പ്ലാസ്റ്റിക്കുമായി മല്ലിടുന്ന ഭൂമി, മറ്റൊരു ഭൗമദിനമവസാനിക്കുമ്പോൾ | Earth Day 2024

വര: ബാലു.വി | മാതൃഭൂമി
വര: ബാലു.വി | മാതൃഭൂമി

ഭൂമി ഒരു വലിയ യുദ്ധത്തിലാണ്. കര മുതല്‍ കടല്‍ വരെ കുമിഞ്ഞുകൂടിയ പ്ലാസ്റ്റിക്കുമായി. ഭൂമിക്ക് ആകെയും അതിലെ ജീവജാലങ്ങള്‍ക്കും വലിയ വിപത്താണ് പ്ലാസ്റ്റിക്കുകള്‍. ഈ സാഹചര്യത്തില്‍ ഇത്തവണത്തെ ഭൗമദിനത്തിന് (ഏപ്രില്‍ 22) ഏറെ പ്രസക്തിയുണ്ട്. പ്ലാനറ്റ് vs പ്ലാസ്റ്റിക്ക്‌സ് എന്നതാണ് ഈ ഭൗമദിനത്തിന്റെ പ്രമേയം. 

എന്തിന് ഭൗമദിനം?

1970  ഏപ്രില്‍ 22-നാണ് ആദ്യമായി ഭൗമദിനം ആചരിക്കുന്നത്. പരിസ്ഥിതി സംരക്ഷണത്തിന്റെ ആവശ്യകതയിലേക്കാണ് ഈ ദിനം വിരല്‍ചൂണ്ടുന്നത്. ഭൂമിയെ പാരിസ്ഥിതികമായ ഭീഷണികളില്ലാതെ സുരക്ഷിതമായി നിലനിര്‍ത്തുകയെന്നതാണ് ഭൗമദിനത്തിന്റെ ലക്ഷ്യം. ഭൗമദിനത്തിന്റെ തുടക്കം മുതല്‍ തന്നെ ആഗോളതലത്തില്‍ വലിയ പരിപാടികളും പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ടു നടന്നുവെന്നതും ശുഭസൂചനയാണ്. ഈ ദിനത്തില്‍ മരങ്ങള്‍ നട്ടും മാലിന്യങ്ങള്‍ നീക്കിയും നിരവധി പേരാണ് ഭൗമദിനത്തില്‍ ഭൂമിയുടെ പോരാളികളാകുന്നത്. പരിസ്ഥിതിസംരക്ഷണമടക്കമുള്ള വിഷയങ്ങൾ കെെകാര്യം ചെയ്യുന്ന നിരവധി സംഘടനകൾ ഭൗ​മദിനത്തിന്റെ ഭാ​ഗമായി വിവിധ പരിപാടികൾ ആ​ഗോളതലത്തിൽ സംഘടിപ്പിക്കുന്നുണ്ട്.

ഗ്ലോബല്‍ റിസ്‌ക്‌ റിപ്പോര്‍ട്ട് 2024

വേള്‍ഡ് എക്‌ണോമിക് ഫോറത്തിന്റെ 2024-ലെ ഗ്ലോബല്‍ റിസ്‌ക്‌സ് റിപ്പോര്‍ട്ട് (Global Risks Report 2024) അടുത്ത പത്തുവര്‍ഷത്തിനുള്ളില്‍ മനുഷ്യരാശി നേരിടേണ്ടിവന്നേക്കാവുന്ന ആദ്യ പത്തുവെല്ലുവിളികളുടെ പകുതിയും  പാരിസ്ഥിതികമായ പ്രശ്‌നങ്ങള്‍ മൂലമാണെന്ന് കണ്ടെത്തി. ആവാസവ്യവസ്ഥാ നാശം, ജൈവവൈവിധ്യശോഷണം, പ്രതികൂല കാലാവസ്ഥാ സംഭവങ്ങള്‍ എന്നിവയും ഇതില്‍ ഉള്‍പ്പെടുന്നു. കാലാവസ്ഥാ പ്രതിസന്ധിയുമായി പടപൊരുതുന്നതില്‍ പ്രകൃതിക്കുള്ള പങ്ക് പ്രധാനമാണ്.  മനുഷ്യപ്രേരിതമായ കാര്‍ബണ്‍ ഡയോക്‌സൈഡ് ബഹിര്‍ഗമനങ്ങളുടെ 54 ശതമാനവും വലിച്ചെടുത്ത് ആഗോള താപത്തിന്റെ വേഗത കുറയ്ക്കാന്‍ കഴിഞ്ഞ പത്തുവര്‍ഷത്തിനുള്ളില്‍ ഭൂമിക്ക് കഴിഞ്ഞു. അതേസമയം മുന്‍പുണ്ടായിട്ടില്ലാത്ത തരത്തില്‍ നമ്മള്‍ക്ക് ജീവജാലങ്ങള്‍, സമുദ്ര ജീവിവര്‍ഗങ്ങള്‍, സസ്യങ്ങള്‍ എന്നിവയെ നഷ്ടമായികൊണ്ടിരിക്കുകയാണ്.

2024-ലെ ഭൗമദിനത്തോടനുബന്ധിച്ച് ചെന്നൈയില്‍ എര്‍ത്ത്‌ഡേ.ഓര്‍ഗ സംഘടിപ്പിച്ച് സ്‌പെഷ്യന്‍ ബീച്ച് ക്ലീനപ്പ് | Photo: Earthday.org

എര്‍ത്ത്‌ഡേ.ഓര്‍ഗ്

1970- ഏപ്രില്‍ 22 ഭൗമദിനത്തിലാണ് ഗ്ലോബല്‍ എന്‍വയോണ്‍മെന്റ് എന്‍ജിഒയായ എര്‍ത്ത്‌ഡേ.ഓര്‍ഗ് പിറവികൊള്ളുന്നത്. 54 വര്‍ഷങ്ങള്‍ക്കുശേഷം 190-ഓളം രാജ്യങ്ങളിലായുള്ള ഒന്നരലക്ഷത്തിലധികം സംഘടനകളുമായി ചേര്‍ന്ന് പരിസ്ഥിതി സംബന്ധമായ പ്രവര്‍ത്തനങ്ങളില്‍ വലിയൊരു സ്ഥാനമുറപ്പിക്കാൻ എര്‍ത്ത്‌ഡേ.ഓര്‍ഗിന് കഴിഞ്ഞു.2018-ല്‍ ജുഹു ബീച്ചില്‍ സേവ് ദി ബീച്ച് ക്യാംപയിന്റെ ഭാഗമായി, Anheuser-Busch InBev-ന്റെയും സഹകരണത്തോടെ, 16,768 വോളണ്ടിയര്‍മാരുടെ സഹായത്തോടെ ടണ്‍ കണക്കിന് പ്ലാസ്റ്റിക്കുകളാണ് നീക്കം ചെയ്യുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദി, നിരവധി ബോളിവുഡ് താരങ്ങള്‍ എന്നിവരുടെ പ്രശംസയും ഇതിന് സംഘടനയ്ക്ക് ലഭിച്ചു. 2022-ല്‍ Eicher Group Foundation-ന്റെ കൂടി സഹകരണത്തോടെ ഇന്ത്യ ഒട്ടാകെയുള്ള നിരവധി പ്രദേശങ്ങളില്‍നിന്ന് 22,300 കിലോയോളം പ്ലാസ്റ്റിക് മാലിന്യങ്ങളാണ് ശുചീകരണത്തിലൂടെ ശേഖരിച്ചത്. രാജ്യതലസ്ഥാനമായ ഡല്‍ഹിയില്‍ മേയര്‍ ഓഫീസുമായി സഹകരിച്ച് ഡല്‍ഹിയില്‍ പ്ലാസ്റ്റിക് മാലിന്യമൊഴിവാക്കുന്നതിനായുള്ള ബോധവത്കരണ, പ്ലാസ്റ്റിക് ബദല്‍ എന്നിവയും എര്‍ത്ത്‌ഡേ.ഓര്‍ഗിന്റെ പ്രധാന പ്രവര്‍ത്തനങ്ങളിലൊന്നാണ്. ഡല്‍ഹി മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ പരിസരങ്ങളിലെ മാര്‍ക്കറ്റുകളില്‍ പരിസ്ഥിതി സൗഹാര്‍ദമായ ക്ലോത്ത് ബാഗുകളും ലഭ്യമാക്കി. രാജ്യത്ത് ഒരുനഗരപ്രദേശത്ത് ഏറ്റവുമധികം പ്ലാസ്റ്റിക് മാലിന്യം ഉത്പാദിപ്പിക്കപ്പെടുന്നതും ഡല്‍ഹിയിലാണെന്നാണ് കണക്കുകള്‍.  എല്ലാ തരത്തിലുമുള്ള പ്ലാസ്റ്റിക് ഉത്പാദനം 2040- ഓടെ 60 ശതമാനമായി കുറയ്ക്കുകയെന്നതും എര്‍ത്ത്‌ഡേ.ഓര്‍ഗിന്റെ ലക്ഷ്യങ്ങളിലൊന്നാണ്.

ഗ്ലോബല്‍ സെല്‍ഫിയുമായി നാസ

ബഹിരാകാശത്തുനിന്നുള്ള ഭൂമിയുടെ ആദ്യചിത്രങ്ങള്‍ക്ക് അവകാശികള്‍ നാസയിലെ ബഹിരാകാശ സഞ്ചാരികളാണ്. നാസയുടെ ഉപഗ്രഹങ്ങളും നിലവില്‍ ഭൂമിയുടെ ചിത്രങ്ങള്‍ പകര്‍ത്തുന്നു. 2024-ലെ ഭൗമദിനത്തില്‍ ഒരു ഗ്ലോബല്‍സെല്‍ഫിയുമായി എത്തുകയാണ് നാസ. മലനിരകള്‍, പുഴകള്‍, നദി, ആകാശം എന്നിവയുടെ പശ്ചാത്തലത്തില്‍ നിങ്ങളെടുത്ത ഒരു സെല്‍ഫി സാമൂഹികമാധ്യമങ്ങളില്‍ ഗ്ലോബല്‍സെല്‍ഫി എന്ന ഹാഷ്ടാഗില്‍ (#GlobalSelfie) പങ്കുവെയ്ക്കുകയാണ് വേണ്ടത്.

ആവാസവ്യവസ്ഥ സംരക്ഷണം-യു.എന്‍.ഇ.പി

ഭൗമദിനത്തില്‍ ഭൂമിയെ സംരക്ഷിക്കാന്‍ നമ്മള്‍ ഓരോത്തരും ചെയ്യേണ്ടതായ കാര്യങ്ങളാണ് യു.എന്‍.ഇ.പി (യുണൈറ്റ്ഡ് നേഷന്‍സ് എന്‍വയോണ്‍മെന്റ് പ്രോഗ്രാം) വിശദീകരിക്കുന്നത്. 2000-മുതല്‍ വരള്‍ച്ചാസംഭവങ്ങളുടെ ദൈര്‍ഘ്യത്തിലും എണ്ണത്തിലുമുണ്ടായത് 29% വര്‍ധനവാണ്. ആഗോള തലത്തില്‍ തന്നെ ഈ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണേണ്ടത് അതിപ്രധാനമാണ്. മലനിരകള്‍, സമുദ്രം, നദികളും പുഴകളും, കൃഷിക്ക് അനുയോജ്യമായ ഭൂപ്രദേശം, വനങ്ങള്‍ തുടങ്ങിയ ആവാസവ്യവസ്ഥകളും സംരക്ഷണത്തില്‍ അതീവപ്രാധാന്യം അര്‍ഹിക്കുന്നു. കാലാവസ്ഥാ മാറ്റത്തിന് എതിരേ ശബ്ദമുയര്‍ത്താന്‍ യു.എന്‍.ഇ.പിയുടെ 'ആക്ട് നൗ; സ്പീക്ക് അപ്പ്' എന്ന ക്യാംപയിനുമുണ്ട്. ഇതില്‍ പൗരന്മാര്‍ക്ക് ഗവണ്‍മെന്റുകളോടും വിവിധ ബിസിനസ് സ്ഥാപനങ്ങളോടും ആഗോള താപവര്‍ധനവ് 1.5 ഡിഗ്രി സെല്‍ഷ്യസിനുള്ളില്‍ പരിമിതപ്പെടുത്തുന്നതിന് ആഹ്വാനം ചെയ്യാം.

Photo: unep.org

കളിപ്പാട്ടങ്ങളില്‍ പോലും ഇന്ന് പ്ലാസ്റ്റിക് വ്യാപകമായി ഉപയോഗിക്കുന്നു. ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക്കുകളോടുള്ള പ്രിയം ഭൂമിക്ക് തന്നെ ദോഷമാണ്. ഇത്തരം പ്ലാസ്റ്റിക്കുകള്‍ ആയിരത്തിലേറെ വര്‍ഷമെടുത്ത് മാത്രമേ മണ്ണിൽ ദ്രവിക്കൂ (Degrade). നിലവില്‍ പ്രതിവര്‍ഷം ഉത്പാദിപ്പിക്കപ്പെടുന്ന പ്ലാസ്റ്റിക്കുകളുടെ മൂന്നില്‍ രണ്ടും മാലിന്യമായി പുറന്തള്ളപ്പെടുന്നു. ആഗോള ജനസംഖ്യയുടെ വലിയൊരു വിഭാഗവും വായുമലിനീകരണം നേരിടുന്നുണ്ടെന്നാണ് കണക്കുകള്‍ നല്‍കുന്ന സൂചന. വായുമലിനീകരണം ആരോഗ്യത്തെ തന്നെ നശിപ്പിക്കാന്‍ കെല്‍പ്പുള്ളതാണ്. ഭൗമദിനത്തില്‍ മരം നട്ടുമൊക്കെയായി ഭൂമിക്ക് തണല്‍ നാം വിരിക്കാറുണ്ട്. എന്നാല്‍ തെറ്റായ മരം ഉചിതമല്ലാത്ത സ്ഥലത്ത് നടുന്നത് ജൈവവൈവിധ്യത്തിന് തന്നെ ദോഷം ചെയ്യും.  

Content Highlights: earth day 2024 features planet vs plastics