എൽ നിനോ ശക്തമാകുന്നു; തമിഴ്‌നാട്ടിൽ വരൾച്ചയ്ക്ക് സാധ്യതയെന്ന് റിപ്പോർട്ട്, കേരളത്തിനും ഭീഷണി

#ന്യൂസ് ഡെസ്ക്
പ്രതീകാത്മക ചിത്രം | Photo: ANI
പ്രതീകാത്മക ചിത്രം | Photo: ANI

ചെന്നൈ: എൽ നിനോ പ്രതിഭാസം ശക്തമാകുന്നത് തമിഴ്‌നാടിന് വെല്ലുവിളിയാകുന്നതായി റിപ്പോർട്ട്. ഇന്ത്യൻ നാഷണൽ സെന്റർ ഫോർ ഓഷ്യൻ ഇൻഫർമേഷൻ സർവീസസിന്റെ റിപ്പോർട്ട് പ്രകാരം, എൽ നിനോ പ്രതിഭാസത്തിൻ്റെ ഫലമായി സംസ്ഥാനത്ത് കടുത്ത വരൾച്ചയ്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. ഇത് സംസ്ഥാനത്തെ ജലലഭ്യതയെയും കാർഷിക മേഖലയെയും ബാധിക്കുമെന്നാണ് ആശങ്ക.

തമിഴ്‌നാട്ടിൽ കർഷകർ ജലത്തിനായി പ്രധാനമായും ആശ്രയിക്കുന്നത് തെക്കുപടിഞ്ഞാറൻ, വടക്കുകിഴക്കൻ മൺസൂണുകളെയാണ്. എന്നാൽ, ഈവർഷം തെക്കുപടിഞ്ഞാറൻ മൺസൂണിൽ 12.6 ശതമാനം മഴക്കുറവുണ്ടായി. 2015-ന് ശേഷമുള്ള ഏറ്റവും കുറഞ്ഞ മഴയാണിത്. പശ്ചിമഘട്ട മേഖലയിൽ മഴ കുറഞ്ഞതും തമിഴ്‌നാട്ടിലെ ജലലഭ്യതയെ ബാധിച്ചിട്ടുണ്ട്.

അതേസമയം, വടക്കുകിഴക്കൻ മൺസൂണിൽ സാധാരണ നിലയിൽ 468 മില്ലിമീറ്റർ മഴ ലഭിക്കുമെന്നാണ് തമിഴ്‌നാട് കാർഷിക സർവകലാശാലയുടെ പ്രവചനം. എന്നാൽ, എൽ നിനോയുടെ സ്വാധീനത്തിൽ തീരദേശ ജില്ലകളിൽ ശക്തമായ മഴയും ഉൾനാടൻ പ്രദേശങ്ങളിൽ മഴക്കുറവും അനുഭവപ്പെടാൻ സാധ്യതയുണ്ട്.

മഴയുടെ ലഭ്യതയിലുണ്ടാകുന്ന ഈ വ്യത്യാസം കാർഷിക മേഖലയ്ക്കും തിരിച്ചടിയായേക്കും. നെല്ല്, നിലക്കടല, ചോളം, പരുത്തി, പയർവർഗങ്ങൾ, കരിമ്പ്, തെങ്ങ് തുടങ്ങിയ വിളകളുടെ ഉൽപ്പാദനം കുറയാൻ സാധ്യതയുണ്ട്. ജലക്ഷാമം രൂക്ഷമാകുന്നതോടെ കന്നുകാലികൾക്കുള്ള തീറ്റപ്പുല്ലിന്റെ ലഭ്യതയും കുറയാം. ഇതിനുപുറമേ, ഭൂഗർഭജലത്തിന്റെ അമിത ഉപയോഗവും പ്രതിസന്ധി രൂക്ഷമാക്കുന്നുണ്ട്.

പ്രതിസന്ധി നേരിടാൻ ദുരന്തനിവാരണ നിയമപ്രകാരം തമിഴ്‌നാട് സർക്കാർ വിദഗ്ധ സമിതിയെ നിയോഗിച്ചിട്ടുണ്ട്. ജലാശയങ്ങളിലെ ചെളി നീക്കംചെയ്യുക, കുടിവെള്ളം സംരക്ഷിക്കുക, കുറഞ്ഞ കാലയളവിൽ വിളവെടുക്കാവുന്നതും വരൾച്ചയെ അതിജീവിക്കുന്നതുമായ വിളകൾ കൃഷി ചെയ്യുക, കാലാവസ്ഥ മുന്നറിയിപ്പുകൾ കർഷകർക്ക് കൃത്യസമയത്ത് നൽകുക തുടങ്ങിയ നടപടികൾ അടിയന്തരമായി സ്വീകരിക്കണമെന്ന് ഇന്ത്യൻ കാർഷിക ഗവേഷണ കൗൺസിലും നിർദേശിച്ചിട്ടുണ്ട്.

തമിഴ്‌നാട്ടിലെ കാലാവസ്ഥാ പ്രതിസന്ധി കേരളത്തെയും ബാധിക്കുമെന്ന ആശങ്കയും ശക്തമാണ്. അരി, പച്ചക്കറികൾ, നിലക്കടല, ചോളം, പയർവർഗങ്ങൾ തുടങ്ങിയ ഭക്ഷ്യവസ്തുക്കൾക്കായി കേരളം തമിഴ്‌നാട് ഉൾപ്പെടെയുള്ള അയൽസംസ്ഥാനങ്ങളെയാണ് ആശ്രയിക്കുന്നത്. കേരളത്തിൽ പ്രതിവർഷം ഏകദേശം 40 ലക്ഷം മെട്രിക് ടൺ അരി ആവശ്യമുള്ളപ്പോൾ സംസ്ഥാനത്ത് ഉൽപ്പാദിപ്പിക്കുന്നത് അഞ്ച് ലക്ഷം മെട്രിക് ടൺ മാത്രമാണ്. അതിനാൽ ജലക്ഷാമം കാരണം കൃഷിയും വിളവെടുപ്പും കുറയുകയാണെങ്കിൽ കേരളത്തെ അത് നേരിട്ട് ബാധിച്ചേക്കാം. ഇതോടെ അരി, പച്ചക്കറി തുടങ്ങിയ നിത്യോപയോഗ സാധനങ്ങളുടെ വില ഉയരാനും സാധ്യതയുണ്ട്.

Content Highlights: El Nino phase is projected to last until April 2027, increasing risks of severe drought and extreme rainfall in Tamil Nadu., Southwest monsoon registered a 12.6% deficit, the lowest since 2015, severely impacting water inflow from the Western Ghats., Agriculture sectors in districts like Ariyalur, Perambalur, and Vellore face major crop production declines., Tamil Nadu government has formed an expert committee under the Disaster Management Act to implement mitigation strategies.