ആമസോണിൽ വന നശീകരണം രൂക്ഷം: ഇല്ലാതാകുന്നത് ലോകത്തെ ഏറ്റവും വലിയ മഴക്കാട്

ആമസോണ്‍ കാടുകളിലെ വനനശീകരണ തോത് വീണ്ടും റെക്കോഡ് ഉയരത്തില്‍. വനനശീകരണത്തിന്‍റെ പര്യായമാകുന്ന ആമസോണിന്‍റെ മുന്‍കാല റെക്കോഡ് തകരാൻ വേണ്ടി വന്നത് ആറ് മാസങ്ങള്‍ മാത്രം. ലോകത്തിലെ ഏറ്റവും വലിയ മഴക്കാടുകളെന്ന അറിയപ്പെടുന്ന ഇവിടുത്തെ 3,750 സ്‌ക്വയര്‍ കിലോമീറ്റര്‍ വനപ്രദേശമാണ് ഈ വര്‍ഷം ജൂണ്‍ വരെ നശിപ്പിക്കപ്പെട്ടത്. ജൂണ്‍ മാസത്തിലെ അവസാന ആറ് ദിവസത്തെ വിവരങ്ങള്‍ ഒഴിവാക്കിയുള്ള കണക്കാണിത്. ഇതോടെ 3,605 സ്‌ക്വയര്‍ കിലോമീറ്ററെന്ന മുന്‍ റെക്കോഡാണ് മാഞ്ഞത്. ജനുവരി, ഫെബ്രുവരി മാസങ്ങളിലെ വനനശീകരണത്തിന്റെ പ്രതിമാസ റെക്കോഡും തകര്‍ന്നു. ഈ വര്‍ഷം ജൂണില്‍ 15 വര്‍ഷത്തിനിടെയുള്ള അതിഭയാനകമായ കാട്ടുതീക്കും വനം വിധേയമായിരുന്നു.
ഈ വര്‍ഷം ഇതുവരെ 7,500 കാട്ടുതീ സംഭവങ്ങളും മഴക്കാടുകളില്‍ റിപ്പോര്‍ട്ട് ചെയ്തു. 2010-ന് ശേഷം ഇത്രയേറെ സംഭവങ്ങള്‍ ആദ്യമായി റിപ്പോര്‍ട്ട് ചെയ്യുന്നതിനോടൊപ്പം തന്നെ 2021 വരെ ഇത്തരം സംഭവങ്ങളില്‍ 17 ശതമാനത്തിന്റെ വര്‍ധനവ് രേഖപ്പെടുത്തി. സംരക്ഷിത മേഖലകളില്‍ പോലും കൃഷി, മൈനിങ് പോലെയുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് ജയ്ര്‍ ബൊല്‍സൊണാരോ ഭരണകൂടം അനുമതി നല്‍കിയിരുന്നു. ബ്രസീലിയന്‍ പ്രസിഡന്റ ജയ്ര്‍ ബൊല്‍സൊണാരോയുടെ വന്‍കിട കച്ചവടങ്ങള്‍ ലക്ഷ്യമാക്കിയുള്ള പ്രവര്‍ത്തനങ്ങളാണ് പരിസ്ഥിതിക്ക് നാശം വിതയ്ക്കുന്നതെന്നാണ് പരിസ്ഥിതിവാദികളുടെ ആരോപണം.
Content Highlights: Amazon deforestation touches new height of records