തണ്ണീർത്തടങ്ങൾ നശിക്കുന്നത് കാടുകളെക്കാൾ വേഗതയിൽ

ലോകജനതയുടെ എട്ടിലൊന്നും തണ്ണീർത്തടവുമായി ഏതെങ്കിലും തരത്തിൽ ബന്ധപ്പെട്ട് ജീവിക്കുന്നു. തണ്ണീർത്തടങ്ങളുടെ ആകെ വിസ്തൃതി ആറു ശതമാനം മാത്രമാണെങ്കിലും 40 ശതമാനം സസ്യങ്ങളും മറ്റു ജീവജാലങ്ങളും ഇത്തരമൊരു ആവാസവ്യവസ്ഥയിലാണ് ജീവിക്കുന്നത്. തണ്ണീർത്തടങ്ങളുടെ ആവാസവ്യവസ്ഥ അതുകൊണ്ടുതന്നെ ജൈവവൈവിധ്യ പ്രാധാന്യമുള്ളതും മനുഷ്യക്ഷേമത്തിന് അത്യന്താപേക്ഷിതവുമാണ്. പരിസ്ഥിതി, കാലാവസ്ഥ, സാമൂഹികജീവിതം, സാമ്പത്തികഘടന, ശാസ്ത്രീയപഠനം, വിദ്യാഭ്യാസം, സാംസ്കാരിക പ്രവർത്തനം, മാനസികോല്ലാസം എന്നീ മേഖലകളിൽ എല്ലാം തണ്ണീർത്തടങ്ങളുടെ പങ്ക് നിസ്തുലമാണ്. ദേശാടനപ്പക്ഷികളുടെ വിഹാരരംഗമാണ് തണ്ണീർത്തടങ്ങൾ. എന്നാൽ, ലോകമെമ്പാടും തണ്ണീർത്തടങ്ങൾ ദ്രുതഗതിയിൽ നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നു എന്നതാണ് പൊതുവേ ആശങ്കയുണർത്തുന്ന കാര്യം.
കാടുകൾ നശിക്കുന്നതിനെക്കാൾ മൂന്നിരട്ടി വേഗത്തിലാണ് തണ്ണീർത്തടങ്ങൾ നഷ്ടപ്പെടുന്നത്. ലോകത്ത് ആകെ ഉണ്ടായിരുന്ന തണ്ണീർത്തടങ്ങളുടെ 35 ശതമാനം കഴിഞ്ഞ 50 വർഷത്തിനുള്ളിൽ നശിച്ചുപോയിട്ടുണ്ട്. ഇതിന്റെ ഫലമായി തീരപ്രദേശങ്ങളിലെ ജനങ്ങൾ ദാരിദ്ര്യത്തിലേക്ക് കൂപ്പുകുത്തുന്ന അവസ്ഥയുണ്ടായിട്ടുണ്ട്. മനുഷ്യന്റെ ജീവസന്ധാരണ ഉപാധി നഷ്ടപ്പെടുന്നതും മത്സ്യങ്ങൾ, ഔഷധസസ്യങ്ങൾ, ഭക്ഷ്യവസ്തുക്കൾ എന്നിവയുടെ ദൗർലഭ്യവുമാണ് ഇതിനുകാരണം.
ലോകത്താകമാനം 2400 രാംസാർ സൈറ്റുകൾ നിലവിലുണ്ട്. ഇവയാകട്ടെ 25 ലക്ഷം ചതുരശ്ര കിലോമീറ്റർ പ്രദേശത്ത് വ്യാപിച്ചുകിടക്കുന്നു. ഓരോ രാജ്യത്തെയും മികച്ച തണ്ണീർത്തടങ്ങളെ കണ്ടെത്തി പരിസ്ഥിതി മന്ത്രാലയത്തിന്റെ അപേക്ഷപ്രകാരം രാംസാർ സമ്മേളന കാര്യാലയം ആണ് അവയെ രാംസാർ സൈറ്റുകൾ ആയി പ്രഖ്യാപിക്കുന്നത്. ഇന്ത്യയിൽ അത്തരത്തിൽ 75 രാംസാർ സൈറ്റുകളും കേരളത്തിൽ മൂന്നു രാംസാർ സൈറ്റുകളുമാണുള്ളത്. തെക്കൻ കേരളത്തിലെ വേമ്പനാട്, അഷ്ടമുടി, ശാസ്താംകോട്ട എന്നീ തണ്ണീർത്തടങ്ങളാണ് കേരളത്തിലെ രാംസാർ സൈറ്റുകൾ. ഉത്തര കേരളത്തിലെ കാട്ടാമ്പള്ളി, കവ്വായി, കോട്ടൂളി എന്നീ തണ്ണീർത്തടങ്ങളും രാംസാർ സൈറ്റുകൾ ആക്കാനുള്ള ശ്രമം തുടങ്ങിയിട്ടുണ്ട്.
ആറുമീറ്ററിൽ അധികം ആഴമില്ലാത്ത താത്‌കാലികമോ, സ്ഥിരമോ, മനുഷ്യനിർമിതിയോ ആയിട്ടുള്ള കെട്ടിനിൽക്കുന്നതോ ഒഴുകുന്നതോ ആയ നീർ പ്രദേശങ്ങളെയാണ് തണ്ണീർത്തടം എന്ന് വിളിക്കുന്നത്. ലോക വിസ്തൃതിയുടെ ആറുശതമാനം തണ്ണീർത്തടങ്ങൾ ആണെന്ന് കണക്കാക്കപ്പെട്ടിരിക്കുന്നു. തണ്ണീർത്തടങ്ങളെക്കുറിച്ച് പറയുമ്പോൾ അതിലെ സവിശേഷ സസ്യജാലങ്ങൾ ഉൾക്കൊള്ളുന്ന ആവാസ മേഖലയായ കണ്ടൽക്കാടുകളെക്കുറിച്ച് പരാമർശിക്കാതിരിക്കാൻ സാധ്യമല്ല.
ജലം ഒരു സ്പോഞ്ചിൽ എന്നപോലെ താത്‌കാലികമായി സംഭരിച്ചുവെക്കാനും വരൾച്ചക്കാലത്ത് ആവശ്യാനുസരണം വിട്ടുകൊടുക്കാനും തണ്ണീർത്തടങ്ങൾക്ക് സാധിക്കുന്നു. അതേസമയം, വെള്ളപ്പൊക്കത്തിന്റെ തീവ്രത കുറയ്ക്കാനും ഭൂഗർഭജലം റീച്ചാർജ് ചെയ്യാനും സഹായിക്കുന്നു. സുനാമി, കൊടുങ്കാറ്റ്, കടലേറ്റം തുടങ്ങിയ പ്രകൃതിക്ഷോഭങ്ങളിൽനിന്ന് ഒരുപരിധിവരെ സുരക്ഷനൽകാൻ കണ്ടൽക്കാടുകൾക്ക് പ്രാപ്തിയുണ്ട്. ജലചംക്രമണത്തിലൂടെ വെള്ളം ശുദ്ധീകരിക്കുന്നതിനാൽ കണ്ടൽക്കാടുകൾ ഭൂമിയുടെ വൃക്ക എന്നും അറിയപ്പെടുന്നു.
അമേരിക്കൻ ശാസ്ത്രകാരനായ കോസ്റ്റാന്സായും സഹകാരികളും 1997-ൽ നടത്തിയ ആവാസവ്യവസ്ഥ സേവനമൂല്യനിർണയ രീതിയനുസരിച്ച് ഈ ലേഖകൻ കണ്ണൂരിലെ കണ്ടൽക്കാടുകളുടെ സേവനമൂല്യം നിർണയിക്കുകയുണ്ടായി. അതനുസരിച്ച് ഒരു ഹെക്ടർ കണ്ടൽക്കാടുകൾ അടങ്ങുന്ന നീർത്തടത്തിൽനിന്ന് ഒരു വർഷം ലഭിക്കുന്ന സേവനമൂല്യം 9,29,000 രൂപയാണ്. എങ്കിൽ കണ്ണൂർ ജില്ലയിൽ നിലവിലുള്ള 755 ഹെക്ടർ ( കെ.എഫ്.ആര്‍.ഐ. റിപ്പോർട്ട് ) കണ്ടൽക്കാടുകളുടെ ആകെ സേവനമൂല്യം 70 കോടി 14 ലക്ഷത്തി നാല്പതിനായിരം രൂപയാണ്. കണ്ണൂർ ജില്ലയിലെ തിരഞ്ഞെടുക്കപ്പെട്ട കണ്ടൽ പ്രദേശങ്ങളിൽ വിവിധ സർവേകളും പരിശോധനകളും പഠനങ്ങളും നടത്തിയാണ് ഇത് കണ്ടെത്തിയിട്ടുള്ളത്. ഒരുകാലത്ത് കേരളത്തിൽ 700 ചതുരശ്രകിലോമീറ്റർ കണ്ടൽപ്രദേശങ്ങൾ ഉണ്ടായിരുന്നു. എന്നാൽ, ഇന്നത് 17 ചതുരശ്ര കിലോമീറ്ററായി.
നേരിടുന്ന വെല്ലുവിളികൾ
01. കണ്ടൽ ആവാസവ്യവസ്ഥയുടെ ചൂഷണം. മനുഷ്യന്റെ അതിരുവിട്ട വിനാശപ്രവർത്തനങ്ങൾ ഇതിന് ആക്കംകൂട്ടുന്നു
02. ഭൂമിയുടെ ദൗർലഭ്യം കാരണം തണ്ണീർത്തടങ്ങൾ നികത്തപ്പെടുന്നു
03. നഗരമാലിന്യങ്ങൾ തള്ളാനുള്ള എളുപ്പവഴി എന്ന നിലയ്ക്ക് തണ്ണീർത്തടങ്ങളിൽ മാലിന്യംതള്ളി അവയെ നശിപ്പിക്കുന്നു
04. ജലവിനോദങ്ങൾക്കുവേണ്ടിയും കെട്ടിടനിർമാണത്തിനുവേണ്ടിയും കണ്ടൽക്കാടുകൾ വെട്ടുകയും തണ്ണീർത്തടങ്ങൾ വ്യാപകമായി നികത്തപ്പെടുകയും ചെയ്യുന്നു. കൃത്രിമ മത്സ്യക്കൃഷിക്കുവേണ്ടി പ്രകൃതിദത്ത തണ്ണീർത്തടങ്ങളെ മാറ്റിമറിക്കുന്നു.
05. കൃഷി, മത്സ്യബന്ധന വകുപ്പുകൾ നടപ്പാക്കുന്ന ചില പദ്ധതികൾക്കുവേണ്ടി സാമ്പത്തിക സഹായത്തോടെ കണ്ടൽക്കാടുകൾ മുറിച്ചുമാറ്റുന്നു
തണ്ണീർത്തട പരിപാലനം
തണ്ണീർത്തടങ്ങളും കണ്ടൽക്കാടുകളും സുസ്ഥിരമായ രീതിയിൽ വിനിയോഗിക്കേണ്ടതിന്റെ ആവശ്യകത ജനങ്ങളെ ബോധ്യപ്പെടുത്തേണ്ടതുണ്ട്. മറ്റു ഭൂവിനിയോഗങ്ങളിലേക്കുള്ള തരംതിരിവിന്റെ തോത് കുറയ്ക്കുക, ചില പ്രദേശങ്ങൾ സംരക്ഷിത മേഖലയായി പ്രഖ്യാപിക്കുക എന്നിവയാണ് ചെയ്യേണ്ടത്. വികസനപദ്ധതികളിൽ ഇതിനുള്ള വിഹിതം കൃത്യമായി രേഖപ്പെടുത്തിയിരിക്കണം. കേരളത്തിലെ ഭൂരിഭാഗം കണ്ടൽക്കാടുകളും നഷ്ടപ്പെട്ടത് 1986-നുശേഷമാണ്. ഇതിന് കാരണമായിത്തീർന്നത് അശാസ്ത്രീയമായ കൃഷി, ചെമ്മീൻകെട്ട്, നഗരവികസനം, കെട്ടിട നിർമാണം എന്നിവയ്ക്കുവേണ്ടിയാണ്. ഇത്തരം പ്രവർത്തനങ്ങൾക്ക് അടിയന്തര നിയന്ത്രണങ്ങൾ ഏർപ്പെടുത്തേണ്ടതുണ്ട്.
( 5.02.2024 മാതൃഭൂമി എഡിറ്റോറിയല്‍ പേജില്‍ പ്രസിദ്ധീകരിച്ച ലേഖനം )
Content Highlights: world wetlands day 2024