അതിരപ്പിള്ളി മലയോരമേഖലകളില്‍ മ്ലാവുകള്‍ കൂട്ടത്തോടെ ചാവുന്നു; ഒരാഴ്ചക്കുള്ളില്‍ ചത്തത് 50-ലേറെ

• വെട്ടിക്കുഴിയിൽ തോട്ടിൽ ചത്തു കിടക്കുന്ന മ്ലാവ്
• വെട്ടിക്കുഴിയിൽ തോട്ടിൽ ചത്തു കിടക്കുന്ന മ്ലാവ്

അതിരപ്പിള്ളി: മലയോരമേഖലയില്‍ മ്ലാവുകള്‍ കൂട്ടത്തോടെ ചത്തൊടുങ്ങുന്നത് ആശങ്ക പടര്‍ത്തുന്നു. അതിരപ്പിള്ളി, കോടശ്ശേരി, പരിയാരം പഞ്ചായത്തുകളിലെ വനമേഖലകളിലാണ് മ്ലാവുകള്‍ കൂട്ടത്തോടെ ചത്തത്. പരിയാരം റേഞ്ചിലെ വനമേഖലയില്‍ വെട്ടിക്കുഴി, പണ്ടാരംപാറ, കോട്ടമല, ചൂളക്കടവ്, പച്ചക്കാട് എന്നീ ഭാഗങ്ങളിലാണ് മ്ലാവുകള്‍ കൂടുതലായും ചത്തുകിടക്കുന്നതായി കണ്ടത്.

ജഡങ്ങള്‍ കൂട്ടത്തോടെ കത്തിച്ചു കളയുകയോ മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് കുഴിച്ചിടുകയോ ചെയ്യുന്നു. മ്ലാവുകള്‍ കൂട്ടത്തോടെ ചത്ത് ഒരാഴ്ച കഴിഞ്ഞിട്ടും കാരണം കണ്ടെത്താനോ നടപടികള്‍ സ്വീകരിക്കാനോ വനപാലകര്‍ക്ക് കഴിഞ്ഞിട്ടില്ല. കഴിഞ്ഞദിവസം തൃശ്ശൂര്‍ മൃഗശാലയിലെ ഡോ: മിഥുന്‍, ചത്ത മ്ലാവുകളെ പരിശോധിക്കുകയും ആന്തരിക അവയവങ്ങള്‍ പരിശോധനയ്ക്ക് ശേഖരിക്കുകയും ചെയ്തിട്ടുണ്ട്.

വിദഗ്ധ പരിശോധനയ്ക്ക് ശേഷമേ എന്താണ് സംഭവിച്ചത് എന്ന് പറയാന്‍ സാധിക്കൂവെന്ന് വനം വകുപ്പ് അറിയിച്ചു. നേരത്തെ പിള്ളപ്പാറ ഭാഗത്ത് മ്ലാവുകള്‍ കൂട്ടത്തോടെ ചത്തിരുന്നു.

ക്ഷീരകര്‍ഷകര്‍ ആശങ്കയില്‍

മലയോരത്തെ ക്ഷീരകര്‍ഷകര്‍ കന്നുകാലികളെ മേയാന്‍ വിടുന്ന പറമ്പുകളിലും വനമേഖലയിലും തോടുകളിലും മ്ലാവുകള്‍ ചത്തുകിടക്കുന്നത് കണ്ടതോടെ ക്ഷീരകര്‍ഷകര്‍ ആശങ്കയില്‍. മ്ലാവുകള്‍ ചത്തുകിടന്ന തോടുകളിലെയും കുളങ്ങളിലെയും വെള്ളം ഉപയോഗിക്കാനാകുമോ എന്നതും ആശങ്കയുണര്‍ത്തുന്നു. നാട്ടുകാരും പകര്‍ച്ചവ്യാധി പേടിയിലാണ്.

Content Highlights: Over 50 deer found dead in Athirappilly, Kerala. Authorities investigate the cause of the mass mort