നാശംവിതച്ച് അർണാബ് ചുഴലിക്കാറ്റ്: ആന്ധ്രയിൽ 3 മരണം, വൻ നാശനഷ്ടങ്ങൾ; മരങ്ങൾ കടപുഴകി, ഗതാഗതം സ്തംഭിച്ചു

#ന്യൂസ് ഡെസ്ക്
ആന്ധ്രയിലെ മച്ചിലിപ്പട്ടണത്ത്, 'അർണാബ്' ചുഴലിക്കാറ്റിനെത്തുടർന്നുണ്ടായ ശക്തമായ മഴയിലും കാറ്റിലും തകർന്ന കെട്ടിടങ്ങൾ | PHOTO: REUTERS
ആന്ധ്രയിലെ മച്ചിലിപ്പട്ടണത്ത്, 'അർണാബ്' ചുഴലിക്കാറ്റിനെത്തുടർന്നുണ്ടായ ശക്തമായ മഴയിലും കാറ്റിലും തകർന്ന കെട്ടിടങ്ങൾ | PHOTO: REUTERS

വിശാഖപട്ടണം: ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട 'അർണാബ്' ചുഴലിക്കാറ്റ് കരതൊട്ടതോടെ ആന്ധ്രാപ്രദേശ്, യാനം തീരദേശ മേഖലകളിൽ വൻനാശം. ചുഴലിക്കാറ്റിനെത്തുടർന്നുണ്ടായ ശക്തമായ കാറ്റിലും മഴയിലും ആന്ധ്രാപ്രദേശിൽ മൂന്ന് മരണങ്ങൾ റിപ്പോർട്ട് ചെയ്തു. അനകപ്പള്ളിയിലെ യെല്ലമഞ്ചിലിയിൽ വീടിന് പുറത്ത് പൊട്ടിവീണ ലൈനിൽ തട്ടി 55-കാരിയായ സ്ത്രീയും കൃഷിയിടത്തിൽ പൊട്ടിവീണ കമ്പിയിൽ തട്ടി 53-കാരനുമാണ് മരണപ്പെട്ടത്. 31 വീടുകൾ തകരുകയും ചെയ്തിട്ടുണ്ട്. 

മണിക്കൂറിൽ 150 കിലോമീറ്റർ വരെ വേഗതയിലാണ് ചുഴലിക്കാറ്റ് വീശിയടിച്ചത്. ശക്തമായ കാറ്റിൽ നിരവധി മരങ്ങളും വൈദ്യുത തൂണുകളും കടപുഴകിവീണു. ഇതോടെ വൈദ്യുതി വ്യാപകമായി തടസ്സപ്പെട്ടു. ആന്ധ്രാപ്രദേശിൽനിന്നും ഒഡീഷയിൽനിന്നുമായി 1,80,000-ത്തിലധികം ആളുകളെയാണ് ഇതുവരെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റിപ്പാർപ്പിച്ചത്.

ആന്ധ്രയിലെ മച്ചിലിപ്പട്ടണത്ത്, 'അർണാബ്' ചുഴലിക്കാറ്റിനെത്തുടർന്നുണ്ടായ ശക്തമായ മഴയിലും റോഡിൽ വെള്ളം കയറിയപ്പോൾ | PHOTO: ANI

ചുഴലിക്കാറ്റിന്റെ ആഘാതത്തിൽ തീരദേശ മേഖലകളിൽ കനത്ത മഴയാണ് അനുഭവപ്പെടുന്നത്. വിശാഖപട്ടണത്ത് 217 മില്ലീമീറ്ററും കലിംഗപട്ടണത്ത് 147 മി.മീറ്ററും ടുണിയിൽ 123 മി.മീറ്ററും കാക്കിനടയിൽ 118 മി.മീറ്ററും മച്ചിലിപട്ടണത്ത് 115 മി.മീറ്ററും മഴ രേഖപ്പെടുത്തി. ആന്ധ്രയിലെ ശ്രീകാകുളത്ത് കനത്ത മഴയെ തുടർന്ന് 167 ഗ്രാമങ്ങളിൽ വെള്ളപ്പൊക്ക മുന്നറിയിപ്പ് നൽകി. ആന്ധ്രയിലെ അന്തർവേദി തീരത്തിന് സമീപം എഞ്ചിൻ തകരാറിലായതിനെ തുടർന്ന് ചരക്കുകപ്പൽ തീരത്തടിഞ്ഞു. ചെന്നൈയിലെ എന്നൂർ തീരത്ത് തിരമാലകൾ റോഡിലേക്ക് അടിച്ചുകയറി വാഹനങ്ങൾ ഒഴുകിപ്പോവുകയും ചെയ്തു.

ചുഴലിക്കാറ്റ് വ്യോമ-റെയിൽ ഗതാഗതത്തെയും ബാധിച്ചിട്ടുണ്ട്. ചെന്നൈയിൽനിന്ന് ആന്ധ്രയിലേക്കുള്ള 12 വിമാനങ്ങളും വിജയാവാഡ വിമാനത്താവളത്തിലെ 18 സർവീസുകളും റദ്ദാക്കി. കിഴക്കൻ തീരത്ത് 50-ലധികം ട്രെയിൻ സർവീസുകളാണ് വഴിതിരിച്ചുവിട്ടത്. കനത്ത മഴയെത്തുടർന്ന് ഝാർഖണ്ഡിലെ റാഞ്ചി ഉൾപ്പെടെയുള്ള ജില്ലകളിൽ സ്കൂളുകൾക്ക് ബുധനാഴ്ച അവധി പ്രഖ്യാപിച്ചിരുന്നു. കൂടാതെ പ്രതികൂല കാലാവസ്ഥയും മഞ്ഞുവീഴ്ചയും കാരണം നേപ്പാളിൽ ഹൈ-ഹിൽ, ഹിമാലയൻ മേഖലകളിലേക്കുള്ള ട്രെക്കിങ് പെർമിറ്റുകൾ താൽക്കാലികമായി നിർത്തിവച്ചിരിക്കുകയാണ്.

Content Highlights: Cyclone Arnab hit Andhra Pradesh and Yanam coasts with winds up to 150 km/h., Three deaths reported in Andhra Pradesh due to electrocution and storm impacts., Over 1,80,000 people evacuated from Andhra Pradesh and Odisha to safe shelters., IMD attributes the rapid intensification and changed trajectory of the cyclone to the El Nino phenomenon., Severe disruption to flight, rail services, and power supply across affected coastal regions.