ഇതാ ‘അഗസ്ത്യമല മുളവാലൻ’; അപൂർവയിനം സൂചിത്തുമ്പിയെ കണ്ടെത്തി

തൃശ്ശൂർ: പശ്ചിമഘട്ടത്തിന്റെ സമീപപ്രദേശത്തുനിന്ന് അപൂർവമായ ഒരിനം സൂചിത്തുമ്പിയെക്കൂടി കണ്ടെത്തി. ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജിലെ ഗവേഷകരുടെ സംഘമാണ് ഈ തുമ്പിയെ തിരിച്ചറിഞ്ഞത്. അഗസ്ത്യമലയോടുചേർന്ന പ്രദേശത്തുനിന്ന് കണ്ടെത്തിയതുകൊണ്ട് ‘അഗസ്ത്യമല മുളവാലൻ’ എന്നാണ് പേര് നൽകിയിരിക്കുന്നത്.
ആര്യനാട് പഞ്ചായത്തിലെ മഞ്ചാടിനിന്നവിള ഗ്രാമത്തിൽനിന്നാണ് നീളത്തിൽ മുളംതണ്ട് പോലെ ഉദരമുള്ള ഇവയെ കണ്ടത്. കറുത്ത ശരീരത്തിൽ നീലക്കുറികളും പൊട്ടുകളും കാണാം. വയനാടൻ കാടുകളിൽ കാണുന്ന വടക്കൻ മുളവാലനാണ് ഈ ജനുസ്സിലെ ഏക തുമ്പിയെന്നാണ് ഇത്രയുംകാലം ഗവേഷകർ കരുതിയിരുന്നത്.
ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജിലെ വിവേക് ചന്ദ്രൻ, ഡോ. സുബിൻ കെ. ജോസ്, സൊസൈറ്റി ഫോർ ഒഡോണേറ്റ് സ്റ്റഡീസ് അംഗം റെജി ചന്ദ്രൻ, പുണെ എം.ഐ.ടി. വേൾഡ് പീസ് സർവകലാശാലയിലെ ഡോ. പങ്കജ് കൊപാർഡേ, അരാജുഷ് പയ്ര എന്നിവരാണ് ഗവേഷകസംഘത്തിൽ ഉണ്ടായിരുന്നത്. അന്താരാഷ്ട്ര പ്രസിദ്ധീകരണമായ ഇന്റർനാഷണൽ ജേർണൽ ഓഫ് ഒഡോണേറ്റോളജിയിൽ പഠനം പ്രസിദ്ധീകരിച്ചിട്ടുണ്ട്.
Content Highlights: agasthyamalai Bambootail damselfly rare species founded