പശ്ചിമഘട്ടത്തില്‍നിന്ന് നാല് പുതിയ സസ്യങ്ങള്‍; കണ്ടെത്തലിന് പിന്നില്‍ കര്‍ണാടകത്തിലെ ഗവേഷകര്‍

സൂക്‌സീയൻ സീതാരാമി, ഒബറോണിയ മാൺകൂലിയെൻസിസ്, പാരസോപൂബിയ ഗോരെൻസിസ്, യൂട്രികൂലേരിയ കുംടെൻസിസ്
സൂക്‌സീയൻ സീതാരാമി, ഒബറോണിയ മാൺകൂലിയെൻസിസ്, പാരസോപൂബിയ ഗോരെൻസിസ്, യൂട്രികൂലേരിയ കുംടെൻസിസ്

ബെംഗളൂരു: കര്‍ണാടകത്തിലെ പശ്ചിമഘട്ടത്തില്‍നിന്ന് നാല് പുതിയ സസ്യങ്ങളെ കണ്ടെത്തി ഗവേഷകര്‍. ധാര്‍വാഡിലുള്ള കര്‍ണാടക് സയന്‍സ് കോളേജിലെ സസ്യശാസ്ത്രജ്ഞന്‍ കൂടിയായ പ്രൊഫ.കെ. കൊത്രേഷയുടെ നേതൃത്വത്തിലുള്ള സംഘമാണ് കണ്ടെത്തലിന് പിന്നില്‍. സസ്യ സര്‍വേയുടെ ഭാഗമായുളള പ്രവര്‍ത്തനങ്ങള്‍ക്കിടെയായിരുന്നു കണ്ടെത്തല്‍.

നിലവില്‍ എട്ടുജില്ലകളില്‍ ഗവേഷണസംഘം സര്‍വേ പൂര്‍ത്തിയാക്കി. ബാക്കിയുള്ള ജില്ലകളില്‍ സര്‍വേ പുരോഗമിക്കുകയാണ്. കണ്ടെത്തിയ നാലുപുതിയ സസ്യങ്ങളിലെ മൂന്നെണ്ണവും ഉത്തരകന്നഡയിലെ വിവിധ ജില്ലകളില്‍ നിന്നുള്ളവയാണ്. നാലാമനെ കണ്ടെത്തിയതാകട്ടെ ശിവമോഗ ജില്ലയിലും.

മധ്യ പശ്ചിമഘട്ടത്തില്‍നിന്ന് കണ്ടെത്തിയ പുതിയ സസ്യത്തിന് ഒബറോണിയ മാണ്‍കൂലിയെന്‍സിസ് എന്നാണ് പേരുനല്‍കിയിരിക്കുന്നത്. ശിവമോഗ ജില്ലയിലെ മാണ്‍കൂലി മലനിരകളില്‍ ഒബറോണിയ മാണ്‍കൂലിയെന്‍സിസിനെ കാണാം. റിച്ചാര്‍ഡിയാന എന്ന അന്താരാഷ്ട്ര ജേണലിലാണ് ഇതുസംബന്ധിച്ച് പഠനം പ്രസിദ്ധീകരിച്ചത്.

ഉത്തര കന്നഡ ജില്ലയിലെ കലി കടുവ സങ്കേതത്തില്‍നിന്ന് കണ്ടെത്തിയ പുതിയ സസ്യത്തിന് പ്രശസ്ത ടാക്‌സോണോമിസ്റ്റ് പ്രൊഫ. വൈ.എന്‍. സീതാരാമിനോടുള്ള ബഹുമാനാര്‍ത്ഥം സൂക്‌സീയന്‍ സീതാരാമി എന്നാണ് പേരുനല്‍കിയിരിക്കുന്നത്. കണ്ടെത്തല്‍ ഏഷ്യന്‍ ജേണല്‍ ഓഫ് റിസര്‍ച്ച് ഇന്‍ ബോട്ടണിയില്‍ പ്രസിദ്ധീകരിച്ചു.

ഉത്തരകന്നഡ ജില്ലയില്‍തന്നെയുള്ള മറ്റൊരു സസ്യത്തിന് പാരസോപൂബിയ ഗോരെന്‍സിസ് എന്നാണ് പേരിട്ടത്. പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത് അന്താരാഷ്ട്ര ജേണലായ ഫൈറ്റോടാക്‌സയിലാണ്. 

മിര്‍ജാന്‍ ഫോര്‍ട്ടില്‍നിന്ന് കണ്ടെത്തിയ പുതിയ സസ്യത്തിനാകട്ടെ യൂട്രികൂലേരിയ കുംടെന്‍സിസ് എന്നാണ് പേരുനല്‍കിയിരിക്കുന്നത്. പഠനം ഫൈറ്റോടാക്‌സ എന്ന ജേണലില്‍ പ്രസിദ്ധീകരിച്ചു.

ലോകമെമ്പാടും 30 ലക്ഷം സസ്യ ഇനങ്ങളാണുള്ളതെന്ന് പ്രൊഫ.കെ. കൊത്രേഷ പറയുന്നു. ഇതില്‍ രണ്ടരലക്ഷം ഇനങ്ങളെ മാത്രമാണ് ഇതുവരെ തിരിച്ചറിഞ്ഞിട്ടുള്ളതെന്നും അദ്ദേഹം പറയുന്നു. ശ്രേയസ് ബേട്ടഗെരി, വനജ ജി. പാട്ഗര്‍, മഞ്ജുശ്രീ എസ്. കനോജ് എന്നിവരാണ് പ്രൊഫ.കെ. കൊത്രേഷയുടെ സംഘത്തിലുള്‍പ്പെട്ട മറ്റ് സസ്യശാസ്ത്രജ്ഞര്‍.

Content Highlights: Four new Plant species have been discovered from westernghats of karnataka