'ദൈവത്തിന്റെ സ്വന്തം നാട് മൊത്തമായോ ചില്ലറയായോ കടലിലേക്ക് ഉരസിയിറങ്ങാം...'

നന്നായി മൊരിഞ്ഞ അപ്പത്തുണ്ടുകള്‍ പഴജാമും വെണ്ണയും തേച്ച് അട്ടിക്കിട്ട മട്ടില്‍ ഇരിക്കുന്ന അടിപ്പാറകളില്‍ ഏറ്റവും മുകളിലേതില്‍ പുലരുന്ന ദൈവത്തിന്റെ സ്വന്തം നാട് മൊത്തമായോ ചില്ലറയായോ കടലിലേക്ക് ഉരസിയിറങ്ങാം എന്ന നേര് തീര്‍ച്ചയായും ഭീതിജനകംതന്നെ. ഈ കാര്യം ഒരു ലേഖനത്തില്‍ ഞാന്‍ വെളിപ്പെടുത്തിയപ്പോള്‍, ആത്മരക്ഷയ്ക്ക് പ്രായോഗികമായി ഒന്നും ചെയ്യാനില്ലേ എന്ന് പലരും ഏറെ ആശങ്കയോടെ ചോദിക്കുന്നു.
എന്താണ് മാര്‍ഗം...
ഈ നാട് മൊത്തമായോ ചില്ലറയായോ കടലിലേക്ക് വഴുതിയിറങ്ങുക എന്ന മഹാദുരന്തം ഉണ്ടാവില്ല എന്ന ശുഭപ്രതീക്ഷയ്ക്ക് നമുക്കുള്ള നിദാനം അനേകായിരത്താണ്ടുകളായി അങ്ങനെയൊന്നുണ്ടായിട്ടില്ല എന്നതുതന്നെയാണ്. പക്ഷേ, ഈ നാട്ടിലെ ഭൂമിക്കുമേല്‍ മുന്‍പുള്ളതിന്റെ അനേകമിരട്ടി ഭാരം ഇപ്പോഴുണ്ട്. അതിനാല്‍ കൂടുതല്‍ കരുതല്‍ ആവശ്യമാണ്. വലിയ ഒരു ദുരന്തമോ, അതിന്റെ ഇക്കഴിഞ്ഞപോലുള്ള ചെറിയ പതിപ്പുകളോ, ഉണ്ടാകാനുള്ള സാധ്യത മുന്‍കൂട്ടി കൃത്യമായി നിര്‍ണയിക്കാന്‍ മതിയായ വിദ്യകള്‍ ഇപ്പോള്‍ നമ്മുടെ വരുതിയിലുള്ളത് വേണ്ടുംവണ്ണം പ്രയോജനപ്പെടുത്തേണ്ടത്, അതിനാല്‍, നമ്മുടെ അടിയന്തരച്ചുമതലയാണ്.
ഇത് നിറവേറ്റാന്‍ ആധുനിക ശാസ്ത്രം തരുന്ന നാല് ഉപായങ്ങള്‍ കൗശലപൂര്‍വം ഉപയോഗിച്ചാല്‍മതി. മിനിയേച്ചര്‍ സൈസ്‌മോളജി, ലേസര്‍ ടെക്‌നോളജി, ടെലിമെട്രി, ഉപഗ്രഹസര്‍വേ എന്നിവയാണ് അവ. ഈ നാലു തുറകളിലും അഭൂതപൂര്‍വമായ നേട്ടങ്ങളാണ് അടുത്തകാലത്ത് കൈവന്നിട്ടുള്ളത്. ഏറ്റവും ഉറപ്പുള്ളതെന്ന് നാം കരുതുന്ന വന്‍ പാറക്കെട്ടുകള്‍പോലും എപ്പോഴും വിറച്ചുകൊണ്ടിരിക്കുന്നു. ഇത് രേഖപ്പെടുത്തി ശബ്ദത്തിലേക്ക് പരാവര്‍ത്തനംചെയ്താല്‍ ഓരോന്നിന്റെയും പ്രത്യേക അടിസ്ഥാനശ്രുതിപോലെ ഇരിക്കും ഈ വിറയല്‍. ഇതില്‍വരുന്ന ഏതു സൂക്ഷ്മമാറ്റവും നിരീക്ഷിക്കാന്‍ ചെറു ഭൂകമ്പമാപിനികള്‍ മതി. ഇവയുടെ കണ്ടെത്തലുകളെ ടെലിമെട്രിയിലൂടെ കേന്ദ്രീകൃതനിരീക്ഷണത്തില്‍ രാപ്പകല്‍ എത്തിക്കുകയും രേഖപ്പെടുത്തുകയും ചെയ്യാം.
ആഴങ്ങളിലേക്ക് ഇറക്കി പ്രതിഷ്ഠിച്ച വിവിധോദ്ദേശ്യ നിരീക്ഷണദണ്ഡുകള്‍ ഭൂമിക്കടിയിലെ പുതിയ സമ്മര്‍ദങ്ങളുടെ അളവും തരവും അടിപ്പാറ ഇതിന് ഏത് തോതിലും രീതിയിലും വഴങ്ങിക്കൊണ്ടിരിക്കുന്നു എന്നതും രേഖപ്പെടുത്തി നിരീക്ഷണസിരാകേന്ദ്രത്തില്‍ എത്തിക്കും. ഒപ്പം നിരീക്ഷണദണ്ഡുകള്‍ക്ക് സംഭവിക്കുന്ന ചെരിവും അവ തമ്മിലുള്ള അകലത്തിലെ നേരിയമാറ്റങ്ങളും ലേസര്‍ സര്‍വേയിലൂടെ ശേഖരിച്ച് ഇതേപോലെ നിരീക്ഷകര്‍ക്ക് അനുസ്യൂതം ലഭ്യമാക്കാം. സമ്മര്‍ദത്തിനു വിധേയമാകുന്ന ഭൂമിയുടെ ഉപരിതലത്തില്‍ അരങ്ങേറുന്ന 'ഞെളിപിരി'കള്‍ ഉപഗ്രഹക്യാമറകളുടെ സൂക്ഷ്മദൃഷ്ടി രേഖപ്പെടുത്തിനല്‍കും.
ഈ എല്ലാ വഴികളിലൂടെയും വരുന്ന വിവരങ്ങള്‍ അതിവേഗം വിശകലനംചെയ്യാനുള്ള സോഫ്റ്റ്വേറുകളാണ് പിന്നെ വേണ്ടത്. വിവരസാങ്കേതികവിദ്യയുടെ ഇപ്പോഴത്തെ അവസ്ഥയില്‍ത്തന്നെ ഇത് വേണ്ടത്ര സാധ്യമാണ്. പോരെങ്കില്‍ ഇതാ കൃത്രിമബുദ്ധി അതിവേഗം മുന്നേറുന്നു. പലനാടുകളും ഇപ്പോഴേ ഇങ്ങനെയുള്ള കേന്ദ്രങ്ങളുടെ ശൃംഖലയിലൂടെ നാടിനെ മൊത്തമായി അഹോരാത്രം സൂക്ഷ്മ നിരീക്ഷണത്തിന് വിധേയമാക്കുന്നു. ഭൂവുപരിതലത്തിന് ചെരിവ് കൂടുതലുള്ള പ്രദേശങ്ങളില്‍ അധികഭാരം വന്നിട്ടുണ്ടെങ്കില്‍ പ്രത്യേകിച്ചും. ഈ സംവിധാനത്തിന്റെ കാര്യക്ഷമമായ പ്രവര്‍ത്തനം കണക്കറ്റ മനുഷ്യജീവന്‍ രക്ഷിക്കാന്‍വേണ്ട മുന്‍കരുതലുകളെടുക്കാന്‍ സമയം നല്‍കുന്നു.
ഭൂമിക്ക് അധികഭാരം...
കരുതല്‍നടപടികളുടെ പ്രധാനഭാഗം ജനങ്ങളെ മാറ്റിപ്പാര്‍പ്പിക്കുകതന്നെ. അതോടൊപ്പം, അടിപ്പാറമേല്‍ സംഭവിച്ച അധികസമ്മര്‍ദത്തിന് സാധ്യമായ എല്ലാ പരിഹാരവും കാണുകയുംചെയ്യുന്നു. ഉദാഹരണത്തിന്, ഒരു ജലസംഭരണിയോ അതിന്റെ വൃഷ്ടിപ്രദേശമോ ചുറ്റുവട്ടത്ത് പുതുതായി നനവുപടര്‍ന്ന് കൂടുതല്‍ കനംതൂങ്ങുന്ന മണ്ണോ ആണ് പ്രശ്‌നമെങ്കില്‍ ജലസംഭരണിയിലെ ജലനിരപ്പ് യുദ്ധകാലാടിസ്ഥാനത്തില്‍ പുനഃക്രമീകരിക്കും (മിക്ക പുതിയ അണക്കെട്ടുകള്‍ക്കും ഇതിന് ആവശ്യമായ സ്ലൂയിസ് വാല്‍വുകള്‍ ഉണ്ട്).
കേരളഭൂമിയില്‍ ഈയിടെ ഉണ്ടായിരിക്കുന്ന അധികഭാരം എത്രയെന്ന് ഓര്‍ത്താല്‍ തലകറങ്ങിപ്പോകും. ഉദാഹരണത്തിന്, ഭാരതപ്പുഴയില്‍ അണ, തടയണ, അടിയണ എന്നിങ്ങനെ എല്ലാം കൂടി 54 'അണ'കളുണ്ട്. ഇതൊക്കെ മിക്കവാറും നിറഞ്ഞാണ് എപ്പോഴും ഇരിക്കുക. ഇത്തരം നദികള്‍ ഒരുപാടുണ്ടല്ലോ നമ്മുടെ നാട്ടില്‍. അനേകായിരം ക്വാറിക്കുഴികളിലൊക്കെ കെട്ടിനില്‍ക്കുന്ന വെള്ളം വേറെ. ചുരുക്കത്തില്‍, കഴിഞ്ഞ ഒരുനൂറ്റാണ്ടിനകം നമ്മുടെ നാട്ടിന്മേല്‍ അതിനു മുന്‍പുണ്ടായിരുന്നതിന്റെ പലയിരട്ടി ഭാരം വന്നുചേര്‍ന്നിട്ടുണ്ട്. ഈ ഭാരമാകട്ടെ തീര്‍ത്തും അസന്തുലിതമായാണ് വിതരണം ചെയ്യപ്പെട്ടിരിക്കുന്നതും.
ഇവിടെ ഏത് അണ എപ്പോള്‍ മഹാദ്രോഹകാരണമാകും എന്നറിയാന്‍ പാഴൂര്‍ പടിപ്പുര അല്ല, ആധുനിക ശാസ്ത്രത്തിന്റെ സംവിധാനങ്ങളാണ് ശരിയായി ഉതകുക. ആല്‍പ്‌സ് പര്‍വതപ്രാന്തങ്ങളില്‍ ഈ സാങ്കേതികവിദ്യ വളരെ ഫലപ്രദമായി ഉപയോഗിച്ചുപോരുന്നുണ്ട്. എന്നാലോ, ഇവിടെ വര്‍ഷംതോറും ഒട്ടേറെപ്പേര്‍ മലയിടിഞ്ഞുമരിക്കുന്ന ഹിമാലയതാഴ്വരകളില്‍പ്പോലും ഇത് ഉപയോഗത്തില്‍ ഉണ്ടെന്ന് തോന്നുന്നില്ല.
നിരീക്ഷണത്തില്‍ സഹകരണം
ഇങ്ങനെയൊരു നിരീക്ഷണസംവിധാനം ഒരുക്കാന്‍ കേന്ദ്രത്തിലെയും കേരളത്തിലെയും ശാസ്ത്ര-സാങ്കേതിക വകുപ്പുകള്‍ സഹകരിച്ച് പ്രവര്‍ത്തിക്കണം. സര്‍വോപരി, രാഷ്ട്രീയനേതൃത്വം ഒരു മര്‍മപ്രധാനമായ കാര്യം തിരിച്ചറിയണം; തങ്ങള്‍ക്ക് പിടിപാടില്ലാത്ത വിഷയങ്ങളില്‍ ഇടപെടുന്നത് നാടിനും തങ്ങള്‍ക്കുതന്നെയും അക്ഷരാര്‍ഥത്തില്‍ ആത്മഹത്യാപരമാണ് എന്ന്..
നോവലിസ്റ്റും ശാസ്ത്രമെഴുത്തുകാരനും മുന്‍ ശാസ്ത്രജ്ഞനുമാണ് ലേഖകന്‍.
Content Highlights: kerala may slide down to sea we should act before that says scientist c radhakrishnan