ബാംബൂ സ്ട്രോകളും ചണ ബാഗുകളും മാത്രം ഉപയോഗിക്കുന്ന 14 കാരൻ | കർണവ് റസ്തോഗി അഭിമുഖം

കർണവ് രസ്തോഗി മാതൃഭൂമി ലിറ്ററേച്ചർ ഫെസ്റ്റിൽ  | ഫോട്ടോ: മാതൃഭൂമി
കർണവ് രസ്തോഗി മാതൃഭൂമി ലിറ്ററേച്ചർ ഫെസ്റ്റിൽ | ഫോട്ടോ: മാതൃഭൂമി

മാതൃഭൂമി ലിറ്ററേറ്റർ ഫെസ്റ്റിവലിൽ 'Kartik, Mixie & Climate Change: It's Now Or Never' എന്ന പുസ്തകവുമായി എത്തിയ കർണവ് രസ്തോഗി. പരിസ്ഥിതി പ്രവർത്തകൻ എന്ന് സ്വയം വിശേഷിപ്പിക്കുന്ന കർണവ് തന്റെ പതിനഞ്ചാം വയസ്സിനിടെ ഇംഗ്ലീഷിലും ഹിന്ദിയിലും മറ്റ് ഇന്ത്യൻ ഭാഷകളിലും ആയി 12 പുസ്തകങ്ങൾ എഴുതിക്കഴിഞ്ഞു. എല്ലാം പരിസ്ഥിതി വിഷയങ്ങൾ. ടൈംസ് ഓഫ് ഇന്ത്യയുടെ ' അൺസ്‌റ്റോപ്പബിൾ 21 ഇന്ത്യൻസ് അണ്ടർ 21 ഇയേഴ്‌സി'ൽ ഉൾപ്പെട്ട, ഗ്രെറ്റ ത്യുന്‍ബെയുടെ ആരാധകൻ എന്ന് അടയാളപ്പെടുത്തുന്ന കർണവിന്റെ വിശേഷങ്ങളിലൂടെ...

സാമൂഹിക വിഷയങ്ങൾ, വൈൽഡ് ലൈഫ് പരിസ്ഥിതി, കാലാവസ്ഥാ സംബന്ധമായ വാർത്തകളും വിവരങ്ങളും അറിയാൻ JOIN Whatsapp group

എന്തുകൊണ്ടാണ് പരിസ്ഥിതിയുമായി ബന്ധപ്പെട്ട പുസ്തകങ്ങൾ എഴുതുന്നത്. ഈ വിഷയം എങ്ങനെ സ്വാധീനിച്ചു?

കുഞ്ഞുനാൾ മുതൽക്ക് തന്നെ പരിസ്ഥിതി സംബന്ധമായ കാര്യങ്ങളിൽ എനിക്ക് അതിയായ താത്പര്യമായിരുന്നു. പിന്നീട് കോവിഡ് കാലത്ത് ഒരു സ്കൂൾ പ്രോജക്ട് വന്നു.  കാർബൺ ഫൂട്ട് പ്രിന്റ് പരമാവധി കുറയ്ക്കുക എന്നതായിരുന്നു ചലഞ്ച്. അത്തരം കാര്യങ്ങൾ കൂടുതൽ ശ്രദ്ധിക്കാനും അതിനെപ്പറ്റി വായിക്കാനും തുടങ്ങിയതോടുകൂടെ എനിക്ക് ഈ ഒരു വിഷയത്തിലുള്ള താത്പര്യം പല മടങ്ങായി വർധിച്ചു. അങ്ങനെയാണ് ഈ ആശയത്തിലുള്ള പുസ്തകങ്ങൾ ധാരാളമായി എഴുതിയത്. ലോർഡ് ബൈറന്റെ ' എ ഡ്രോപ് ഓഫ് ഇങ്ക് മേ മെയ്ക്ക് എ മില്യൺ തിങ്ക് ' എന്ന ആശയം എന്നെ വളരെ സ്വാധീനിച്ചിട്ടുണ്ട്. 

കാർബൺ ഫൂട്ട് പ്രിന്റ് കുറയ്ക്കുവാൻ വേണ്ടി എന്തൊക്കെയാണ് അന്ന്  ചെയ്തത്?

ഞാൻ മൂന്ന് കാര്യങ്ങളാണ് പ്രധാനമായും ചെയ്തത്. പ്ലാസ്റ്റിക് സ്ട്രോകൾക്ക് പകരം ബാംബൂ സ്ട്രോകൾ ഉപയോഗിച്ചു, പുസ്തകങ്ങൾക്ക് പ്ലാസ്റ്റിക് കൊണ്ട് പൊതിയുന്നതിനു പകരം പേപ്പർ കൊണ്ട് പൊതിഞ്ഞു. ബാഗുകൾ ചണം കൊണ്ടുള്ളതാക്കി. പിന്നീട് പുസ്തകങ്ങൾ എഴുതുകയും കുട്ടികൾക്കായുള്ള വർക്ഷോപ്പുകൾ നടത്തുകയും ചെയ്തു. സോണി ബിബിസി യങ് എർത്ത് ചാമ്പ്യൻ,  പ്രൈഡ് ഓഫ് ഇന്ത്യ അവാർഡ്, കൺസർവേഷൻ ഹീറോ by WWF, യങ് ഇക്കോ ഹീറോ അവാർഡ് 2023 തുടങ്ങിയ അംഗീകാരങ്ങൾ പിന്നീട് എനിക്ക് ലഭിച്ചു. UNEP നാഷണൽ സമ്മിറ്റ് 2020 -ൽ ഓൺലൈനായി പരിസ്ഥിതി കവിത അവതരിപ്പിക്കുവാനും എനിക്ക് അവസരം ലഭിച്ചിരുന്നു.

ടൈംസ് ഓഫ് ഇന്ത്യയുടെ ' അൺസ്‌റ്റോപ്പബിൾ 21 ഇന്ത്യൻസ് അണ്ടർ 21' ഇയേഴ്‌സ് | Photo: Timesofindia.indiatimes.com

എന്തൊക്കെയാണ് കർണവിന്റെ ഭാവി പരിപാടികൾ?

എന്റെ പുസ്തകം, അതിലൂടെ ഞാൻ പ്രചരിപ്പിക്കുന്ന ആശയം ലോകം മുഴുവൻ എത്തിക്കുക എന്നതാണ് എന്റെ പ്രധാന സ്വപ്നം. ആ സ്വപ്നപൂർത്തീകരണത്തിനാണ് ഇപ്പോൾ ഞാൻ കേരളത്തിലും എത്തിയിട്ടുള്ളത്. 'ഈച്ച് വൺ റീഡ് വൺ റ്റു പ്ലാന്റ് വൺ' എന്നതാണ് എന്റെ പുസ്തകത്തോടൊപ്പം ഞാൻ കൈമാറുന്ന സന്ദേശം. എന്റെ എല്ലാ പുസ്തകത്തിലും ഞാൻ ഓരോ വേപ്പിൻ വിത്തുകൾ വെച്ചിട്ടുണ്ട്. എന്റെ പുസ്തകം വായിച്ചു കഴിഞ്ഞ് ഓരോരുത്തരും ഈ വിത്ത് നടണമെന്ന് ഞാൻ ആഗ്രഹിക്കുന്നു. ഈ വിത്തുകൾ മറ്റു വിത്തുകൾ കിട്ടാനായി പരസ്പരം കൈമാറ്റം ചെയ്യുമെന്നും എനിക്ക് പ്രതീക്ഷ ഉണ്ട് . ഇത്തരം ആശയങ്ങൾ പ്രചരിപ്പിക്കുന്നതിലൂടെ കുട്ടികളായ ഒരു ലക്ഷം പരിസ്ഥിതി പോരാളികളെ വാർത്തെടുക്കുക എന്നതും എന്റെ സ്വപ്നമാണ്.

കര്‍ണവ് രസ്‌തോഗിയുടെ പുസ്തകം, കര്‍ണവ് രസ്‌തോഗി | ഫോട്ടോ: മാതൃഭൂമി

ഈ പ്രവർത്തനങ്ങളിലൂടെ സുഹൃത്തുക്കൾക്ക് ഇടയിൽ കർണവ് ഒരു ഹീറോ ആയോ?

തീർച്ചയായും. ഞാൻ വലിയ പ്രചോദനമാണെന്ന് പല സുഹൃത്തുക്കളും പറഞ്ഞിട്ടുണ്ട്. പലരും എഴുതാനും വായിക്കാനും തുടങ്ങി എന്നതാണ് വലിയ സന്തോഷം. എന്റെ ഒരു സുഹൃത്തിന്റെ പുസ്തകം പ്രകാശനം ചെയ്യാനും എനിക്ക് കഴിഞ്ഞു.

ഗ്രെറ്റ ത്യുന്‍ബെ, കർണവിനെ എത്രത്തോളം സ്വാധീനിച്ചിട്ടുണ്ട്?

ഗ്രെറ്റ ആണ് യഥാർത്ഥത്തിൽ എനിക്ക് ഏറ്റവും പ്രചോദനമായ വ്യക്തി. ക്ലൈമറ്റ് ചേഞ്ചസ് എന്ന വിഷയം എന്റെ മനസ്സിലേക്ക് ഇത്ര വ്യക്തമായി കയറ്റിവിട്ടത് ഗ്രെറ്റയാണ്. അവരുടെ പ്രവർത്തനങ്ങൾ ഞാൻ  എപ്പോഴും ഫോളോ ചെയ്യുന്നുണ്ട്. 

ഗ്രെറ്റ ത്യുന്‍ബെ | Photo: AP

ഗ്രെറ്റ പ്രധാനമായും പങ്കുവയ്ക്കുന്ന ആശയം പോലെ, നമ്മുടെ ഭൂമിയുടെ ഭാവിയെ കുറിച്ച് ഓർത്ത് കർണവിനും പേടിയുണ്ടോ?

തീർച്ചയായും ഞാൻ പേടിക്കുന്നുണ്ട്. നമുക്ക് അത്ര പരിചയമില്ലാത്ത പല ദ്വീപുകളും ഇപ്പോൾ തന്നെ സമുദ്രത്തിൽ മുങ്ങി കഴിഞ്ഞു. ആഗോളതാപനം അത്രയ്ക്ക് ശക്തമാണ്. ജനവാസമില്ലാത്ത ദ്വീപുകളിൽ പ്ലാസ്റ്റിക് അടിഞ്ഞു കൂടുന്നു. ഇതെല്ലാം ഭയാനകമായ കാര്യങ്ങളാണ്.

നമുക്ക്  കാലാവസ്ഥാ വ്യതിയാനത്തിനതിരേ എന്തൊക്കെ ചെയ്യാൻ കഴിയും?

ഞാൻ എന്റെ പുസ്തകത്തിൽ കാർബൺ എമിഷൻ കുറയ്ക്കുന്നതിന് നമുക്ക് എന്തു ചെയ്യാൻ കഴിയും എന്നതിനെപ്പറ്റി  ഏഴ് പോയിന്റുകൾ അവതരിപ്പിക്കുന്നുണ്ട്. നമ്മുടെയെല്ലാം ഉള്ളിൽ ഒരു എഴുത്തുകാരൻ എഴുത്തുകാരി ഉറങ്ങിക്കിടക്കുന്നുണ്ട്. ഇത്തരം ആശയങ്ങൾ എഴുത്തിലൂടെ പരമാവധി ആളുകളിൽ എത്തിക്കാൻ കഴിയും. 

കർണവിന്റെ രചനകളിൽ എഐ യുടെ സഹായം എത്രത്തോളം ഉണ്ട്

ഞാൻ ധാരാളമായി ഉപയോഗിക്കുന്നുണ്ട്. പുതിയ പോയിന്റുകൾ ബ്രീഫ് ചെയ്യുന്നത് പലപ്പോഴും എ ഐ യുടെ സഹായത്തോടെയാണ്. ഒരു പുസ്തകം തന്നെ എഐയുടെ സഹായത്തോടെ എഴുതിയിട്ടുമുണ്ട്. റൈസ് ഓഫ് റോബോട്ട്സ്, ദ ഫ്യൂച്ചർ ഇൻ 2050 തുടങ്ങിയ പുസ്തകങ്ങൾ എന്നെ വളരെയധികം സ്വാധീനിച്ചു. മനുഷ്യനും റോബോട്ടുകളും ചേർന്നുള്ള കോ എക്സിസ്റ്റൻസ് ആണ് ഇതിലൊക്കെ കാണുന്നത്. 

എഐ ഉപയോഗിച്ച് എങ്ങനെയാണ് കർണവ് എഴുതാറുള്ളത്?

ഞാൻ എന്റെ മൂന്നാമത്തെ പുസ്തകം ഒരു എ ഐ റൈറ്റർ ഉപയോഗിച്ചാണ് എഴുതിയത്. ഒരു സ്റ്റോറി എഴുതിയ ശേഷം അത് എ ഐ ആപ്ലിക്കേഷനിൽ ഫീഡ് ചെയ്യും. എ ഐ അതിൽ കൂടുതൽ കാര്യങ്ങൾ കൂട്ടിച്ചേർത്ത് തിരിച്ചു നൽകും. പലപ്പോഴും വേണ്ടതിന്റെ ഇരട്ടിയിലധികം വിവരങ്ങൾ തിരികെ കിട്ടും. ഇതിൽ നിന്ന് വേണ്ട കാര്യങ്ങൾ അരിച്ചെടുത്ത്  റെഡിയാക്കിയാൽ പുസ്തകം റെഡി. പക്ഷേ എഐക്കും തെറ്റുകൾ പറ്റാം എന്നതുകൊണ്ട്  വളരെ നന്നായി ക്രോസ് ചെക്ക് ചെയ്യേണ്ടതുണ്ട്. 2021 ൽ ആമസോൺ ബെസ്റ്റ് സെല്ലർ ആയിരുന്നു കാർത്തിക് മിക്സീ ആൻഡ് യൂറോപ്പ എന്ന ആ പുസ്തകം.

Content Highlights: youngest environmentalist karnav rastogi interview