അതിജീവനത്തിന്റെ പുതിയ പാഠങ്ങൾ; മൈക്രോപ്ലാസ്റ്റിക് കണികകളെ വിഘടിപ്പിക്കുന്ന ഫിഡ്ലർ ഞണ്ടുകൾ

#ന്യൂസ് ഡെസ്ക്
ഫിഡ്ലർ ഞണ്ട് | Photo:Getty images
ഫിഡ്ലർ ഞണ്ട് | Photo:Getty images

ണ്ടുകളും പ്ലാസ്റ്റിക്കും തമ്മിലെന്താണ് ബന്ധം? ഒറ്റനോട്ടത്തിൽ ബന്ധമില്ലെങ്കിലും അതിജീവനത്തിന്റെ പുതിയ പാഠങ്ങൾ ഇവയിലൂടെ കണ്ടെത്തിയിരിക്കുകയാണ് ശാസ്ത്രലോകം. കൊളംബിയയിലെ മലിനമായ കണ്ടൽക്കാടുകളിൽ കാണപ്പെടുന്ന ഫിഡ്ലർ ഞണ്ടുകൾ (fiddler crabs) മൈക്രോപ്ലാസ്റ്റിക് കണികകളെ വിഘടിപ്പിക്കുന്നതിൽ പ്രധാന പങ്ക് വഹിക്കുന്നുണ്ടെന്നാണ് ശാസ്ത്രജ്ഞർ കണ്ടെത്തിയത്.

യൂണിവേഴ്സിറ്റി ഓഫ് എക്സെറ്റർ നടത്തിയ പഠനമനുസരിച്ച്, ഈ ഞണ്ടുകൾ അവയുടെ ആവാസവ്യവസ്ഥയിലെ അവശിഷ്ടങ്ങളിൽ നിന്ന് വൻതോതിൽ പ്ലാസ്റ്റിക് കണികകൾ ഭക്ഷിക്കുകയും എട്ട് ദിവസങ്ങൾക്കുള്ളിൽ അവയെ വിഘടിപ്പിക്കുകയും ചെയ്യുന്നു. ലോകത്തിലെതന്നെ ഏറ്റവും ഉയർന്ന പ്ലാസ്റ്റിക് മലിനീകരണ നിരക്കുള്ള പ്രദേശങ്ങളിൽ ഒന്നായ ഗൾഫ് ഓഫ് ഉറബ (Gulf of Urabá) കേന്ദ്രീകരിച്ചായിരുന്നു ഈ പഠനം.

സാധാരണയായി ഇത്തരം മലിനമായ സാഹചര്യങ്ങളിൽ ജീവികൾ പ്ലാസ്റ്റിക്കിനെ ഒഴിവാക്കുകയാണോ അതോ അതിനോട് പൊരുത്തപ്പെടുകയാണോ ചെയ്യുന്നത് എന്ന കാര്യത്തിൽ ഇതുവരെ വ്യക്തതയില്ലായിരുന്നുവെന്ന് ഗവേഷണത്തിന് നേതൃത്വം നൽകിയ പ്രൊഫ. താമര ഗാലോവേ പറഞ്ഞു. എന്നാൽ, പഠനത്തിനായി ശേഖരിച്ച 95 ഞണ്ടുകളെ നിരീക്ഷിച്ചപ്പോൾ, ഉയർന്ന പ്ലാസ്റ്റിക് മലിനീകരണത്തിനിടയിലും ഇവയുടെ എണ്ണം വർധിച്ചുവരുന്നതായാണ് കാണാൻ സാധിച്ചത്.

പ്രകൃതിദത്തമായ സമ്മർദങ്ങളെ അതിജീവിക്കാൻ ജീവജാലങ്ങൾ പുതിയ വഴികൾ കണ്ടെത്തുന്നു എന്നതിന്റെ മികച്ച ഉദാരണമാണിതെന്ന് ശാസ്ത്രജ്ഞർ ചൂണ്ടിക്കാട്ടുന്നു. മൃഗങ്ങൾ മലിനീകരണത്തോട് എങ്ങനെ പൊരുത്തപ്പെടുന്നുവെന്നും പരിസ്ഥിതിയിലെ പ്ലാസ്റ്റിക്കിന്റെ ഭാവിയെക്കുറിച്ചും കൂടുതൽ ആഴത്തിൽ മനസ്സിലാക്കാൻ ഈ കണ്ടെത്തലുകൾ സഹായിക്കും.

എങ്കിലും, ഈ പ്രക്രിയ വലിയൊരു പാരിസ്ഥിതിക ഭീഷണി ഉയർത്തുന്നുണ്ടെന്ന് ശാസ്ത്രജ്ഞർ മുന്നറിയിപ്പ് നൽകുന്നു. ഞണ്ടുകൾ പ്ലാസ്റ്റിക് വിഘടിപ്പിക്കുമ്പോൾ ഉണ്ടാകുന്ന ഹാനികരമായ നാനോപ്ലാസ്റ്റിക് കണികകൾ അവയുടെ ശരീരകോശങ്ങളിലേക്കും അതുവഴി ഭക്ഷണശൃംഖലയിലേക്കും (food chain) കടക്കാൻ സാധ്യതയുണ്ട്. ഇത് പ്ലാസ്റ്റിക് മാലിന്യങ്ങൾ കൂടുതൽ സങ്കീർണമായ രീതിയിൽ പരിസ്ഥിതിയെ ബാധിക്കാൻ കാരണമായേക്കാം.

Content Highlights: Fiddler crabs in Colombia are unexpectedly breaking down microplastics. Discover this remarkable adaptation and its implications for environmental science and the food chain.