ലുലയും സുല്ലിട്ടു, ആമസോണ്‍ മഴക്കാടുകളുടെ നശീകരണ തോതില്‍ വീണ്ടും കുതിപ്പ്

ആമസോൺ മഴക്കാടുകളുടെ ആകാശദൃശ്യം | Photo: AFP
ആമസോൺ മഴക്കാടുകളുടെ ആകാശദൃശ്യം | Photo: AFP

ആമസോണ്‍ മഴക്കാടുകളിലെ വനനശീകരണം മുന്‍വര്‍ഷത്തെ അപേക്ഷിച്ച് മാര്‍ച്ചില്‍ 14 ശതമാനം വര്‍ധിച്ചുവെന്ന് പുതിയ പഠനങ്ങള്‍. മുന്‍ ബ്രസീലിയന്‍ പ്രസിഡന്റ് ജയ്ര്‍ ബോല്‍സോണാരോയുടെ നേതൃത്വത്തിലുള്ള ഭരണത്തില്‍ വന്‍തോതില്‍ മഴക്കാടുകള്‍ നശിപ്പിക്കപ്പെട്ടിരുന്നു. ജനുവരി ഒന്നിന് അധികാരമേറ്റ പുതിയ പ്രസിഡന്റ് ലൂയിസ് ഇനാസിയോ ലുല ഡ സില്‍വ താന്‍ വനനശീകരണം പൂര്‍ണമായും ഇല്ലാതാക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. ഇതിനായി ലുല വിഭാവനം ചെയ്ത പദ്ധതികള്‍ വിജയം കണ്ടില്ല എന്നതിന്റെ തെളിവ് കൂടിയാണ് പുതിയ റിപ്പോര്‍ട്ടുകളെന്ന് പരിസ്ഥിതിവാദികള്‍ പറയുന്നു. 

നാഷണല്‍ ഇന്‍സ്റ്റിട്ട്യൂട്ട് ഫോര്‍ സ്‌പേസ് റിസര്‍ച്ചിന്റെ (ഐഎന്‍ഇപി) വിവരങ്ങള്‍ പ്രകാരം കഴിഞ്ഞ മാസം (മാര്‍ച്ച് 2023) 356 സ്‌ക്വയര്‍ കിലോമീറ്റര്‍ വരുന്ന പ്രദേശം നശിപ്പിക്കപ്പെട്ടു. ഉപഗ്രഹ ചിത്രങ്ങളിലൂടെയാണ് നാശത്തിന്റെ കണക്കുകള്‍ ശേഖരിക്കുന്നത്. മഴക്കാലമായാല്‍ ചിത്രങ്ങള്‍ക്ക് വ്യക്തതയുണ്ടാവില്ല. അതിനാല്‍ ഓഗസ്റ്റ് മുതല്‍ ജൂലായ് വരെയുള്ള മാസങ്ങളിലാകും ഉപഗ്രഹ ചിത്രങ്ങള്‍ ശേഖരിക്കുക. 

ഓഗസ്റ്റ് 2022 മുതല്‍ മാര്‍ച്ച് 2023 വരെയുള്ള എട്ടുവര്‍ഷ കാലയളവില്‍ വനനശീകരണ തോതിൽ മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 39 ശതമാനത്തിന്റെ വര്‍ധനവാണ് രേഖപ്പെടുത്തിയത്. ഈ വര്‍ഷത്തെ വനനശീകരണ കണക്കുകള്‍ പുറത്തു വിടാന്‍ നാല് മാസങ്ങള്‍ മാത്രമാണ് ശേഷിക്കുന്നത്. പുതിയ റിപ്പോര്‍ട്ടുകള്‍ പ്രകാരം വനനശീകരണ തോതില്‍ കാര്യമായ മാറ്റങ്ങളുണ്ടായേക്കില്ലെന്നാണ് വിദ്ഗധര്‍ പറയുന്നത്. ആമസോണ്‍ മഴക്കാടുകള്‍ സംരക്ഷിക്കാതെ ആഗോള താപ വര്‍ധനവ് 1.5 ഡിഗ്രിക്കുളളില്‍ ചുരുക്കിക്കൊണ്ടു വരിക സാധ്യമല്ലെന്നാണ് അമേരിക്കയിലെ കാലാവസ്ഥാ വിദ്ഗധര്‍ പറയുന്നത്.

Content Highlights: deforestation in brazils amazon rises in march