ക്രിസ്മസ് ദിനത്തിൽ പ്രാധാന്യം നല്‍കിയത് പരിസ്ഥിതിക്ക്; വിമാനയാത്ര ഒഴിവാക്കി അലീസയും ഷോണും

വീണ്ടുമൊരു ക്രിസ്മസ് കാലം കൂടി വന്നെത്തിയിരിക്കുകയാണ്. ഒന്നുചേരലുകളുടെകൂടി നാളുകളാണ് ക്രിസ്മസ് രാവുകള്‍. ഉറ്റവരെ കാണാനായി ദൂരെ നിന്ന് പോലും ആളുകള്‍ വരുന്നു. പക്ഷേ ഇക്കൊല്ലം ക്രിസ്മസ് ആഘോഷത്തില്‍ വ്യത്യസ്തത കണ്ടെത്തുകയാണ് അലീസ അയാസും, ഷോണ്‍ കുറിയും. ഇത്തവണ പരിസ്ഥിതിക്ക് പ്രാധാന്യം നല്‍കി ക്രിസ്മസ് ആഘോഷിക്കുകയാണ് ഇരുവരും. എങ്ങനെയെന്നല്ലേ? ദുബായില്‍ ജനിച്ച അലീസയുടെ മാതാപിതാക്കള്‍ നിലവില്‍ സൗദി അറേബ്യയിലാണ്. ഈ അവധിക്കാലത്ത് കാര്‍ബണ്‍ ഫുട്ട്പ്രിന്റ് കുറയ്ക്കാന്‍ വിമാനയാത്ര ഒഴിവാക്കിയാണ് അലീസ വ്യത്യസ്തയായത്.
യൂണിവേഴ്‌സിറ്റി കോളേജ് ലണ്ടനില്‍ പഠിക്കുന്ന 25-കാരി അലീസ അവിടെയൊരു ക്ലൈമറ്റ് ആക്ഷന്‍ സൊസൈറ്റിക്കും രൂപം നല്‍കിയിരുന്നു. ഷോണ്‍ കുറിയുടെ കഥയും സമാനമാണ്. ബെല്‍ജിയത്തിലേക്ക് 2019-ലാണ് ജോലി ആവശ്യങ്ങള്‍ക്കായി ഷോണെന്ന 26-കാരനെത്തുന്നത്. മൂന്നുവർഷത്തോളമായി ഫിലിപ്പീന്‍സിലുള്ള സഹോദരിയെ കാണാൻ പോയിട്ടേയില്ലെന്നാണ് ഷോണ്‍ പറയുന്നത്. 18 മണിക്കൂര്‍ നേരമുളള വിമാനയാത്ര തന്നെയാണ് ഷോണിന്റെയും പ്രശ്‌നം. സ്റ്റേ ഗ്രൗണ്ടഡ് എന്ന ഏവിയേഷനുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന സംഘടനയുടെ പ്രവര്‍ത്തനങ്ങളില്‍ സജീവ സാന്നിധ്യമാണ് ഷോണ്‍.
ക്രിസ്മസ് കാലത്ത് കുടുംബത്തെ കാണാത്തതിന്റെ വിഷമം തെല്ലും ഇവരെ അലട്ടുന്നില്ല. വീഡിയോ കോളിലൂടെയും മറ്റും കുടുംബവും സുഹൃത്തുക്കളുമായി നിരന്തര ബന്ധം പുലര്‍ത്തുന്നുണ്ട് ഇരുവരും. ഓരോ വ്യക്തികള്‍ക്കും ഇത്തരത്തില്‍ മാറ്റമുണ്ടാക്കാമെന്ന് ഫ്‌ളൈറ്റ് ഫ്രീ യു.കെയുടെ ഡയറക്ടറായ അന്ന ഹൂഗ്‌സ് പറയുന്നു. വിമാനയാത്രയ്ക്കിടെ വിമാനങ്ങളില്‍ നിന്ന് വന്‍തോതില്‍ കാര്‍ബണ്‍ ബഹിര്‍ഗമനമുണ്ടാകുന്നതായാണ് വിവിധ പഠനങ്ങള്‍ പറയുന്നത്.
Content Highlights: aliza and sean avoid flight journey to reduce carbon footprint