എത്ര പെയ്തു എന്നല്ല, മഴയെ കേരളം എങ്ങനെ കൈകാര്യം ചെയ്യുന്നു എന്നാകണം ചോദ്യം

#ടോണി തോമസ്
ടോണി തോമസ്
ടോണി തോമസ്

കേരളത്തിൽ മഴ ശക്തമാകുമ്പോഴെല്ലാം നമ്മൾ ഒരേ ചോദ്യം ചോദിക്കാറുണ്ട്: 'ഇതെല്ലാം കാലാവസ്ഥാ വ്യതിയാനത്തിന്റെ ഫലമാണോ?' അല്ലെങ്കിൽ, 'മുമ്പ് കേരളത്തിൽ ഇങ്ങനെ എല്ലാ വർഷവും വെള്ളപ്പൊക്കം ഉണ്ടായിരുന്നില്ലല്ലോ?' പക്ഷേ ഈ ചോദ്യത്തിന് ഉത്തരം പറയുന്നതിന് മുമ്പ് ഒരു വസ്തുത അറിയണം. കഴിഞ്ഞ നൂറിലേറെ വർഷമായി കേരളത്തിലെ മൊത്തം വാർഷിക മഴ വർധിച്ചിട്ടില്ല; മറിച്ച് ചെറിയ തോതിൽ കുറഞ്ഞിട്ടാണ് ഉള്ളത്. ഇത് കേൾക്കുമ്പോൾ വിശ്വസിക്കാൻ ബുദ്ധിമുട്ടാകും. കാരണം നമ്മുടെ ഓർമ്മയിലുള്ളത് മറ്റൊന്നാണ്: 2018-ലെ മഹാപ്രളയം, 2019-ലെ പ്രളയം, 2020-ലെ പെട്ടിമുടി ദുരന്തം, 2021-ലെ ഉരുൾപൊട്ടലുകൾ, 2024-ലെ വയനാട് ദുരന്തം, ഇപ്പോൾ 2026-ലും വീണ്ടും പ്രളയഭീഷണി. മഴ കുറഞ്ഞിട്ടും ദുരന്തങ്ങൾ വർധിക്കുന്നുവെങ്കിൽ അതിന് പിന്നിൽ മഴയേക്കാൾ വലിയ മറ്റെന്തോ കാരണമുണ്ടാകണം. വെള്ളപ്പൊക്ക ദുരന്തം ഒരു സംവിധാനത്തിന്റെ പരാജയത്തിന്റെ ഫലമാണ്; അതാണ് നമ്മൾ മനസ്സിലാക്കേണ്ടത്.

ആദ്യത്തെ മാറ്റം മഴയുടെ സ്വഭാവത്തിലാണ്. മുമ്പ് മൺസൂൺ മഴ നാല് മാസങ്ങളിലായി പതുക്കെ പെയ്യുമായിരുന്നു. ഇടയ്ക്ക് മഴയില്ലാത്ത ദിവസങ്ങളും ഉണ്ടായിരുന്നു. അന്ന് മണ്ണിന് വെള്ളം ആഗിരണം ചെയ്യാൻ സമയം കിട്ടുമായിരുന്നു; കിണറുകൾ നിറയും, ഭൂഗർഭജലനിരപ്പ് ഉയരും, നദികൾ പതുക്കെ കവിളുകൊള്ളും. ഇന്ന് സ്ഥിതി മാറിയിരിക്കുന്നു. മഴ ലഭിക്കുന്ന ദിവസങ്ങളുടെ എണ്ണം കുറഞ്ഞുകൊണ്ടിരിക്കുകയാണ്; പക്ഷേ പെയ്യുന്ന ദിവസങ്ങളിൽ അതിശക്തമായ മഴയാണ് ലഭിക്കുന്നത്. ഏതാനും മണിക്കൂറുകൾക്കുള്ളിലോ രണ്ടോ മൂന്നോ ദിവസങ്ങൾക്കുള്ളിലോ ഒരു മാസത്തിൽ ലഭിക്കേണ്ട മഴയുടെ വലിയൊരു ഭാഗം പെയ്തിറങ്ങുന്നു.

ഇതിന് പിന്നിൽ ശാസ്ത്രീയമായ കാരണവുമുണ്ട്. അന്തരീക്ഷം ചൂടാകുമ്പോൾ അതിന് കൂടുതൽ ജലബാഷ്പം വഹിക്കാൻ കഴിയും. അതുകൊണ്ട് കൊടുങ്കാറ്റുകളും ന്യൂനമർദ്ദങ്ങളും ഉണ്ടാകുമ്പോൾ കുറഞ്ഞ സമയത്തിനുള്ളിൽ അതിശക്തമായ മഴ ലഭിക്കാനുള്ള സാധ്യത വർധിക്കുന്നു. അതുകൊണ്ടാണ് വാർഷിക മഴയിൽ കുറവുണ്ടെങ്കിലും അതിതീവ്ര മഴ ലഭിക്കുന്ന സംഭവങ്ങൾ കൂടുന്നത്.

കേരളത്തിലെ വെള്ളപ്പൊക്കം നദികളിൽ നിന്നല്ല, മറിച്ച് മലനിരകളിൽ നിന്നാണ് തുടങ്ങുന്നത്. മഴ ആദ്യം വീഴുന്നത് പശ്ചിമഘട്ടത്തിലെ വനങ്ങളിലും ചരിവുകളിലുമാണ്. അവിടെയുള്ള മണ്ണും മരങ്ങളും സസ്യങ്ങളും ചേർന്നാണ് മഴവെള്ളത്തെ പതുക്കെ താഴേക്ക് വിടേണ്ടത്. പക്ഷേ കഴിഞ്ഞ ഏതാനും പതിറ്റാണ്ടുകളായി മലഞ്ചരിവുകളിൽ റോഡുകൾ വന്നു, കുന്നുകൾ ഇടിച്ച് നിരത്തപ്പെട്ടു, ക്വാറികൾ വ്യാപിച്ചു, വനങ്ങൾ ചുരുങ്ങി, സ്വാഭാവിക ജലവഴികൾ അടഞ്ഞു. ഇതോടെ മഴവെള്ളം മണ്ണിലേക്ക് ഇറങ്ങുന്ന അളവ് കുറഞ്ഞു. പകരം അത് അതിവേഗം ചെറുതോടുകളിലേക്കും പിന്നീട് നദികളിലേക്കും ഒലിച്ചിറങ്ങുന്നു. അതുകൊണ്ട് മഴ പെയ്ത് മണിക്കൂറുകൾക്കുള്ളിൽ തന്നെ നദികൾ കരകവിഞ്ഞൊഴുകുന്നു. മഴയുടെ അളവ് മാത്രം നോക്കിയാൽ ഈ മാറ്റം കാണാനാകില്ല. പക്ഷേ ജലസംഭരണ മേഖലയായ പശ്ചിമഘട്ടത്തെ നോക്കിയാൽ വെള്ളപ്പൊക്കത്തിന്റെ യഥാർത്ഥ തുടക്കം അവിടെയാണെന്ന് മനസ്സിലാകും.

കേരളത്തിന് അതിന്റെ പ്രകൃതിദത്ത വെള്ളപ്പൊക്ക നിയന്ത്രണ സംവിധാനങ്ങൾ പതുക്കെ നഷ്ടപ്പെട്ടു. നെൽപ്പാടങ്ങളെ നാം കേവലം കൃഷിഭൂമിയായി മാത്രമാണ് കാണുന്നത്; പക്ഷേ ഒരു നെൽപ്പാടം വലിയൊരു പ്രകൃതിദത്ത ജലസംഭരണി കൂടിയാണ്. മഴ പെയ്യുമ്പോൾ ആയിരക്കണക്കിന് ഘനമീറ്റർ വെള്ളം താൽക്കാലികമായി അവിടെ സംഭരിക്കപ്പെടും. അതുപോലെതന്നെയാണ് തണ്ണീർത്തടങ്ങളും കായലുകളും; അവ വെള്ളം തടഞ്ഞുനിർത്തുന്ന പ്രകൃതിയുടെ അണക്കെട്ടുകളാണ്.

1975-ൽ കേരളത്തിൽ ഏകദേശം 8.76 ലക്ഷം ഹെക്ടർ നെൽപ്പാടങ്ങളുണ്ടായിരുന്നു. ഇന്ന് അത് ഏകദേശം രണ്ട് ലക്ഷം ഹെക്ടറായി ചുരുങ്ങിയിരിക്കുന്നു. വേമ്പനാട് ഉൾപ്പെടെയുള്ള വലിയ തണ്ണീർത്തടങ്ങളുടെ സംഭരണശേഷിയും ഗണ്യമായി കുറഞ്ഞു. ഇതിന്റെ അർഥം എന്താണ്? മഴയുടെ അളവ് പഴയതുപോലെയാണെങ്കിലും ആ വെള്ളത്തിന് താൽക്കാലികമായി തങ്ങിനിൽക്കാൻ ഉണ്ടായിരുന്ന സ്ഥലം വളരെ കുറഞ്ഞു. അതിനാൽ കൂടുതൽ വെള്ളം ഒരേസമയം നദികളിലേക്ക് എത്തുന്നു. ഇതാണ് വെള്ളപ്പൊക്കത്തിന്റെ അടിസ്ഥാന ഗണിതം.

അൻപത് വർഷം മുമ്പ് ഒരു വീട്ടുമുറ്റത്ത് മഴ പെയ്താൽ ഭൂരിഭാഗം വെള്ളവും മണ്ണിലേക്ക് ഇറങ്ങുമായിരുന്നു. ഇന്ന് അതേ സ്ഥലത്ത് കോൺക്രീറ്റോ, കോൺക്രീറ്റ് വിരിച്ച ഇന്റർലോക്ക് കട്ടയോ ടൈലോ ആണ്. വെള്ളം മണ്ണിലേക്ക് ഇറങ്ങാതെ നേരെ റോഡിലേക്കും ഓടയിലേക്കും ഒഴുകുന്നു. ഇത് ഒരു വീട്ടിലെ മാറ്റമല്ല, ലക്ഷക്കണക്കിന് വീടുകളിൽ സംഭവിച്ച മാറ്റമാണ്.

ഇനി കേരളത്തിന്റെ നദികളെ നോക്കാം. ഗംഗയും ഗോദാവരിയും പോലെ വിശാലമായ സമതലങ്ങളിലൂടെ ഒഴുകുന്ന നദികളല്ല കേരളത്തിലേത്. പശ്ചിമഘട്ടത്തിൽ നിന്ന് വെറും 80 മുതൽ 100 കിലോമീറ്റർ മാത്രം സഞ്ചരിച്ചാണ് മിക്ക നദികളും കടലിൽ പതിക്കുന്നത്. അതുകൊണ്ട് മലയിൽ മഴ പെയ്താൽ ഏതാനും മണിക്കൂറുകൾക്കുള്ളിൽ വെള്ളം താഴെയെത്തും. ഇന്ത്യയിൽ ഇത്ര വേഗത്തിൽ പ്രതികരിക്കുന്ന നദികൾ വളരെ കുറവാണ്. ഇതിനിടെ മറ്റൊരു മാറ്റം കൂടി സംഭവിച്ചിട്ടുണ്ട്. മുമ്പ് മഴവെള്ളം കാടുകളിലൂടെയും മണ്ണിലൂടെയും നെൽപ്പാടങ്ങളിലൂടെയും പതുക്കെയാണ് നദിയിൽ എത്തിയിരുന്നത്. ഇന്ന് റോഡുകളും കോൺക്രീറ്റും ഓടകളും കാരണം വിവിധ ഭാഗങ്ങളിൽ നിന്നുള്ള വെള്ളം ഒരേ സമയത്ത് നദിയിലെത്തുന്നു. അതുകൊണ്ട് നദികളിലെ ജലനിരപ്പ് അതിവേഗം ഉയരുന്നു.

പക്ഷേ പ്രശ്‌നം അവിടെ അവസാനിക്കുന്നില്ല. നദിയിലെത്തിയ വെള്ളം കഴിയുന്നത്ര വേഗത്തിൽ കടലിലെത്തണം. അവിടെയും കേരളത്തിന് വെല്ലുവിളികളുണ്ട്. നദികളിൽ എക്കൽ അടിഞ്ഞ് സംഭരണശേഷി കുറയുകയും, പല നദീമുഖങ്ങളിലും ചെളിയും എക്കലും അടിയുകയും ചെയ്തിട്ടുണ്ട്. കനാലുകളുടെ ആഴം കുറഞ്ഞു. തോട്ടപ്പള്ളി സ്പിൽവേ പോലുള്ള പ്രധാന ജലപാതകൾക്ക് രൂപകൽപ്പന ചെയ്ത ശേഷിയിൽ വെള്ളം കടലിലേക്ക് ഒഴുക്കാൻ ഇന്ന് കഴിയുന്നില്ല. അപ്പോൾ മുകളിൽ നിന്ന് വേഗത്തിൽ വരുന്ന വെള്ളവും താഴെ നിന്നുള്ള മന്ദഗതിയിലുള്ള ഒഴുക്കും ഒന്നിച്ചുചേരുമ്പോൾ വെള്ളപ്പൊക്കം കൂടുതൽ രൂക്ഷമാകുന്നു.

ഓരോ വെള്ളപ്പൊക്കത്തിനുശേഷവും നമ്മൾ ചോദിക്കുന്നത്, 'എത്ര മഴ പെയ്തു?' എന്നാണ്. അതിനു പകരം ചോദിക്കേണ്ട യഥാർത്ഥ ചോദ്യം, 'വീണ മഴയെ നാം എങ്ങനെ കൈകാര്യം ചെയ്തു?' എന്നതാണ്. മഴവെള്ളം എത്ര വേഗത്തിൽ നദിയിലെത്തി? നദിക്ക് അത്രയും വെള്ളം വഹിക്കാൻ ശേഷിയുണ്ടായിരുന്നോ? കനാലുകൾ കൃത്യമായി പ്രവർത്തിച്ചിരുന്നോ? നദീമുഖങ്ങൾ തുറന്നിരുന്നോ? തണ്ണീർത്തടങ്ങൾ ബാക്കിയുണ്ടായിരുന്നോ? നെൽപ്പാടങ്ങൾ വെള്ളം പിടിച്ചുനിർത്തിയോ? അണക്കെട്ടുകളിൽ ആവശ്യത്തിന് ഒഴിഞ്ഞ സംഭരണശേഷി ഉണ്ടായിരുന്നോ? ഇവയാണ് വെള്ളപ്പൊക്കത്തിന്റെ തീവ്രത തീരുമാനിക്കുന്ന ചോദ്യങ്ങൾ. മഴയുടെ അളവ് മാത്രം നോക്കിയാൽ ഈ ചോദ്യങ്ങൾക്ക് ഉത്തരം കിട്ടില്ല.

ഇവിടെയാണ് കേരളത്തിന് ഏറ്റവും കൂടുതൽ മാറ്റങ്ങൾ വരുത്താൻ കഴിയുന്നത്. ലോകത്തെ പല രാജ്യങ്ങളും ഇപ്പോൾ വെള്ളപ്പൊക്കത്തെ ഒരു പ്രകൃതിദുരന്തമായി മാത്രമല്ല, ഒരു ജലനിർവഹണ (water management) പ്രശ്‌നമായാണ് കാണുന്നത്. നെതർലൻഡ്സിലെ 'റൂം ഫോർ ദി റിവർ' (Room for the River) ആശയവും, ചൈനയിലെ 'സ്‌പോഞ്ച് സിറ്റീസ്' (Sponge Cities) ആശയവും മഴവെള്ളം കഴിയുന്നത്ര വേഗത്തിൽ പുറത്തേക്ക് കളയുക എന്ന പഴയ സമീപനത്തിൽ നിന്ന് മാറി, 'ഈ മഴയിൽ എത്ര വെള്ളം നമുക്ക് ഭൂമിയിൽ തന്നെ പിടിച്ചുനിർത്താൻ കഴിയും?' എന്നതിലേക്ക് മാറിയിരിക്കുന്നു. ഇത് വളരെ വലിയൊരു ചിന്താമാറ്റമാണ്.

ഒരു നെൽപ്പാടം സംരക്ഷിക്കുന്നത് കൃഷിയെ മാത്രം സംരക്ഷിക്കുന്നതല്ല, അത് വെള്ളപ്പൊക്ക നിയന്ത്രണത്തിനുള്ള പ്രകൃതിദത്ത അടിസ്ഥാനസൗകര്യത്തെ സംരക്ഷിക്കൽ കൂടിയാണ്. ഒരു തണ്ണീർത്തടം സംരക്ഷിക്കുന്നത് പക്ഷികളെയോ മത്സ്യങ്ങളെയോ മാത്രമല്ല, മഴവെള്ളം സംഭരിക്കുന്ന വലിയൊരു പ്രകൃതിദത്ത ജലസംഭരണിയെക്കൂടിയാണ്. ഒരു കുളം നികത്തുമ്പോൾ നമുക്ക് നഷ്ടമാകുന്നത് ഒരു ജലാശയം മാത്രമല്ല, അടുത്ത മഴയിൽ വെള്ളം നിൽക്കേണ്ട ഒരു സ്ഥലം കൂടിയാണ്.

ഇന്ന് കേരളം മറ്റൊരു പുതിയ വെല്ലുവിളിയും നേരിടുകയാണ് - നഗരവെള്ളപ്പൊക്കം (Urban Flooding). കൊച്ചിയിലോ തിരുവനന്തപുരത്തോ കോഴിക്കോട് നഗരത്തിലോ വെള്ളം കയറാൻ നദികൾ കരകവിഞ്ഞൊഴുകണമെന്നില്ല. ഏതാനും മണിക്കൂറുകൾ ശക്തമായി മഴ പെയ്താൽ റോഡുകൾ വെള്ളത്തിനടിയിലാകും. കാരണം മഴയുടെ അളവല്ല; മഴവെള്ളം ഒഴുകിപ്പോകേണ്ട വഴികൾ ഇല്ലാതായതാണ്. ഒരുകാലത്ത് മഴവെള്ളം ഒഴുകിയിരുന്ന തോടുകൾ മൂടപ്പെട്ടു, കനാലുകൾ കൈയേറി, മഴവെള്ള ഓടകൾ മാലിന്യം നിറഞ്ഞു, പുതിയ റോഡുകളും കെട്ടിടങ്ങളും സ്വാഭാവിക ഒഴുക്കിനെ തടസ്സപ്പെടുത്തി. അതിനാൽ നഗരങ്ങളിലെ വെള്ളപ്പൊക്കം പ്രകൃതിയുടെ പരാജയമല്ല; നഗരാസൂത്രണത്തിന്റെയും മഴവെള്ള നിർവഹണത്തിന്റെയും പരാജയമാണ്. മഴയ്ക്ക് ഒഴുകാൻ വഴിയുണ്ടെങ്കിൽ നഗരം മുങ്ങില്ല. വഴിയില്ലെങ്കിൽ ചെറിയ മഴ പോലും വലിയ വെള്ളപ്പൊക്കമാകും.

കേരളത്തിലെ വലിയ കനാലുകളുടെയും നദികളുടെയും സ്ഥിതിയും ഇതുതന്നെയാണ്. മുകളിലെ മലകളിൽ നിന്ന് അതിവേഗത്തിൽ വെള്ളം എത്തുന്നു; പക്ഷേ കടലിലേക്ക് ഒഴുകിപ്പോകുന്ന വഴി പഴയതുപോലെ പ്രവർത്തിക്കുന്നില്ല. നദീമുഖങ്ങളിൽ ചെളി അടിഞ്ഞിരിക്കുന്നു, ചില കനാലുകളുടെ ആഴം കുറഞ്ഞിരിക്കുന്നു, ചില സ്ഥലങ്ങളിൽ ഒഴുക്ക് തടസ്സപ്പെട്ടിരിക്കുന്നു. ഇവയെല്ലാം ഓരോ മഴയിലും വെള്ളം കൂടുതൽ സമയം കെട്ടിക്കിടക്കാൻ കാരണമാകുന്നു.

അണക്കെട്ടുകളെക്കുറിച്ചും ഇതേ രീതിയിൽ ചിന്തിക്കണം. ഓരോ വെള്ളപ്പൊക്കത്തിനുശേഷവും നമ്മൾ ചോദിക്കുന്നത്, 'അണക്കെട്ട് തുറന്നതുകൊണ്ടാണോ പ്രളയമുണ്ടായത്?' എന്നാണ്. പക്ഷേ യഥാർത്ഥ ചോദ്യം അതല്ല, 'മഴ തുടങ്ങുന്നതിന് മുമ്പ് അണക്കെട്ടിൽ എത്ര വെള്ളം ഉൾക്കൊള്ളാനുള്ള ശേഷി ഉണ്ടായിരുന്നു?' എന്നതാണ്. ഒരു അണക്കെട്ടിന് വെള്ളപ്പൊക്കം കുറയ്ക്കാൻ കഴിയണമെങ്കിൽ അതിൽ മഴവെള്ളം സംഭരിക്കാനുള്ള സ്ഥലം ബാക്കിയുണ്ടാകണം. പൂർണമായി നിറഞ്ഞ അണക്കെട്ടിന് പുതിയ വെള്ളം പിടിച്ചുവയ്ക്കാൻ കഴിയില്ല. അപ്പോൾ അത് പുറത്തേക്ക് വിടേണ്ടിവരും. ഇത് അണക്കെട്ടിന്റെ പരാജയമല്ല, അത് എങ്ങനെ പ്രവർത്തിപ്പിച്ചു (Dam Management) എന്നതിന്റെ ചോദ്യമാണ്. ലോകത്തിന്റെ പല ഭാഗങ്ങളിലും ഇന്ന് അണക്കെട്ടുകൾ കലണ്ടർ നോക്കിയല്ല നിയന്ത്രിക്കുന്നത്; അടുത്ത ദിവസങ്ങളിലെ മഴ പ്രവചനവും, മണ്ണിലെ ഈർപ്പവും, നദിയിലെ ഒഴുക്കും, മുഴുവൻ ജലസംഭരണ മേഖലയിലെ സാഹചര്യങ്ങളും കണക്കിലെടുത്താണ്

കേരളം ഓരോ വലിയ വെള്ളപ്പൊക്കത്തിനുശേഷവും ആയിരക്കണക്കിന് കോടി രൂപയാണ് ദുരിതാശ്വാസത്തിനും നഷ്ടപരിഹാരത്തിനും റോഡുകൾ, പാലങ്ങൾ, വൈദ്യുതി ശൃംഖലകൾ, ജലവിതരണ സംവിധാനങ്ങൾ എന്നിവ പുനർനിർമിക്കാനും ചെലവഴിക്കുന്നത്. കൃഷിയും ചെറുകിട വ്യാപാരവും വിനോദസഞ്ചാരവും വ്യവസായവും ദിവസങ്ങളോളം നിലച്ചുപോകുന്നു. ഇൻഷുറൻസ് ഇല്ലാത്ത സാധാരണ കുടുംബങ്ങൾ അവരുടെ ജീവിതകാല സമ്പാദ്യം ഒരൊറ്റ രാത്രികൊണ്ട് നഷ്ടപ്പെടുത്തുന്നു. ഇത് ഒരു പ്രകൃതിദുരന്തത്തിന്റെ ചെലവ് മാത്രമല്ല; കാര്യക്ഷമമായ ജലനിർവഹണത്തിന്റെ അഭാവത്തിനുള്ള സാമ്പത്തിക വില കൂടിയാണ്. ഓരോ വർഷവും നഷ്ടപരിഹാരത്തിനായി ചെലവഴിക്കുന്ന തുകയുടെ ഒരു ഭാഗമെങ്കിലും നെൽപ്പാടങ്ങൾ സംരക്ഷിക്കാനും തണ്ണീർത്തടങ്ങൾ വീണ്ടെടുക്കാനും നദികളും കനാലുകളും പുനരുജ്ജീവിപ്പിക്കാനും മഴവെള്ള നിർവഹണം മെച്ചപ്പെടുത്താനും ചെലവഴിച്ചാൽ, അതിന്റെ നേട്ടം ദുരന്തം കഴിഞ്ഞല്ല, ദുരന്തം വരുന്നതിനുമുമ്പ് തന്നെ കേരളത്തിന് ലഭിക്കും.

വെള്ളപ്പൊക്കത്തെക്കുറിച്ച് സംസാരിക്കുമ്പോൾ പുതിയ പദ്ധതികളെക്കുറിച്ചാണ് നാം കൂടുതലും ചർച്ച ചെയ്യുന്നത്. പക്ഷേ നിലവിലുള്ള സംവിധാനങ്ങളുടെ പരിപാലനത്തെക്കുറിച്ച് വളരെ കുറച്ചാണ് സംസാരിക്കുന്നത്. ഒരു കനാൽ നിർമ്മിക്കുന്നത് ഒരിക്കൽ മാത്രം ചെയ്യുന്ന ജോലിയാണ്; പക്ഷേ അതിനെ വൃത്തിയാക്കുകയും ആഴം നിലനിർത്തുകയും ചെയ്യുന്നത് എല്ലാ വർഷവും ചെയ്യേണ്ട ജോലിയാണ്. നദീമുഖങ്ങളിൽ ചെളി അടിയുന്നത് സ്വാഭാവികമാണ്; അത് സമയബന്ധിതമായി നീക്കിയില്ലെങ്കിൽ ഒഴുക്ക് കുറയും. ഓടകൾ മാലിന്യം നിറഞ്ഞാൽ മഴവെള്ളം റോഡിലേക്കാണ് ഇറങ്ങുക. പാലങ്ങളുടെ അടിയിലും കലുങ്കുകളിലും മാലിന്യം അടിഞ്ഞാൽ വെള്ളം തിരിച്ചുകയറും. അതിനാൽ വെള്ളപ്പൊക്ക നിയന്ത്രണം പുതിയ പദ്ധതികൾ നിർമ്മിക്കുന്നതിൽ മാത്രം ഒതുങ്ങുന്നില്ല; നിലവിലുള്ള ജലപാതകളെ പ്രവർത്തനക്ഷമമായി നിലനിർത്തുന്നതിലാണ് അതിന്റെ വലിയൊരു ഭാഗം. പലപ്പോഴും വലിയ നിക്ഷേപങ്ങളേക്കാൾ കൃത്യമായ പരിപാലനമാണ് കൂടുതൽ ഫലം നൽകുന്നത്.

തോട്ടപ്പള്ളി സ്പിൽവേയുടെ ശേഷി പൂർണമായി വീണ്ടെടുക്കാൻ നാം എത്ര ഗൗരവമായി ശ്രമിച്ചു? വേമ്പനാട് കായലിന്റെ സംഭരണശേഷി വർധിപ്പിക്കാൻ എന്ത് ചെയ്തു? പ്രധാന കനാലുകൾ എത്ര വർഷം കൂടുമ്പോഴാണ് ശാസ്ത്രീയമായി ഡ്രഡ്ജ് ചെയ്യുന്നത്? മഴ തുടങ്ങുന്നതിന് മുമ്പ് എത്ര കിലോമീറ്റർ തോടുകളും ഓടകളും വൃത്തിയാക്കുന്നു? പുതിയ ദേശീയപാതകളും നഗരപദ്ധതികളും നിർമ്മിക്കുമ്പോൾ മഴവെള്ളം എങ്ങോട്ട് പോകുമെന്ന് കൃത്യമായി കണക്കാക്കുന്നുണ്ടോ? ഇവയാണ് യഥാർത്ഥ വെള്ളപ്പൊക്ക നിയന്ത്രണ ചോദ്യങ്ങൾ.

നമ്മുടെ വികസന പദ്ധതികളിൽ ഓരോന്നിനോടും ഒരു ചോദ്യം നിർബന്ധമായും ചോദിക്കണം: 'ഈ പദ്ധതി മഴവെള്ളത്തിന്റെ സ്വാഭാവിക ഒഴുക്കിനെ എങ്ങനെ ബാധിക്കും?' ഈ ചോദ്യം ചോദിക്കാതെ വികസനം നടത്തുകയാണെങ്കിൽ, ഓരോ പുതിയ റോഡും ഓരോ പുതിയ കെട്ടിടവും ഓരോ ഭൂമിനികത്തലും അറിയാതെ തന്നെ അടുത്ത വെള്ളപ്പൊക്കത്തിന്റെ തീവ്രത കൂട്ടാൻ ഇടയാക്കും.

അതുകൊണ്ട് കേരളത്തിന്റെ പ്രശ്‌നം മഴയുടെ മാത്രം പ്രശ്‌നമല്ല. ഇത് ഭൂവിനിയോഗത്തിന്റെ പ്രശ്‌നമാണ്, ജലനിർവഹണത്തിന്റെ പ്രശ്‌നമാണ്, നഗരാസൂത്രണത്തിന്റെ പ്രശ്‌നമാണ്, നദീനിർവഹണത്തിന്റെ പ്രശ്‌നമാണ്, ദുരന്തനിവാരണത്തിന്റെ പ്രശ്‌നമാണ്. അതിലുപരി, ഇത് വികസനത്തെ എങ്ങനെ കാണുന്നു എന്ന നമ്മുടെ കാഴ്ചപ്പാടിന്റെ പ്രശ്‌നമാണ്.

കേരളത്തിന്റെ ചരിത്രം നോക്കിയാൽ ഒരു കാര്യം വ്യക്തമാണ്. മഴ എപ്പോഴും ഉണ്ടായിരുന്നു, വെള്ളപ്പൊക്കവും ഉണ്ടായിരുന്നു. പക്ഷേ ഇന്ന് കാണുന്നതുപോലെ എല്ലാ വർഷവും സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ വലിയ നാശനഷ്ടങ്ങൾ ഉണ്ടാകുന്ന സാഹചര്യം സാധാരണമായിരുന്നില്ല. അതുകൊണ്ടുതന്നെ നമ്മുടെ ചർച്ചയുടെ കേന്ദ്രബിന്ദു മഴയാകരുത്; മഴയെ കേരളം എങ്ങനെ കൈകാര്യം ചെയ്യുന്നു എന്നതാകണം. മഴയാണ് തുടക്കം; പക്ഷേ മഴ ദുരന്തമാകുന്നത് അതിനെ നേരിടാൻ സമൂഹം എത്രത്തോളം തയ്യാറാണ് എന്നതിനെ ആശ്രയിച്ചാണ്.

വെള്ളപ്പൊക്കം ഒരു പ്രകൃതിദുരന്തമാണ്; പക്ഷേ വെള്ളപ്പൊക്കത്തിൽ ഉണ്ടാകുന്ന നാശനഷ്ടങ്ങൾ പ്രകൃതി മാത്രം തീരുമാനിക്കുന്ന ഒന്നല്ല. പെട്ടിമുടിയിലും വയനാട്ടിലും ആളപായം വർധിക്കാൻ കാരണം മഴ അവിടെ മാത്രം പെയ്തതുകൊണ്ടല്ല; മറിച്ച് മലയിടിച്ചിൽ സാധ്യതയുള്ള പ്രദേശങ്ങളിൽ സുരക്ഷിതമല്ലാത്ത സാഹചര്യങ്ങളിൽ മനുഷ്യവാസമുണ്ടായതുകൊണ്ടാണ്. കുട്ടനാട്ടിൽ എല്ലാ വർഷവും ഏറ്റവും വലിയ ദുരിതം അനുഭവപ്പെടുന്നത് അവിടേക്ക് മാത്രം മഴ പെയ്യുന്നതുകൊണ്ടല്ല; മറിച്ച് കടൽനിരപ്പിന് താഴെയുള്ള പ്രദേശങ്ങളിൽ ജീവിക്കുന്നവരാണ് കൂടുതൽ അപകടസാധ്യത നേരിടുന്നത് എന്നതുകൊണ്ടാണ്. അതിനാൽ വെള്ളപ്പൊക്കം ഒരു ജലശാസ്ത്ര പ്രശ്‌നം (Hydrological issue) മാത്രമല്ല, അതൊരു സാമൂഹിക പ്രശ്‌നവുമാണ്. ഏറ്റവും വലിയ നഷ്ടം സംഭവിക്കുന്നത് പലപ്പോഴും സമൂഹത്തിലെ ഏറ്റവും ദുർബലരായ വിഭാഗങ്ങൾക്കാണ്.

വെള്ളപ്പൊക്കം ഒരു മഴയുടെ പ്രശ്‌നമല്ല, ഒരു സംവിധാനത്തിന്റെ പ്രശ്‌നമാണ്. മഴ, പശ്ചിമഘട്ടം, വനങ്ങൾ, നെൽപ്പാടങ്ങൾ, തണ്ണീർത്തടങ്ങൾ, നദികൾ, കനാലുകൾ, അണക്കെട്ടുകൾ, നഗരങ്ങൾ, മനുഷ്യരുടെ താമസരീതി-ഇവയെല്ലാം ഒരേ ജലചക്രത്തിന്റെ ഭാഗങ്ങളാണ്. ഈ ശൃംഖലയിലെ ഏതെങ്കിലും ഒരു കണ്ണി ദുർബലമായാൽ അതിന്റെ ആഘാതം മുഴുവൻ സംവിധാനത്തിലും പ്രതിഫലിക്കും. അതുകൊണ്ട് പരിഹാരവും ഒറ്റ മേഖലയിൽ നിന്ന് വരില്ല; മഴയെ സ്വീകരിക്കുന്നതിൽ നിന്ന് കടലിലെത്തിക്കുന്നതുവരെയുള്ള മുഴുവൻ ജലസംവിധാനത്തെയും ഒരുമിച്ച് കാണുമ്പോഴേ കേരളത്തിന് ദീർഘകാല പരിഹാരം കണ്ടെത്താൻ കഴിയൂ.

കേരളത്തിൽ വെള്ളം ഒരൊറ്റ വകുപ്പിന്റെ ഉത്തരവാദിത്വമല്ല. ജലസേചനം, തദ്ദേശസ്വയംഭരണം, റവന്യൂ, വനം, പൊതുമരാമത്ത്, വൈദ്യുതി, ദുരന്തനിവാരണം-എല്ലാവരും ഇതിന്റെ ഓരോ ഭാഗങ്ങൾ കൈകാര്യം ചെയ്യുന്നു. പക്ഷേ മഴയ്ക്ക് വകുപ്പുകളില്ല. ഒരു നദിയെ മുഴുവനായി കാണുന്ന (River Basin Management) ഒരു ഏകീകൃത സംവിധാനമില്ലെങ്കിൽ മികച്ച പദ്ധതികൾ പോലും പൂർണഫലം നൽകില്ല. വെള്ളപ്പൊക്ക നിയന്ത്രണം ഒരു എഞ്ചിനീയറിങ് പദ്ധതി മാത്രമല്ല; അത് ഏകോപിതമായ ഭരണസംവിധാനത്തിന്റെ പരിക്ഷണം കൂടിയാണ്.

കേരളത്തിന്റെ പ്രശ്‌നം പുതിയ മൺസൂണല്ല. പഴയ മഴയെ നേരിടാൻ കഴിയാതെ പോയ പുതിയ കേരളമാണ്. അത് മനുഷ്യൻ സൃഷ്ടിച്ച മാറ്റമാണെങ്കിൽ, അത് തിരുത്താനും മനുഷ്യനുതന്നെ കഴിയും. വെള്ളപ്പൊക്കം തുടങ്ങുന്നത് ആകാശത്താണ്; പക്ഷേ അത് ഒരു ദുരന്തമാകുന്നത് ഭൂമിയിലാണ്.

(നിസ്സാൻ മോട്ടോർ കോർപ്പറേഷൻ, ജിഇ, വൊഡാഫോൺ, സിഗ്നിഫൈ എന്നിവയുടെ മുൻ ചീഫ് ഇൻഫർമേഷൻ ഓഫീസറും കോർപ്പറേറ്റ് ലീഡറുമാണ് ടോണി തോമസ് . ഇപ്പോൾ EQTയുടെ അഡൈ്വസറായി പ്രവർത്തിക്കുന്നു)

 
 

Content Highlights: Annual rainfall in Kerala has not increased, yet flood intensity is rising due to poor water management., The transition from slow monsoon rains to short-duration, high-intensity rainfall creates extreme runoff., Loss of natural water buffers like paddy fields, wetlands, and forests exacerbates flood severity., Urban planning failures and clogged drainage systems are the primary causes of urban flooding., Effective flood control requires a shift from disaster relief spending to long-term infrastructure maintenance and integrated river basin management.