സൂപ്പർ എൽ നിനോ വരുന്നു, ആഗോള ജിഡിപിയിൽ 40 ലക്ഷം കോടിയുടെ ഇടിവുണ്ടാക്കിയേക്കും; ഇന്ത്യയ്ക്കും വെല്ലുവിളി

ന്യൂഡൽഹി: പസഫിക് സമുദ്രത്തിൽ ശക്തിപ്രാപിക്കുന്ന സൂപ്പർ എൽ നിനോ പ്രതിഭാസം കാരണം 2027-ൽ ആഗോള സമ്പദ്‌വ്യവസ്ഥയിൽനിന്ന് ഏകദേശം 451 ബില്യൺ ഡോളർ (ഏകദേശം 40.6 ലക്ഷം കോടി രൂപ) നഷ്ടപ്പെടാൻ സാധ്യതയുണ്ടെന്ന് അലയൻസ് റിസർച്ച് റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു. ഇതിൽ ആകെ സാമ്പത്തിക നഷ്ടത്തിന്റെ 60 ശതമാനത്തോളം ഇന്ത്യ, അമേരിക്ക, ചൈന എന്നീ മൂന്ന് രാജ്യങ്ങളിലാണ് അനുഭവപ്പെടുകയെന്നും റിപ്പോർട്ടിൽ പറയുന്നു.
2026-ൽ ശക്തി പ്രാപിക്കുന്ന എൽ നിനോ പ്രഭാവം 2027 ആദ്യ പകുതിവരെ തുടരുമെന്നും ഇതിന്റെ സാമ്പത്തിക ആഘാതം 2027 രണ്ടാം പകുതിയിലാകും പ്രകടമാവുകയെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു. വിവിധ രാജ്യങ്ങളുടെ സാമ്പത്തിക നഷ്ടം പരിശോധിച്ചാൽ ചൈനയ്ക്ക് 147 (ഏകദേശം 13.2 ലക്ഷം കോടി രൂപ) ബില്യൺ ഡോളറിന്റെയും അമേരിക്കയ്ക്ക് 91 (ഏകദേശം 8.2 ലക്ഷം കോടി രൂപ) ബില്യൺ ഡോളറിന്റെയും നഷ്ടമാണ് കണക്കാക്കുന്നത്. ലോകത്തിൽ ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള ഇന്ത്യയ്ക്ക് 50 ബില്യൺ ഡോളറിന്റെ (ഏകദേശം 4.5 ലക്ഷം കോടി രൂപ) സാമ്പത്തിക പ്രഹരം നേരിടേണ്ടിവരും. പഠനവിധേയമാക്കിയ 144 സമ്പദ്‌വ്യവസ്ഥകളിലായി ആഗോള ജിഡിപിയുടെ 0.24 ശതമാനം നഷ്ടമാണ് ഇതിലൂടെ ഉണ്ടാകുന്നത്.
ജിഡിപിയുടെ ശതമാനക്കണക്കിൽ ദക്ഷിണ കൊറിയ (0.51 ശതമാനം), ഇന്തോനേഷ്യ (0.41 ശതമാനം) എന്നീ രാജ്യങ്ങൾക്കാണ് കൂടുതൽ ആഘാതം ഉണ്ടാകുക. യൂറോപ്യൻ യൂണിയനിലെ 27 അംഗരാജ്യങ്ങൾക്ക് ആകെ 24 ബില്യൺ ഡോളറിന്റെ (ജിഡിപിയുടെ 0.09 ശതമാനം) നഷ്ടമുണ്ടാകുമെന്നും വിലയിരുത്തപ്പെടുന്നു.
പസഫിക് സമുദ്രത്തിലെ താപനില വർധിക്കുന്നത് കാലാവസ്ഥാ വ്യതിയാനങ്ങൾക്കും മഴയുടെ അളവിലുള്ള മാറ്റങ്ങൾക്കും കാരണമാകും. ഇത് തൊഴിൽശേഷി, കാർഷിക ഉത്പാദനം, ഊർജ ഉപഭോഗം എന്നിവയെ പ്രതികൂലമായി ബാധിക്കുന്നതാണ് സാമ്പത്തിക പ്രതിസന്ധിക്ക് കാരണമാകുന്നത്. അതേസമയം, ഈ കണക്കിൽ ഉയർന്ന താപനില കാരണമുണ്ടായേക്കാവുന്ന സാമ്പത്തിക ആഘാതം മാത്രമാണ് ഉൾപ്പെടുത്തിയിട്ടുള്ളതെന്നും വെള്ളപ്പൊക്കം, വരൾച്ച, കാട്ടുതീ തുടങ്ങിയ പ്രകൃതിദുരന്തങ്ങൾ മൂലമുണ്ടായേക്കാവുന്ന നാശനഷ്ടങ്ങൾ ഉൾപ്പെട്ടിട്ടില്ലെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.
Content Highlights: Global economic loss projected at $451 billion due to El Nino by 2027., India, US, and China will bear 60% of the total economic blow., China faces $147B, US $91B, and India $50B in potential losses., Global retail inflation and food inflation are expected to rise significantly.