കാണാതായ കഴുകന്മാര്‍ കാട്ടിലുണ്ട്

കഴുകന്‍: വില്ലന്‍ പരിവേഷമുള്ള ഒരു ഭീമന്‍ പക്ഷി. സിനിമയും സാഹിത്യവുമൊക്കെ ചേര്‍ന്ന് വെറുതേ സമ്മാനിച്ച ഈ പ്രതിനായക പരിവേഷമല്ല ഇപ്പോള്‍ ഈ പാവം പക്ഷികള്‍ക്കുള്ളത്. ലോകത്ത് പലയിടത്തും ഗുരുതര വംശനാശ ഭീഷണി നേരിടുകയാണിവ. ഇന്ത്യയിലും അവസ്ഥ വളരെ അപകടകരമാണ്. അതുകൊണ്ടുതന്നെ പലവിധ സംരക്ഷണപ്രവര്‍ത്തനങ്ങള്‍ രാജ്യത്ത് സജീവമാണ്. അടുത്തിടെ തമിഴ്‌നാട്, കര്‍ണാടക, കേരള സംസ്ഥാനങ്ങളിലെ മുതുമല കടുവാ സങ്കേതം, ബന്ദിപ്പുര്‍ കടുവാ സങ്കേതം, ബില്ലിഗിരി രംഗനാഥ സ്വാമി ടെമ്പിള്‍ കടുവാ സങ്കേതം, നാഗര്‍ഹോളെ കടുവാസങ്കേതം, വയനാട് വന്യജീവി സങ്കേതം, നെല്ലായ് ഫോറസ്റ്റ് ഡിവിഷന്‍ എന്നിവിടങ്ങളില്‍ നടത്തിയ സര്‍വേയില്‍ മുന്‍കാലത്തെക്കാള്‍ കൂടുതല്‍ എണ്ണം കഴുകന്മാരെ കണ്ടെത്തിയിരിക്കുന്നു. നീലഗിരി ബയോസ്ഫിയര്‍ റിസര്‍വില്‍ (എന്‍ബിആര്‍) പൂര്‍ത്തിയാക്കിയ ഈ സര്‍വേയില്‍, വിവിധ ഇനങ്ങളിലായി 300-ലധികം കഴുകന്മാരെ കണ്ടെത്തി, തിരിച്ചറിഞ്ഞു രേഖപ്പെടുത്താനും സാധിച്ചതായി തമിഴ്‌നാട് വനംവകുപ്പ് വ്യക്തമാക്കിയിരുന്നു. ഇതില്‍ 82 ശതമാനവും മുതുമല-സത്യമംഗലം-ബന്ദിപ്പൂര്‍-വയനാട് മേഖലയിലാണ്. ഏറ്റവുമധികം എണ്ണം കഴുകന്മാരെ രേഖപ്പെടുത്തിയത് തമിഴ്നാട്ടിലെ മുതുമല, സത്യമംഗലം കടുവാ സങ്കേതങ്ങളിലും. വംശനാശഭീഷണി നേരിടുന്ന 217 വൈറ്റ്- റംപ്ഡ് കഴുകന്മാര്‍ (Gyps bengalensis), 47 ലോങ് ബില്‍ഡ് കഴുകന്മാര്‍ (Gyps indicus), 50 ഏഷ്യന്‍ കിങ് കഴുകന്മാര്‍ (Sarcogyps calvus), വംശനാശഭീഷണി നേരിടുന്ന നാല് ഈജിപ്ഷ്യന്‍ കഴുകന്മാര്‍ (Neophron percnopterus) രണ്ട് 'ഹിമാലയന്‍ ഗ്രിഫണ്‍' കഴുകന്മാര്‍ (Gyps himalayensis) എന്നിവയെയാണ് സര്‍വേയില്‍ രേഖപ്പെടുത്താനായത്. 2023 ഫെബ്രുവരിയില്‍ 246 ആയിരുന്ന കഴുകന്മാരുടെ എണ്ണം 2023 ഡിസംബര്‍ ആയപ്പോഴേക്കും 320 ആയി വര്‍ധിച്ചുവെന്നാണ് സര്‍വേ വ്യക്തമാക്കുന്നത്.
മനുഷ്യരുടെ ജനസംഖ്യാനിര്‍ണയത്തില്‍ കൃത്യമായ എണ്ണം തിട്ടപ്പെടുത്താന്‍ കഴിയും. എന്നാല്‍ വന്യജീവികളുടെ കണക്കെടുപ്പില്‍ കൃത്യമായ എണ്ണമെടുക്കാന്‍ സാധിച്ചേക്കില്ല. ആന, കടുവ പോലുള്ള വന്യജീവികളുടെ കണക്കെടുപ്പ് അവയുടെ റേഞ്ച് അല്ലെങ്കില്‍ കാണപ്പെടുന്നതോ വാസമുറപ്പിച്ചിരിക്കുന്നതോ ആയ ദൂരപരിധിയെ ആശ്രയിച്ചിരിക്കും. ഇത് കുറച്ചുകൂടി മെച്ചപ്പെട്ട രീതിയാണെന്നത് വിദഗ്ധരും ശരിവയ്ക്കുന്നു. പക്ഷികളുടെ കണക്കെടുപ്പ് കുറച്ചുകൂടി വെല്ലുവിളി നിറഞ്ഞതാണ്. വളരെ ഉയരത്തിലും താരതമ്യേന വേഗത്തിലുമാണ് കഴുകന്മാരെപ്പോലുള്ള പക്ഷികളുടെ സഞ്ചാരം. അതേസമയം വന്യജീവികളുടെ സെന്‍സസ് കൃത്യമായ എണ്ണം പ്രതീക്ഷിച്ചല്ല നടത്തുന്നതെന്ന് വന്യജീവി പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നവര്‍ പറയുന്നു. ഇന്ത്യയുടെ ദക്ഷിണ മേഖലയിലെ സംഖ്യാവര്‍ധന ആശയ്ക്ക് വക നല്‍കുന്നുണ്ടെങ്കിലും രാജ്യത്താകമാനമുള്ള കഴുകന്മാരുടെ എണ്ണം ആശങ്കയ്ക്കും വഴിവയ്ക്കുന്നുണ്ട്. ഒരുകാലത്ത് വന്‍തോതില്‍ കാണപ്പെടുകയും പിന്നീട് എണ്ണം കുറയുകയും ചെയ്ത ജീവജാലങ്ങളുടെ കഥ കഴുകന്മാരുടെ വിഷയത്തിലും ആവര്‍ത്തിക്കുന്നു. ഗുരുതരമായ രീതിയില്‍ എണ്ണം കുറയാന്‍ തുടങ്ങിയപ്പോഴാണ് ഇവയുടെ സംരക്ഷണത്തെപ്പറ്റിയുള്ള ആശയങ്ങള്‍ക്ക് ജീവന്‍വെച്ചത്.
വംശനാശത്തിന് പിന്നില്‍
കന്നുകാലികളിലെ വെറ്ററിനറി മരുന്നുകളുടെ ഉപയോഗമാണ് കഴുകന്മാരുടെ എണ്ണം കുറയലിനുള്ള പ്രധാന കാരണങ്ങളിലൊന്നായി ചൂണ്ടിക്കാട്ടപ്പെടുന്നത്. അതിനാല്‍ ഹാനികരമായ പദാര്‍ഥങ്ങളില്ലാത്ത സുരക്ഷിതമായ മാംസം കഴുകന്മാരുടെ വിഷയത്തില്‍ പ്രാധാന്യം അര്‍ഹിക്കുന്ന ഒന്നാണ്. കേരളത്തിലെ കഴുകന്മാര്‍ക്ക് ഭക്ഷ്യലഭ്യതയുടെ പ്രധാന ഉറവിടമാകുന്നത് വന്യജീവികളുടെ ജഡമാണ് (wild carcass). എന്നാല്‍ വടക്കേ ഇന്ത്യയില്‍, പ്രത്യേകിച്ചും നഗരപ്രദേശങ്ങളില്‍ കാണപ്പെടുന്ന കഴുകന്മാര്‍ക്ക് ഭക്ഷണം ലഭ്യമാകുന്നത് അറവുശാലകളില്‍നിന്നാണ്. അറവുശാലകളിലെത്തുന്ന കന്നുകാലികള്‍ക്ക് വിവിധ രോഗങ്ങള്‍ക്കുള്ള വേദനസംഹാരിയെന്ന നിലയില്‍ നല്‍കുന്ന ഡൈക്ലോഫെനാക് (Diclofenac) എന്ന മരുന്ന് കഴുകന്മാരുടെ കൂട്ടമരണത്തിന് കാരണമാകുന്നുവെന്ന് 2004-ല്‍ ഇന്ത്യന്‍ ഉപഭൂഖണ്ഡത്തില്‍ നടത്തിയ പഠനത്തില്‍ കണ്ടെത്തി. ഈ മരുന്നിന്റെ അമിത ഉപയോഗം വഴി കന്നുകാലികളുടെ മാംസത്തില്‍ ഇതിന്റെ അംശം ഏറെനാള്‍ നീണ്ടുനില്‍ക്കുകയും ആ മാംസം ഭക്ഷിക്കുന്നത് കഴുകന്മാര്‍ക്ക് ജീവഹാനി സംഭവിക്കുന്നതിന് കാരണമാകുകയും ചെയ്യുന്നുവെന്നാണ് കണ്ടെത്തിയത്. ഇത് തിരിച്ചറിഞ്ഞതിനുശേഷം ഡൈക്ലോഫെനാക്കിന് നിരോധനം വന്നു. പകരം ഉപയോഗിക്കാവുന്ന മരുന്നുകളും നിര്‍ദേശിക്കപ്പെട്ടു. പക്ഷേ മനുഷ്യരിലെ ഉപയോഗത്തിന് നിരോധനം ഏര്‍പ്പെടുത്തിയിട്ടില്ലാത്ത ഈ മരുന്ന് ഇപ്പോള്‍ പലയിടത്തും കന്നുകാലികളുടെ ചികിത്സയ്ക്കായി ഉപയോഗിക്കുന്നുണ്ടെന്നതാണ് വിരോധാഭാസം.
ശരീരപ്രകൃതി
വരണ്ട കാലാവസ്ഥയുള്ള പ്രദേശങ്ങളിലും പശ്ചിമഘട്ടംപോലുള്ള നിബിഡവനങ്ങളിലും (Dense Forest) കഴുകന്മാരെ കാണാന്‍ കഴിയും. മെലിഞ്ഞുനീണ്ട കഴുത്ത്, തൂവലുകളില്ലാത്ത തലയും കഴുത്തും (ചിലയിനം കഴുകന്മാര്‍ക്ക് കഴുത്തില്‍ തൂവലുണ്ട്): കഴുകന്മാരെ തിരിച്ചറിയാന്‍ ഈ ശരീരപ്രകൃതിതന്നെ ധാരാളം. ഇത്തരം ശരീരപ്രകൃതി ഇവയ്ക്ക് എങ്ങനെ ഗുണകരമാകുമെന്നതിനെപ്പറ്റി പല ഊഹാപോഹങ്ങളുമുണ്ട്. ഇതില്‍ വസ്തുതാപരമായ വ്യക്തത വരുത്തുന്നതിന് 2008 മാര്‍ച്ചില്‍ യൂണിവേഴ്‌സിറ്റി ഓഫ് ഗ്ലാസ്‌ഗോ (University of Glasgow) പ്രസിദ്ധീകരിച്ച പഠനറിപ്പോര്‍ട്ട് പ്രധാന പങ്കുവഹിച്ചിട്ടുണ്ട്. ഗ്രിഫണ്‍ വള്‍ച്ചറുകളില്‍ (Griffon vultures) നടത്തിയ ഈ പഠനങ്ങള്‍ ചില മുന്‍ധാരണകളെ തിരുത്തിക്കുറിച്ചു. അതിവേഗം പറന്നുയരാന്‍ ഈ രൂപം കഴുകന്മാരെ സഹായിക്കുന്നുണ്ട് എന്നതാണ് കണ്ടെത്തലുകളിലൊന്ന്. പറന്നുയര്‍ന്ന് ഏതാനും മിനിറ്റുകള്‍ക്കുള്ളില്‍ ഗ്രിഫണ്‍ വള്‍ച്ചറുകള്‍ വളരെ ഉയരത്തിലെത്തിയിരിക്കും. അന്തരീക്ഷ താപനിലയെ നേരിടുന്നതാണ് മറ്റൊന്ന്. ശരീരത്തിലെ ചൂട് നിലനിര്‍ത്താനായി തലഭാഗം പരമാവധി ശരീരത്തോട് ചേര്‍ത്ത് ഉള്ളിലാക്കിപ്പിടിച്ചാണ് തണുപ്പുള്ള കാലാവസ്ഥയെ കഴുകന്മാര്‍ നേരിടുക. ചൂടേറിയ അവസ്ഥയില്‍ നീളന്‍ കഴുത്ത് പുറത്തേക്ക് നീട്ടി ചൂടിനെ പരമാവധി പ്രതിരോധിക്കുന്നു. മാംസം കൊത്തുന്നതിനിടയില്‍ കഴുത്തിലും മറ്റുമായി രക്തവും മാംസവും പറ്റാതിരിക്കാനുള്ള പരിണാമപരമായ പ്രത്യേകതയാകാം തൂവലില്ലാത്ത കഴുത്തെന്ന് നേരത്തേതന്നെ കരുതപ്പെടുന്നുണ്ട്.
ഒന്‍പതോളം ഇനം കഴുകന്മാരെ ഇന്ത്യയില്‍ തിരിച്ചറിഞ്ഞിട്ടുണ്ട്. കാഴ്ചയില്‍ ഭീമാകാരരാണെങ്കിലും കഴുകന്മാര്‍ പ്രശ്‌നക്കാരല്ല. മനുഷ്യവാസമുള്ള പ്രദേശങ്ങളിലും ഇവയുണ്ട്. വടക്കേ ഇന്ത്യയില്‍, പ്രധാനമായും ഡല്‍ഹിപോലുള്ളിടങ്ങളില്‍, പുറന്തള്ളുന്ന മാംസം സുലഭമായി ലഭിക്കുമെന്നതിനാല്‍ അവിടെ കഴുകന്മാരെ ധാരാളം കാണാന്‍ കഴിയും. പക്ഷികളിലെ മറ്റിനങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ വലുപ്പമേറിയ കൂടുകളാണ് കഴുകന്മാര്‍ക്കുള്ളത്. ഇന്ത്യന്‍ വള്‍ച്ചറുകള്‍ (Indian vulture) മലഞ്ചെരിവുകളിലാണ് (cliff) കൂടൊരുക്കുക. വൈറ്റ് റംപ്ഡ് വള്‍ച്ചറുകള്‍ (White rumped vulture) കൂടൊരുക്കുന്നത് വലിയ മരങ്ങളിലാണ്. വേട്ടയാടാത്ത പക്ഷികളാണ് കഴുകന്മാര്‍. ഈ ശവംതീനികള്‍ പരിസരശുചീകരണത്തില്‍ വഹിക്കുന്ന പങ്ക് ചെറുതല്ല. 40 മുതല്‍ 50 വരെ വരുന്ന കഴുകന്മാരുടെ സംഘത്തിന് 20 മിനിറ്റില്‍ ഒരു പശുവിന്റെ മാംസം പൂര്‍ണമായും അകത്താക്കാന്‍ കഴിയും. ഇത് മറ്റ് സ്‌കാവഞ്ചേഴ്സുമായി (മൃതാവശിഷ്ടങ്ങള്‍ ഭക്ഷണമാക്കുന്ന ജീവികള്‍) താരതമ്യം ചെയ്യുമ്പോള്‍ വളരെ ചെറിയ സമയമാണ്.
സംരക്ഷണപ്രവര്‍ത്തനങ്ങളും വെല്ലുവിളികളും
ഇന്ത്യയില്‍ മധ്യപ്രദേശിലാണ് കഴുകന്മാരുടെ മിക്ക ഇനങ്ങളെയും കാണാന്‍ സാധിക്കുന്നത്. കൂടൊരുക്കുന്നതുപോലുള്ള കാര്യങ്ങള്‍ക്ക് ഇവിടെ സ്ഥിതി അനുകൂലമാണ് എന്നതുതന്നെ കാരണം. അടിക്കടി നടത്തുന്ന സര്‍വേകളിലൂടെ ഇവിടത്തെ കഴുകന്മാരുടെ എണ്ണം ഏറക്കുറെ മനസ്സിലാക്കാന്‍ സാധിക്കുന്നുണ്ട്. കഴുകന്മാരുടെ എണ്ണമെടുക്കലിന് സിന്‍ക്രണൈസ്ഡ് (Synchronized) സര്‍വേ രീതിയാണ് നല്ലതെന്ന് വിദഗ്ധര്‍ പറയുന്നു. ഏതൊരു വന്യജീവിയുടെ ജീവിതചക്രത്തിലും കാലാവസ്ഥയ്ക്ക് സുപ്രധാനമായ പങ്കുണ്ട്. എന്നാല്‍, കഴുകന്മാരെ സംബന്ധിച്ചിടത്തോളം കാലാവസ്ഥ മാത്രമല്ല നിര്‍ണായകം. ഭക്ഷ്യലഭ്യത, ജലസ്രോതസ്സ് പോലുള്ള അനേകം ഘടകങ്ങള്‍ ആ പ്രദേശത്ത് വാസമുറപ്പിക്കുന്നതില്‍ കഴുകന്മാര്‍ പരിഗണിക്കുന്നുണ്ട്. കൂടൊരുക്കുന്ന മേഖലകളുടെ സമീപത്തായി ഏതെങ്കിലും തരത്തിലുള്ള ശല്യമുണ്ടാകുന്നത് ഇവയ്ക്ക് പ്രജനനം നടത്തുന്നതിന് വെല്ലുവിളിയാണ്. ഈ മേഖലകള്‍ക്ക് വേണ്ട സുരക്ഷിതത്വം ഉറപ്പാക്കുകയെന്നത് അതിപ്രധാനമാണ്. മുന്‍പ് എണ്ണത്തില്‍ ഏറെയുണ്ടായിരുന്ന 'റെഡ്-ഹെഡ്ഡഡ് വള്‍ച്ചറി'നെ കേരളത്തില്‍ ഇപ്പോള്‍ വയനാട്ടില്‍ മാത്രമാണ് കാണാന്‍ സാധിക്കുന്നത്. സംരക്ഷിതമേഖലയ്ക്ക് പുറത്ത് ഇവയെ കാണാനുള്ള സാധ്യത നന്നേ കുറവാണ്. 'സ്ലെന്‍ഡര്‍-ബില്‍ഡ് വള്‍ച്ചര്‍' (Slender-Billed Vulture) വടക്കുകിഴക്കന്‍ ഇന്ത്യയിലായി ചുരുങ്ങിയിട്ടുണ്ട്.
രാജ്യത്ത് കഴുകന്മാരുടെ സംരക്ഷണവുമായി ബന്ധപ്പെട്ട് അഭിനന്ദനാര്‍ഹമായ നിരവധി സംഭവങ്ങള്‍ അടുത്തകാലത്തുണ്ടായെന്നത് ശുഭസൂചനയാണ്. പല സംസ്ഥാനങ്ങളിലെയും വനംവകുപ്പ് സംരക്ഷണപ്രവര്‍ത്തനങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നുണ്ട്. പ്രദേശവാസികളെയും ഇത്തരം പ്രവര്‍ത്തനങ്ങളുടെ ഭാഗമാക്കുന്നു. മാംസം കൂടുതല്‍ നിക്ഷേപിക്കുന്ന സ്ഥലങ്ങള്‍, കൂടൊരുക്കുന്ന പ്രദേശം എന്നിവ കണ്ടെത്തുന്നതില്‍ പ്രദേശവാസികളുടെ സഹായം അത്യാവശ്യമായിവന്നേക്കാം. രാജ്യത്ത് കഴുകന്മാരുടെ സംരക്ഷണത്തിനായി ആവിഷ്‌കരിച്ച സുപ്രധാന ആശയമാണ് 'വള്‍ച്ചര്‍ റസ്റ്ററന്റ്'. വാഹനാപകടങ്ങളിലോ അല്ലാതെയോ ചാവുന്ന മൃഗങ്ങളെ സംസ്‌കരിക്കാതെ, കാട്ടില്‍ കഴുകന്മാരെത്തുന്ന തുറന്ന സ്ഥലങ്ങളില്‍ കൊണ്ടിടുകയും അവ കഴുകന്മാര്‍ ഭക്ഷണമാക്കിമാറ്റുകയും ചെയ്യുന്നതാണ് 'വള്‍ച്ചര്‍ റസ്റ്ററന്റ്' എന്ന സങ്കല്പം. കഴുകന്മാര്‍ കൂടൊരുക്കുന്നതിന് സമീപത്ത് 'വള്‍ച്ചര്‍ റസ്റ്ററന്റുകള്‍' ആരംഭിക്കുന്നത് ഏറെ പ്രയോജനം ചെയ്യുമെന്ന നിര്‍ദേശമാണ് സംരക്ഷണപ്രവര്‍ത്തനങ്ങളുമായി മുന്നോട്ടുപോകുന്ന വിദഗ്ധര്‍ക്ക് പറയാനുള്ളത്. ജാര്‍ഖണ്ഡടക്കമുള്ള ഇടങ്ങളില്‍ 'വള്‍ച്ചര്‍ റസ്റ്ററന്റുകള്‍' സമീപകാലത്ത് പ്രവര്‍ത്തനമാരംഭിച്ചു. വയനാട് വന്യജീവിസങ്കേതത്തിലെ മുത്തങ്ങയ്ക്കടുത്തുള്ള കാക്കപ്പാടം, ബന്ദിപ്പുര്‍, മുതുമല തുടങ്ങിയവയെല്ലാം ഇത്തരത്തില്‍ കഴുകന്മാര്‍ക്കുള്ള റസ്റ്ററന്റുകളാണ്. സംരക്ഷിതമേഖലകള്‍ 'വള്‍ച്ചര്‍ റസ്റ്ററന്റുകള്‍' ആരംഭിക്കാന്‍ അനുയോജ്യമായ സ്ഥലമാണ്. മാംസം പുറന്തള്ളപ്പെടുന്ന പ്രദേശങ്ങളില്‍ നായകളുണ്ടായാല്‍, മാംസം കഴുകന്മാര്‍ക്ക് കിട്ടണമെന്നില്ല. വേലികളോ മതിലുകളോ കൊണ്ട് വേര്‍തിരിച്ചാണ് 'വള്‍ച്ചര്‍ റസ്റ്ററന്റുകള്‍' സംരക്ഷിക്കുന്നത്. 'വള്‍ച്ചര്‍ റസ്റ്ററന്റുകള്‍' സ്ഥാപിക്കുന്നതിനുമുന്‍പ് കഴുകന്മാരുടെ ഭക്ഷ്യലഭ്യതയെക്കുറിച്ച് കൃത്യമായ പഠനം നടത്തണം. ഭക്ഷ്യലഭ്യതയില്‍ കുറവുണ്ടെങ്കില്‍മാത്രമേ 'വള്‍ച്ചര്‍ റസ്റ്ററന്റുകള്‍' ഗുണം ചെയ്യൂ.
ക്യാപ്റ്റീവ് ബ്രീഡിങ്, എണ്ണം കുറഞ്ഞ പ്രദേശങ്ങളിലെ റീഇന്‍ട്രൊഡക്ഷന്‍ (പുനരവതരണം) എന്നിവയും കഴുകന്മാരുടെ വിഷയത്തില്‍ ഗുണകരമാണ്. 'ക്യാപ്റ്റീവ് ബ്രീഡിങ്' നടത്തി വനപ്രദേശങ്ങളില്‍ തുറന്നുവിട്ടുള്ള സംരക്ഷണപ്രവര്‍ത്തനങ്ങള്‍ പലയിടങ്ങളിലായി നടക്കുന്നു. 'ക്യാപ്റ്റീവ് ബ്രീഡ്' ചെയ്ത ഇരുപത് കഴുകന്മാരെ പെഞ്ചിലെ ടൈഗര്‍ റിസര്‍വിലും തഡോബ-അന്ധാരി ടൈഗര്‍ റിസര്‍വിലും തുറന്നുവിട്ടത് ഇക്കഴിഞ്ഞ ജനുവരിമാസത്തിലാണ്. ഇത്തരം വന്യജീവിസങ്കേതങ്ങളിലും കടുവാസങ്കേതങ്ങളിലും അനുകൂലമായ ആവാസവ്യവസ്ഥയുണ്ട്. കടുവകള്‍, പുള്ളിപ്പുലി പോലുള്ള വന്യജീവികള്‍ ഭക്ഷിച്ച് ബാക്കിവന്ന മാംസവും കഴുകന്മാര്‍ക്ക് ലഭിക്കും. ഡബ്ല്യു.ഡബ്ല്യു.എഫ്. ഇന്ത്യ (ണണഎ കിറശമ) രാജ്യത്ത് ഇരുപത് പ്രദേശങ്ങളിലായുള്ള കഴുകന്മാരുടെ കൂടുകള്‍ നിരന്തരം നിരീക്ഷിച്ചുവരുന്നുണ്ട്. ഗോശാലകളില്‍ കഴുകന്മാര്‍ക്ക് നല്‍കുന്ന മാംസം എങ്ങനെ സുരക്ഷിതമാക്കാമെന്ന വിഷയത്തില്‍ ബോധവത്കരണത്തിനും വിവിധ സംഘടനകള്‍ മുന്‍തൂക്കം നല്‍കുന്നു. സംരക്ഷണപ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ കാര്യക്ഷമമാകുന്നതിനനുസരിച്ച് ഭാവിയില്‍ കഴുകന്മാരുടെ എണ്ണത്തില്‍ വര്‍ധനയുണ്ടാകുമെന്ന ശുഭപ്രതീക്ഷയിലാണ് ഗവേഷകരും പരിസ്ഥിതിപ്രവര്‍ത്തകരും. ഗുരുതര വംശനാശഭീഷണിയില്‍ മണ്‍മറയലിന്റെ വക്കിലെത്തിയ കഴുകന്മാര്‍ക്ക് തണലൊരുക്കാന്‍ ഇന്ത്യക്ക് സാധിച്ചെന്നത് വലിയ നേട്ടംമാത്രമല്ല, സംരക്ഷണപ്രവര്‍ത്തനങ്ങളില്‍ മറ്റ് രാജ്യങ്ങള്‍ക്കൊരു മാതൃകകൂടിയാണ്.
(2024 മാർച്ച് ലക്കം മാതൃഭൂമി ജി.കെ ആൻഡ് കറന്റ് അഫയേഴ്സിൽ പ്രസിദ്ധീകരിച്ച ലേഖനം)
Content Highlights: vulture conservation progress in india