44 മണിക്കൂറിലധികം നീണ്ട ചർച്ച, ഒടുവിൽ പരാജയം; ആഗോള കാലാവസ്ഥാ ഉച്ചകോടിയിൽ സംഭവിച്ചതെന്ത്?

#ന്യൂസ് ഡെസ്ക്
COP31 ഉച്ചകോടിയുടെ സമാപന പ്ലീനറിയിൽ പ്രസിഡന്റ് മുറാത്ത് കുറുമിന് ചുറ്റും ഒത്തുകൂടിയ സംഘാടകർ | PHOTO: AP
COP31 ഉച്ചകോടിയുടെ സമാപന പ്ലീനറിയിൽ പ്രസിഡന്റ് മുറാത്ത് കുറുമിന് ചുറ്റും ഒത്തുകൂടിയ സംഘാടകർ | PHOTO: AP

അന്റാല്യ: ആഗോളതാപനം കുറയ്ക്കാനുള്ള അന്താരാഷ്ട്ര കരാറിൽ എണ്ണ, വാതകം, കൽക്കരി തുടങ്ങിയ ഫോസിൽ ഇന്ധനങ്ങളെക്കുറിച്ച് പരാമർശിക്കണമോ എന്ന തർക്കം രൂക്ഷമായതോടെ തുർക്കിയിലെ അന്റാല്യയിൽനടന്ന യു.എൻ. കാലാവസ്ഥാ ഉച്ചകോടി (കോപ്-31) പ്രധാന കരാറുകളൊന്നുമില്ലാതെ അവസാനിച്ചു.

തുർക്കി-ഓസ്‌ട്രേലിയ സംയുക്ത നേതൃത്വം മുന്നോട്ടുവെച്ച അന്തിമ കരടിൽ ഫോസിൽ ഇന്ധനങ്ങളെക്കുറിച്ച് പരാമർശമില്ലാത്തതിനെ യൂറോപ്യൻ യൂണിയൻ ഉൾപ്പെടെ എതിർത്തതോടെയാണ് ചർച്ച വഴിമുട്ടിയത്. ഉച്ചകോടി അവസാനിക്കേണ്ട സമയപരിധികഴിഞ്ഞ് 44 മണിക്കൂറിലേറെ പിന്നിട്ടിട്ടും കരാറിൽ തീരുമാനമാകാഞ്ഞതോടെയാണ് പിരിഞ്ഞത്. ചരിത്രത്തിലെ ഏറ്റവും നീണ്ട ഉച്ചകോടിയാണിത്.

അന്തിമകരാറിന് പങ്കാളിരാഷ്ട്രങ്ങളിൽ ഏകദേശം എല്ലാവരുടെയും പിന്തുണ ആവശ്യമാണെന്നതിനാലാണ് ധാരണയിലെത്താനാവാതെപോയത്. ഫോസിൽ ഇന്ധനങ്ങളുടെ ഉപയോഗം കുറയ്ക്കാനുള്ള പ്രതിജ്ഞ അന്തിമ കരാറിൽ ഉൾപ്പെടുത്തണമെന്ന് ഫ്രാൻസും പാനമയും ഉൾപ്പെടെയുള്ള രാജ്യങ്ങൾ ആവശ്യപ്പെട്ടു. ഈ പരാമർശം ഒഴിവാക്കണമെന്ന് സൗദി അറേബ്യയുടെ നേതൃത്വത്തിലുള്ള എണ്ണ ഉത്പാദക രാജ്യങ്ങൾ നിലപാടെടുത്തു. വികസ്വരരാജ്യങ്ങൾക്ക് കാലാവസ്ഥാ വ്യതിയാനത്തെ നേരിടാൻ കൂടുതൽ സാമ്പത്തികസഹായം നൽകണമെന്ന ആഫ്രിക്കൻ രാജ്യങ്ങളുടെ ആവശ്യവും ചർച്ചയിൽ തടസ്സമായി.

ഇറാനിലെ യുദ്ധംമൂലമുണ്ടായ ആഗോള ഊർജപ്രതിസന്ധിയും എൽ നിനോ പ്രതിഭാസവും കാലാവസ്ഥാ വ്യതിയാനത്തിന്റെ ആഘാതം വർധിപ്പിക്കുന്നതിനിടെയാണ് ചർച്ച പരാജയപ്പെട്ടത്. ഫോസിൽ ഇന്ധനത്തിൽനിന്നുള്ള മാറ്റം, ദരിദ്ര രാജ്യങ്ങൾക്കുള്ള സാമ്പത്തിക സഹായം തുടങ്ങിയ വിഷയങ്ങൾ അടുത്തവർഷം എത്യോപ്യയിൽ ചർച്ചയാകും.

Content Highlights: COP31 climate summit in Antalya concluded without a final agreement., Deadlock occurred due to disagreements over mentioning fossil fuel phase-out in the draft., Oil-producing nations opposed fossil fuel restrictions while European nations and others demanded them., Disagreements over climate finance for developing nations also stalled the talks., The next climate discussions are scheduled to take place in Ethiopia next year.