ശബ്ദമലിനീകരണത്തിനെതിരേ മുന്നറിയിപ്പുമായി സൈക്കിള്‍ സവാരി

കളമശ്ശേരി: തിരുവനന്തപുരത്തു നിന്നും പിന്നെ, പെരിന്തല്‍മണ്ണയില്‍ നിന്നും കൊച്ചി വരെ. പിന്നെ കൊച്ചിയില്‍ നിന്ന് കോതമംഗലം, തൊടുപുഴ പാലാ, ഏറ്റുമാനൂര്‍, വൈക്കം വഴി തിരിച്ച് കൊച്ചിയിലേക്ക്... 45-കാരി കവിത, സൈക്കിളോടിച്ചത് 700 കിലോമീറ്ററിലേറെയാണ്. സൈക്കിള്‍ ചവിട്ടി ലക്ഷ്യസ്ഥാനമായ എസ്.സി.എം.എസ്. കോളേജ് കാമ്പസിലെത്തി കവിത.
അന്തര്‍ദേശീയ ശബ്ദമലിനീകരണ ബോധവത്കരണ പരിപാടിയുടെ ഭാഗമായി, ഐ.എം.എ.യും നാഷണല്‍ ഇനിഷ്യേറ്റീവ് ഫോര്‍ സേഫ് സൗണ്ടും സംഘടിപ്പിച്ച 'സൈലന്റ് വീല്‍ സൈക്ലത്തോണിന്റെ ഭാഗമായാണ് മുന്‍ ബി.എസ്.എന്‍.എല്‍. ജീവനക്കാരി കവിതയും സംഘവും തിരുവനന്തപുരത്തുനിന്ന് സൈക്കിള്‍ യജ്ഞം ആരംഭിച്ചത്.
ഡോക്ടര്‍മാര്‍, മെഡിക്കല്‍ വിദ്യാര്‍ഥികള്‍, പ്രൊഫഷണല്‍ സൈക്കിളിസ്റ്റുകള്‍ തുടങ്ങിയവരൊക്കെ ഉള്‍പ്പെടുന്ന തിരുവനന്തപുരത്തെ ഇന്‍ഡസ് സൈക്കിളിങ് എംബസിയുടെ സാരഥിയായ പ്രകാശ് പി. ഗോപിനാഥിന്റെ നേതൃത്വത്തില്‍ 15 പേരടങ്ങുന്ന സംഘമാണ് സൈക്കിള്‍സഞ്ചാരത്തിലുള്ളത്.
ടെക്നോപാര്‍ക്കില്‍ ജോലിചെയ്യുന്ന മകന്‍ ഗോകുലാണ് കവിതയുടെ സൈക്കിള്‍സവാരിക്ക് ഊര്‍ജം നല്‍കുന്നത്. വിമെന്‍സ് കോളേജ് വിദ്യാര്‍ഥിനികളായ പ്രിയ സരോജ്, അഷ്ടമി സന്തോഷ്, ആര്യ നിര്‍മല്‍ ജെ. എന്നിവരും എന്‍.സി.സി. ഇന്‍സ്ട്രക്ടറായ ബീന ഒ., സ്‌കൂള്‍ ടീച്ചറായ മായ ജി. നായര്‍ തുടങ്ങിയവരും കവിതയുടെ പങ്കാളികളായിരുന്നു.
ഐ.എം.എ., എന്‍.ഐ. എസ്.എസ്. എന്നിവയ്‌ക്കൊപ്പം എ.ഐ.ഒ. കൊച്ചി, ഐ.എ.പി. കൊച്ചി, എസ്.സി.എം.എസ്. ഗ്രൂപ്പ് എന്നിവര്‍ പങ്കാളികളായ പരിപാടിയുടെ സമാപനയോഗത്തില്‍ കവിതയെ ആദരിച്ചു.
Content Highlights: a warning cycle ride conducted by Kavitha against sound pollution gains attention