UN വേദിയിൽ തിളങ്ങിയ ‘വിവിഫിക്ക’; മാലിന്യത്തെ ഊർജ്ജമാക്കി മാറ്റുന്ന കേരളത്തിന്റെ സ്റ്റാർട്ടപ്പ് കഥ

തിരുവനന്തപുരം എസ്പി മെഡിഫോർട്ടിൽ സ്ഥാപിച്ച വെനറേറ്റർ
തിരുവനന്തപുരം എസ്പി മെഡിഫോർട്ടിൽ സ്ഥാപിച്ച വെനറേറ്റർ

നഗരവൽക്കരണത്തിന്റെ വേഗതയിൽ നമ്മൾ വലിച്ചെറിയുന്ന ഓരോ പിടി ഭക്ഷണാവശിഷ്ടവും ഭൂമിക്ക് ഭാരമാകുമ്പോൾ, അതിൽനിന്ന് വെളിച്ചവും ഊർജ്ജവും കണ്ടെത്തുകയാണ് 'വിവിഫിക്ക സസ്റ്റെയിനബിൾ സൊല്യൂഷൻസ്' എന്ന കേരളീയ സ്റ്റാർട്ടപ്പ്. മാലിന്യത്തെ ശാപമായല്ല, മറിച്ച് ശരിയായി വിനിയോഗിക്കപ്പെടാത്ത വിഭവമായാണ് ഇവർ കാണുന്നത്. ഇന്ത്യയുടെ മാറുന്ന നഗരസാഹചര്യങ്ങളിൽ വിപ്ലവകരമായ മാറ്റം കുറിക്കാൻ ഈ സംരംഭത്തിന് സാധിക്കുന്നു.

ഇന്ത്യയിലെ നഗരവൽക്കരണവും മാറുന്ന ഭക്ഷണരീതികളും കാരണം ഓരോ വർഷവും ഏകദേശം 3 കോടി ടൺ ജൈവമാലിന്യമാണ് സൃഷ്ടിക്കപ്പെടുന്നത്. ഈ മാലിന്യത്തിന്റെ സിംഹഭാഗവും ലാൻഡ്‌ഫില്ലുകളിലേക്കാണ് തള്ളപ്പെടുന്നത്. ഇത് ഭൂമിയും ജലസ്രോതസ്സുകളും മലിനമാക്കുന്നതിനോടൊപ്പം മീഥേൻ പോലുള്ള ഹരിതഗൃഹ വാതകങ്ങൾ പുറത്തുവിടുന്നതിനും ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്കും കാരണമാകുന്നു.

ഈ പരിസ്ഥിതി വെല്ലുവിളിയെ നേരിടാൻ വിവിഫിക്ക വികസിപ്പിച്ചെടുത്ത സാങ്കേതികവിദ്യ ഉറവിടത്തിൽ തന്നെ മാലിന്യസംസ്കരണം സാധ്യമാക്കുന്നു. അപ്പാർട്ട്മെന്റുകൾ മുതൽ വലിയ ആശുപത്രികൾക്കും ഹോട്ടലുകൾക്കും വരെ ഒരുപോലെ ഉപയോഗിക്കാവുന്ന രീതിയിലാണ് ഇതിന്റെ പ്രവർത്തനം. മാലിന്യത്തെ വെറും പാഴ്വസ്തുവായി കാണാതെ ഊർജ്ജമാക്കി മാറ്റുന്ന ഈ ആശയം ഇന്ന് രാജ്യവ്യാപകമായി ശ്രദ്ധിക്കപ്പെടുകയാണ്.

2026-ലെ ഖരമാലിന്യ സംസ്‌കരണ ചട്ടങ്ങൾ (Solid Waste Management Rules 2026) പ്രകാരം വൻകിട മാലിന്യ ഉൽപ്പാദകരായ സ്ഥാപനങ്ങൾ ജൈവമാലിന്യം സ്വന്തം നിലയിൽ സംസ്കരിക്കേണ്ടത് നിർബന്ധമാണ്. ലാൻഡ്‌ഫില്ലുകളിലേക്കുള്ള മാലിന്യത്തിന്റെ ഒഴുക്ക് കുറയ്ക്കുക എന്നതാണ് പ്രധാന ലക്ഷ്യം. നിയമം കർശനമായതോടെ വിവിഫിക്ക വികസിപ്പിച്ചെടുത്ത സാങ്കേതികവിദ്യയുടെ പ്രസക്തിയും ഇരട്ടിയായി.

വ്യക്തിപരമായ പ്രശ്നത്തിൽ നിന്നാരംഭിച്ച സംരംഭം

ഈ സംരംഭത്തിന്റെ പിന്നിൽ റിനു തോമസ്, ദിലീപ് മാത്യൂസ് പോൾ എന്നീ യുവാക്കളുടെ നിശ്ചയദാർഢ്യമാണുള്ളത്. ബിറ്റ്‌സ് പിലാനിയിൽനിന്ന് മെക്കാനിക്കൽ എഞ്ചിനീയറിങിൽ ഉയർന്ന പഠനം പൂർത്തിയാക്കിയവരാണ് ഇരുവരും. വിദേശത്ത് ഗവേഷണത്തിന് അവസരങ്ങൾ ഉണ്ടായിട്ടും സ്വന്തം നാട്ടിലെ പ്രശ്നങ്ങൾക്ക് പരിഹാരം കാണണമെന്ന ആഗ്രഹമാണ് ഇവരെ സംരംഭകത്വത്തിലേക്ക് എത്തിച്ചത്.

നഗരജീവിതത്തിൽ ഇവർ നേരിട്ട വ്യക്തിപരമായ അനുഭവങ്ങളാണ് സ്റ്റാർട്ടപ്പിന് വിത്ത് പാകിയത്. ഭക്ഷണാവശിഷ്ടങ്ങൾ ദിവസങ്ങളോളം കെട്ടിക്കിടന്ന് ദുർഗന്ധമുണ്ടാക്കുന്നതും അത് സൃഷ്ടിക്കുന്ന ആരോഗ്യപ്രശ്നങ്ങളും നേരിട്ട് ബോധ്യപ്പെട്ടതോടെ പ്രായോഗിക പരിഹാരം വേണമെന്ന ചിന്ത ഉയർന്നുവന്നു. നിതിൻ തോമസും ആദർശ് ജോണിയും കൂടി ചേർന്നതോടെ ‘വിവിഫിക്ക’യുടെ അടിത്തറ ശക്തമായി. സാമ്പത്തിക ക്രമീകരണങ്ങൾ, പ്രവർത്തന ഏകോപനം തുടങ്ങിയ മേഖലകളിൽ ഇവരുടെ പങ്ക് വളർച്ചയിൽ നിർണ്ണായകമായി. ഈ നാലുപേരുടെ കൂട്ടായ പ്രവർത്തനമാണ് ‘വിവിഫിക്ക’യുടെ ഉയർച്ചയുടെ പിന്നിൽ.

വിവിഫിക്ക സ്ഥാപകർ

ഏഴ് വർഷം നീണ്ട ഗവേഷണവും സ്ഥിരതയും

‘വിവിഫിക്ക’ വികസിപ്പിച്ച ഉൽപ്പന്നം ഒരു രാത്രികൊണ്ട് രൂപപ്പെട്ടതല്ല. ഏഴ് വർഷത്തിലധികം നീണ്ട ഗവേഷണവും പരീക്ഷണങ്ങളും ഫീൽഡ് അനുഭവങ്ങളും ചേർന്നതാണ് ഇന്നത്തെ സംവിധാനം. പല പരീക്ഷണ പ്ലാന്റുകളും പ്രതീക്ഷിച്ച ഫലം നൽകാതെ പോയി. ചില ഘട്ടങ്ങളിൽ മുഴുവൻ സംവിധാനവും പുനർനിർമ്മിക്കേണ്ട സാഹചര്യങ്ങളും ഉണ്ടായി.

ഒരിക്കൽ ഒരു പരീക്ഷണ സംവിധാനം അപകടത്തിൽ പെട്ട് നശിച്ചപ്പോഴും അവർ അത് പാഠമായി ഉൾക്കൊണ്ട് വീണ്ടും തുടക്കം കുറിക്കുകയാണുണ്ടായത്. ഈ ക്ഷമയും സ്ഥിരതയുമാണ് ‘വിവിഫിക്ക’യെ വിപണിയിൽ വിശ്വസനീയമായ ബ്രാൻഡാക്കി മാറ്റിയതെന്ന് ഇവർ പറയുന്നു. ഇന്ന് പന്ത്രണ്ടോളം വിദഗ്ധരടങ്ങുന്ന കരുത്തുറ്റ സാങ്കേതിക സംഘം ഇവർക്കൊപ്പമുണ്ട്.

ഇന്ത്യൻ ബയോഗ്യാസ് അസോസിയേഷൻ നൽകിയ മാർഗ്ഗനിർദ്ദേശങ്ങളും കൊച്ചിയിലെ മേക്കർ വില്ലേജ് നൽകിയ ഇൻകുബേഷൻ പിന്തുണയും കമ്പനിയുടെ വളർച്ചയിൽ വലിയ പങ്കുവഹിച്ചു. പ്രോട്ടോടൈപ്പ് വികസിപ്പിക്കുന്നത് മുതൽ ഗ്രാന്റുകൾ കണ്ടെത്തുന്നതിൽവരെ ഈ സ്ഥാപനങ്ങളുടെ സഹായം ലഭിച്ചു. സ്റ്റാർട്ടപ്പ് ഇന്ത്യ, കേരള സ്റ്റാർട്ടപ്പ് മിഷൻ എന്നിവയുടെ അംഗീകാരങ്ങളും ഗ്രാന്റുകളും പ്രവർത്തനങ്ങൾ വിപുലീകരിക്കാൻ കരുത്തായി. സർക്കാർ നൽകിയ പിന്തുണ പരീക്ഷണ പ്ലാന്റുകൾ സ്ഥാപിക്കുന്നതിനും ഉൽപ്പന്നത്തിന്റെ ഗുണമേന്മ ഉറപ്പാക്കുന്നതിനും ഉപയോഗിച്ചു.

പാരമ്പര്യ ബയോഗ്യാസ് സംവിധാനങ്ങളുടെ പരിമിതികളും ‘വിവിഫിക്ക’യുടെ സാങ്കേതിക ഇടപെടലും

പരമ്പരാഗത ബയോഗ്യാസ് പ്ലാന്റുകൾ നഗരങ്ങളിൽ പലപ്പോഴും പരാജയപ്പെടാനുള്ള പ്രധാന കാരണം രൂപകൽപ്പനയിലെ പോരായ്മയായിരുന്നു. ഒരേ സ്വഭാവമുള്ള വസ്തുക്കൾ മാത്രം സംസ്കരിക്കാനാണ് അവ രൂപകൽപ്പന ചെയ്തിരുന്നത്. എന്നാൽ, നഗരങ്ങളിലെ മാലിന്യം ചോറ്, എണ്ണ, നാരുകൾ എന്നിവ കലർന്ന മിശ്രിത സ്വഭാവമുള്ളതാണ്. ഇത്തരം മിശ്രിത മാലിന്യങ്ങൾ സാധാരണ പ്ലാന്റുകളിൽ പൂർണ്ണമായി ദഹിക്കാതെ വരികയും ദുർഗന്ധമുണ്ടാക്കുകയും ചെയ്യുന്നു.

ഓരോ ഘടകത്തിനും ദഹിക്കാൻ ആവശ്യമായ സമയം വ്യത്യസ്തമായതിനാൽ, ചില ഭാഗങ്ങൾ മാത്രം ദഹിക്കുകയും ശേഷിക്കുന്നവ പൂർണ്ണമായി സംസ്കരിക്കപ്പെടാതെ പുറത്തേക്ക് പോകുകയും ചെയ്യുന്നതോടെ ഗ്യാസ് ഉൽപ്പാദനം കുറയുകയും സംവിധാനത്തിനുള്ളിൽ അടിഞ്ഞുകൂടുന്ന അവശിഷ്ടങ്ങൾ പ്രവർത്തന തടസ്സങ്ങൾ സൃഷ്ടിക്കുകയും ദുർഗന്ധം വർദ്ധിക്കുകയും ചെയ്യുന്നു. തുടർച്ചയായ മാനുവൽ ശുചീകരണവും പരിപാലനവും ആവശ്യമായി വരുന്നത് പല സ്ഥാപനങ്ങളെയും പ്ലാന്റുകൾ ഉപേക്ഷിക്കാൻ വരെ നയിച്ചു.

ഈ പ്രശ്നം പരിഹരിക്കാൻ ‘വിവിഫിക്ക’ മൾട്ടി-സ്റ്റേജ് ഡൈജസ്റ്റർ, സെലക്ടീവ് റീസർക്കുലേഷൻ എന്നീ നൂതന സാങ്കേതികവിദ്യകൾ അവതരിപ്പിച്ചു. ‘വിവിഫിക്ക’യുടെ വെനറേറ്റർ(WENERATOR) എന്ന ഉൽപ്പന്നം ഈ സാങ്കേതികവിദ്യയിലൂടെ മാലിന്യത്തിലെ ഊർജ്ജസാധ്യത പരമാവധി പ്രയോജനപ്പെടുത്തുന്നു. ദഹിക്കാൻ എളുപ്പമുള്ളവയും സമയം ആവശ്യമുള്ളവയും വേർതിരിച്ച് സംസ്കരിക്കുന്നതിലൂടെ ഗ്യാസ് ഉൽപ്പാദനം വർദ്ധിപ്പിക്കാനും പരിപാലന ചെലവ് കുറയ്ക്കാനും സാധിക്കുന്നു.

മാലിന്യം ആദ്യം പ്രീട്രീറ്റ്‌മെന്റ് ഘട്ടത്തിലൂടെ കടന്ന് ദഹിക്കാൻ എളുപ്പമുള്ള ഘടകങ്ങളും കൂടുതൽ സമയം ആവശ്യമായ ഘടകങ്ങളും വേർതിരിക്കുന്നു. ദഹിക്കാൻ തയ്യാറായ ഭാഗങ്ങൾ മാത്രം പ്രധാന ഡൈജസ്റ്ററിലേക്ക് പ്രവേശിപ്പിക്കുകയും ശേഷിക്കുന്ന ഘടകങ്ങളെ വീണ്ടും പ്രാരംഭ ഘട്ടത്തിലേക്ക് തിരിച്ചയക്കുകയും ചെയ്യുന്നു. ഇതിലൂടെ മാലിന്യത്തിലെ ഊർജ്ജസാധ്യത കൂടുതൽ കാര്യക്ഷമമായി ഉപയോഗിക്കപ്പെടുകയും ഗ്യാസ് ഉൽപ്പാദനം വർദ്ധിക്കുകയും പ്ലാന്റിന്റെ പ്രവർത്തനം സ്ഥിരതയാർജിക്കുകയും പരിപാലന ആവശ്യങ്ങൾ കുറയുകയും ചെയ്യുന്നു.

ഗ്യാസ് ശുദ്ധീകരണം സാമ്പത്തികമായി സാധ്യമാക്കിയ സംവിധാനം

സാധാരണയായി ബയോഗ്യാസ് ശുദ്ധീകരണ സംവിധാനം വലിയ വ്യാവസായിക പ്ലാന്റുകളിൽ മാത്രമാണ് സാമ്പത്തികമായി പ്രായോഗികമായിരുന്നത്. ‘വിവിഫിക്ക’ വികസിപ്പിച്ച ചെലവ് കുറഞ്ഞ ഗ്യാസ് ശുദ്ധീകരണ സംവിധാനം ഉറവിടതല പ്ലാന്റുകളിലും പ്രായോഗികമാക്കിയതായി ഇവർ പറയുന്നു. ഇതുവഴി ഗ്യാസ് ഉയർന്ന ഗുണമേന്മയിൽ സംഭരിക്കാനും വിവിധ ആവശ്യങ്ങൾക്ക് ഉപയോഗിക്കാനും സാധിക്കുന്നു. ഇതോടെ ഉറവിടതല ബയോഗ്യാസ് പ്ലാന്റുകൾ കൂടുതൽ സാമ്പത്തികമായി പ്രായോഗികമായ സംവിധാനങ്ങളായി മാറുന്നു.

തിരുവനന്തപുരത്തെ എസ്.പി. മെഡിഫോർട്ട് ഹോസ്പിറ്റലാണ് ‘വിവിഫിക്ക’യുടെ ആദ്യ വലിയ പൈലറ്റ് പ്ലാന്റിന് വേദിയൊരുക്കിയത്. പുതിയൊരു സ്റ്റാർട്ടപ്പിന്റെ ആശയത്തിൽ വിശ്വാസമർപ്പിച്ച് ഉടമകൾ നൽകിയ  പിന്തുണ വലിയൊരു മുന്നേറ്റത്തിന് കാരണമായി. ഐഐടി കാൺപൂർ, ഐഐടി മദ്രാസ്, ഐഐഎം കൽക്കട്ട, ഐഐഎം ബെംഗളൂരൂ തുടങ്ങിയ പ്രമുഖ സ്ഥാപനങ്ങളിൽനിന്ന് ഇതിനകം ‘വിവിഫിക്ക’ അംഗീകാരങ്ങൾ നേടിയിട്ടുണ്ട്. കൂടാതെ ഐക്യരാഷ്ട്ര സഭയുടെ സർക്കുലർ ഇക്കോണമി ഫോറത്തിൽ ഇന്ത്യയെ പ്രതിനിധീകരിക്കാൻ തിരഞ്ഞെടുക്കപ്പെട്ട ചുരുക്കം ചില സ്റ്റാർട്ടപ്പുകളിൽ ഒന്നായും ഇവർ മാറി.

പ്രവർത്തന പുരോഗതിയും വ്യാപനവും

കേരളത്തിലും ഇന്ത്യയിലെ ചില സംസ്ഥാനങ്ങളിലുമുള്ള ആശുപത്രികളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലുമെല്ലാം വെനറേറ്റർ സ്ഥാപിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. ചില നഗരസഭകളും ഉറവിടതല മാലിന്യസംസ്കരണ പരിഹാരങ്ങൾക്കായി ‘വിവിഫിക്ക’യെ സമീപിച്ചു തുടങ്ങിയിട്ടുണ്ട്.

മാലിന്യസംസ്കരണത്തിൽനിന്ന് ജലശുദ്ധീകരണ മേഖലയിലേക്കും ‘വിവിഫിക്ക’ തങ്ങളുടെ സാന്നിധ്യം അറിയിക്കുന്നു. വിവിഡ്യൂ ഇന്നൊവേഷൻസ് എന്ന പുതിയ സംരംഭത്തിലൂടെ ആശുപത്രി മലിനജലത്തിലെ ആന്റിമൈക്രോബിയൽ റെസിസ്റ്റൻസ് പ്രശ്നങ്ങൾ പരിഹരിക്കാനുള്ള ഗവേഷണങ്ങൾ ഇവർ നടത്തുന്നുണ്ട്.

ഇന്ത്യയിലെ വിവിധ നഗര ഭരണസംവിധാനങ്ങളുമായി സഹകരിച്ച്, ആശുപത്രികളിലും സ്ഥാപനങ്ങളിലുമായി പ്ലാന്റുകൾ സ്ഥാപിക്കുന്നതിനുള്ള പദ്ധതികളും പുരോഗമിക്കുകയാണ്. ഓരോ ടൺ ഭക്ഷണാവശിഷ്ടം സംസ്കരിക്കുമ്പോഴും 1.5 ടൺ കാർബൺ ഡൈ ഓക്സൈഡ് പുറന്തള്ളുന്നത് കുറയ്ക്കാൻ സാധിക്കും. ഇത് നഗരങ്ങളുടെ മാലിന്യഭാരം കുറയ്ക്കുന്നതോടൊപ്പം കാലാവസ്ഥാ വ്യതിയാനത്തെ പ്രതിരോധിക്കാനും സഹായിക്കുന്നു.

Content Highlights: Discover Vivifica, a Kerala startup revolutionizing waste management by converting food waste into energy. Learn about their innovative technology and UN recognition.