കൂടൊരുക്കാനുള്ള സാഹചര്യം,ഭക്ഷ്യലഭ്യത; പുഞ്ചക്കരിപ്പാടത്ത് വിരുന്നെത്തി വര്‍ണക്കൊറ്റികള്‍

വര്‍ണക്കൊക്കുകള്‍
വര്‍ണക്കൊക്കുകള്‍

കോവളം: വെള്ളായണിക്കായലോരത്തെ പുഞ്ചക്കരിപ്പാടത്ത് ദേശാടനക്കാരായ വര്‍ണക്കൊറ്റികളെത്തി. പാടത്തിന്റെ വിവിധ ഭാഗങ്ങളിലാണ് വര്‍ണക്കൊക്കുകള്‍ ചേക്കേറിയത്. നൂറിലധികം കൊക്കുകളാണ് ഇവിടേക്ക് വന്നത്. കൂടൊരുക്കാന്‍ അനുയോജ്യമായ സാഹചര്യം, ഇരപിടിക്കാനുള്ള നീര്‍ത്തടങ്ങളും ചതുപ്പും നിറഞ്ഞ സ്ഥലങ്ങള്‍ എന്നിവയുള്ളതിനാല്‍ വര്‍ണക്കൊക്കുകള്‍ എല്ലാ വര്‍ഷവും പുഞ്ചക്കരിപ്പാടത്തേക്ക് വിരുന്ന് എത്താറുണ്ട്. 

ഒക്ടോബറിനും നവംബറിനുമിടയ്ക്കാണ് ഇവ സാധാരണ പുഞ്ചക്കരിയിലെത്താറ്. വലിപ്പമുള്ള ശരീരം, മഞ്ഞനിറമുള്ള മുഖം, ചെറു റോസ് നിറത്തിലുള്ള നീളമേറിയ കാലുകളുമാണ് ഇവയെ സുന്ദരമാക്കുന്നത്

ഒരാഴ്ചമുമ്പായിരുന്നു വര്‍ണക്കൊക്കുകള്‍ സംഘങ്ങളായി പുഞ്ചക്കരിയിലെത്തിയത്. ഒക്ടോബര്‍ മുതല്‍ ഏപ്രില്‍ വരെയാണ് ഇവയുടെ പ്രജനനകാലം. രണ്ട് മുതല്‍ അഞ്ചുവരെ മുട്ടകളിടും. വെള്ളായണിക്കായലിന്റെ പരിസരത്തുള്ള ചതുപ്പുകളില്‍ വര്‍ണ്ണക്കൊക്കുകള്‍ക്ക് ആവശ്യമായ ചെറുപ്രാണികളും മറ്റ് ഇതര ജലജന്തുക്കളുമുള്‍പ്പെട്ടവയുള്ളതിനാലാണ് ഇവ ദേശാടത്തിനെത്തുന്നത്.

നവംബര്‍ രണ്ടിനാണ് ഹോബി ഫാല്‍ക്കണ്‍ പുഞ്ചക്കരിപ്പാടത്ത് കണ്ടത്. സംസ്ഥാനത്തെ വിവിധയിടങ്ങളില്‍ രണ്ടുതവണയാണ് ഇതിനെ കണ്ടെത്തിയിട്ടുള്ളതെന്ന് വന്യജീവി ഫോട്ടോഗ്രാഫറായ അജീഷ് സാഗ പറഞ്ഞു.

കാക്കയുടെ വലിപ്പമുള്ള ഫാല്‍ക്കണെ കാണാനും നല്ല ചന്തമുണ്ട്. പെണ്‍ഫാല്‍ക്കനുകള്‍ ആണിനേക്കാള്‍ വലുപ്പമേറിയതാണ്. സഞ്ചാരവേഗതയില്‍ പേരുകേട്ടതാണ് ഹോബി ഫാല്‍ക്കനുകള്‍. ഇരുണ്ട തവിട്ട് നിറവും രണ്ട് ചെറിയ കറുത്ത മീശവരകളുമുണ്ട്. ചെറുപക്ഷികളെ വേട്ടയാടി പിടിക്കും. കൂടാതെ ഉരഗവിഭാഗത്തിലുള്ള ചെറു ജീവികള്‍, പ്രാണികളുമാണ് ഹോബി ഫാള്‍ക്കന്റെ മുഖ്യ ഭക്ഷണം.

ഉയരമുള്ള മരച്ചില്ലകളിലാണ് കൂടുകൂട്ടുക. ചതുപ്പും കുറ്റിക്കാടുകളും വെള്ളക്കെട്ടുമുള്ള പ്രദേശങ്ങളാണ് ഏറെയിഷ്ടം. ഇത്തരം അനുകൂല സ്ഥലം പുഞ്ചക്കരിയിലുള്ളതിനാലാണ് യുറേഷ്യന്‍ ഹോബി ഫാള്‍ക്കനും ഇവിടെയെത്തിയത്.

Content Highlights: cranes reach vellayani lake

Content Highlights: