മലമുകളിലെ ജലബോംബുകള്‍; 40 വര്‍ഷം, 11 ക്വാറികള്‍.. ഭീതി വിട്ടൊഴിയാതെ മരുതളം

കാസര്‍കോട് ജില്ലയുടെ കിഴക്കന്‍ പ്രദേശങ്ങളില്‍ കുന്നുകളുടെയും മലകളുടെയും മുകളില്‍ 'ജലബോംബു'കളുണ്ട്. ഈ മേഖലയിലെ പ്രവര്‍ത്തിക്കുന്നതും ഉപേക്ഷിച്ചതുമായ കരിങ്കല്‍ക്വാറികളില്‍ പലതും കനത്ത മഴയില്‍ വെള്ളം നിറഞ്ഞ് ഈ നിലയിലെത്തിയിട്ടുണ്ട്. വയനാട്ടിലെ മുണ്ടക്കൈ-ചൂരല്‍മല മേഖലയില്‍ സംഭവിച്ചതുപോലെ കുറഞ്ഞ സമയത്തിനുള്ളില്‍ കനത്ത മഴ പെയ്യുകയോ പാറയും മണ്ണും മരങ്ങളും വെള്ളത്തിന്റെ സമ്മര്‍ദത്തില്‍പ്പെടുകയോ ചെയ്താല്‍ ഇത് പൊട്ടിച്ചിതറും.
കുന്നിന്‍ചെരിവുകളെയും താഴ്വാരങ്ങളെയും അവിടത്തെ നാഗരികതകളെയും ഇത് തുടച്ചുനീക്കും. ഇത് സംഭവിക്കും മുന്‍പ് മുന്‍കരുതലെടുത്തേ തീരൂ. ജില്ലയിലെ ഇത്തരം അപകടമേഖലകളെക്കുറിച്ച് ഒരന്വേഷണം... 'മലമുകളിലെ ജലബോംബുകള്‍'.
ബേഡഡുക്ക ഗ്രാമപ്പഞ്ചായത്തിലെ മരുതളം, അരിങ്ങാട്, കുട്ട്യാനം, ചേരിപ്പാടി, മഞ്ഞളംബര, കോളിക്കടവ്, എളമ്പിലാംകുന്ന് പ്രദേശങ്ങളിലുള്ളവര്‍ക്ക് ഭീതി വിട്ടൊഴിയുന്നില്ല. മലയുടെ മുകള്‍ഭാഗം മരുതളം, അരിങ്ങാട് എന്നിവിടങ്ങളിലെ പ്രവര്‍ത്തിക്കുന്നതും ഉപേക്ഷിച്ചതുമായ കരിങ്കല്‍ ക്വാറികളാണ് കാരണം. പലതും കനത്തമഴയില്‍ വെള്ളം നിറഞ്ഞ് 'ജലബോംബു'കളായി മാറിയിട്ടുണ്ട്.
കര്‍ണാടകയിലെ തലക്കാവേരി മലനിരകളില്‍നിന്ന് ഉദ്ഭവിക്കുന്ന കുടുംബൂര്‍ വാവടുക്കം പുഴയുടെ താഴ്‌വരപ്രദേശമാണിത്. കിലോമീറ്ററുകളോളം ദൈര്‍ഘ്യത്തിലാണ് കുന്നും താഴ്‌വരകളും. പച്ചപുതച്ച മലകളാലും വിവിധ ദീര്‍ഘകാല കാര്‍ഷിക വിളകളാലും പ്രകൃതിസൗന്ദര്യമുള്ള പ്രദേശങ്ങളാണിവ. ജനവാസകേന്ദ്രമാണിവിടം. ഒട്ടേറെ വീടുകള്‍, വയനാട്ടുകുലവന്‍ ദേവസ്ഥാനം തുടങ്ങിയവ ക്വാറികള്‍ക്ക് സമീപത്തായുണ്ട്. പട്ടികവര്‍ഗ വിഭാഗത്തിന് അനുവദിച്ചുനല്‍കിയ സ്ഥലം പാട്ടത്തിനെടുത്തും ക്വാറി നടത്തിയിരുന്നു.
കഴിയുന്നത് ഭീതിയോടെ
'ഇനിയുമിവിടെ ക്വാറി പ്രവര്‍ത്തിക്കുകയാണെങ്കില്‍ ഞങ്ങള്‍ക്ക് ജീവിക്കാനാകില്ല. മഴക്കാലത്ത് ഭീതിയോടെയാണ് വീടുകളില്‍ കഴിയുന്നത്. ശ്വാസകോശരോഗങ്ങളില്‍നിന്ന് മോചനമില്ല. വേനലില്‍ കുടിവെള്ളമില്ല, ശുദ്ധവായു ഇല്ല' - പ്രദേശവാസികള്‍ സങ്കടപ്പെടുന്നു. 500 മീറ്റര്‍ ചുറ്റളവില്‍ രാവിലെ ആറുമുതല്‍ രാത്രി ഏഴുവരെ ദിവസം അഞ്ഞൂറിലധികം സ്‌ഫോടനങ്ങളാണ് മുന്‍പ് നടന്നിരുന്നത്. ഇതിന്റെ പ്രകമ്പനത്തില്‍ വീട്ടുചുമരുകളില്‍ വിള്ളല്‍, അസഹനീയ ശബ്ദം, കുടിവെള്ളക്ഷാമം, വായുമലിനീകരണം, മാരകരോഗങ്ങള്‍ തുടങ്ങിയവമൂലം ജീവിതം ദുസ്സഹമായി.
രാജീവ്ഗാന്ധി കുടിവെള്ള പദ്ധതിപ്രകാരം 25 വീടുകള്‍ക്ക് ലഭിച്ചിരുന്ന വെള്ളം വറ്റി. കുഴല്‍ക്കിണറുകളിലും വെള്ളമില്ല. 40 വര്‍ഷമായി ഇവിടങ്ങളില്‍ ചെറുതും വലുതുമായി 11 ക്വാറികള്‍ പ്രവര്‍ത്തിച്ചു. ഇവയില്‍ രണ്ടെണ്ണം ഭാഗികമായി നികത്തി. മറ്റുള്ളവയിലെല്ലാം മഴവെള്ളം നിറഞ്ഞു. റോഡരികിലുള്ളതിന് സംരക്ഷണമതിലും ഇരുമ്പ് ഗേറ്റും നിര്‍മിച്ചിട്ടുണ്ട്. ആളുകള്‍ പ്രവേശിക്കാതിരിക്കാന്‍ മരക്കൊമ്പും ചെമ്പരത്തിച്ചെടിയും ഉപയോഗിച്ച് വേലി ഒരുക്കിയവയുമുണ്ട്.
നാട്ടുകാര്‍ പ്രതിഷേധിച്ചിട്ടും...
മുന്‍പ് നാട്ടുകാര്‍ നിവേദനം നല്‍കിയതിനെത്തുടര്‍ന്ന് അന്നത്തെ കളക്ടര്‍ ജീവന്‍ ബാബുവിന്റെ നിര്‍ദേശപ്രകാരം കുറച്ചുനാള്‍ ക്വാറികള്‍ പ്രവര്‍ത്തനം നിര്‍ത്തിയിരുന്നു. പിന്നീട് ഗ്രാമപ്പഞ്ചായത്തിന്റെ അനുമതിയോടെയും അല്ലാതെയും ക്വാറികള്‍ പ്രവര്‍ത്തിച്ചു. എന്നാല്‍ മാനദണ്ഡങ്ങള്‍ പാലിക്കാതെയാണ് ക്വാറികള്‍ക്ക് അനുമതി നല്‍കിയതെന്നാണ് നാട്ടുകാര്‍ ആരോപിക്കുന്നത്. ഖനനത്തിനെതിരേ 2017 ഏപ്രില്‍ 16 മുതല്‍ നാട്ടുകാര്‍ കര്‍മസമിതി രൂപവത്കരിച്ച് പ്രവര്‍ത്തിച്ചുവരികയാണ്.
കുട്ട്യാനത്ത് ഉരുള്‍പൊട്ടിയതിന്റെ നടുക്കം മാറാതെ
കരിങ്കല്‍ക്വാറികളുള്ള മരുതളം പ്രദേശത്തിന് അധികം ദൂരെയല്ലാതെ താഴെ ഭാഗമാണ് കുട്ട്യാനം പ്രദേശം. ഉരുള്‍പൊട്ടല്‍ ഇവിടത്തുകാര്‍ക്കെന്നും പേടിപ്പെടുത്തുന്ന ഓര്‍മ്മയാണ്. 2020 സെപ്റ്റംബര്‍ 19-നാണ് അവസാനമായി വലിയ തോതില്‍ ഉരുള്‍പൊട്ടിയത്. അന്ന് കാഞ്ഞിരത്തിങ്കാല്‍-വാവടുക്കം റോഡിന്റെ താഴെഭാഗത്ത് മണ്ണും കല്ലും വെള്ളവും മരങ്ങളും ഏറെദൂരം ഒലിച്ചിറങ്ങി. ചെങ്കുത്തായ മലയുടെ അടിവാരമാണിവിടം. റോഡ് ടാറിട്ടതിന്റെ തൊട്ടടുത്താണ് മണ്ണിടിഞ്ഞത്.
തെങ്ങിന്‍തോപ്പാണെന്നതിനാലും താഴെ വീടുകള്‍ ഇല്ലാത്തതിനാലും ആളപയാമുണ്ടായില്ല. കൃഷിയിടം, തോട്, കുളം എന്നിവ മണ്ണ് മൂടി. റോഡിന് മുകള്‍ഭാഗത്തും പറക്കല്ലുകളാണ്. 1971-ലും ഇവിടെ ഉരുള്‍പൊട്ടിയതായി പ്രദേശവാസികള്‍ ഓര്‍ക്കുന്നു. കുന്നിടിച്ച് കാഞ്ഞിരത്തിങ്കാല്‍-വാവടുക്കം റോഡ് നിര്‍മിച്ചപ്പോഴായിരുന്നു അത്. അന്നത്തെ ഉരുള്‍പൊട്ടലില്‍ ഏക്കര്‍കണക്കിന് വയലുകളും തോട്ടങ്ങളും നശിച്ചു.
ഇനിയും അപകടങ്ങളുണ്ടാകും - ഡോ. മാധവ് ഗാഡ്ഗില്‍
ക്വാറികളുടെ നിരന്തര പ്രവര്‍ത്തനവും പാറപൊട്ടിക്കലുമാണ് വയനാട്ടിലെ ഉരുള്‍പൊട്ടലിന് പ്രധാന കാരണം. പാറപൊട്ടിക്കല്‍ മണ്ണിന്റെ ബലം കുറച്ചു. അതിശക്തമായ മഴ വന്നതോടെ ഇത് ദുരന്തത്തില്‍ കലാശിച്ചു. പ്രദേശത്തെ റിസോര്‍ട്ടുകളും അനധികൃത നിര്‍മാണങ്ങളും നിയന്ത്രിക്കാനും കഴിഞ്ഞില്ല. കേരളത്തിലെ പരിസ്ഥിതിലോല പ്രദേശങ്ങളില്‍ നിര്‍മാണം നിയന്ത്രിച്ചില്ലെങ്കില്‍ ഇനിയും അപകടങ്ങളുണ്ടാകും - ഡോ. മാധവ് ഗാഡ്ഗില്‍, പരിസ്ഥിതി ശാസ്ത്രജ്ഞന്‍.
Content Highlights: quarries of kasaragod paves fear of landslides