അവശനിലയില്‍ കണ്ടെത്തി, ഒടുവില്‍ അരുമയായി; രമേശന്റെ ചക്കര കാട്ടിലേക്ക് മടങ്ങി

#ഷാന്‍ ജോസഫ്
ചക്കരയ്ക്ക്‌ പാൽ കുപ്പിയിലാക്കിക്കൊടുക്കുന്ന രമേശൻ
ചക്കരയ്ക്ക്‌ പാൽ കുപ്പിയിലാക്കിക്കൊടുക്കുന്ന രമേശൻ

മീനങ്ങാടി: കുപ്പിപ്പാല്‍ കുടിച്ചും കുട്ടികള്‍ക്കൊപ്പം കളിച്ചും മടൂര്‍ കോളനിയിലെ അരുമയായി വളര്‍ന്ന 'ചക്കര' കാട്ടിലേക്ക് മടങ്ങി... കൂലിപ്പണിക്കാരനായ രമേശനൊപ്പം രണ്ടുമാസം കഴിഞ്ഞ ചക്കര എന്ന പുള്ളിമാന്‍ പൂര്‍ണ ആരോഗ്യത്തോടെയാണ് സ്വന്തം ഇടത്തേക്ക് മടങ്ങിപ്പോയത്. മകളെപ്പോലെ ചക്കരയെ പരിപാലിക്കുകയും മേഞ്ഞുതിന്നാന്‍ പരിശീലിപ്പിക്കുകയുംചെയ്ത രമേശന്‍ വേദനയോടെയാണ് തന്റെ പൊന്നോമനയെ കാട്ടിലേക്ക് യാത്രയാക്കിയത്.

കാടിന്റെ മകളായ പുള്ളിമാന്‍കിടാവ് നാട്ടിലെ കുടുംബത്തിലെ അരുമയായി മാറിയ കഥയാണിത്. വയനാട് മീനങ്ങാടിയിലെ മടൂര്‍ കോളനിയിലാണ് കൗതുകമുണര്‍ത്തുന്ന സ്‌നേഹത്തിന്റെ കഥ അരങ്ങേറിയത്.

കൂലിപ്പണിക്കാരനായ രമേശന്‍ പണികഴിഞ്ഞ് മടങ്ങുമ്പോള്‍ അവശനിലയില്‍ വഴിയില്‍ കിടക്കുകയായിരുന്നു, രണ്ടുമാസം പ്രായമുള്ള മാന്‍കുഞ്ഞ്. രമേശന്‍ അതിനെ ഒപ്പംകൂട്ടി. വീട്ടില്‍ക്കൊണ്ടുവന്ന് ഭക്ഷണവും വെള്ളവും കൊടുത്തു കൂടെ താമസിപ്പിച്ചു. ആദ്യം അടുക്കാന്‍ മടിച്ച പുള്ളിമാന്‍കുഞ്ഞ് പിന്നെ എല്ലാവരോടും പെട്ടെന്നിണങ്ങി. കാടിറങ്ങി വന്നതിന്റെ യാതൊരു ആശങ്കയുമില്ലാതെ രമേശന്റെ 'ഇളയകുട്ടി'യായി അവള്‍ രണ്ടുമാസം ആ വീട്ടില്‍ താമസിച്ചു.

ആളനക്കം കേട്ടാല്‍ ഓടിമറയുന്ന പുള്ളിമാനുകള്‍ വയനാട്ടിലെ സ്ഥിരം കാഴ്ചയാണ്. എന്നാല്‍ 'ചക്കരേ' എന്ന് നീട്ടിവിളിച്ചാല്‍ രമേശന്റെ വീട്ടിലെ പുള്ളിമാന്‍ ഓടി അരികിലെത്തും, ദേഹത്ത് മുട്ടിയുരുമ്മി നില്‍ക്കും. കുട്ടികള്‍ക്കൊപ്പമായിരുന്നു ഊണും ഉറക്കവും. രാവിലെയും വൈകീട്ടും പശുവിന്‍പാല്‍ കൊടുക്കും. ചക്കരയുടെ സന്തോഷം കാണുമ്പോള്‍ പാല്‍ കടംവാങ്ങിയും നല്‍കുമായിരുന്നുവെന്ന് രമേശന്‍ പറയുന്നു. 

വന്യജീവിയായ മാന്‍ തന്നോടൊപ്പമുണ്ടെന്ന് വനംവകുപ്പിനെ അറിയിച്ചതോടെ കഴിഞ്ഞദിവസം അവര്‍ വന്ന് അതിനെ കൊണ്ടുപോയി. ചക്കരയെ പിരിയുമ്പോള്‍ സങ്കടം തോന്നിയെങ്കിലും കാടാണ് അതിന്റെ വീടെന്ന് രമേശനറിയാം. രണ്ടുമാസംകൊണ്ട് സ്വന്തമായി മേയാന്‍ പഠിപ്പിച്ചാണ് ചക്കരയെ രമേശന്‍ വനംവകുപ്പിന് കൈമാറിയത്. കാട്ടില്‍ തുറന്നുവിട്ട ചക്കരയെ കാണാന്‍ രമേശന് വനംവകുപ്പ് അനുമതിയും നല്‍കിയിട്ടുണ്ട്. അവശനിലയില്‍ കിട്ടിയ മാന്‍കുഞ്ഞിനെ നന്നായി പരിപാലിച്ച രമേശനെ വനംവകുപ്പ് അധികൃതര്‍ അഭിനന്ദിക്കുകയും ചെയ്തു.

Content Highlights: deer named chakkara wins the hear of natives in meenangadi