കിലോയ്ക്ക് 1.8 കോടി രൂപവരെ വില; കേരളത്തിലെ ചെങ്കല്ലിൽ അപൂർവ ധാതു; പുതിയ വഴിതുറക്കുമോ സ്കാൻഡിയം?

കാലാവസ്ഥാവ്യതിയാനത്തിന്റെ ആഘാതങ്ങൾ ചെറുക്കുന്നതിന് 2050-ഓടെ ആഗോള ഹരിതഗൃഹവാതകങ്ങളുടെ ഉദ്വമനം പൂജ്യത്തിലെത്തിക്കുക എന്നതാണ് ഐക്യരാഷ്ട്രസഭയുടെ പ്രധാനലക്ഷ്യം. ഫോസിൽ ഇന്ധനങ്ങളെ ആശ്രയിക്കുന്ന സമ്പ്രദായത്തിൽനിന്ന് ശുദ്ധവും പുനരുപയോഗിക്കാവുന്നതുമായ ഊർജ സ്രോതസ്സുകളിലേക്കുള്ള ആഗോള ഊർജ പരിവർത്തനത്തിന് ഐക്യരാഷ്ട്രസഭ ഊന്നൽ നൽകുകയാണ്. ഈ സാഹചര്യത്തിലാണ് ‘സ്കാൻഡിയം’ ലോകത്തെ ഏറ്റവും വിലമതിക്കപ്പെടുന്ന തന്ത്രപ്രധാന ലോഹങ്ങളിൽ ഒന്നായി മാറുന്നത്.
സ്കാൻഡിയം നിർണായക ധാതു
ഭാരം കുറഞ്ഞതും അതിവ കരുത്തുള്ളതുമായ അലുമിനിയം അലോയ്കൾ, ഇന്ധന സെല്ലുകൾ, പ്രതിരോധ ഉപകരണങ്ങൾ എന്നിവയുടെ നിർമാണത്തിലും ബഹിരാകാശ സാങ്കേതികവിദ്യ, നൂതന ഇലക്ട്രോണിക്സ് എന്നീ മേഖലകളിലും സ്കാൻഡിയം ഒരു അനിവാര്യ ഘടകമാണ്. സ്കാൻഡിയം ഒരു നിർണായക ധാതു (Critical Mineral) ആയി കണക്കാക്കപ്പെടുന്നത് അതിന്റെ വ്യാവസായികവും തന്ത്രപ്രധാനവുമായ പ്രാധാന്യവും വളരെ പരിമിതമായ ആഗോള ലഭ്യതയും മൂലമാണ്. ചൈനയാണ് ലോകത്തെ ഏറ്റവും വലിയ സ്കാൻഡിയം ഉത്പാദകരും വിതരണക്കാരും. ടൈറ്റാനിയം, അപൂർവ ഭൂമി മൂലകങ്ങൾ (REE) എന്നിവയുടെ സംസ്കരണത്തിലൂടെയാണ് പ്രധാനമായും സ്കാൻഡിയം ലഭ്യമാക്കുന്നത്. നിലവിൽ, ഇന്ത്യയിൽ വാണിജ്യാടിസ്ഥാനത്തിൽ സ്കാൻഡിയം ഉത്പാദിപ്പിക്കപ്പെടുന്നില്ല. കേരളം ഉൾപ്പെടെയുള്ള ചില സംസ്ഥാനങ്ങളിലെ ലാറ്ററൈറ്റ് (ചെങ്കല്ല് ) നിക്ഷേപങ്ങളിലും മറ്റു നിർണായക ധാതുക്കൾ കാണപ്പെടുന്ന പ്രദേശങ്ങളിലും സ്കാൻഡിയത്തിന്റെ സാന്നിധ്യം കണ്ടെത്തിയിട്ടുള്ളതിനാൽ ഭാവിയിൽ ഇന്ത്യക്കും ഈ തന്ത്രപ്രധാന ലോഹത്തിന്റെ ഉത്പാദനത്തിൽ പങ്കുവഹിക്കാനുള്ള സാധ്യതയുണ്ട്.
ചെങ്കല്ലുകളിലെ നിക്ഷേപം
വടക്കൻ കേരളത്തിലെ ചെങ്കല്ലുകൾ നിറഞ്ഞ ഭൂപ്രദേശങ്ങളിൽ സ്കാൻഡിയം നിക്ഷേപത്തിനുള്ള സാധ്യത തുറന്നുകാട്ടുകയാണ് ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ സമീപകാല ഭൗമശാസ്ത്ര പഠനങ്ങൾ. വടക്കൻകേരളത്തിൽ, പ്രത്യേകിച്ച് കണ്ണൂർ, കാസർകോട് ജില്ലകളിലെ ചെങ്കല്ലുള്ള മേഖലകളിൽ ഈ ലോഹത്തിന്റെ സാന്നിധ്യം ഉയർന്ന അളവിൽ ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ, കേരള ഘടകം കണ്ടെത്തിയിട്ടുണ്ട്. ഇന്ത്യയുടെ നാഷണൽ ക്രിട്ടിക്കൽ മിനറൽ മിഷൻ (National Critical Mineral Mission) എന്ന പദ്ധതിയുടെ പശ്ചാത്തലത്തിൽ സംസ്ഥാനത്തിന്റെ സാധ്യതകൾ ഇപ്പോൾ ശ്രദ്ധയാകർഷിച്ചിരിക്കുകയാണ്.
സ്വതന്ത്രമായി ഖനനം ചെയ്തെടുക്കാവുന്ന ലോഹമല്ല സ്കാൻഡിയം. ലാറ്ററൈറ്റ്, ബോക്സൈറ്റ്, നിക്കൽ, അപൂർവ ഭൂമി മൂലക നിക്ഷേപങ്ങൾ എന്നിവയിൽനിന്ന് ഉപോത്പന്നമായാണ് ഇത് സാധാരണയായി ലഭിക്കുന്നത്. കേരളത്തിന്റെ ഉഷ്ണമേഖലാ കാലാവസ്ഥയും പുരാതന ക്രിസ്റ്റലിൻ ശിലകളിൽനിന്ന് രൂപം കൊണ്ട വ്യാപകമായ ലാറ്ററൈറ്റ് ആവരണങ്ങളും സ്കാൻഡിയം ഉൾപ്പെടെയുള്ള നിർണായക ലോഹങ്ങളുടെ സ്വാഭാവിക സാന്ദ്രീകരണത്തിന് അനുകൂലമായ സാഹചര്യം സൃഷ്ടിക്കുന്നു.
ഭൂമിയുടെ ഉപരിതലത്തോടുചേർന്ന് വ്യാപകമായ കാണപ്പെടുന്ന ചെങ്കല്ലിലുള്ള സ്കാൻഡിയം തുറസ്സായ ഖനന (Open-cast mining) രീതിക്ക് ഏറെ അനുയോജ്യമാണ്. ഭൂഗർഭ ഖനനത്തെക്കാൾ താരതമ്യേന കുറഞ്ഞ ചെലവിൽ ഇത്തരം നിക്ഷേപങ്ങൾ ഖനനം ചെയ്ത് വേർതിരിക്കാവുന്നത് ഒരു പ്രധാന നേട്ടമാണ്. കൂടാതെ, ലാറ്ററൈറ്റ്, ബോക്സൈറ്റ്, നിക്കൽ, വനേഡിയം അയിരുകളുടെ സംസ്കരണ പ്രക്രിയകളോടനുബന്ധിച്ച് ഉപോത്പന്നമായി സ്കാൻഡിയം വേർതിരിച്ചെടുക്കാൻ കഴിയും.
വിലയുള്ള മൂലകം
അന്താരാഷ്ട്രതലത്തിൽ സ്കാൻഡിയം ഓക്സൈഡിന് കിലോഗ്രാമിന് ഏകദേശം 750 -1200 യു.എസ്. ഡോളറാ (ഏകദേശം 65000-1,05,000 രൂപ)ണ് വില. വ്യാവസായിക സ്കാൻഡിയം ലോഹത്തിന് കിലോയ്ക്ക് 2.8 - 8.6 ലക്ഷം രൂപയും അൾട്രാ - ഹൈ- പ്യൂരിറ്റി സ്കാൻഡിയം ലോഹത്തിന് കിലോയ്ക്ക് 1.5-1.8 കോടി രൂപയുമാണ്. കാസർകോട് ജില്ലയിലെ ഏതടക്കയിലെ അലുമിനസ് ലാറ്ററൈറ്റിനെക്കുറിച്ചും കാനം പ്രദേശത്തെ നിർണായകധാതുക്കളെ കുറിച്ചുമുള്ള സമീപകാല പര്യവേക്ഷണങ്ങളിൽ ലാറ്ററൈറ്റ് പ്രൊഫൈലുകളിൽ സ്കാൻഡിയത്തിന്റെ ഉയർന്ന സാന്ദ്രതയെ കുറിച്ച് ജി.എസ്.ഐ. വിവരങ്ങൾ ലഭ്യമാക്കിയിട്ടുണ്ട്. അലുമിനസ് ലാറ്ററൈറ്റ്, വനേഡിയം എന്നിവയ്ക്കൊപ്പം സ്കാൻഡിയത്തിന്റെ ഏകദേശ വിഭവശേഷിയും കണക്കാക്കിയിട്ടുണ്ട്. ജി-3 ലെവൽ യു.എൻ.എഫ്.സി. വർഗീകരണം അനുസരിച്ച് ഏതടക്കയിൽ 2.4 ചതുരശ്ര കിലോമീറ്ററിൽ വരുമിത്.
ഈ നിക്ഷേപം വാണിജ്യപരമായി ലാഭകരമാണോ എന്നറിയാൻ കൂടുതൽ പഠനങ്ങൾ നടത്തണം. വിശദ പര്യവേക്ഷണം, നിക്ഷേപത്തിന്റെ അളവ് കണക്കാക്കൽ, ലബോറട്രറി പഠനം, പരിസ്ഥിതി വിലയിരുത്തൽ എന്നിവ വേണ്ടിവരും. ഭാവിയിൽ സ്കാൻഡിയം ഖനനത്തിന് സാധ്യത തെളിയുകയാണെങ്കിൽ പാരിസ്ഥിതികാഘാതം ലഘൂകരിച്ചുള്ള സുസ്ഥിര ഖനനരീതികളും ജനകീയ പങ്കാളിത്തവും അതിന്റെ വിജയത്തിന് അനിവാര്യമാണ്.
നഷ്ടമാകുന്ന കലവറ
എന്നാൽ, നിർമാണാവശ്യങ്ങൾക്കായി ഈ മേഖലകളിൽ നടക്കുന്ന അനിയന്ത്രിതമായ ലാറ്ററൈറ്റ് ഖനനം കേരളത്തിന്റെ വിലപ്പെട്ട ഭൂവിഭവങ്ങളെ നശിപ്പിക്കുന്നതോടൊപ്പം സ്കാൻഡിയം പോലുള്ള നിർണായക ധാതുക്കളുടെ ഭാവി സാധ്യതകളെയും ഇല്ലാതാക്കുകയാണ്. ലാറ്ററൈറ്റ് ഒരു നിർമാണവസ്തു മാത്രമല്ല, സ്കാൻഡിയം, ഗാലിയം, വനേഡിയം, അപൂർവ ഭൂമിമൂലകങ്ങൾ (Rare Earth Elements) തുടങ്ങിയ നിർണായക ധാതുക്കളുടെ കലവറകൂടിയാണ്. ശാസ്ത്രീയപഠനങ്ങൾ ഇല്ലാതെ ലാറ്ററൈറ്റ് നിക്ഷേപം വ്യാപകമായി ഖനനംചെയ്ത് നീക്കുന്നത് വിലപ്പെട്ട ധാതുവിഭവങ്ങളുടെ ശാശ്വത നഷ്ടത്തിന് ഇടയാക്കും. ഇന്ന് നിർമാണത്തിനുപയോഗിക്കുന്ന ലാറ്ററൈറ്റ് നാളത്തെ തന്ത്രപ്രധാന ധാതുവിഭവ ശേഖരമാകാനുള്ള സാധ്യത ഏറെയാണ്.
(ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ കേരള, ലക്ഷദ്വീപ് യൂണിറ്റ് മേധാവിയും ഡെപ്യൂട്ടി ഡയറക്ടർ ജനറലുമാണ് ലേഖിക)
Content Highlights: Scandium is a highly valuable critical mineral used in aerospace, defense, and green energy technologies., Geological Survey of India (GSI) found high concentrations of Scandium in laterite deposits of North Kerala (Kannur and Kasaragod)., Uncontrolled laterite mining for construction poses a severe threat to these valuable mineral resources., Further studies, sustainable mining practices, and environmental assessments are crucial for commercial viability.