ഇന്ത്യയിലെ ഏറ്റവും നീണ്ട പരിസ്ഥിതി സമരങ്ങളിലൊന്ന്; മാവൂർ ഗ്രാസിം കമ്പനി പൂട്ടിയിട്ട് 25 വർഷം

#ബിജു സി.പി.
മാവൂർ ഗ്രാസിം കമ്പനി | PHOTO: MATHRUBHUMI
മാവൂർ ഗ്രാസിം കമ്പനി | PHOTO: MATHRUBHUMI

പുഴയ്ക്ക് അക്കരെ തെളിയുന്ന വൈദ്യുതിവെളിച്ചത്തിന്‍റെ അതിശയം കാണാൻ സായംസന്ധ്യകളിൽ ചാലിയാറിന്റെ തീരത്ത് നോക്കിനിൽക്കുമായിരുന്നു ആളുകൾ. അക്കരെ മാവൂരിൽ പുതിയ ഫാക്ടറി വരുന്നു.

കാടുമൂടിക്കിടന്ന മാവൂർ ദേശം, നോക്കിനിൽക്കേയാണ് നഗരപ്പകിട്ടിലേക്കു തെളിഞ്ഞത്. വാഴക്കാട്, കൊന്നാര്, എളമരം, അനന്തായൂർ, വാലില്ലാപ്പുഴ, എടവണ്ണപ്പാറ എന്നിങ്ങനെ ചാലിയാറിന്റെ തെക്കേക്കരയിലുള്ള ആളുകൾക്കൊക്കെ അതിശയമായിരുന്നു മാവൂരിൽ വന്ന മാറ്റങ്ങൾ. ഫാക്ടറി വരുന്ന മാവൂരിലും സ്ഥിതി മറിച്ചായിരുന്നില്ല. 1960-കളുടെ ആദ്യമായിരുന്നു മാവൂർ ഗ്വാളിയോർ റയോൺസിന്റെ (ഗ്രാസിം) തുടക്കവും വളർച്ചയും. അങ്ങകലെയായിരുന്ന കോഴിക്കോട്ടുനിന്ന് മാവൂരിലേക്ക് പുതിയ രാജപാത തുറന്നു. വൈദ്യുതിയും ടെലിഫോണും എത്തി.

വികസനഗാഥ, ഒപ്പം വിഷബാധയും

വികസനത്തിന്റെ, സമ്പത്തിന്റെ , പുതുലോകങ്ങളിലേക്കുള്ള വളർച്ചകളുടെ ഒക്കെ വികസനഗാഥ ഒരുവശത്ത്. വായുവിലും വെള്ളത്തിലും വിഷംകലർന്ന്, ഫാക്ടറിപ്പുകയുറഞ്ഞ് ആസ്മാ വലിക്കുന്ന പരിസ്ഥിതിനൊമ്പരങ്ങളുടെ ദുരിതഗാഥ മറുവശത്ത്. അതായിരുന്നു മാവൂർ ഗ്വാളിയർ റയോൺസ് എന്ന ഫാക്ടറിയുടെ ചരിത്രം. ജീവിതത്തിന്റെ രണ്ടുമുഖങ്ങളും കാണിച്ചുതന്ന മാവൂർ ഗ്വാളിയർ റയോൺസിന്റെ ആ ചരിത്രസ്പന്ദനം നിലച്ചിട്ട് കാൽനൂറ്റാണ്ട് തികയുന്നു ജൂൺ 30-ന്.

2001 ജൂൺ 30-നാണ് ഫാക്ടറി സ്ഥിരമായി അടച്ചത്. ഇ.എം.എസിന്റെ നേതൃത്വത്തിലെത്തിയ ആദ്യസർക്കാരിന്‍റെ വലിയ ലക്ഷ്യങ്ങളിലൊന്നായിരുന്നു കേരളത്തിലേക്ക് വമ്പൻ വ്യവസായങ്ങളെത്തിക്കൽ. സുലഭമായ പ്രകൃതിവിഭവങ്ങളിലൊന്നായ മുള ഉപയോഗിച്ച് പൾപ്പ് ഉണ്ടാകുന്ന ഫാക്ടറി സ്ഥാപിക്കാൻ രാജ്യത്തെ പ്രമുഖ വ്യവസായികളായ ബിർളാഗ്രൂപ്പിനെ ക്ഷണിച്ചുകൊണ്ടുവന്നു സർക്കാർ. അങ്ങനെ 1958-ൽ മാവൂരിൽ ഗ്വാളിയർ റയോൺസ് സിൽക്ക് ഇൻഡസ്ട്രീസ് ആൻഡ് മാനുഫാക്ചറിങ് ലിമിറ്റഡ് (ഗ്രാസിം) കമ്പനി സ്ഥാപിച്ചു. 238 ഏക്കർ പാട്ടത്തിനും 82 ഏക്കർ സ്വതന്ത്രാവകാശത്തിനുമായി 320 ഏക്കർ ഭൂമി ഗ്രാസിം കമ്പനിക്ക് കൈമാറി. ഒരു ടണ്ണിന് ഒന്നരരൂപാ കണക്കാക്കി വനത്തിൽനിന്ന് മുളവെട്ടാൻ അനുമതി. ചാലിയാറിൽനിന്ന് ഇഷ്ടംപോലെ വെള്ളം.

കോഴിക്കോട്ടുനിന്ന് മാവൂരിലേക്ക് റോഡും പാലങ്ങളും വന്നു. മാവൂർ പോലൊരു വിദൂരഗ്രാമത്തിലേക്ക് വൈദ്യുതിയും ടെലിഫോണുമെത്തിയതും കമ്പനിക്കു വേണ്ടിത്തന്നെ. 1963-ൽ പൾപ്പ് ഉത്പാദനം തുടങ്ങി. മൂവായിരത്തിലേറെ പേർക്ക് നേരിട്ട് തൊഴിൽ കിട്ടി. അതിലേറെ പേർക്ക് നേരിട്ടല്ലാതെയും. ജോലികിട്ടിയവരുടെ സാമ്പത്തികവളർച്ച കണ്ണഞ്ചിക്കുന്നതായിരുന്നു. ജനജീവിതം ആകെ മാറി. മാസങ്ങൾകൊണ്ട് മാവൂർ മികച്ച പട്ടണമായി വളർന്നു.

ദുരന്തത്തിന്റെ തുടക്കം

പൾപ്പ് ഉത്പാദനം തുടങ്ങി അധികംവൈകാതെ ചാലിയാറിൽ മീനുകൾ ചത്തുപൊന്താൻതുടങ്ങി. കുടിവെള്ളം ലഭിച്ചിരുന്ന ചാലിയാറിൽ ഇറങ്ങിയാൽ ശരീരം ചൊറിഞ്ഞുപൊട്ടുമെന്നായി. വാഴക്കാട് മേഖലയിലെ ജനങ്ങൾ പരാതികളുയർത്തി. 1963-ൽത്തന്നെ ജലമലിനീകരണത്തിനെതിരേ പ്രകടനം നടന്നു. പൈപ്പിട്ട് മലിനജലം കടലിലേക്ക് ഒഴുക്കാം എന്ന് കമ്പനി സമ്മതിച്ചു. പക്ഷേ, കമ്പനിക്കെതിരേനിന്ന പല നേതാക്കളും വൈകാതെ അവിടെ ജീവനക്കാരോ കരാറുകാരോ ഒക്കെയായി മാറി. അവർ നേട്ടമുണ്ടാക്കിയപ്പോൾ ജനകീയസമരം ദുർബലമായി. പൾപ്പ് ഡിവിഷനു പുറമേ 1968-ൽ സ്റ്റാപ്പിൾ ഫൈബർ ഡിവിഷൻകൂടി സ്ഥാപിച്ച് കമ്പനി വിപുലീകരിച്ചു. അതോടെ ജലമലിനീകരണം രൂക്ഷമായി. വായുമലിനീകരണവും തുടങ്ങി. വാഴക്കാട്ടെ ജനനേതാവായിരുന്ന കെ.എ. റഹ്‌മാന്റെ നേതൃത്വത്തിൽ 1972-ൽ ചാലിയാർ ജല-വായു ശുദ്ധീകരണസമിതി രൂപവത്കരിച്ചു.

വേനലാകുന്നതോടെ ചാലിയാറിലെ എളമരം കടവിൽ ബണ്ടുകെട്ടി ജലം എടുക്കുകയും ബണ്ടിനുതാഴെ മലിനജലം ഒഴുക്കുകയും ചെയ്തിരുന്നു കമ്പനി. ബണ്ടിനു താഴെയുള്ളവർക്ക് വെള്ളം കിട്ടാതായി. ശ്വാസകോശരോഗങ്ങളും മറ്റും വ്യാപകമായി. പ്രതിഷേധം വീണ്ടും ശക്തമായി. 1974 നവംബർ 19-ന് ജനങ്ങൾ ബണ്ട് പൊളിച്ചു. കരയിൽ നിറതോക്കുമായിനിന്ന പോലീസ് സന്നാഹത്തെ വകവെക്കാതെയുള്ള ബണ്ടുപൊളിക്കൽ ജനങ്ങളുടെ ആത്മവിശ്വാസംകൂട്ടി. അതിനിടെ കേരളസർക്കാർ മലിനീകരണ നിയന്ത്രണ ബോർഡ് സ്ഥാപിച്ചിരുന്നു. മലിനീകരണം തടയാനുള്ള ചില മാനദണ്ഡങ്ങൾ രൂപപ്പെടുത്തി. ചാലിയാർ സമരസമിതിയുടെ നേട്ടങ്ങളിലൊന്നായിരുന്നു അതും. അടിയന്തരാവസ്ഥക്കാലത്തും ചാലിയാർ സമരങ്ങൾക്ക് വീര്യം കുറഞ്ഞില്ല.

പല രാഷ്ട്രീയപ്പാർട്ടികളിലെയും നേതാക്കൾ കമ്പനിയുമായി അടുപ്പത്തിലായതിനാൽ സമരങ്ങളിൽ പങ്കെടുത്തില്ല. എന്നാൽ, ഏതാണ്ടെല്ലാ പാർട്ടികളിലെയും അണികൾ സമരത്തിൽ അണിനിരന്നു. സമരസമിതികൾ പലതുണ്ടായി. കേരള ശാസ്ത്രസാഹിത്യ പരിഷത്തിലെ ഏതാനും മുതിർന്നനേതാക്കൾ ഡോ. കെ.ടി. വിജയമാധവന്റെ നേതൃത്വത്തിൽ സ്റ്റഡി ടീം ഓൺ പൊലൂഷൻ (സ്റ്റോപ്പ്) എന്നപേരിൽ ശാസ്ത്രീയ പഠനസമിതിയുണ്ടാക്കി.

കോഴിക്കോട് മെഡിക്കൽ കോളേജിലെ ഡോ. കെ. സുഗതൻ, ആർ.ഇ.സി.യിലെ പ്രൊഫ. വി.കെ. ദാമോദരൻ, ദേവഗിരി കോളേജിലെ പ്രൊഫ. ശ്രീധരൻ, ഉണ്ണികൃഷ്ണൻനമ്പീശൻ തുടങ്ങി അക്കാദമിക് മികവുള്ളവർ പരിസ്ഥിതിസമരക്കാർക്കൊപ്പം ചേർന്നു. അതോടെയാണ് കേരളീയസമൂഹം പുതിയൊരു പാരിസ്ഥിതികാവബോധത്തിലേക്ക് ഉണർന്നത്. എം.ടി. വാസുദേവൻ നായരും സുഗതകുമാരിയും അയ്യപ്പപ്പണിക്കരും ഉൾപ്പെടെയുള്ള എഴുത്തുകാർ ജനകീയസമരത്തോട് ഐക്യപ്പെട്ട് സമരവേദികളിലെത്തി. സമരകേന്ദ്രം കോഴിക്കോട്ടേക്ക് മാറി.

സമരപരമ്പരകൾ

ഗ്രാസിം കമ്പനിയുടെ ഒരു ഹർജി തള്ളിക്കൊണ്ട് ഹൈക്കോടതിയിലെ ജസ്റ്റിസ് കെ.കെ. നരേന്ദ്രൻ എഴുതിയ വിധിയിൽ ഒരു വാക്യമുണ്ടായിരുന്നു ‘ജീവൻ, വിശിഷ്യാ മനുഷ്യജീവൻ ഈ രാജ്യത്ത് ഇത്ര വിലകുറഞ്ഞതാവാൻ പാടില്ല.’ രാജ്യമെമ്പാടുമുള്ള ജനകീയ പരിസ്ഥിതി സമരങ്ങൾക്കുകിട്ടിയ വലിയ പിന്തുണയായിരുന്നു ജസ്റ്റിസ് നരേന്ദ്രന്റെ വിധി. ശാസ്ത്രസാഹിത്യ പരിഷത്തിന്റെ ഗാനങ്ങളിലൂടെയും തെരുവുനാടകങ്ങളിലൂടെയും ജനകീയ പരിസ്ഥിതി സമരങ്ങൾ എല്ലായിടത്തുമെത്തി. 1985-ൽ തൊഴിലാളികൾ ആനുകൂല്യങ്ങളാവശ്യപ്പെട്ട് സമരം ചെയ്തതിനെത്തുടർന്ന് കമ്പനി ലോക്കൗട്ട് ചെയ്തു. കമ്പനി തുറക്കണം എന്നാവശ്യപ്പെട്ട് ഗ്രോ വാസുവിന്റെ യും മോയിൻബാപ്പുവിന്റെയും നേതൃത്വത്തിൽ സത്യാഗ്രഹസമരം തുടങ്ങി.

ലോക്കൗട്ട് ആയതോടെ ആയിരക്കണക്കിനാളുകൾക്ക് ഒറ്റദിവസംകൊണ്ട് തൊഴിലില്ലാതായി. 13 പേർ അക്കാലത്ത് ആത്മഹത്യ ചെയ്തിട്ടുണ്ടെന്നാണ് കണക്കാക്കുന്നത്. കമ്പനി പൂട്ടണമെന്ന് ഈ ഘട്ടങ്ങളിലൊന്നും സമരസമിതി ആവശ്യപ്പെട്ടിരുന്നില്ല. അങ്ങനെ ആവശ്യപ്പെടാൻ പറ്റാത്തതരത്തിലുള്ള സാമ്പത്തികവികസനം ഈ വ്യവസായം വഴി കൈവന്നിരുന്നു. മലിനജലവും വായുവും ശുദ്ധീകരിക്കാനുള്ള ഒരു നീക്കവും കമ്പനി നടത്തിയതുമില്ല.

എങ്ങും രോഗഭീതി

1990-കളായതോടെ വാഴക്കാട്, വാഴയൂർ, എളമരം, എടവണ്ണപ്പാറ തുടങ്ങിയ പ്രദേശങ്ങളിൽ അർബുദ മരണങ്ങൾ വ്യാപകമായി. മലിനീകരണംമൂലം മാരകരോഗികളായിത്തീർന്നവരുടെ എണ്ണം ഭീമമായിരുന്നു. വാഴക്കാട് പഞ്ചായത്ത് പ്രസിഡൻറ് കൂടിയായ കെ.എ. റഹ്‌മാനും അർബുദബാധിതനായി.

മലിനജലക്കുഴലിൽ പരിശോധന നടത്തുകയായിരുന്ന മൂന്നുതൊഴിലാളികൾ 1995 ജൂലായ് 23-ന് വിഷബാധയേറ്റ് മരിച്ചു. 30 കൊല്ലംനീണ്ട സമരത്തിനൊടുവിലും മലിനീകരണ പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻകഴിഞ്ഞില്ല. ജല, വായു ശുദ്ധീകരണത്തിനായി പ്ലാൻറുകൾ തുറക്കുന്നത് വലിയ സാമ്പത്തികബാധ്യതയാണെന്നും കമ്പനി പൂട്ടുന്നതിനെക്കാൾ നഷ്ടമായിരിക്കും അതെന്നും ചില പഠനറിപ്പോർട്ടുകളും വന്നു.

1997 ജനുവരിയിൽ മാവൂരിൽ നടത്തിയ സമരത്തിലും മലിനീകരണം പരിഹരിക്കുക എന്നതു തന്നെയായിരുന്നു ആവശ്യം. 1998 ഡിസംബറിൽ ചാലിയാർ സമരസമിതി എന്ന പുതിയൊരു ഐക്യസമിതിയിലൂടെ ‘അടച്ചുപൂട്ടൂ ഗ്രാസിം കമ്പനി, മനുഷ്യജീവൻ രക്ഷിക്കൂ’ എന്ന മുദ്രാവാക്യം മുഴങ്ങി. 1999 ജനുവരി 11-ന് കെ.എ. റഹ്‌മാൻ മരിച്ചു. അതോടെ ജനകീയസമരം അതിശക്തമായി. 1999 ജനുവരി 26-ന് കോഴിക്കോട്ട് റിലേ നിരാഹാരം ആരംഭിച്ചു. എം.ടി.യും സുഗതകുമാരിയും ഉൾപ്പെടെയുള്ളവർ സമരവേദിയിലെത്തി. ആ വർഷം ഒക്ടോബർ 10-ന് കമ്പനി ഉത്പാദനം നിർത്തി. 2001 ജൂൺ 30-ന് നിയമപരമായി കമ്പനി പൂട്ടി.

ഒരുപക്ഷേ, ഇന്ത്യയിൽത്തന്നെ ഏറ്റവും നീണ്ട പരിസ്ഥിതിസമരങ്ങളിലൊന്നായിരുന്നു മാവൂർ ഗ്രാസിം കമ്പനിയുടെ ജല-വായു മലിനീകരണത്തിനെതിരേ നടന്നത്. മലിനീകരണപ്രശ്നത്തിന് പരിഹാരം കണ്ടെത്താനുള്ള സാങ്കേതികപരിജ്ഞാനത്തിന്‍റെ കുറവ്, അതിനുവേണ്ടിവരുന്ന ചെലവ് നഷ്ടമാണെന്ന വിലയിരുത്തൽ, തൊഴിലാളിസമരങ്ങൾ, കമ്പനിയുടെ ഉത്പന്നങ്ങൾക്ക് മെച്ചപ്പെട്ട വിപണി കണ്ടെത്താൻ കഴിയാതിരുന്നത്, സമയാസമയങ്ങളിൽ ഉത്പന്ന വൈവിധ്യവത്കരണത്തിന് ശ്രമിക്കാതിരുന്നത് തുടങ്ങി ഒട്ടേറെ കാരണങ്ങളുണ്ട് കമ്പനി പൂട്ടിയതിനുപിന്നിൽ. അതെന്തായാലും കേരളത്തിന്റെ വ്യവസായചരിത്രത്തിലും പാരിസ്ഥിതികാവബോധത്തിന്റെ കാര്യത്തിലും മനുഷ്യാവകാശങ്ങളെക്കുറിച്ചുള്ള ധാരണയിലുമൊക്കെ വലിയ പാഠമാണ് മാവൂർ ഗ്വാളിയർ റയോൺസ്.

Content Highlights: Origins of Gwalior Rayons (Grasim) in 1958 as a landmark industrial project., Economic transformation of Mavoor into an industrial town., Severe environmental degradation of the Chaliyar River and air quality., Decades-long grassroots environmental movement involving writers and activists., Official closure of the factory on June 30, 2001, marking a quarter-century since the event.