ഏറ്റവുംകൂടുതൽ ഭേദഗതിചെയ്യപ്പെട്ട ഒരു നിയമം; കടൽമണൽ ഖനനത്തിന്റെ കാണാപ്പുറങ്ങൾ

#ഡോ.എസ്.മുഹമ്മദ് ഇര്‍ഷാദ്‌
പ്രതീകാത്മകചിത്രം | Photo: Mathrubhumi
പ്രതീകാത്മകചിത്രം | Photo: Mathrubhumi

ബ്ലൂ ഇക്കോണമി എന്നാൽ, ഇന്ത്യയുടെ വികസനത്തിനുള്ള പുതിയ ചാലകശക്തിയാണെന്നാണ് 2017-ൽ കേന്ദ്രസർക്കാർ നിരീക്ഷിച്ചത്. The Mines and Minerals (Development and Regulation) Act 1957-ൽ  വരുത്തുന്ന ഭേദഗതികളെല്ലാംതന്നെ അതത് കാലത്തെ നിക്ഷേപകസാധ്യതകൾ കണക്കിലെടുത്തുകൊണ്ടുകൂടിയാണ്. ഒരുപക്ഷേ, സ്വതന്ത്ര ഇന്ത്യയിൽ ഏറ്റവുംകൂടുതൽത്തവണ ഭേദഗതിചെയ്യപ്പെട്ട ഒരു നിയമം ഖനനനിയമമാണ്. ഇത്തരം അതിവേഗ നിയമഭേദഗതിയുടെ ഫലമായി കോൾ  ഇന്ത്യ ലിമിറ്റഡ് അടക്കമുള്ള പൊതുമേഖലാ ഖനനക്കമ്പനികളുടെ പ്രവർത്തനപരിധി പുനർനിർണയിക്കപ്പെട്ടു. മറുവശത്ത് സ്വകാര്യകമ്പനികൾക്ക് ഈ മേഖലയിൽ കാര്യക്ഷമമായി പ്രവർത്തിക്കാനുള്ള നിയമസാധ്യതകൾ  തുറന്നുകിട്ടി. 2023-ലെ ഖനനനിയമ ഭേദഗതിയിൽ കൊണ്ടുവന്ന ഒരു സാധ്യത പര്യവേക്ഷണ ലൈസൻസ് (EL) അനുവദിക്കുന്നതിനുള്ള വ്യവസ്ഥകൾ സുതാര്യമാക്കിയെന്നതാണ്. അതോടൊപ്പം ഈ കമ്പനികൾക്ക് തുടർന്നും ഖനനാനുമതി നൽകുന്നരീതിയിൽ ഈ നിയമം ഭേദഗതിചെയ്തു.

ഇക്കണോമിക്‌സ് ഓഫ് മിനറൽ മൈനിങ് ഇൻ ഇന്ത്യ എന്ന പുസ്തകത്തിനുവേണ്ടി നടത്തിയ  ഗവേഷണത്തിൽനിന്നും നേരിട്ടുള്ള വിവരശേഖരണത്തിൽനിന്നും അതോടൊപ്പം മൈനിങ് മേഖലയിൽ പ്രവർത്തിക്കുന്നവരുടെയും അത്തരം പദ്ധതികൾക്കെതിരേ സമരംചെയ്യുന്നവരുടെയും പക്കൽനിന്ന് ശേഖരിച്ച വിവരങ്ങളിൽനിന്നുമൊക്കെ മനസ്സിലാകുന്ന വസ്തുത ഇന്ത്യയിലെ ബഹുഭൂരിപക്ഷംവരുന്ന ജനങ്ങൾക്കും അതോടൊപ്പം ഈ മേഖലകളിൽ ജീവിക്കുന്ന ആദിവാസികളടക്കമുള്ള മനുഷ്യർക്കും കാര്യമായ ജീവിതോപാധികൾ ഉറപ്പുവരുത്താനോ ഈ പ്രദേശങ്ങളിൽ നിലനിൽക്കുന്ന സാമ്പത്തിക അസമത്വങ്ങൾ പരിഹരിക്കാനോ ഖനനവ്യവസായത്തിന് കഴിഞ്ഞിട്ടില്ല എന്നുള്ളതാണ്. നീണ്ടകാലം പൊതുമേഖലയുടെ നിയന്ത്രണത്തിലുണ്ടായിട്ടും തൊഴിൽ, സാമൂഹികസുരക്ഷ എന്നിവയിലൊന്നും മാതൃകാപരമായ നേട്ടംസൃഷ്ടിക്കാൻ പൊതുമേഖലയടക്കമുള്ള ഖനനവ്യവസായത്തിനു കഴിഞ്ഞിട്ടില്ല എന്ന വസ്തുത വിസ്മരിക്കാൻകഴിയില്ല. 

രാജ്യത്തെ എല്ലാ ഖനനമേഖലകളും ഏതെങ്കിലുംതരത്തിലുള്ള സമരങ്ങൾക്ക് സാക്ഷ്യംവഹിക്കുന്നുണ്ട്. ഖനനമേഖലയുടെ സ്വകാര്യവത്‌കരണത്തിനുശേഷമാണ് രാജ്യത്ത് ഖനനത്തിനെതിരേയുള്ള തദ്ദേശജനങ്ങളുടെ സമരങ്ങളാരംഭിക്കുന്നത്. ഇത്തരം സമരങ്ങൾ വലിയതോതിലുള്ള അക്കാദമിക് പഠനങ്ങൾക്ക് വിധേയമാകുന്നുണ്ടെങ്കിലും അവയൊന്നുംതന്നെ വലിയരീതിയിൽ വിജയിച്ചുവെന്നുപറയാൻ കഴിയില്ല. വേദാന്ത കമ്പനിക്കെതിരേനടന്ന സമരം വിജയിച്ചത് വനാവകാശനിയമത്തിന്റെ പിൻബലംകൊണ്ടാണ്. ഒഡിഷയിൽ പോസ്‌കോ എന്ന കൊറിയൻ കമ്പനിക്കെതിരേ സമരം നടന്നിരുന്നു. തുടർന്ന് പോസ്‌കോ തിരിച്ചുപോയെങ്കിലും പിന്നീട് ഈ പ്രദേശം മുഴുവനായി മറ്റൊരു ഇന്ത്യൻ കമ്പനിക്ക് നൽകുകയാണ് സർക്കാർ ചെയ്തത്.

ഖനനമേഖലയിൽ നടപ്പാക്കുന്ന നിയമഭേദഗതികൾ ചിലഘട്ടങ്ങളിൽ ജനങ്ങളുടെ ആവശ്യങ്ങൾ കണക്കിലെടുത്തിട്ടുണ്ട്. ഉദാഹരണമായി  2011-ലെ ബില്ലിൽ കൊണ്ടുവന്ന ഒരു നിർദേശം, കമ്പനികൾ അവരുടെ ലാഭത്തിന്റെ ഇരുപത്തിയാറു ശതമാനം പ്രാദേശികജനങ്ങളുമായി പങ്കുവെക്കണമെന്നാണ്. എന്നാൽ, പിന്നീട് 2013-ലെ പാർലമെന്ററി സ്റ്റാന്റിങ്‌ കമ്മിറ്റി അഭിപ്രായപ്പെട്ടത് ഇരുപത്തിയാറ്‌ എന്നത് വലിയതുകയാണ്, അതുകൊണ്ട് ഈ തീരുമാനം വ്യവസായത്തെ ബാധിക്കുമെന്നായിരുന്നു. എന്നാൽ, ഇതിനെസംബന്ധിച്ചുള്ള തീരുമാനങ്ങളൊന്നുമുണ്ടായില്ല. പിന്നീട് 2015-ൽ സർക്കാർ മറ്റൊരു ഭേദഗതി കൊണ്ടുവന്നു. അതുപ്രകാരം സംസ്ഥാനങ്ങൾ ജില്ലാ മിനറൽ ഫൗണ്ടേഷൻ രൂപവത്‌കരിക്കണമെന്നും കമ്പനികൾ ഇരുപത്തിയാറുശതമാനത്തിനു പകരം റോയൽറ്റിയുടെ മൂന്നുശതമാനം ഈ ജില്ലാ മിനറൽ ഫൗണ്ടേഷനിൽ നിക്ഷേപിക്കണമെന്നുമുള്ള നിർദേശം മുന്നോട്ടുെവച്ചു. അതോടെ നേരിട്ടുള്ള ലാഭവിഹിതം പങ്കുവെക്കുന്നതിനുള്ള സാധ്യതകളില്ലാതായി. കടൽമണൽ ഖനനത്തിനുള്ള പദ്ധതി രൂപപ്പെടുന്നത് ഈ സാഹചര്യത്തിൽക്കൂടിയാണ്. നിയമപരമായി പരിരക്ഷിക്കപ്പെടുന്ന ഒന്നാണ് ഇപ്പോൾ മുന്നോട്ടുവെക്കുന്ന ഖനനം. The Offshore Areas Mineral (Development and Regulation) Amendment act, 2023 ആണ് ഈ ഖനനത്തിന് പിന്തുണ. പുതിയ ഭേദഗതി 2023-ലെ ഭേദഗതിയുടെ ചുവടുപിടിച്ചുള്ളതാണ്. അതിൽ പ്രധാനം ധാതുക്കൾ കണ്ടെത്തുന്നവർക്കും അതോടൊപ്പം സ്വകാര്യമേഖലയ്ക്കും ഖനനാനുമതിനൽകാം എന്ന് വ്യക്തമാണ്. സ്വകാര്യകമ്പനികൾക്കാണ് ഇന്നിപ്പോൾ ഇത്തരം സാങ്കേതികവിദ്യയും മൂലധനവുമുള്ളത്. ഇനിയിപ്പോൾ പൊതുമേഖലയ്ക്കാണ്‌ സർക്കാർ പ്രാധാന്യംകൊടുക്കുന്നത് എന്ന് വാദിച്ചാൽപ്പോലും നിലവിൽ അതിനുള്ള സംവിധാനങ്ങളില്ല. ഈ കാര്യത്തിൽ സ്വകാര്യമേഖലമാത്രമാണ് ആശ്രയം. 

ഈ പശ്ചാത്തലത്തിൽവേണം കേരളത്തിലെ കടൽ മണൽ ഖനനത്തെക്കുറിച്ചുള്ള പദ്ധതികൾ മനസ്സിലാക്കാൻ.  കടൽ അഥവാ തീരം എന്നത് ഒരു വ്യാവസായിക മൂലധനമായിട്ടാണ് ഇവിടെ കണക്കാക്കപ്പെടുന്നത്. എന്നാൽ, ഈ മൂലധനം വലിയൊരു സമൂഹത്തിന്റെ നിലനിൽപ്പുംകൂടിയാണ് എന്ന വസ്തുത വിസ്മരിക്കപ്പെടുന്നു. ബ്ലൂ ഇക്കോണമിയിൽ എല്ലാതരം മത്സ്യത്തൊഴിലാളികൾക്കും പങ്കാളിത്തമില്ല. പകരം പങ്കാളികളാക്കുന്നത് വൻകിട ആഴക്കടൽ മത്സ്യബന്ധത്തിൽ ഏർപ്പെടുന്ന വിഭാഗം മാത്രമാണ്. അതോടൊപ്പം തീരങ്ങളിൽനിന്നുള്ള കുടിയൊഴിക്കലുംകൂടിയാവുമ്പോൾ ഒരു വലിയവിഭാഗം പുറംതള്ളപ്പെടും.  

(മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസിലെ അസിസ്റ്റന്റ് പ്രൊഫസറാണ് ലേഖകൻ)

Content Highlights: mining is one of the most modified law in india