ചെളിത്തിട്ടകളിൽ വൻതോതിൽ മണലടിയുന്നു; കടലുണ്ടിയിലേക്ക് പക്ഷികളുടെ വരവ് കുറയുന്നു

മലപ്പുറം: ദേശാടനക്കിളികളുൾപ്പെടെ ആയിരക്കണക്കിനു പക്ഷികൾ എത്തിയിരുന്ന കടലുണ്ടി പക്ഷിസങ്കേതത്തിൽ പക്ഷികൾ കാര്യമായി കുറയുന്നു. പക്ഷികൾക്ക് വിരുന്നൊരുക്കിയ ചെളിത്തിട്ടകളിൽ വൻതോതിൽ മണലടിയുന്നതാണ് പക്ഷിസങ്കേതത്തെ ബാധിക്കുന്ന ഗുരുതരപ്രശ്‌നം.
അഴിമുഖത്ത് വിശാലമായി പരന്നൊഴുകുന്ന പുഴയ്ക്കുനടുവിലെ വലിയ ചെളിത്തിട്ടകളിലാണ് നൂറിലേറെ ഇനങ്ങളിലായി ആയിരക്കണക്കിനു പക്ഷികൾ തമ്പടിക്കാറുള്ളത്. മുൻപ് 20 ഏക്കറോളം വിസ്തൃതിയിൽ പരന്നുകിടന്ന ചെളിത്തിട്ടകൾ ഇപ്പോൾ നാലോ അഞ്ചോ ഏക്കർ മാത്രമായി. ചുറ്റും മണലടിഞ്ഞ് ചെളിപ്പരപ്പുകൾ മണൽമൂടിക്കൊണ്ടിരിക്കുകയുമാണ്. ചെളിപ്പരപ്പ് പക്ഷികൾക്ക് വിരുന്നൊരുക്കുന്നതാണെങ്കിൽ, മണൽപ്പരപ്പുകൾ പക്ഷികളെ അകറ്റുന്നവയാണ്. മണൽപ്പരപ്പിലും പുൽപ്പരപ്പിലും പക്ഷികൾക്കുവേണ്ട തീറ്റയുണ്ടാകില്ല.
അഴിമുഖത്തും ചെളിത്തിട്ടകളിലും മണൽ അടിഞ്ഞുകൂടുന്നത് പക്ഷിസങ്കേതത്തിന്റെ നിലനിൽപ്പിനെത്തന്നെ ബാധിക്കുമെന്ന് കടലുണ്ടി-വള്ളിക്കുന്ന് കമ്യൂണിറ്റി റിസർവിന് തുടക്കമിട്ട മുൻ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ ഇ. പ്രദീപ്കുമാർ പറഞ്ഞു. മുൻപ് വ്യാപകമായി കണ്ടിരുന്ന കടലുണ്ടി ആള പോലെയുള്ള പക്ഷികളെ ഇപ്പോൾ കാണാനേയില്ലെന്ന് പക്ഷിനിരീക്ഷകനും ഫോട്ടോഗ്രാഫറുമായ വിജേഷ് വള്ളിക്കുന്നും പറയുന്നു.
കൊച്ചിയിലെ കേന്ദ്ര സമുദ്ര-മത്സ്യ ഗവേഷണ കേന്ദ്രത്തിന്റെ നേതൃത്വത്തിൽ നടത്തിയ പഠനത്തിലും കടലുണ്ടിയിൽ പക്ഷികൾ കുറയുന്നതായി കണ്ടെത്തി. പുഴയിലെ തിട്ടകൾ പുല്ലുമൂടി കാടുപിടിക്കുമ്പോൾ അതു നീക്കി ചെളിത്തിട്ടകളായി നിലനിർത്താൻ വനംവകുപ്പ് ശ്രദ്ധിക്കുന്നുണ്ടെന്ന് കടലുണ്ടിയിലെ ഡെപ്യൂട്ടി റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസർ ബി.കെ. പ്രവീൺകുമാർ പറഞ്ഞു.മുൻപുണ്ടായിരുന്ന വിശാലമായ അഴിമുഖത്തിന്റെ സ്ഥാനത്ത്, ചെറിയൊരു ഇടുക്കിലൂടെ മാത്രമാണ് ഇപ്പോൾ കടലുണ്ടിപ്പുഴ കടലിലേക്കു ചേരുന്നത്. ചെളിയും മണ്ണും നിറഞ്ഞ് പുഴയുടെ ആഴം കാര്യമായി കുറഞ്ഞിട്ടുമുണ്ട്. അഴിമുഖം അടഞ്ഞുപോകുന്നത് വലിയ പരിസ്ഥിതി വ്യതിയാനമുണ്ടാക്കുന്നുണ്ടെന്ന് കടലുണ്ടി വള്ളിക്കുന്ന് കമ്യൂണിറ്റി റിസർവിന്റെ ചെയർമാൻ പി. ശിവദാസൻ പറഞ്ഞു.
മുൻപ് കടലിൽനിന്നുള്ള മീനുകളും മറ്റും പുഴയിലേക്കു കയറിവരുമായിരുന്നു. ഇപ്പോൾ പുഴയ്ക്ക് കടലുമായുള്ള ബന്ധം നന്നേ കുറഞ്ഞു.കടലുണ്ടിയിലെ വലിയ ആകർഷണങ്ങളിലൊന്നായ കണ്ടൽക്കാടുകളാകട്ടെ വേഗം വ്യാപിക്കുന്നുണ്ട്. കണ്ടൽക്കാടുകൾ വ്യാപിക്കുന്നത് നല്ലതാണെന്ന് ഒരു വിഭാഗം പരിസ്ഥിതിപ്രവർത്തകർ പറയുമ്പോൾ, ഇത് പക്ഷികളെ അകറ്റുകയാണു ചെയ്യുന്നതെന്ന് പക്ഷിനിരീക്ഷകർ ചൂണ്ടിക്കാട്ടുന്നു.
Content Highlights: coming to birds in kadalundi bird sanctuary sees a decline