67 ഇനം ഉരഗങ്ങൾ, 59 തരം ഉഭയജീവികൾ; സൗത്ത് വയനാട് ഫോറസ്റ്റ് ഡിവിഷനിലെ ആദ്യ കണക്കെടുപ്പ് പൂർത്തിയായി

സൗത്ത് വയനാട് ഫോറസ്റ്റ് ഡിവിഷനില്‍ ആദ്യമായി നടത്തിയ ഉഭയ-ഉരഗ ജീവികളുടെ ആദ്യഘട്ട കണക്കെടുപ്പ് പൂര്‍ത്തിയായി. മുന്‍പ് സംരക്ഷിത പ്രദേശത്തെ ചില സ്ഥലങ്ങളില്‍ ഗവേഷക സംഘം പഠനം നടത്തിയിട്ടുണ്ടെങ്കിലും ആദ്യമായിട്ടാണ് ഗവേഷകരും വിദ്യാര്‍ഥികളും പ്രകൃതി നിരീക്ഷകരും വനപാലകരും ഉള്‍പ്പെടെ നൂറിലധികം പേരടങ്ങുന്ന സംഘം ഈ പ്രദേശത്ത് ഉഭയ-ഉരഗ ജീവികളെ ഒരുമിച്ച് സര്‍വേ നടത്തുന്നത്.
കേരള വനം വകുപ്പിന്റെയും സൗത്ത് വയനാട് ഫോറസ്ററ് ഡെവലപ്മെന്റ് ഏജന്‍സിയുടെയും ആരണ്യകം നേച്ചര്‍ ഫൗണ്ടേഷന്റെയും ആഭിമുഖ്യത്തില്‍ സെപ്റ്റംബര്‍ ഒന്ന് മുതല്‍ അഞ്ച് വരെ ആണ് കണക്കെടുപ്പ് നടന്നത്. കേരള വന ഗവേഷണ സ്ഥാപനം, കാലിക്കറ്റ് യൂണിവേഴ്സിറ്റി, കണ്ണൂര്‍ യൂണിവേഴ്സിറ്റി തുടങ്ങി പതിനഞ്ചോളം വിദ്യാഭ്യാസ ഗവേഷണ സ്ഥാപനങ്ങള്‍, മലബാര്‍ നേച്ചര്‍ ഹിസ്റ്ററി സൊസൈറ്റി അടക്കമുളള സന്നദ്ധസംഘടനകള്‍ എന്നിവയില്‍ നിന്നായി എഴുപതോളം വോളണ്ടിയര്‍മാരും വനപാലകരും കണക്കെടുപ്പിന്റെ ഭാഗമായി
സൗത്ത് വയനാട് ഡിവിഷണല്‍ ഫോറസ്ററ് ഓഫീസറും സൗത്ത് വയനാട് ഫോറസ്റ്റ് ഡെവലപ്പ്മെന്റ് ഏജന്‍സി സിഇഒയുമായ ഷജ്ന.എ സുല്‍ത്താന്‍ ബത്തേരി ഫോറസ്റ്റ് ഐബി 'ഗജ'യില്‍ കണക്കെടുപ്പ് ഉദ്ഘാടനം ചെയ്തു. 'പ്രകൃതി ഫോട്ടോഗ്രാഫിയും പ്രകൃതി സംരക്ഷണവും' എന്ന വിഷയത്തില്‍ പ്രശസ്ത പ്രകൃതി ഫോട്ടോഗ്രാഫര്‍ ധൃതിമാന്‍ മുഖര്‍ജി വനം വകുപ്പുദ്യോഗസ്ഥര്‍ക്കായി ക്ലാസെടുത്തു. ഉഭയ- ഉരഗ ജീവികളെക്കുറിച്ചും അവരുടെ സംരക്ഷണ പ്രാധാന്യത്തെക്കുറിച്ചും സര്‍വേ രീതികളെകുറിച്ചും വിശദീകരിക്കുന്ന ശില്പശാല ഗവേഷകരായ ഡോ.സന്ദീപ് ദാസും, ഡോ.രാജകുമാറും, നിതിന്‍ ദിവാകറും നയിച്ചു
296 ചതുരശ്ര കിലോമീറ്ററോളം വ്യാപിച്ചു കിടക്കുന്ന സംരക്ഷിത മേഖലയുടെ എല്ലാ ആവാസവ്യവസ്ഥകളും ഉള്‍പ്പെടുത്തികൊണ്ട്, 17 ക്യാമ്പുകളായി തിരിച്ച്, രാവും പകലുമായി നടത്തിയ സര്‍വേയില്‍ 59 ഇനം ഉഭയജീവികളെയും 67 ഇനം ഉരഗങ്ങളെയും രേഖപ്പെടുത്തി. രാവിലെ എട്ടു മുതല്‍ പന്ത്രണ്ടു മണി വരെയും വൈകുന്നേരം ആറു മുതല്‍ രാത്രി പന്ത്രണ്ടു വരെയുമാണ് വളണ്ടിയര്‍മാരും വനപാലകരും അടങ്ങുന്ന സംഘം സര്‍വേ നടത്തിയത്. മുന്‍കാലങ്ങളില്‍ നടന്നിട്ടുള്ളതില്‍ നിന്ന് വ്യത്യസ്തമായി, സംരക്ഷിത മേഖലയിലെ ഉഭയ-ഉരഗ ജീവികളുടെ ദീര്‍കാല നിരീക്ഷണത്തിനും പഠനത്തിനും ഉതകുന്ന തരത്തിലാണ് സര്‍വേ നടന്നത്.
ആകാശത്തിലെ നക്ഷത്രങ്ങളുടേതെന്ന പോലെ കറുത്ത ശരീരത്തില്‍ നീല കുത്തുകളുള്ള ആസ്ട്രോബട്രാക്കസ് Starry Night Frog (Scientific name - Astrobatrachus kurichyana), ഇന്ത്യയിലെ ഏറ്റവും ചെറിയ തവളയായ കുഞ്ഞന്‍ രാത്തവള Miniature Night Frog (Scientific name - Nyctibatrachus minimus ), ഐ.യൂ.സി.എന്‍ ചുവപ്പു പട്ടിക പ്രകാരം എന്ഡെയ്ഞ്ചര്ഡ്, വള്നറിബിള് വിഭാഗങ്ങളില്‍ വരുന്ന തീവയറന്‍ നീര്‍ച്ചൊറിയന്‍ Malabar Torrent Toad (Scientific name - Blaira ornata ), ചെമ്പന്‍ അരുവിയന്‍ Red Stream Toad (Scientific name - Blaira rubigina) എന്നിവ, മുന്‍പ് വയനാട് വന്യജീവി സങ്കേത പ്രദേശങ്ങളില്‍ നിന്ന് രേഖപ്പെടുത്തിയിട്ടുള്ള വയനാട് പിലിഗിരിയന്‍ Naked Torrent Frog (Scientific name - Micrixalus nudis), നീലഗിരി മലനിരകളുടെ 1500 മീറ്ററിന് മുകളിലുള്ള പ്രദേശങ്ങളില്‍ ഉയര്‍ന്ന കാണുന്ന പച്ചച്ചോല മരത്തവള Green Tree Frog (Scientific name - Ghatixalus variabilis) എന്ന് തുടങ്ങി 59 -ഓളം വ്യത്യസ്ത ഉഭയജീവികളെയാണ് സര്‍വേയില്‍ രേഖപ്പെടുത്തിയത്. അവയില്‍ 80ശതമാനത്തിലധികം ഉഭയജീവികള്‍ ലോകത്തില്‍ പശ്ചിമഘട്ടത്തില്‍ മാത്രം കാണുന്നവയാണ്. വന്യജീവി സങ്കേതത്തെ അപേക്ഷിച്ച് കൂടുതല്‍ ഇനങ്ങളെ കണ്ടത് സൗത്ത് വയനാട് ഡിവിഷനിലെ വൈവിധ്യമാര്‍ന്ന ആവാസവ്യവസ്ഥകളുടെ കൂടെ പ്രത്യേകതയാണെന്ന് നിതിന്‍ ദിവാകര്‍ അഭിപ്രായപ്പെട്ടു.
കണ്ടെത്തിയ 67 ഉരഗജീവികളിൽ 21 എണ്ണത്തോളം പശ്ചിമഘട്ടത്തിൽ മാത്രം കണ്ടുവരുന്നവയാണ്. പല്ലികളിൽ അപൂർവ്വയിനമായ വയനാട് ദ്രാവിഡോഗെക്കോ Wayanad Dravidogecko (Scientific name - Dravidogecko septentrionalis ), നീലഗിരി മലയോന്ത് Nilgiri Spiny Lizard (Scientific name - Salea horsfieldii), നീലഗിരിയോന്ത് Nilgiri Forest Lizard (Scientific name - Calotes nemaricola) എന്നിവയാണ് കണ്ടെത്തിയ ഉരഗങ്ങളിൽ ചിലത്. വയനാട് നിന്ന് തന്നെ കണ്ടെത്തിയ കരിന്തണ്ടൻ കവചവാലൻ പാമ്പ് Karinthandan Shieldtail (Scientific name - Rhinophis karinthandani), കാടൻ മേലിവാലൻ പാമ്പ് Wayanad Shieldtail (Scientific name - Melanophidium wynaudense), ലക്കിടി കവചവാലൻ പാമ്പ് Black & White Rhinophis ( Scientific name - Rhinophis melanoleucus) തുടങ്ങിയവയേയും സർവേയിൽ രേഖപ്പെടുത്തി.
Content Highlights: 67 types of reptiles and 59 amphibians found in first of its kind survey in wayanad