ആഗോളതാപനവും മനുഷ്യ ഇടപെടലുകളും; എവറസ്റ്റ് ബേസ് ക്യാമ്പ് മാറ്റുന്നു

എവറസ്റ്റ് ബേസ് ക്യാംപ്‌ | Photo-AFP
എവറസ്റ്റ് ബേസ് ക്യാംപ്‌ | Photo-AFP

കാഠ്മണ്ഡു: ആഗോളതാപനവും മനുഷ്യ ഇടപെടലുകളുംകാരണം എവറസ്റ്റ് കൊടുമുടിയുടെ ബേസ് ക്യാമ്പ് സുരക്ഷിതമല്ലാതായെന്ന് നേപ്പാള്‍. ഖുംബു മേഖലയില്‍ 5364 മീറ്റര്‍ ഉയരത്തിലാണ് ലോകത്തെ ഏറ്റവും വലിയ കൊടുമുടിയുടെ ബേസ് ക്യാമ്പ് ഇപ്പോഴുള്ളത്. ഓരോ വര്‍ഷവും പര്‍വതാരോഹണക്കാലത്ത് 1500-ലധികം ആളുകളാണ് ഇവിടെയെത്തുക. എന്നാല്‍, ഇവിടെയുള്ള മഞ്ഞുപാളികള്‍ക്ക് അപകടകരമായരീതിയില്‍ കട്ടികുറഞ്ഞിരിക്കുന്നു. 

ആഗോളതാപനത്തിന്റെ ഫലമായി മഞ്ഞുരുകുന്നത് കൂടി. ഇതോടെ ബേസ് ക്യാമ്പ് സുരക്ഷിതമായ മറ്റൊരുമേഖലയിലേക്ക് മാറ്റുന്നതിനെക്കുറിച്ച് ആലോചനകള്‍ തുടങ്ങിയിട്ടുണ്ട്. നേപ്പാള്‍ വിനോദസഞ്ചാരവകുപ്പ് ഉദ്യോഗസ്ഥരുടെ അനൗദ്യോഗിക കൂടിക്കാഴ്ചയിലാണ് വിഷയം ചര്‍ച്ചയ്ക്കുവന്നത്. ബേസ് ക്യാമ്പ് മാറ്റുന്നതിന് പുതിയസ്ഥലം കണ്ടെത്തുകയോ ഔദ്യോഗിക നടപടികള്‍ ആരംഭിക്കുകയോ ചെയ്തിട്ടില്ല.

എവറസ്റ്റ് കൊടുമുടിയുടെ മുകളിലെ 2000 വര്‍ഷം പഴക്കമുള്ള മഞ്ഞുപാളി ഈനൂറ്റാണ്ടിന്റെ പകുതിയോടെ അപ്രത്യക്ഷമാകുമെന്ന് ഫെബ്രുവരിയില്‍ ഗവേഷകര്‍ മുന്നറിയിപ്പുനല്‍കിയിരുന്നു. 1990-നുശേഷം എവറസ്റ്റിലെ മഞ്ഞുരുക്കം അതിവേഗത്തിലാണെന്ന് ഇന്റര്‍നാഷണല്‍ സെന്റര്‍ ഫോര്‍ ഇന്റഗ്രേറ്റഡ് മൗണ്ടന്‍ ഡെവലപ്മെന്റ് ചൂണ്ടിക്കാട്ടി.

Content Highlights: Everest base Camp soon to be changed following Global Warming and Human Intervention