പ്രളയഭീതി ഒഴിയാതെ നേപ്പാൾ; മൂന്ന് ലക്ഷത്തോളം പേർ അപകടമുനമ്പിലെന്ന് പഠനം; ഇന്ത്യയ്ക്കും ഭീഷണി

കാഠ്മണ്ഡു: നേപ്പാളിൽ വൻ പ്രളയഭീഷണി നിലനിൽക്കുന്നതായും ഏകദേശം മൂന്ന് ലക്ഷം ജനങ്ങൾ അപകടഭീഷണി നേരിടുന്നുണ്ടെന്നും പുതിയ പഠനറിപ്പോർട്ട്. കഴിഞ്ഞ ഓഗസ്റ്റിൽ നേപ്പാളിലുണ്ടായ മിന്നൽ പ്രളയത്തിൽ 1,400-ലധികം ആളുകൾ കൊല്ലപ്പെടുകയും 5,000-ലധികം പേരെ കാണാതാവുകയും ചെയ്തിരുന്നു. ഇതിലും വലിയ പ്രളയസാധ്യതയാണ് നിലവിൽ രാജ്യത്തെ വലിയൊരു വിഭാഗം ജനങ്ങൾക്ക് മുന്നിലുള്ളതെന്ന് 'സയന്റിഫിക് റിപ്പോർട്ട്സ്' മാസികയിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ വ്യക്തമാക്കുന്നു.
നേപ്പാളിലെയും അയൽരാജ്യങ്ങളായ ഇന്ത്യ, ചൈന എന്നിവിടങ്ങളിലെയും 1,361 ഹിമാലയൻ തടാകങ്ങളുടെ 50 കിലോമീറ്റർ വരെയുള്ള കീഴ്‌പ്രദേശങ്ങളെ കേന്ദ്രീകരിച്ചാണ് ഗവേഷകർ പഠനം നടത്തിയത്. സാധാരണ നദീതടങ്ങളിൽനിന്ന് 50 മീറ്റർവരെ ഉയരത്തിൽ സ്ഥിതിചെയ്യുന്ന ഈ പ്രദേശത്തെ 2,93,000 ആളുകൾ വെള്ളപ്പൊക്ക ഭീഷണിയിലാണെന്നാണ് പഠനം മുന്നറിയിപ്പ് നൽകുന്നത്.
ആഗോളതാപനവും കാലാവസ്ഥാ വ്യതിയാനവുമാണ് ഇത്തരം ദുരന്തങ്ങൾക്ക് പ്രധാന കാരണമെന്ന് ബ്രിട്ടനിലെ ലീഡ്സ് സർവകലാശാലയിലെ ഗവേഷകനായ സി. സ്കോട്ട് വാട്സൺ വ്യക്തമാക്കുന്നു. ഹിമാനികൾ ഉരുകുന്നതും പുതിയ തടാകങ്ങൾ രൂപപ്പെടുന്നതും ദുരന്തസാധ്യത വർധിപ്പിക്കുകയാണ്. കൂടാതെ, 2016 മുതൽ 2023 വരെയുള്ള കാലയളവിൽ ഇത്തരം അപകടസാധ്യതാ മേഖലകളിലെ കെട്ടിട നിർമാണം 46 ശതമാനത്തോളം വർധിച്ചതും തിരിച്ചടിയായെന്ന് പഠനം ചൂണ്ടിക്കാട്ടുന്നു.
ഓഗസ്റ്റ് 26-ന് നേപ്പാൾ-ചൈന അതിർത്തിയിൽ ഹിമാനിയും പാറകളും ഇടിഞ്ഞതിനെത്തുടർന്നുണ്ടായ വൻ പ്രളയവും വെള്ളപ്പൊക്കവും രാജ്യത്ത് വലിയ നാശനഷ്ടം വിതച്ചിരുന്നു. ഭാവിയിലുണ്ടാകുന്ന അപകടങ്ങൾ ഒഴിവാക്കാൻ കൃത്യമായ അപകട മാപ്പിങ്, ഭൂവിനിയോഗ ആസൂത്രണം, മുന്നറിയിപ്പ് സംവിധാനങ്ങൾ എന്നിവ അടിയന്തരമായി നടപ്പിലാക്കണമെന്ന് ഗവേഷകർ ശുപാർശ ചെയ്യുന്നു.
രാജ്യത്തെ പുനർനിർമാണ പ്രവർത്തനങ്ങൾക്ക് 470 കോടി രൂപയോളം ചെലവുവരുമെന്നാണ് കണക്കാക്കുന്നത്. ഈ ദുരന്തം കാലാവസ്ഥാ വ്യതിയാനത്തിന്റെ അപകടങ്ങളെക്കുറിച്ച് ലോകത്തിനുള്ള ശക്തമായ മുന്നറിയിപ്പാണെന്ന് നേപ്പാൾ പ്രധാനമന്ത്രി ബാലേന്ദ്ര ഷാ ഐക്യരാഷ്ട്രസഭയിൽ വ്യക്തമാക്കിയിരുന്നു.
Content Highlights: Approximately 293,000 people in Nepal are at high risk of severe flooding., A study published in 'Scientific Reports' highlights dangers from Himalayan glacier and rock collapses., Building construction in high-risk zones increased by 46% between 2016 and 2023., Researchers urge immediate hazard mapping, land-use planning, and early warning systems., Reconstruction costs are estimated at $4.78 billion.