എൽ നിനോ: രാജ്യത്തിന്റെ പാതിയും വരൾച്ചാഭീതിയിൽ, ജലസേചനം നിരീക്ഷിക്കാൻ പോലീസ്

#കെ.ആർ. പ്രഹ്ലാദൻ
പ്രതീകാത്മക ചിത്രം | PHOTO: AFP
പ്രതീകാത്മക ചിത്രം | PHOTO: AFP

കോട്ടയം: എൽ നിനോ ഗുരുതരമായ കാലാവസ്ഥാ പ്രശ്നങ്ങൾ ഉണ്ടാക്കുമെന്ന മുന്നറിയിപ്പുമായി കൂടുതൽ സ്ഥാപനങ്ങൾ. രാജ്യത്തിന്റെ പാതിയോളം മേഖലയെ വരൾച്ച ബാധിക്കും. ഉത്തരേന്ത്യയിൽ മഞ്ഞുവീഴ്ച കൂടും. ചൂടുമൂലം മഞ്ഞുപാളികൾ ഉരുകിയും ഇളകിപ്പതിച്ചും പുഴകളിൽ വെള്ളപ്പൊക്കമുണ്ടാകാമെന്നും ഇന്റർനാഷണൽ സെന്റർ ഫോർ ഇന്റഗ്രേറ്റഡ് മൗണ്ടൻ ഡിവലപ്‌മെന്റ് മുന്നറിയിപ്പ് നൽകുന്നു. കാർഷികമേഖലകളെല്ലാം പുഴകളെ ആശ്രയിക്കുന്നതിനാൽ കാർഷികനഷ്ടമേറും.

തെക്കേ ഇന്ത്യയിൽ ചൂടിന്റെ ആഘാതം കൂടും. ഒപ്പം മിന്നൽപ്രളയം, മണ്ണിടിച്ചിൽ എന്നിവയുമുണ്ടാകാം. നേരത്തേ ഐക്യരാഷ്ട്രസഭാ കാലാവസ്ഥാ വിഭാഗവും ഇന്ത്യൻ കാലാവസ്ഥാ വകുപ്പും നൽകിയ മുന്നറിയിപ്പുകളെക്കാൾ ഗുരുതരമാകും കാര്യങ്ങൾ.

ഗാന്ധിനഗർ ഐ.ഐ.ടി. നടത്തിയ പഠനത്തിൽ ഇന്ത്യയുടെ 47 ശതമാനത്തോളം വരൾച്ചാബാധിതമാകുമെന്നാണ് മുന്നറിയിപ്പ്. മുംബൈ ഐ.ഐ.ടി. നടത്തിയ പഠനങ്ങളിൽ പടിഞ്ഞാറൻ, മധ്യ, തെക്കേ ഇന്ത്യൻ പ്രദേശങ്ങളിൽ വരൾച്ച കൃഷിയെ ബാധിക്കുമെന്ന് പറയുന്നു. രാജസ്ഥാൻ, മഹാരാഷ്ട്ര, കർണാടക സംസ്ഥാനങ്ങളിലും ആഘാതം രൂക്ഷമാകും. പോയവർഷത്തേക്കാൾ 11 ശതമാനം റാബി വിള കുറയും. മഴക്കുറവിന്റെ ആഘാതം കർണാടകയെയായിരിക്കും മോശമായി ബാധിക്കുക.

മൺസൂണിൽ ദേശീയതലത്തിൽ 868.6 മില്ലീമീറ്റർ ശരാശരി മഴ ലഭിക്കേണ്ടപ്പോൾ കിട്ടിയത് 759.4 മില്ലീമീറ്റർ മാത്രം. 2001-നുശേഷമുള്ള ഏറ്റവും മോശമായ മൺസൂൺ കണക്കാണ് ദേശീയ കാലാവസ്ഥാവകുപ്പും ഇത്തവണ നൽകുന്നത്. കർണാടകയിൽ 35 ശതമാനം, മഹാരാഷ്ട്ര 19, തെലങ്കാന 17, രാജസ്ഥാൻ 22 എന്നിങ്ങനെയാണ് മഴക്കുറവ് രേഖപ്പെടുത്തിയിട്ടുള്ളത്.

വരൾച്ച ഭീഷണി: ജലസേചനം നിരീക്ഷിക്കാൻ പോലീസ്; ദുരുപയോഗത്തിനെതിരേ നടപടി കടുപ്പിക്കും

കുടിവെള്ളക്ഷാമം ഉണ്ടാകാനിടയുള്ള പ്രദേശങ്ങളെപ്പറ്റി വിവരശേഖരണം ആരംഭിച്ചതിന് പിന്നാലെ കാർഷിക ജലസേചനപദ്ധതികളിലെ ജലവിനിയോഗവും പോലീസ് സ്‌പെഷ്യൽ ബ്രാഞ്ച് നിരീക്ഷിക്കുന്നു. ജലവിനിയോഗം ഫലപ്രദമാണോയെന്നും ദുരുപയോഗം ഉണ്ടോയെന്നും കണ്ടെത്തുന്നതിനാണിത്. മഴക്കുറവിനെത്തുടർന്ന് കടുത്ത വരൾച്ചാക്കാലമാണ് വരുന്നതെന്ന കാലാവസ്ഥാ മുന്നറിയിപ്പുകളുടെ പശ്ചാത്തലത്തിലാണിത്.

അണക്കെട്ടുകളിൽനിന്ന് തുറക്കുന്ന വെള്ളം കൃഷിയിടങ്ങളിൽ എത്തുന്നുണ്ടോ, കനാലുകളുടെ അറ്റകുറ്റപ്പണിയും തടസ്സം നീക്കലും നടത്തിയിട്ടുണ്ടോ, കനാലുകളിൽ ചോർച്ചയുണ്ടോ, വെള്ളം മനപ്പൂർവം ചോർത്തുകയോ ദുരുപയോഗിക്കുകയോ ചെയ്യുന്നുണ്ടോ, കനാലിൽ തടസ്സമുണ്ടാക്കി വെള്ളം തിരിച്ചുവിടുന്നുണ്ടോ തുടങ്ങിയ കാര്യങ്ങൾ അന്വേഷിക്കും.

സ്‌പെഷ്യൽ ബ്രാഞ്ച് പോലീസിന്റെ റിപ്പോർട്ട് രഹസ്യാന്വേഷണവിഭാഗം മേധാവി മുഖേന ബന്ധപ്പെട്ട വകുപ്പ് അധികാരികൾക്ക് നൽകും. അണക്കെട്ടുകളിൽ വെള്ളം കുറവായതിനാൽ പതിവുപോലെ കൃഷിക്ക്‌ ആവശ്യമായത്ര വെള്ളം നൽകാനാവില്ല. മൂപ്പുകുറഞ്ഞ വിത്തുകൾ ഉപയോഗിച്ചും വിള-ജല കലണ്ടർ അനുസരിച്ചും കൃഷിയിറക്കാമെന്ന ഉറപ്പ് കർഷകർ പാലിക്കുന്നുണ്ടോയെന്നും പരിശോധിക്കും.

ദുരുപയോഗത്തിന് തടവും പിഴയും ജലസേചനവകുപ്പിന്റെ അനുമതിയില്ലാതെ കനാലിൽനിന്ന് വെള്ളം പമ്പ് ചെയ്യുകയോ തടസ്സമുണ്ടാക്കി വഴിതിരിച്ചുവിടുകയോ അമിതമായി ഉപയോഗിച്ച് പാഴാക്കുകയോ ചെയ്യുന്നത് ഒരുവർഷംവരെ തടവോ 5,000 രൂപവരെ പിഴയോ രണ്ടുംകൂടിയോ ലഭിക്കാവുന്ന കുറ്റമാണ്. ഉപയോഗിച്ച വെള്ളത്തിന് കളക്ടർ നിശ്ചയിക്കുന്ന തുക ഈടാക്കാനും നിയമമുണ്ട്. കനാലിലേക്ക് മാലിന്യമോ കക്കൂസ്-വ്യാവസായിക മാലിന്യമോ ഒഴുക്കുന്നത് ജാമ്യമില്ലാ കുറ്റമാണ്. മൂന്നുവർഷംവരെ തടവും രണ്ടുലക്ഷം രൂപവരെ പിഴയും ലഭിക്കാം. കനാൽബണ്ടുകൾ തകർക്കുക, ഷട്ടറുകൾ കേടുവരുത്തുക, കനാൽ പുറമ്പോക്ക് കൈയേറുക തുടങ്ങിയ കുറ്റങ്ങൾക്ക് ഒന്നുമുതൽ മൂന്നുവർഷംവരെ തടവും പിഴയും ലഭിക്കാം. ഭാരതീയ ന്യായസംഹിത പ്രകാരം കൃഷിക്കോ കുടിവെള്ളത്തിനോ ഉള്ള ജലവിതരണം തടസ്സപ്പെടുത്തുന്ന രീതിയിൽ മനഃപൂർവം കനാൽവെള്ളം തിരിച്ചുവിടുകയോ നശിപ്പിക്കുകയോ ചെയ്താൽ അഞ്ചുവർഷംവരെ തടവുശിക്ഷ ലഭിക്കാവുന്ന ക്രിമിനൽക്കേസെടുക്കാം.