നഗരങ്ങളിലെ ചൂടിന് വാഹനങ്ങളുടെ നിറവും കാരണം: ഇളം നിറങ്ങള്‍ താപനില കുറയ്ക്കുമെന്ന് പഠനം

നഗരങ്ങളിലെ കൊടുംചൂട് പലപ്പോഴും പകല്‍സമയത്ത് കാല്‍നടയാത്രക്കാരെയും ഇരുചക്രവാഹന യാത്രികരെയും വലയ്ക്കുന്നു. കാലാവസ്ഥാ വ്യതിയാനവും അന്തരീക്ഷ താപനിലയിലെ വര്‍ധനവും സംബന്ധിച്ച് നിരവധി പഠനങ്ങള്‍ നടക്കുന്നുണ്ട്. ഇപ്പോഴിതാ, പൊതുസ്ഥലങ്ങളില്‍ നിര്‍ത്തിയിടുന്ന വാഹനങ്ങളുടെ നിറം നഗരങ്ങളിലെ താപനിലയെ സ്വാധീനിക്കുന്നുവെന്ന് കണ്ടെത്തിയിരിക്കുകയാണ് ശാസ്ത്രജ്ഞര്‍.
ന്യൂസ് സയന്റിസ്റ്റ് റിപ്പോര്‍ട്ട് അനുസരിച്ച്, തെരുവുകളിലും പാര്‍ക്കിങ് ലോട്ടുകളിലും നിര്‍ത്തിയിട്ടിരിക്കുന്ന ഇരുണ്ട നിറത്തിലുള്ള വാഹനങ്ങള്‍, ഇളം നിറത്തിലുള്ളവയെ അപേക്ഷിച്ച് കൂടുതല്‍ താപം ആഗിരണം ചെയ്യുകയും പുറംതള്ളുകയും ചെയ്യുന്നു. ഇത് ചുറ്റുമുള്ള വായുവിന്റെ താപനില ഉയര്‍ത്തുന്നു. ആയിരക്കണക്കിന് വാഹനങ്ങളില്‍ നിന്നുള്ള ഈ താപ ബഹിര്‍ഗമനം നഗരത്തിന്റെ മൊത്തം താപനിലയെ ഗണ്യമായി ബാധിക്കുന്നുണ്ട്.
'പാര്‍ക്കിങ് ലോട്ടില്‍ നിന്ന് കടന്നുപോകുമ്പോള്‍ കാറില്‍ നിന്ന് ചൂട് പുറത്തേക്ക് വരുന്നത് അനുഭവപ്പെടാറുണ്ട്. അത് തോന്നലല്ല, യഥാര്‍ത്ഥമാണ്.' പോര്‍ച്ചുഗലിലെ ലിസ്ബണ്‍ സര്‍വകലാശാലയിലെ മാര്‍സിയ മാത്യാസ് പറഞ്ഞു.
മാര്‍സിയ മാത്യാസും സഹപ്രവര്‍ത്തകരും പാര്‍ക്കിങ് ലോട്ടില്‍ 5 മണിക്കൂറിലേറെ പകല്‍വെളിച്ചത്തില്‍ നിര്‍ത്തിയിട്ട കറുപ്പും വെളുപ്പും നിറമുള്ള കാറുകളുടെ ചുറ്റുമുള്ള വായു താപനില പരിശോധിച്ചു. കറുത്ത കാറിന് ചുറ്റുമുള്ള വായുവിന്റെ താപനില 3.8 ഡിഗ്രി സെല്‍ഷ്യസ് വര്‍ധിച്ചതായി കണ്ടെത്തി, അതേസമയം വെള്ള കാറിന് ചുറ്റുമുള്ള താപനില താരതമ്യേന കുറവായിരുന്നു.
വെള്ള നിറം സൂര്യപ്രകാശത്തിന്റെ 75%-85% വരെ പ്രതിഫലിപ്പിക്കുന്നു, ഇത് ചൂട് കുറയ്ക്കാന്‍ സഹായിക്കുന്നു. എന്നാല്‍, കറുത്ത നിറം സൂര്യപ്രകാശത്തിന്റെ ഭൂരിഭാഗവും ആഗിരണം ചെയ്യുകയും 5%-10% മാത്രം പ്രതിഫലിപ്പിക്കുകയും ചെയ്യുന്നു. ഇതുമൂലം കാറിന്റെ ലോഹ ഉപരിതലം വേഗത്തില്‍ ചൂടാകുന്നു, ചുറ്റുമുള്ള വായുവിന്റെ താപനില വര്‍ധിപ്പിക്കുന്നു.
ഇളംനിറത്തിലുള്ള കാറുകള്‍ ഉപയോഗിക്കുന്നത് താപം ആഗിരണം ചെയ്യുന്നത് കുറയ്ക്കുമെന്നും അതുവഴി പരിസരത്തെ വായുവിന്റെ താപനില കുറയ്ക്കാനാവുമെന്നും ഗവേഷകര്‍ പറഞ്ഞു.
Content Highlights: Dark-colored cars absorb and radiate more heat than light-colored cars increasing surrounding air