ആസ്റ്റർ മെഡ്സിറ്റിക്കായി 10 മെഗാവാട്ട് സൗരോർജ്ജ പദ്ധതിയുമായി ആസ്റ്റർ ഡിഎം ക്വാളിറ്റി കെയർ

ആസ്റ്റർ മെഡ്സിറ്റിക്കായി 10 മെഗാവാട്ടിന്റെ സൗരോർജ്ജ പദ്ധതി കമ്മീഷൻ ചെയ്ത് ആസ്റ്റർ ഡിഎം ക്വാളിറ്റി കെയർ. ഓയിസ്റ്റർ റിന്യൂവബിൾ എനർജി പ്രൈവറ്റ് ലിമിറ്റഡുമായി ചേർന്നാണ് പദ്ധതി നടപ്പാക്കുന്നത്. ഓയിസ്റ്റർ റിന്യൂവബിൾ വികസിപ്പിച്ച ഗ്രൗണ്ട് മൗണ്ടഡ് സോളാർ പ്രൊജക്റ്റ് കാസർഗോഡ് ഹൊസ്ദുർഗിൽ അമ്പലത്തറയിലും സമീപ ഗ്രാമങ്ങളിലുമാണ് സ്ഥിതി ചെയ്യുന്നത്. ഉഷ്ണമേഖലാ കാലാവസ്ഥയ്ക്ക് അനുയോജ്യമായ രീതിയിൽ രൂപകൽപ്പന ചെയ്ത ഉയർന്ന കാര്യക്ഷമതയുള്ള ബൈഫേഷ്യൽ സോളാർ മൊഡ്യൂളുകളാണ് ഉപയോഗിച്ചിരിക്കുന്നത്. ആസ്റ്റർ മെഡ്സിറ്റിയുടെ 24 മണിക്കൂറുമുള്ള ഊർജ്ജ ആവശ്യങ്ങൾ നിറവേറ്റാൻ ഇത് സഹായിക്കും.

പദ്ധതിയിലൂടെ പ്രതിവർഷം 1.6 മുതൽ 1.75 കോടി യൂണിറ്റ് പുനരുപയോഗ ഊർജ്ജം ഉത്പാദിപ്പിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇത് ആസ്റ്റർ മെഡ്സിറ്റിയുടെ മൊത്തം ഊർജ്ജ ആവശ്യത്തിന്റെ 90%-ത്തിലധികം നിറവേറ്റും.

ആസ്റ്റർ ഗ്രൂപ്പിന് 26% ഇക്വിറ്റി പങ്കാളിത്തമുള്ള ഓയിസ്റ്റർ ഗ്രീൻ ഹൈബ്രിഡ് ടു പ്രൈവറ്റ് ലിമിറ്റഡ് വഴിയാണ് ഈ വൈദ്യുതി വിതരണം ചെയ്യുന്നത്. പദ്ധതി പൂർണ്ണതോതിൽ പ്രവർത്തനസജ്ജമാകുന്നതോടെ പ്രതിവർഷം ഏകദേശം 23,138 മെട്രിക് ടൺ കാർബൺ പുറന്തള്ളൽ കുറയ്ക്കാൻ സാധിക്കും. പദ്ധതിക്കായി ആസ്റ്റർ ഡിഎം ക്വാളിറ്റി കെയർ 3.87 കോടി രൂപ ചെലവിട്ടിട്ടുണ്ട്.

Content Highlights: Aster DM Quality Care commissions a 10MW ground-mounted solar project for Aster Medcity., Partnered with Oyster Renewable Energy Private Limited, located in Kasaragod., Project generates 1.6 to 1.75 crore units of renewable energy annually, covering over 90% of Aster Medcity's energy needs., Reduces carbon emissions by approximately 23,138 metric tons per year., Aster invested 3.87 crore rupees with a 26% equity stake through Oyster Green Hybrid Two Private Limited.