ഉഷ്ണതരംഗത്തിൽനിന്ന് മോചനമില്ലാതെ പാലക്കാട്, ആലപ്പുഴയിലും കൊല്ലത്തും സാധ്യത

തിരുവനന്തപുരം/ പാലക്കാട്: പാലക്കാടിന് തുടർച്ചയായി നാലാംദിവസവും ഉഷ്ണതരംഗത്തിൽനിന്ന് മോചനമില്ല. തിങ്കളാഴ്ച തൃശ്ശൂരും ഉഷ്ണതരംഗം സ്ഥിരീകരിച്ചു. കൊല്ലത്ത് ഉഷ്ണതരംഗത്തിന് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പുണ്ട്.
ആലപ്പുഴയിൽ മുന്നറിയിപ്പ് നൽകിയിട്ടില്ല, എന്നാൽ, താപനില ശരാശരിയിൽനിന്ന് 4.6 ഡിഗ്രിവരെ ഉയർന്നുനിൽക്കുകയാണിവിടെ. ചൊവ്വാഴ്ചയും ഇതേനില തുടർന്നാൽ ഇവിടെയും ഉഷ്ണതരംഗം പ്രഖ്യാപിക്കേണ്ടിവരും. എന്നാൽ ആലപ്പുഴയിൽ പലേടത്തും നേരിയതോതിൽ മഴ പെയ്യുന്നതിനാൽ സാഹചര്യം മാറാനും ഇടയുണ്ട്. ശരാശരിയിലും മൂന്നര ഡിഗ്രിയിലേറെ ചൂട് തുടർച്ചായി കൂടിനിൽക്കുന്നതിനാൽ പല ജില്ലകളിലും അതിജാഗ്രത വേണ്ട സാഹചര്യമാണിപ്പോൾ.
ഉഷ്ണതരംഗത്തിന്റെ തീവ്രത കണക്കിലെടുത്ത് പാലക്കാടിന് ഓറഞ്ച് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ദുരന്തനിവാരണ അതോറിറ്റി ജാഗ്രതാനിർദേശവും നൽകി. മേയ് രണ്ടുവരെ മെഡിക്കൽ കോളേജുകൾ ഒഴികെ ജില്ലയിലെ എല്ലാ വിദ്യാഭ്യാസസ്ഥാപനങ്ങളും അടച്ചിടണമെന്നും ട്യൂഷൻ ക്ലാസുകളുൾപ്പെടെ പ്രവർത്തിക്കരുതെന്നും ദുരന്തനിവാരണ അതോറിറ്റി ചെയർമാൻകൂടിയായ കളക്ടർ ഉത്തരവിട്ടു.
പ്രൊഫഷണൽ കോളേജുകളുൾപ്പെടെയുള്ളവയ്ക്ക് ഇത് ബാധകമായിരിക്കും. കായികമേളകൾ, മത്സരങ്ങൾ, വേനലവധിക്കാല ക്യാമ്പുകൾ എന്നിവയെല്ലാം മേയ് രണ്ടുവരെ നിർത്തിവെക്കണം.
ദുരന്ത നിവാരണ അതോറിറ്റിയുടെ മുന്നറിയിപ്പ്
പാലക്കാടിനും തൃശ്ശൂരിനും പുറമേ മറ്റുജില്ലകളിലും ജാഗ്രത വേണമെന്ന ദുരന്ത നിവാരണ അതോറിറ്റിയുടെ മുന്നറിയിപ്പ്. കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം, മലപ്പുറം, കോഴിക്കോട് ജില്ലകളിൽ ഉയർന്ന താപനില മൂന്നുമുതൽ ശരാശരിയിൽ നിന്ന് നാല് ഡിഗ്രിവരെ കൂടിയിട്ടുണ്ട്. അതിനാൽ ഇവിടങ്ങളിലും സമീപ ജില്ലകളിലും ചൊവ്വാഴ്ച പ്രത്യേക ശ്രദ്ധ വേണം. മറ്റ് ജില്ലകളിലും പതിവിലും ചൂട് കൂടാൻ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.
കേരളത്തിൽ അഞ്ചുദിവസംകൂടി ഉഷ്ണതരംഗം
കേരളം, തമിഴ്നാട്, പുതുച്ചേരി, കർണാടക മേഖലകളിൽ അഞ്ചുദിവസംകൂടി ഉഷ്ണതരംഗം തുടരുമെന്ന് കേന്ദ്ര കാലാവസ്ഥവകുപ്പ്. താപനില രണ്ടുമുതൽ മൂന്നു ഡിഗ്രിവരെ ഉയരും. ഒറ്റപ്പെട്ടയിടങ്ങളിൽ മഴയ്ക്ക് സാധ്യതയുണ്ട്. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ ഇടിയോടുകൂടിയുള്ള മഴയും കാറ്റും അഞ്ചുദിവസംകൂടി തുടരും.
Content Highlights: chances for heatwave in alappuzha and palakkad