കണ്ടെത്തിയത്. ഫൈറ്റോടാക്‌സ ജേണലിലാണ് ഇതും പ്രസിദ്ധീകരിച്ചിട്ടുള്ളത്.
അശ്വതി അനില്‍കുമാര്‍, അരുണ്‍ ക്രിസ്റ്റി, ആര്‍ഷ എസ് മോഹന്‍ എന്നിവര്‍ ഡോ.സ്റ്റീഫന്‍ സെക്യുറയുടെ കീഴില്‍ മഹാരാജാസ് കോളേജില്‍ ലൈക്കനുകളുടെ വിവിധ വിഷയങ്ങളില്‍ ഗവേഷണം നടത്തിവരികയാണ്.
Content Highlights: Four new Lichens have been discovered from Westernghats