പേരയുടെ കുടുംബം, രുചികരമല്ലാത്ത കായ; പേരെന്താ.. യുജീനിയ ഏലപ്പാറെൻസിസ്

യുജീനിയ ഏലപ്പാറെൻസിസ്
യുജീനിയ ഏലപ്പാറെൻസിസ്

പേരയും ചാമ്പയും ഉൾപ്പെടുന്ന ‘മിർട്ടേസിയ’ കുടുംബാംഗമായ പുതിയ സ്പീഷിസ് കുറ്റിച്ചെടിയെക്കൂടി കേരളത്തിൽ തിരിച്ചറിഞ്ഞു. ഇടുക്കി ജില്ലയിലെ ഏലപ്പാറയിൽനിന്നാണ് ഗവേഷകർ ‘യുജീനിയ ഏലപ്പാറെൻസിസ്’ എന്നുപേരിട്ട സസ്യത്തെ കണ്ടെത്തി വർഗീകരിച്ചത്. സമുദ്രനിരപ്പിൽനിന്നും 1500 മീറ്റർ ഉയരത്തിൽ ചെങ്കുത്തായ മലനിരകളിലാണ് സസ്യം കാണപ്പെടുന്നത്.

പേരയുടെ കുടുംബത്തിലാണെങ്കിലും ഇവയുടെ കായ രുചികരമല്ല.  യുജീനിയ ജനുസ്സിൽ 24 സ്പീഷിസുകളാണ് കേരളത്തിലുള്ളത്. ഇവയിൽ ഇരുപതും പശ്ചിമഘട്ടത്തിൽ മാത്രം കാണപ്പെടുന്നതും വംശനാശഭീഷണി നേരിടുന്നവയുമാണ്.

പത്തനംതിട്ട തുരുത്തിക്കാട് ബി.എ.എം. കോളേജ് സസ്യശാസ്ത്ര അധ്യാപകരായ ഡോ. എ.ജെ. റോബി, ഡോ. അനൂപ് പി. ബാലൻ, പീച്ചി വനഗവേഷണകേന്ദ്രം ശാസ്ത്രജ്ഞൻ ഡോ. പി. സുജനപാൽ എന്നിവരടങ്ങിയ ഗവേഷകസംഘമാണ് പുതിയ സസ്യത്തെ കണ്ടെത്തിയത്. അന്താരാഷ്ട്ര ശാസ്ത്രപ്രസിദ്ധീകരണമായ ഫൈറ്റൊടാക്സയിൽ ഗവേഷണഫലം പ്രസിദ്ധീകരിച്ചു.   

Content Highlights: Eugenia elapparensis new species from southern western ghats