മീൻപിടിക്കുന്ന എട്ടുകാലിയെ കണ്ടെത്തി ഗവേഷകർ; സാന്നിധ്യം സ്ഥിരീകരിച്ചത് വയനാട്ടിൽ

മീൻപിടിക്കുന്ന എട്ടുകാലിയെക്കുറിച്ചറിയാമോ? മീനിനെ വലയിലാക്കാൻ വല വേണ്ടാത്ത വിരുതനെ കേരളത്തിലും കണ്ടെത്തി. ജലാശയങ്ങളുടെ തീരങ്ങളിൽ കാണപ്പെടുന്ന ഇവയെ വയനാട്ടിലെ ‘വയനാട് വൈൽഡ്’ ഇക്കോ റിസോർട്ട് പരിസരത്തുനിന്നാണ് പീച്ചി വനഗവേഷകകേന്ദ്രത്തിലെ ഡോ. ജിതു ഉണ്ണികൃഷ്ണൻ, സി.കെ. അർജുൻ എന്നിവരുടെ നേതൃത്വത്തിൽ കണ്ടെത്തിയത്.
ഇന്ത്യയിൽ ആദ്യമായാണ് ഈ മീൻപിടിയൻ ചിലന്തി (ഫിഷിങ് സ്പൈഡറിന്റെ)യുടെ സാന്നിധ്യം സ്ഥിരീകരിക്കുന്നത്. ഇതിന് ഡോളോമിഡസ് ഇൻഡിക്കസ് എന്ന് ശാസ്ത്രീയനാമം നൽകി. പ്രത്യേകരീതിയിലുള്ള രോമങ്ങൾ വെള്ളത്തിലിറക്കിയിട്ടാണ് ഇരയ്ക്കായുള്ള കാത്തിരിപ്പ്. കൂർത്ത പല്ലുകളുപയോഗിച്ചാണ് മീൻപിടിത്തം. ഇരിക്കുന്ന ഇടത്തുതന്നെ തങ്ങളുടെ വല ഉറപ്പിക്കാനും അതുവഴി തിരിച്ചുപിടിച്ചുകയറാനും ഇവയ്ക്കാവും.
10 മുതൽ 12 സെന്റീമീറ്റർവരെയാണ് ഫിഷിങ് സ്പൈഡറിന് സാധാരണ വലുപ്പം. ചിലന്തികളിൽനിന്ന് വ്യത്യസ്തമായ കണ്ണും ശരീരപ്രകൃതിയുമാണ് ഇവയ്ക്കുള്ളത്. സ്ലൊവീനിയയിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബയോളജിയുമായി ചേർന്നായിരുന്നു വർഗീകരണം.
Content Highlights: Discover the fascinating fishing spider, Dolomedes indicus, found for the first time in India! Learn about its unique hunting techniques and appearance.