വൈദ്യുതിക്ഷാമം: മുന്നിൽ പമ്പ്ഡ് സ്റ്റോറേജ് സാധ്യതകൾ; സൗരോർജ പദ്ധതികളുടെ മിശ്രണം അഭികാമ്യം, അതിരപ്പിള്ളിയെ വെറുതെവിടൂ

കേരളത്തിൽ കഴിഞ്ഞ വേനൽക്കാലത്ത് ഉണ്ടായിരുന്ന അപ്രഖ്യാപിത വൈദ്യുതി നിയന്ത്രണത്തിന്റെ തുടർച്ചയായി ഇപ്പോഴത്തെ വൈദ്യുതി നിയന്ത്രണത്തെ കണക്കാക്കാനാകും. ഉയർന്ന ഡിമാൻഡും കുറഞ്ഞ ലഭ്യതയുമായായിരുന്നു വേനലിൽ നിയന്ത്രണങ്ങളിലേക്ക് നയിച്ചത്, അതേ സാഹചര്യം തന്നെയാണ് ഇപ്പോഴും ഉള്ളത്. ഇത്തവണ മഴ തീരെ കുറവായിരുന്നതിനാൽ തന്നെ വൈദ്യുതി ക്ഷാമം ഒട്ടും അപ്രതീക്ഷിതമായിരുന്നില്ല.
എന്നാൽ ഇത് സമയത്ത് തിരിച്ചറിഞ്ഞ് പ്രതികരിക്കുന്നതിൽ അധികൃതർ വിജയിച്ചില്ല എന്ന് പറയേണ്ടിവരും. പുതിയതായി അധികാരത്തിൽ വന്ന സർക്കാരിനെ സംബന്ധിച്ച് തീർച്ചയായും വെല്ലുവിളികൾ നിറഞ്ഞതാണ് ഈ മഴക്കാലം. 2018 മുതൽ കാലവർഷക്കാലത്ത് കേരളത്തിലെ ജലവൈദ്യുത നിലയങ്ങളിൽ നീരൊഴുക്ക് ഏറ്റവും കുറഞ്ഞ രണ്ടാമത്തെ വർഷമാണിത്. 2023 ലായിരുന്നു ഏറ്റവും കുറവ്. കഴിഞ്ഞ മഴക്കാലത്തെ അപേക്ഷിച്ച് ഇത്തവണ ഇതുവരെ ജലവൈദ്യുത നിലയങ്ങളിൽ നിന്നുള്ള ഉൽപാദനത്തിൽ 2000 ദശലക്ഷം യൂണിറ്റിൽ അധികമാണ് കുറവ് വന്നിട്ടുള്ളത്.
നേരത്തെ വൈദ്യുതിയുടെ ആവശ്യകതയിലെ വർദ്ധന മൂലമോ ലഭ്യതയിലെ കുറവുമൂലമോ ഉണ്ടാകുന്ന പ്രതിസന്ധികളെ പരിധിവരെ മറികടക്കുന്നതിന് ആവശ്യമായ ബഫർ നമുക്ക് ലഭ്യമായിരുന്നു. കേരളത്തിനകത്തെ താപനിലയങ്ങളും (1997-നും 2001-നും ഇടയിൽ കമ്മീഷൻ ചെയ്ത 5 നിലയങ്ങൾ, ആകെ സ്ഥാപിതശേഷി 771 MW) 2014-ൽ ഒപ്പ് വച്ച ദീർഘകാല കരാർ വഴി ലഭ്യമായ 865 മെഗാവാട്ടും ആണ് അധിക വൈദ്യുതി ഉറപ്പ് വരുത്തിയിരുന്നത്.
എന്നാൽ ഇന്ന് കായംകുളം ഒഴികെയുള്ള താപനിലയങ്ങൾ അടച്ചുപൂട്ടി. കായംകുളത്ത് പകുതി ശേഷി (160 MW) ലഭ്യമാണെന്ന് കാണിക്കുന്നുണ്ടെങ്കിലും അവിടെ നിന്ന് ഒരു യൂണിറ്റ് വൈദ്യുതി പോലും ഉൽപാദിപ്പിക്കാതെ ഏറെക്കാലമായി. സ്വകാര്യ താപനിലയങ്ങളിൽ നിന്നുള്ള ദീർഘകാല കരാറിൽ 465 മെഗാവാട്ട് ചട്ടങ്ങൾ മറികടന്നാണ് ഒപ്പ് വച്ചത് എന്ന കാരണത്താൽ വൈദ്യുതി റെഗുലേറ്ററി കമ്മീഷൻ റദ്ദ് ചെയ്തതും തിരിച്ചടിയായി. (താപനിലയങ്ങളിൽ ചിലത് അക്കാലത്ത് ആവശ്യമായിരുന്നു എങ്കിലും പിൽക്കാലത്ത് അവ വൈദ്യുതി ബോർഡിന് വരുത്തിവച്ച സാമ്പത്തിക ബാധ്യത വളരെ വലുതാണ്. ഇക്കാര്യം സമഗ്രമായി പഠിക്കേണ്ടതാണ്) ഇതെല്ലാം കാണിക്കുന്നത് വൈദ്യുതി നിയന്ത്രണം പൂർണ്ണമായും ഒഴിവാക്കുക എളുപ്പമായിരുന്നില്ല എന്ന് തന്നെയാണ്.
ജൂലൈ 29 മുതൽ 10 ദിവസത്തോളം തുടർച്ചയായി ലഭിച്ച നല്ല മഴ മാറ്റിനിർത്തിയാൽ ഇത്തവണ കാലവർഷം കേരളത്തിൽ തീരെ ദുർബലമായിരുന്നുവല്ലോ. ഓഗസ്റ്റ് രണ്ടാം വാരം മുതൽ തന്നെ മഴ ദുർബലമാവുകയും തുടർന്നുള്ള മഴ പ്രവചനങ്ങൾ ഒട്ടും ശുഭമല്ലാതിരിക്കുകയും ചെയ്ത ഘട്ടത്തിൽ തന്നെ അധികൃതർ വരാനിരിക്കുന്ന വൈദ്യുതിക്ഷാമത്തിന്റെ ആഴം തിരിച്ചറിഞ്ഞ് പരിഹാരസാധ്യതകൾ തേടേണ്ടതായിരുന്നു. വൈദ്യുതി നിയന്ത്രണം പരിമിതപ്പെടുത്തുവാനെങ്കിലും അതിലൂടെ കഴിയേണ്ടതായിരുന്നു. അതിലുപരി സ്ഥിതിഗതികൾ പൊതുസമൂഹത്തെ ബോധ്യപ്പെടുത്തി അവരെ അറിയിച്ചുകൊണ്ടുള്ള ലോഡ്‌ഷെഡ്ഡിങ് ആണ് സ്വീകരിക്കേണ്ടിയിരുന്നത്.
ചൂട് കൂടുന്നതും ഗതാഗത മേഖലയ്ക്കും കൂടുതലായി വൈദ്യുതി ആവശ്യമാകുന്നതും മൂലം വരും വർഷങ്ങളിൽ വൈദ്യുതിയുടെ ആവശ്യകതയിൽ നല്ല വർദ്ധനവ് പ്രതീക്ഷിക്കേണ്ടിവരും. അതിനുള്ള സുസ്ഥിര സാധ്യതകൾ തേടേണ്ടതുണ്ട്.
സംസ്ഥാനത്തെ വൈദ്യുതി മേഖലയെ സംബന്ധിച്ച സമഗ്ര നയം കൊണ്ടുവരുമെന്നും അതിൽ പുതിയതും പുനരുപയോഗിക്കാവുന്നതുമായ ഊർജ്ജ സ്രോതസ്സുകൾക്കായിരിക്കും പ്രാമുഖ്യം എന്നും മുഖ്യമന്ത്രി പറയുന്നതിനെ സർവാത്മനാ സ്വാഗതം ചെയ്യാം. എങ്കിലും ചിലരെങ്കിലും അതിരപ്പിള്ളിയും പൂയംകുട്ടിയും ഉൾപ്പെടെയുള്ള വലിയ ജലവൈദ്യുത പദ്ധതികളും ആണവ നിലയങ്ങളുമാണ് പരിഹാരം എന്ന വാദം ഉയർത്തുന്നുണ്ട്. അവ വൈദ്യുതി പ്രതിസന്ധി ഒഴിവാക്കില്ല എന്ന് മാത്രമല്ല ബോർഡിന്റെ സാമ്പത്തിക നിലയെ കൂടുതൽ മോശമാക്കുകയും ചെയ്യും.
അതിരപ്പിള്ളി പദ്ധതി നിർദ്ദേശം ഉദാഹരണമായി എടുക്കാം. ഈ പദ്ധതിയുടെ പാരിസ്ഥിതിക സാമൂഹിക ആഘാതങ്ങൾ ഏറെ ചർച്ച ചെയ്യപ്പെട്ടിട്ടുള്ളതിനാൽ അത് ഇവിടെ ഒഴിവാക്കുന്നു. ഈ ആഘാതങ്ങൾ കണക്കിലെടുത്തില്ലെങ്കിൽ പോലും വൈദ്യുതി മേഖല നേരിടുന്ന ഒരു പ്രശ്‌നവും പരിഹരിക്കാൻ ഈ പദ്ധതിക്ക് ആകില്ല. മഴയില്ലാക്കാലത്ത് നിലവിലുള്ള ജലവൈദ്യുത പദ്ധതികളിലെല്ലാം ഉൽപാദനം വെട്ടിച്ചുരുക്കുമ്പോൾ അതിരപ്പിള്ളി പദ്ധതിക്ക് മാത്രമായി മാനത്ത് നിന്ന് പൈപ്പ് വഴി വെള്ളം വരുമെന്ന് ആരും പറയില്ല എന്ന് പ്രതീക്ഷിക്കുന്നു. വേനൽക്കാലത്തെ പീക്ക് ഡിമാന്റിന്റെ പേരിലാണ് ഈ പദ്ധതി നിർദ്ദേശം കൊണ്ടുവന്നിരുന്നത്. എന്നാൽ അതിന്റെ വ്യർത്ഥത വൈദ്യുതി ബോർഡിന്റെ തന്നെ കണക്കുകൾ വച്ച് നേരത്തെ തെളിയിച്ചിട്ടുള്ളതാണ്. വേനൽക്കാലത്ത് ഇപ്പോൾ തന്നെ പീക്ക് സമയത്ത് 5500 മുതൽ 6000 മെഗാവാട്ട് വരെയാണ് വൈദ്യുതി ആവശ്യകത. ഇതിന്റെ അര ശതമാനത്തിൽ താഴെ മാത്രം, അതും ദിവസത്തിൽ പരമാവധി രണ്ടോ മൂന്നോ മണിക്കൂർ ലഭ്യമാക്കാനേ ഈ പദ്ധതിക്ക് കഴിയുമായിരുന്നുള്ളൂ. 2016ൽ തന്നെ ഈ പദ്ധതിക്ക് 1600 കോടി രൂപയിൽ അധികം ചെലവ് വരുമെന്ന് അന്നത്തെ ധനകാര്യ മന്ത്രി പറഞ്ഞിട്ടുള്ളതാണ്. ഇന്ന് പദ്ധതി ചെലവ് ഏറ്റവും ചുരുങ്ങിയത് അതിന്റെ ഇരട്ടിയെങ്കിലും വരുമല്ലോ. അപ്പോൾ യൂണിറ്റിന് 20 രൂപ വച്ച് ലഭിച്ചാൽ പോലും മുതലും പലിശയും തിരിച്ചടയ്ക്കാൻ ആവില്ല.
കേരളം പോലെ ജനസാന്ദ്രത കൂടിയ പ്രദേശങ്ങളിൽ ആണവനിലയങ്ങൾ ഒട്ടും അഭികാമ്യമല്ല എന്ന് നേരത്തെ തന്നെ ചൂണ്ടിക്കാണിക്കപ്പെട്ടിട്ടുള്ളതാണ്. ആണവ വികിരണവും അപകടസാധ്യതകളും മുൻനിർത്തി നിരവധി രാജ്യങ്ങൾ ഈ സാങ്കേതികവിദ്യയിൽ നിന്ന് പിന്മാറുന്നു എന്നതും ഓർക്കണം. (നിർഭാഗ്യവശാൽ ഇന്ത്യയിൽ കൂടുതൽ ആണവനിലയങ്ങൾ സ്ഥാപിക്കണമെന്ന് നിലപാടാണ് കേന്ദ്രസർക്കാരിന്. ഇത് ഒട്ടും അഭിലഷണീയമല്ല) ഒരു ആണവനിലയം സ്ഥാപിക്കാൻ ഏറ്റവും ചുരുങ്ങിയത് പത്തുവർഷം വേണമെന്നിരിക്കെ അത് നിലവിലെ പ്രതിസന്ധിക്ക് പരിഹാരമാകില്ല എന്നും വ്യക്തമാണല്ലോ. അതിലുപരി കൂടുതൽ സുരക്ഷാ മാനദണ്ഡങ്ങളുടെ പേരിൽ തന്നെ ആണവനിലയങ്ങൾ സ്ഥാപിക്കുവാനുള്ള ചെലവ് ഇന്ന് വളരെയധികമാണ്. പദ്ധതിയുമായി ബന്ധപ്പെട്ട പല ചെലവുകളും മറ്റ് കണക്കുകളിലേക്ക് മാറ്റിയില്ല എങ്കിൽ ഏറ്റവും ചെലവേറിയ ഊർജ്ജസ്രോതസ് ആയിരിക്കും ആണവ നിലയങ്ങൾ
ഒരേ സമയം മനുഷ്യന്റെ ഭൗതിക പുരോഗതിയുടെ പ്രധാന ചാലകവും ഏറ്റവും അധികം പാരിസ്ഥിതിക വെല്ലുവിളികൾ ഉയർത്തുന്നതുമാണ് വൈദ്യുതി ഉൾപ്പെടെയുള്ള ഊർജ്ജ മേഖല. അതിനാൽ തന്നെ വൈദ്യുതി ഉൽപാദനത്തിലും ഉപയോഗത്തിലും എല്ലാം ഏറ്റവും ഉയർന്ന സൂക്ഷ്മതയും കാര്യക്ഷമതയും ഉറപ്പുവരുത്താനാകണം, പാരിസ്ഥിതിക ആഘാതം താരതമ്യേന കുറഞ്ഞതും സാമൂഹിക നീതി ഉറപ്പുവരുത്തുന്നതുമാകണം.
വൈദ്യുതി ആസൂത്രണത്തിൽ ഒന്നാമത്തെ പരിഗണന ഊർജ സംരക്ഷണത്തിന് തന്നെയായിരിക്കണം. വൈദ്യുതിയും വെള്ളവും എണ്ണയും ഒന്നും ധൂർത്തിനും ആർഭാടത്തിനും ഉള്ളതല്ലെന്ന് പൊതുസമൂഹത്തെ ബോധ്യപ്പെടുത്തണം. സർക്കാർ മുൻകൈയിൽ എല്ലാവരെയും കോർത്തിണക്കിക്കൊണ്ട് സൂക്ഷ്മവും കാര്യക്ഷമവുമായ വിഭവ വിനിയോഗം സംസ്‌കാരം ആക്കി വളർത്തുന്നതിനുള്ള തുടർച്ചയായ ക്യാമ്പയിൻ സംഘടിപ്പിക്കണം. ഊർജസംരക്ഷണത്തിന്റെ സാധ്യതകൾ പ്രയോജനപ്പെടുത്തിക്കൊണ്ടു വേണം ഭാവി വൈദ്യുതി ആവശ്യകത കണക്കാക്കുവാൻ. ഇതിലൂടെ നിലവിലെ ആവശ്യകതയിൽ നാലോ അഞ്ചോ ശതമാനംമെങ്കിലും കുറവു വരുത്താൻ കഴിഞ്ഞാൽ അതായിരിക്കും ഏറ്റവും സുസ്ഥിരമായ സാധ്യത.
നമ്മുടെ ഒരു ദിവസത്തെ വൈദ്യുതി ആവശ്യകതയുടെ പാറ്റേൺ (ലോഡ് കർവ്), ഓരോ ഋതുവിലുമുള്ള വൈദ്യുതിയുടെ ആവശ്യകത തുടങ്ങിയ കാര്യങ്ങൾ കൂടി പരിശോധിച്ചു കൊണ്ടുള്ള ആസൂത്രണമാണ് വേണ്ടത്. നേരത്തെ എൽഇഡി ലൈറ്റുകളും ടെലിവിഷനുകളും വ്യാപകമായ ഘട്ടത്തിൽ ആകെ വൈദ്യുതി ഉപയോഗത്തിലെ വർദ്ധനവിനെക്കാൾ കുറഞ്ഞ തോതിലാണ് പീക് സമയത്തെ ആവശ്യകത ഉയർന്നിരുന്നത്. എന്നാൽ സമീപകാലത്തായി ധാരാളം ഗ്രിഡ് ബന്ധിത സൗരോർജ്ജ പ്ലാന്റുകൾ നിലവിൽ വന്നതോടെ പകൽ സമയത്ത് ഗ്രിഡ്ഡിൽ നിന്നുള്ള ആവശ്യകത ഗണ്യമായി കുറഞ്ഞു. എന്നാൽ പീക് സമയത്ത് ഇവർക്ക് ഗ്രിഡിൽ നിന്ന് തന്നെ വൈദ്യുതി ആവശ്യമായി വരികയും ചെയ്തു. വീടുകളിൽ എയർ കണ്ടീഷണർ വ്യാപകമായതോടെ പീക്ക് സമയത്ത് വൈദ്യുതി ആവശ്യകത 2023 മുതൽ കുത്തനെ ഉയരുകയാണ്.
ചൂട് വർദ്ധിക്കുന്നത് മൂലവും വൈദ്യുതി വാഹനങ്ങൾ കൂടുന്നത് മൂലവും വരും വർഷങ്ങളിൽ വൈദ്യുതിയുടെ ആവശ്യകത തീർച്ചയായും ഗണ്യമായി വർദ്ധിക്കും. ആഗോള കാലാവസ്ഥയെ നിയന്ത്രിക്കാൻ നമുക്ക് കഴിയില്ലെങ്കിലും പ്രാദേശിക കാലാവസ്ഥയിൽ തീർച്ചയായും ചില ഇടപെടലുകൾ സാധ്യമാണ്. നഗര വനങ്ങൾ ഉൾപ്പെടെ പച്ചപ്പ് വർദ്ധിപ്പിച്ചു കൊണ്ടും ചൂട് കുറയ്ക്കുന്നതും ഊർജ ആവശ്യം കുറയ്ക്കുന്നതുമായ ഗൃഹ നിർമ്മാണ രീതികൾ പ്രോത്സാഹിപ്പിച്ചു കൊണ്ടും വർദ്ധിക്കുന്ന ചൂടിനെ പരിധിവരെയെങ്കിലും പിടിച്ചുനിർത്താനുള്ള ആത്മാർത്ഥമായ ശ്രമങ്ങൾ ഉണ്ടാകണം.
തൊട്ടടുത്ത വർഷങ്ങളിലേക്കെങ്കിലും പുറമേനിന്ന് നമുക്ക് കൂടുതൽ വൈദ്യുതി കണ്ടെത്തേണ്ടിവരും. അതിനപ്പുറം ആദ്യഘട്ടത്തിൽ ഓരോ വർഷവും വരുന്ന അധിക ഡിമാൻഡ് പൂർണമായും പുനരുപയോഗിക്കാവുന്ന പുതിയ സ്രോതസ്സുകളിൽ നിന്നും കണ്ടെത്തണം, തുടർന്നുള്ള വർഷങ്ങളിൽ താപനിലയങ്ങളിൽ നിന്ന് വൈദ്യുതി വാങ്ങുന്നത് കുറച്ചു കൊണ്ടും പുനരുപയോഗ സ്രോതസ്സുകൾ വ്യാപിപ്പിക്കണം.
കേരളത്തിൽ പുരപ്പുര സൗരോർജ പദ്ധതികൾക്ക് വലിയ സാധ്യതയുണ്ട്. അല്പം വൈകിയാണെങ്കിലും സമീപകാലത്തായി ഇവിടെ കൂടുതൽ സൗരോർജ പദ്ധതികൾ വരുന്നു എന്നത് സ്വാഗതാർഹമാണ്. നിലവിൽ 1500 മുതൽ 2000 മെഗാവാട്ട് വരെയുള്ള സൗരോർജ്ജ പദ്ധതികൾ ആയിക്കഴിഞ്ഞു കേരളത്തിൽ. ഇത് പക്ഷേ നമ്മുടെ സാധ്യതയുടെ അഞ്ച് ശതമാനം പോലും ആയിട്ടില്ല. പുരപ്പുര സൗരോർജ പദ്ധതികളുടെ സാധ്യതകൾ സംബന്ധിച്ച പൂനെയിലുള്ള വേൾഡ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സസ്‌റൈനബിൾ എനർജി (WISE) ഉൾപ്പെടെയുള്ളവരുടെ പഠനങ്ങൾ നേരത്തെ തന്നെ സർക്കാരിന് ലഭിച്ചിട്ടുള്ളതാണ്.
സംസ്ഥാനത്ത് വീടുകളിൽ സൗരോർജ്ജം സ്ഥാപിക്കാനായി സർക്കാർ കൊണ്ടുവന്ന പദ്ധതികളിൽ അല്പം ഭാവനാദാരിദ്ര്യം സംശയിക്കേണ്ടിയിരിക്കുന്നു. ആദ്യം ANERT ഒരു കിലോ വാട്ടിന്റെ സൗരോർജ്ജ പദ്ധതി പ്രഖ്യാപിക്കുമ്പോൾ അത് ഗ്രിഡ്ഡുമായി ഒരുതരത്തിലും ബന്ധപ്പെടുത്തരുത് എന്ന നിബന്ധനയോടെ ആയിരുന്നു, മാത്രമല്ല സോളാർപാനലുകൾ ഉത്പാദിപ്പിക്കാവുന്ന പരമാവധി വൈദ്യുതി സ്റ്റോർ ചെയ്യാൻ ആവശ്യമായ ബാറ്ററി പാക്കേജോടുകൂടിയായിരുന്നു (600 AH) അന്ന് പദ്ധതി അവതരിപ്പിച്ചത്. അന്ന് ഒരുപക്ഷേ അതിന്റെ പകുതി ശേഷിയുള്ള ബാറ്ററി നിർദ്ദേശിച്ചിരുന്നെങ്കിൽ പദ്ധതി കുറച്ചു കൂടി ആകർഷകമാകുമായിരുന്നു. പിന്നീട് സർക്കാർ മുന്നോട്ടു വന്നത് ഗ്രിഡുമായി ബന്ധിപ്പിക്കുന്ന പദ്ധതികൾ മാത്രമായാണ്. നേരത്തെ സൂചിപ്പിച്ചതുപോലെ ലോഡ്കർവ് കൂടുതൽ ബുദ്ധിമുട്ടേറിയതാക്കുകയാണ് ചെയ്തത്. ചില ബാറ്ററി എനർജി സ്റ്റോറേജ് പദ്ധതികൾ നിർമാണത്തിന്റെ അന്തിമ ഘട്ടങ്ങളിലാണെന്നതും കൂടുതൽ പദ്ധതികൾ ആലോചിക്കുന്നുണ്ട് എന്നതും ശരിയായ ദിശയിലുള്ള നീക്കം തന്നെയാണ്. നമ്മുടെ ലോഡ് ആവശ്യകതയ്ക്ക് അനുസരിച്ച് ഗ്രിഡ് ബന്ധിതവും അല്ലാത്തതുമായ സൗരോർജ പദ്ധതികളുടെ മിശ്രണമാണ് അഭികാമ്യം. ബാറ്ററി സ്റ്റോറേജ് വീടുകളിലും കമ്മ്യൂണിറ്റി തലത്തിലും സബ്‌സ്റ്റേഷൻ തലത്തിലുമെല്ലാം ആവാം.
സൗരോർജത്തിൽ പക്ഷേ നമ്മൾ പരിഗണിക്കാതെ പോകുന്നത് കുറഞ്ഞ വൈദ്യുതി ഉപയോഗിക്കുന്ന വീടുകളെയാണ്. പ്രതിമാസം 100 യൂണിറ്റിൽ താഴെയും 150 യൂണിറ്റിൽ താഴെയും ഉപയോഗിക്കുന്ന വിഭാഗങ്ങളാണ് ഗാർഹിക മേഖലയിൽ ഏറ്റവും കൂടുതലുള്ളത്. ഏറ്റവും കൂടുതൽ വൈദ്യുതി ആവശ്യമായി വരുന്നതും ഈ വിഭാഗത്തിന് തന്നെയാണ്. വൈദ്യുതി ബോർഡ് നിരക്കിൽ ഏറ്റവും സബ്‌സിഡി നൽകുന്നതും ഇവർക്കാണ്. ഇത്തരം വീടുകളിൽ ലൈറ്റും ഫാനും ടിവിയും ഉൾപ്പെടെയുള്ള കുറഞ്ഞ ഊർജം ആവശ്യമായ ഉപകരണങ്ങളെല്ലാം സൗരോർജത്തിൽ പ്രവർത്തിപ്പിക്കുകയും ബാക്കിയുള്ളത് ഗ്രിഡിൽ നിന്ന് ഉപയോഗിക്കുകയും ചെയ്യാനാവും. ഇതിന് ഒരു കിലോ വാട്ടിൽ താഴെയുള്ള സൗരോർജ്ജ പദ്ധതി മതിയാകും. ഇവരുടെ വൈദ്യുതി ആവശ്യത്തിന്റെ പകുതി അവർ സ്വയം ഉല്പാദിപ്പിക്കുകയാണെങ്കിൽ ബോർഡിന് സബ്‌സിഡി ഇനത്തിൽ വലിയ തുക ലാഭിക്കാൻ ആകും. മറ്റു സർക്കാർ സബ്‌സിഡികൾക്കൊപ്പം ഇങ്ങനെ വൈദ്യുതി ബോർഡിന് ലഭിക്കാവുന്ന ലാഭത്തിൽ ഒരു വിഹിതം അവർ കൂടി താഴ്ന്ന വൈദ്യുതി ഉപയോഗമുള്ള വീടുകൾക്ക് സബ്‌സിഡിയായി നൽകിയാൽ അത് ഒരേസമയം ബോർഡിനും ഉപഭോക്താവിനും നേട്ടമായിരിക്കും. (ബോർഡിന് പ്രസരണ വിതരണ നഷ്ടത്തിലെ കുറവും നേട്ടമായിരിക്കും). താരതമ്യേന താഴ്ന്ന വരുമാനക്കാർക്ക് സബ്‌സിഡി നൽകുന്നതുമൂലം ഇത് സാമൂഹിക നീതി കൂടിയാണ്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് ഇതിൽ മുൻകൈയെടുക്കാൻ ആകും. തൃശ്ശൂർ ജില്ലയിലെ പെരിഞ്ഞനം പഞ്ചായത്ത് നേരത്തെ 500 കിലോ വാട്ടോളം ഗ്രിഡ്ബന്ധിത പദ്ധതികൾ ഇത്തരത്തിൽ നടപ്പാക്കിയ ഉദാഹരണം നമുക്ക് മുന്നിലുണ്ട്.
മറ്റു പുനരുപയോഗ ഊർജ സ്രോതസ്സുകൾക്ക് പരിമിതമായ സാധ്യതകളാണ് സംസ്ഥാനത്തുള്ളത്. എങ്കിലും പാരിസ്ഥിതിക സാമൂഹിക ആഘാതങ്ങൾ കുറഞ്ഞ രീതിയിൽ നടപ്പാക്കാവുന്ന ഇത്തരം പദ്ധതികളും ഭാവി ഊർജ ആസൂത്രണത്തിന്റെ ഭാഗമാകണം.
പമ്പ്ഡ് സ്റ്റോറേജ്
പമ്പ്ഡ് സ്റ്റോറേജ് പദ്ധതികൾ (PSP) സംബന്ധിച്ച ചില നിർദ്ദേശങ്ങൾ മുന്നിലുണ്ട്. വ്യത്യസ്ത ഉയരങ്ങളിലുള്ള രണ്ട് അണക്കെട്ടുകളെ ബന്ധിപ്പിക്കുന്നതാണ് ഇത്തരം പദ്ധതികൾ. ഇതിൽ വൈദ്യുതി ആവശ്യകത കൂടിയ സമയത്ത് മുകളിലെ അണക്കെട്ടിൽ നിന്നും താഴത്തെ അണക്കെട്ടിലേക്ക് വെള്ളം തുറന്നു വിട്ടുകൊണ്ട് വൈദ്യുതി ഉത്പാദിപ്പിക്കും. പകൽ ലഭ്യമായ സൗരോർജ്ജം ഉപയോഗിച്ചുകൊണ്ട് അതേ വെള്ളം തിരിച്ച് മുകളിലെ അണക്കെട്ടിലേക്ക് പമ്പ് ചെയ്യുകയും ചെയ്യുന്ന സംവിധാനമാണിത്. ഓരോ പദ്ധതി നിർദ്ദേശവും സവിശേഷമായി പരിശോധിക്കുകയും പാരിസ്ഥിതികവും സാമൂഹികവുമായി സ്വീകാര്യമെങ്കിൽ അവ ആലോചിക്കുകയും ചെയ്യാവുന്നതാണ്. എന്നാൽ നിലവിൽ ഒരു അണക്കെട്ട് മാത്രമുള്ളിടത്ത് നിന്ന് പുതുതായി ഒരു അണക്കെട്ട് പണിതുകൊണ്ട് PSP നടപ്പാക്കാൻ ആലോചിക്കുന്നണ്ടെങ്കിൽ അതിനോട് യോജിക്കാനാകില്ല. അതിരപ്പിള്ളി ജലവൈദ്യുത പദ്ധതിക്കെതിരായ സമരം നടന്നിരുന്ന സമയത്ത് ഈ ലേഖകന്റെ സുഹൃത്ത് അന്നത്തെ വൈദ്യുതി ബോർഡ് ചെയർമാനോട് പറഞ്ഞത് ഉദ്ധരിക്കട്ടെ' ജലാശയങ്ങളിൽ അല്ല ജനാശയങ്ങളിൽ ആണ് വൈദ്യുതി ബോർഡ് പരിഹാര സാധ്യതകൾ തേടേണ്ടത്' സർക്കാർ പുതിയ വൈദ്യുതി നയം കൊണ്ടുവരുന്നതിനു മുമ്പ് സർക്കാർ പൊതുസമൂഹവുമായി വ്യാപകമായ ചർച്ചകൾക്ക് തയ്യാറാകുമെന്ന് പ്രതീക്ഷിക്കാം.
വാൽക്കഷണം :- അടുത്ത വേനൽ കടുത്ത വേനൽ ആകുമെന്ന് ശാസ്ത്രജ്ഞർ ഇതിനകം മുന്നറിയിപ്പ് നൽകി കഴിഞ്ഞു. അന്നുണ്ടാകാവുന്ന വൈദ്യുതിക്ഷാമത്തെക്കുറിച്ച് സർക്കാർ ആലോചിച്ചു തുടങ്ങിയിരിക്കുമെന്ന് കരുതുന്നു. അതിനേക്കാൾ പ്രധാനം പക്ഷേ അന്ന് ഉണ്ടാകുമെന്ന് ഉറപ്പിക്കാവുന്ന രൂക്ഷമായ ജലക്ഷാമമാണ്. അതിനുള്ള പരിഹാരസാധ്യതകൾ തേടുവാൻ വൈകിയിരിക്കുന്നു.
Content Highlights: Analyze the root causes of the ongoing power shortage in Kerala due to low monsoon rains and high demand., Evaluate why large mega projects like Athirappilly and nuclear plants are economically and environmentally unviable., Highlight the potential of pumped storage power (PSP) plants and rooftop solar energy integration., Propose community-level solar subsidies and energy conservation campaigns to address future power deficits.