പൂച്ച മനുഷ്യരുടെ അരുമയായിട്ട് എത്ര കാലം? ധാരണകള്‍ തിരുത്തി പുതിയ പഠനം

#സയൻസ് ഡെസ്ക്
പൂച്ചകൾ | Photo: Gettyimages
പൂച്ചകൾ | Photo: Gettyimages

പൂച്ചകളും മനുഷ്യരും തമ്മിലുള്ള ബന്ധത്തിന് മുമ്പ് കരുതിയിരുന്ന അത്രയും പഴക്കമില്ലെന്ന് ശാസ്ത്രജ്ഞര്‍. ഏകദേശം 10,000 വര്‍ഷങ്ങള്‍ക്ക് പശ്ചിമേഷ്യയിലെ കിഴക്കന്‍ മെഡിറ്ററേനിയന്‍ പ്രദേശത്തുള്ള ലെവന്റ് എന്നറിയപ്പെടുന്ന ഭൂപ്രദേശത്ത് കൃഷി വികസിപ്പിക്കപ്പെട്ട സമയത്താണ് മനുഷ്യരും പൂച്ചകളും അടുത്തത് എന്നായിരുന്നു പൊതുവില്‍ വിശ്വസിച്ചിരുന്നത്. എന്നാല്‍ പൂച്ചകള്‍ അവയുടെ വന്യത വിട്ട് മനുഷ്യരുമായി അടുപ്പം സ്ഥാപിച്ചത് അതിലുമേറെ വൈകിയാണെന്ന് പുതിയ പഠനങ്ങള്‍ പറയുന്നു.

യൂറോപ്പ്, വടക്കേ അമേരിക്ക, അനാറ്റോലിയ എന്നിവിടങ്ങളില്‍ നിന്നായി ലഭിച്ച പൂച്ചകളുടെ അസ്ഥികളില്‍ നിന്നെടുത്ത ഡിഎന്‍എ ഗവേഷകര്‍ പഠനവിധേയമാക്കുകയും ഇന്നത്തെ പൂച്ചകളുടേതുമായി താരതമ്യം ചെയ്യുകയും ചെയ്തു. ഏകദേശം 4000 വര്‍ഷങ്ങള്‍ക്ക് മുമ്പാണ് പൂച്ചകളുമായുള്ള നമ്മുടെ ബന്ധം ആരംഭിച്ചതെന്ന് ഓക്‌സ്‌ഫോര്‍ഡ് സര്‍വകലാശാലയിലെ പ്രൊഫസര്‍ ഗ്രെഗര്‍ ലാര്‍സണ്‍ പറഞ്ഞു. ആധുനിക ജീവിതത്തില്‍ പൂച്ചകളുടെ ശക്തമായ സാന്നിധ്യം കാണുമ്പോള്‍ ഈ സമയക്രമം അത്ഭുതകരമാണെന്നും അദ്ദേഹം പറയുന്നു.

'കൃത്യമായി പറഞ്ഞാല്‍ വടക്കന്‍ ആഫ്രിക്കയില്‍ നിന്നാണ് പൂച്ചകളും മനുഷ്യരും തമ്മിലുള്ള ബന്ധം ആരംഭിക്കുന്നത്. കൃഷിയുള്ള ഇടങ്ങളിലെല്ലാം മനുഷ്യരും പൂച്ചകളും തമ്മില്‍ ബന്ധം സ്ഥാപിക്കുക എന്നതായിരുന്നില്ല. മറിച്ച് അത് ഈജിപ്തില്‍ മാത്രമുണ്ടായിരുന്ന പ്രതിഭാസമായിരുന്നു. കലകളിലും ചിത്രങ്ങളിലും പൂച്ചകളെ ആവിഷ്‌കരിച്ചിട്ടുണ്ട്. മമ്മിഫൈ ചെയ്ത രൂപത്തിലും പൂച്ചകളെ അവര്‍ സൂക്ഷിച്ചിരുന്നു.' ലാര്‍സണ്‍ പറഞ്ഞു.

പ്രാചീന യാത്രികരുടെ സഹചാരിയായിരുന്നു പൂച്ചകള്‍. കപ്പലുകളില്‍ ഭക്ഷ്യവസ്തുക്കള്‍ പ്രാണികളില്‍ നിന്നും എലികളില്‍ നിന്നുമെല്ലാം സംരക്ഷിക്കുന്നതിനുള്ള വേട്ടക്കാരായും ഇവയെ ഉപയോഗിച്ചു. ഏകദേശം 2000 വര്‍ഷങ്ങള്‍ക്ക് മുമ്പ് മാത്രമാണ് പൂച്ചകള്‍ യൂറോപ്പില്‍ എത്തിയത്. റോമക്കാരിലൂടെയാണ് അവ യൂറോപ്പിലെത്തിയത്. പിന്നീട് സില്‍ക്ക് റോഡ് പോലുള്ള വ്യാപാര മാര്‍ഗങ്ങളിലൂടെ വടക്കോട്ട് പോയി. ക്രമേണ ഏഷ്യയിലുടനീളം അവയുടെ സാന്നിധ്യമുണ്ടായി. ഇന്ന് അവ ലോകത്ത് അന്റാര്‍ട്ടിക്ക ഒഴികെ എല്ലായിടത്തുമുണ്ട്.

അതേസമയം ചൈനയില്‍ ഇന്നത്തെ വളര്‍ത്തുപൂച്ചകള്‍ക്ക് മുമ്പ് ശരീരമാസകലം പുള്ളിയുള്ള ലെപ്പേഡ് ക്യാറ്റ് എന്നറിയപ്പെടുന്ന പൂച്ചവര്‍ഗം മനുഷ്യരുമായി ഇണങ്ങി ജീവിച്ചിരുന്നു. ഏകദേശം 3500 വര്‍ഷങ്ങള്‍ക്ക് മുമ്പ് തന്നെ ഈ ബന്ധം ആരംഭിച്ചിട്ടുണ്ട്. എലികളെ തുരത്താനുള്ള വേട്ടക്കാരായാണ് ഇവയെ ഉപയോഗിച്ചിരുന്നത്. എങ്കിലും ആഫ്രിക്കന്‍ കാട്ടുപൂച്ചയുടെ പിന്‍ഗാമികളായ ഇന്നത്തെ വളര്‍ത്തു പൂച്ചകളെ പോലെ ലെപ്പേഡ് ക്യാറ്റ് മനുഷ്യരുടെ സ്ഥിരം അരുമ മൃഗങ്ങളുടെ പട്ടികയിലേക്ക് പരിണമിക്കപ്പെട്ടില്ല. അതേസമയം, ഈ ലെപ്പേഡ് കാറ്റുകളുടേയും വളര്‍ത്തുപൂച്ചകളുടേയും 20-ാം നൂറ്റാണ്ടില്‍ രൂപപ്പെട്ട സങ്കര ഇനമാണ് ബംഗാള്‍ പൂച്ചകള്‍ എന്നും പഠനത്തില്‍ പറയുന്നു. സയന്‍സ്, സെല്‍ ജെനോമിക്‌സ് എന്നിവിടങ്ങളില്‍ ഈ ഗവേഷണ പഠനം പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്.

Content Highlights: Cat Domestication is more recent than previously thought: New archaeological DNA study suggests cats closely bonded with humans only 4,000 years ago