ആറു വയസുതൊട്ട് കാടിനെ സ്‌നേഹിച്ച് അനന്യ; കാടറിവുകള്‍ ഈ 8-ാം ക്ലാസുകാരിക്ക് കരുത്ത്

പാലക്കാട്: കാട്ടില്‍പ്പോകാന്‍ പേടിയുണ്ടോയെന്ന് ചോദിച്ചാല്‍ അനന്യ വിശ്വേഷ് എന്ന എട്ടാംക്ലാസുകാരി പറയും കാടെനിക്ക് വീടുപോലെയാണെന്ന്. ആറുവര്‍ഷംകൊണ്ട് നേടിയ കാടറിവുകളാണ് ഈ പാലക്കാട്ടുകാരിയുടെ ഇഷ്ടത്തിന് അടിസ്ഥാനം.
പാലക്കാട്ടുനിന്ന് ഊട്ടിയിലേക്കുള്ള ഒരു കുടുംബയാത്രയിലാണ്, അന്ന് ആറുവയസ്സുള്ള അനന്യയ്ക്ക് കാടിനോട് ഇഷ്ടംതുടങ്ങിയത്. തുടര്‍ന്ന്, മസിനഗുഡിയില്‍ കുടുംബസമേതം താമസിച്ച് നീലഗിരിക്കുന്നുകളില്‍ ആറുവര്‍ഷം പക്ഷിനിരീക്ഷണം നടത്തി. 288 പക്ഷികളുടെ ചിത്രമെടുത്തു. നീരീക്ഷണവിവരങ്ങള്‍ ഉള്‍പ്പെടുത്തി 'ബേഡ്‌സ് ഓഫ് മസിനഗുഡി' എന്ന പേരില്‍ പുസ്തകം പ്രസിദ്ധീകരിച്ചു.
തമിഴ്‌നാട് വനംവകുപ്പിന്റെ സഹായത്തോടെ മസിനഗുഡിയിലെ ആനത്താവളത്തിലെത്തി അവയുടെ ജീവിതം പഠിച്ചു. പക്ഷിനിരീക്ഷണത്തിലും വന്യമൃഗങ്ങളുടെ കണക്കെടുപ്പിലും പങ്കാളിയായി. വൈല്‍ഡ് ലൈഫ് ഫോട്ടോഗ്രാഫിയിലും കൈവെച്ചു. വന്യമൃഗസംരക്ഷണത്തിന്റെ പ്രാധാന്യംപറഞ്ഞുള്ള പ്രഭാഷണങ്ങളും ക്ലാസുകളും നടത്താറുണ്ട് ഈ പതിമൂന്നുകാരി.
വനസംരക്ഷണ പ്രവര്‍ത്തനഭാഗമായി അനന്യയെ വകുപ്പുതല പരിപാടികളില്‍ പങ്കെടുപ്പിക്കുന്നുണ്ടെന്ന് പാലക്കാട് സാമൂഹിക വനവത്കരണവിഭാഗം ഡെപ്യൂട്ടി റേഞ്ച് ഓഫീസര്‍ ബി.എസ്. ഭദ്രകുമാര്‍ പറഞ്ഞു. പാമ്പുപിടിത്തവും പരിശീലിച്ചതായി അനന്യ പറയുന്നു. അമേരിക്കയില്‍നിന്ന് ജൂനിയര്‍ മാസ്റ്റേഴ്‌സ് ഇന്‍ ഹെര്‍പ്പിറ്റോളജിയില്‍ സര്‍ട്ടിഫിക്കറ്റ് നേടിയിട്ടുണ്ട്.
പാലക്കാട് എല്‍.എന്‍.പുരത്താണ് ഇപ്പോള്‍ താമസം. ബെംഗളൂരുവിലെ ഓണ്‍ലൈന്‍ സ്‌കൂളായ 21 കെ.യിലാണ് പഠനം. വ്യാപാരിയായ വിശ്വേഷ് സുബ്രഹ്‌മണ്യമാണ് അച്ഛന്‍. പാലക്കാട് അമൃത സ്‌കൂള്‍ അധ്യാപിക ശ്വേതയാണ് അമ്മ. സഹോദരി: അന്തര.
ഇന്ത്യന്‍ ഫോറസ്റ്റ് സര്‍വീസില്‍ ഉദ്യോഗസ്ഥയാവണമെന്നാണ് അനന്യയുടെ ആഗ്രഹം.
Content Highlights: Ananya, a 13-year-old, shares her 6-year journey of wildlife photography, bird watching