ചൂട്, ചുഴലിക്കാറ്റ്, കാട്ടുതീ, പേമാരി; കാലാവസ്ഥാ ദുരന്തങ്ങൾ മൂലം 2025-ൽ നഷ്ടം 12,000 കോടി ഡോളർ

ന്യൂഡൽഹി: ചൂട്, കാട്ടുതീ, വരൾച്ച, ചുഴലിക്കാറ്റ്, ശക്തമായ മഴ തുടങ്ങിയ കാലാവസ്ഥാദുരന്തങ്ങൾമൂലം 2025-ൽ ലോകത്ത് 12,000 കോടി ഡോളറിലേറെ (ഏകദേശം 10.8 ലക്ഷംകോടി രൂപ) നഷ്ടമുണ്ടായതായി റിപ്പോർട്ട്. ബ്രിട്ടൻ ആസ്ഥാനമായ സന്നദ്ധസംഘടനയായ ക്രിസ്റ്റ്യൻ എയ്ഡാണ് റിപ്പോർട്ട് തയ്യാറാക്കിയത്.
ഫോസിൽ ഇന്ധനങ്ങളാണ് കാലാവസ്ഥാപ്രതിസന്ധിയുടെ പ്രധാന കാരണക്കാരെന്നും റിപ്പോർട്ട് പറയുന്നു. ഹരിതഗൃഹ വാതകങ്ങളുടെ പുറന്തള്ളൽ കുറയ്ക്കാനുള്ള നടപടികൾ സ്വീകരിച്ചിരുന്നെങ്കിൽ ഒഴിവാക്കാമായിരുന്ന ദുരന്തങ്ങളുടെ ഭാരം ഇന്ന് സാധാരണ ജനങ്ങളാണ് അനുഭവിക്കുന്നതെന്നും റിപ്പോർട്ട് പറയുന്നു.
ഇൻഷുർചെയ്ത വസ്തുവകകൾക്കുണ്ടായ നഷ്ടം അടിസ്ഥാനമാക്കിയാണ് റിപ്പോർട്ട് തയ്യാറാക്കിയത്. അതിനാൽ യഥാർഥ നഷ്ടം ഇതിലും കൂടുതലാകാനിടയുണ്ട്. 2025-ൽ ലോകത്തിലെ ആറ് ജനവാസഭൂഖണ്ഡങ്ങളിലും കുറഞ്ഞത് ഒരു വലിയ കാലാവസ്ഥാദുരന്തമെങ്കിലും ഉണ്ടായിട്ടുണ്ട്. ഇന്ത്യയും പാകിസ്താനും നേരിട്ട പ്രളയങ്ങളിൽ 1860-ലധികം പേർ മരിച്ചതായാണ് കണക്കുകൾ. ഏകദേശം 49,800 കോടി രൂപയാണ് ഈ ദുരന്തങ്ങളിൽ നഷ്ടമായിട്ടുള്ളത്.
1970-നും 2019-നും ഇടയിൽ ആഗോളതലത്തിൽ കാലാവസ്ഥാദുരന്തങ്ങൾ അഞ്ചിരട്ടിയായി വർധിച്ചതായി ലോക കാലാവസ്ഥാസംഘടന അടുത്തിടെ വ്യക്തമാക്കിയിരുന്നു. ദുരന്തങ്ങളിൽ ഭൂരിഭാഗവും ജലവുമായി ബന്ധപ്പെട്ടവയാണ്. 1970 മുതൽ 2021 വരെ, ലോകം ഏകദേശം 12,000 കാലാവസ്ഥാദുരന്തങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇത് രണ്ടുദശലക്ഷത്തിലധികം മരണങ്ങൾക്കും അഞ്ചു ട്രില്യൺ യു.എസ്. ഡോളറിന്റെ സാമ്പത്തിക നഷ്ടത്തിനും കാരണമായിട്ടുണ്ട്. 2015-നും 2022-നും ഇടയിൽ മാത്രം ഏകദേശം 41,789 ആളുകൾ പ്രതിവർഷം ദുരന്തങ്ങളിൽപ്പെട്ട് മരിക്കുന്നുവെന്നാണ് കണക്കുകൾ. ഓരോ വർഷവും ആഗോളതലത്തിൽ 130 ദശലക്ഷത്തിലധികം പേരെയാണ് കാലാവസ്ഥാദുരന്തങ്ങൾ ബാധിക്കുന്നത്.
Content Highlights: Report reveals climate disasters like heatwaves, floods, and storms caused over $120 billion in losses in 2025.