സംരക്ഷിതവനമേഖലയ്ക്ക് സമീപമുള്ള കരുതല്‍മേഖല; വ്യവസ്ഥയില്‍ ഇളവ് ആവശ്യപ്പെട്ട് കേരളം

തിരുവനന്തപുരം: സംരക്ഷിതവനമേഖലയ്ക്കു ചുറ്റും ഒരുകിലോമീറ്റര്‍ കരുതല്‍മേഖല (ബഫര്‍സോണ്‍) വേണമെന്ന വ്യവസ്ഥയില്‍ കേരളത്തിന് പ്രത്യേക ഇളവ് വേണമെന്ന് കേന്ദ്ര വനംമന്ത്രി അശ്വനി കുമാര്‍ ചൗബെയോട് സംസ്ഥാന വനംവകുപ്പ്. ഇതരസംസ്ഥാനങ്ങളില്‍നിന്ന് വ്യത്യസ്തമായ സാഹചര്യമാണ് കേരളത്തിലേതെന്ന് ചൂണ്ടിക്കാട്ടിയാണ് അവലോകന യോഗത്തില്‍ വനംമേധാവി ബെന്നിച്ചന്‍ തോമസ് ഇളവ് അഭ്യര്‍ഥിച്ചത്.
ജനവാസമേഖലകളെ ഒഴിവാക്കി കരുതല്‍മേഖല എന്ന പരിഷ്‌കരിച്ച ശുപാര്‍ശ സംസ്ഥാനം നല്‍കിയിട്ടുണ്ട്. ഇത് പരിഗണിച്ച് അന്തിമവിജ്ഞാപനമിറക്കണം. വിദഗ്ധസമിതിയോഗങ്ങള്‍ ഉള്‍പ്പെടെയുള്ളവ പൂര്‍ത്തിയാക്കിയാണ് ശുപാര്‍ശ നല്‍കിയതെന്ന് വനംമേധാവി കേന്ദ്രമന്ത്രിയെ അറിയിച്ചു. വനംവകുപ്പിന് കിട്ടാനുള്ള കേന്ദ്രഫണ്ട് അനുവദിക്കണമെന്നായിരുന്നു മറ്റൊരാവശ്യം.
നീലഗിരി ബയോസ്പിയര്‍ റിസര്‍വ്, വയനാട് വൈല്‍ഡ് ലൈഫ് സാങ്ച്വറി റീലൊക്കേഷന്‍, തണ്ണീര്‍ത്തട-കണ്ടല്‍ സംരക്ഷണം തുടങ്ങിയവയ്ക്കായി കേന്ദ്രവിഹിതം കിട്ടണം. സംസ്ഥാനം 40 ശതമാനവും കേന്ദ്രം 60 ശതമാനവും തുക വകയിരുത്തി നടത്തുന്ന പദ്ധതികള്‍ക്ക് സമയത്തിന് കേന്ദ്രഫണ്ട് കിട്ടാത്തത് പ്രശ്‌നമാകുന്നു.യോഗത്തില്‍ ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ഗംഗാ സിങ്, പി.സി.സി.എഫുമാരായ നോയല്‍ തോമസ്, ഡി. ജയപ്രസാദ്, ഇ. പ്രദീപ്കുമാര്‍, എ.പി.സി.സി.എഫുമാരായ രാജേഷ് രവീന്ദ്രന്‍, പ്രമോദ് ജി. കൃഷ്ണന്‍ എന്നിവരും പങ്കെടുത്തു.
കേരളത്തിന് സത്യവാങ്മൂലം നല്‍കാം -ചൗബെ
കരുതല്‍മേഖല സംബന്ധിച്ച് കേരളത്തിന് സുപ്രീംകോടതിയില്‍ സത്യവാങ്മൂലം നല്‍കാമെന്ന് കേന്ദ്രമന്ത്രി അശ്വിനി കുമാര്‍ ചൗബെ. മേഖല നിര്‍ണയിച്ചതിലെ എതിര്‍പ്പ് ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ സുപ്രീംകോടതിയാണ് അന്തിമ തീരുമാനമെടുക്കുക.
'കെ-റെയില്‍: കേരളം തന്നാല്‍ പരിശോധിക്കാം'
കെ-റെയിലിന് പാരിസ്ഥിതികാനുമതി നല്‍കിയിട്ടില്ലെന്നും അനുമതിക്ക് കേരളം കത്ത് നല്‍കുകയാണെങ്കില്‍ പരിശോധിക്കുമെന്നും ചൗബെ പത്രസമ്മേളനത്തില്‍ പറഞ്ഞു. കാര്‍ബണ്‍ ബഹിര്‍ഗമനം കുറയ്ക്കാന്‍ ഇന്ത്യയിലെ 1000 നഗരങ്ങളില്‍ ഓക്‌സിജന്‍ ഉത്പാദിപ്പിക്കുന്ന മേഖലകള്‍ സ്ഥാപിക്കും. കേരളത്തില്‍ 11 നഗരങ്ങളെ ഇതില്‍ ഉള്‍പ്പെടുത്തും -മന്ത്രി പറഞ്ഞു.
Content Highlights: Buffer zone near Reserve Forest; State ask for Exemption