തേന്മാവും നാട്ടുപ്ലാവും എത്ര തൊടികളിലുണ്ട്? സ്വാഭാവികപ്രകൃതി അന്യമാകുന്നത് നാം അറിയുന്നുണ്ടോ?

#ഹര്‍ഷ സുരേന്ദ്രന്‍
Representational Image | Photo: freepik.com
Representational Image | Photo: freepik.com

വേനലവധിക്ക് നാട്ടിലെത്തിയ മകൾ അന്ന അപ്പൻ വറീതിനോട് വരിക്കച്ചക്ക കഴിക്കണമെന്ന മോഹം പറഞ്ഞു. തൊടിയിലും വടക്കേ അതിരിലുംനിന്ന തേൻവരിക്കപ്ലാവിനെപ്പറ്റി അപ്പോഴാണ് അയാൾ ഓർത്തത്. ഒരു പൂതൽപോലും വിരിഞ്ഞിട്ടില്ല. മകളുടെ ആഗ്രഹസാഫല്യത്തിനായി സാമൂഹികമാധ്യമത്തിൽ പോസ്റ്റിട്ടു. വീട്ടിൽ ചക്കയുള്ളവർ അറിയിക്കണം. 

ചുറ്റുമുള്ള സ്വാഭാവികപ്രകൃതിയും ആവാസവ്യവസ്ഥയും അന്യമാകുന്നത് നാം അറിയുന്നുണ്ടോ? 20 വർഷത്തിനിടെ തൊടിയിൽ വന്ന മാറ്റം നിരീക്ഷിച്ചിട്ടുണ്ടോ? തേന്മാവും നാട്ടുപ്ലാവും പാരിജാതവും എത്ര തൊടികളിലുണ്ട്. നമ്മുടെ കാലാവസ്ഥയിൽ അതിജീവിക്കാൻ പ്രയാസമെന്ന് കരുതിയ റംബൂട്ടാനും ഡ്രാഗൺ ഫ്രൂട്ടും മാംഗോസ്റ്റീനും അടക്കം ഒട്ടേറെ വിദേശസസ്യങ്ങൾ തൊടിയിൽ ഇടംനേടുകയും ചെയ്തു.  മനുഷ്യന്റെ അനിയന്ത്രിത ഇടപെടലിനൊപ്പം കാലാവസ്ഥാവ്യതിയാനവും കാലംതെറ്റിവരുന്ന ഋതുക്കളും കേരളത്തിന്റെ സ്വാഭാവിക പരിസ്ഥിതിയിലുണ്ടാക്കിയ മാറ്റം ചെറുതല്ല. തിരുവാതിര ഞാറ്റുവേല അരങ്ങൊഴിഞ്ഞു. എനിക്ക് വയ്യ, വേണമെങ്കിൽ തോന്നുമ്പോൾ പൂത്തുകൊള്ളാമെന്ന് കൊന്നമരം. ഇടവപ്പാതിയുണ്ടോ, ഇടിയുണ്ടോ? പിന്നെന്തിന് വിരിയണമെന്ന് കൂണുകൾ. വണ്ടും പ്രാണിയും തിരിഞ്ഞുനോക്കുന്നില്ല, പരാഗണമില്ലാതെ എങ്ങനെ പൂക്കുമെന്ന് തേന്മാവ്. കാലാവസ്ഥാവ്യതിയാനം സൂക്ഷ്മ ആവാസങ്ങളെ പലവിധത്തിലാണ് ബാധിക്കുന്നത്. അത് എല്ലാത്തരം ഭൂപ്രദേശങ്ങളെയും  സസ്യ-ജന്തുജാലങ്ങളുടെ അതിജീവന പോരാട്ടവേദിയാക്കുന്നു.

ചിലയിടങ്ങളിൽ അത് പ്രത്യക്ഷത്തിൽത്തന്നെ സസ്യ-ജന്തുജാലങ്ങളുടെ വംശത്തെ ഉന്മൂലനംചെയ്യിക്കും. ചിലയിടങ്ങളിൽ അവയെ വർധിപ്പിക്കും. പരിസ്ഥിതിനാശവും കാലാവസ്ഥാവ്യതിയാനവും കേരളത്തിലെ പ്രാണികൾ, പക്ഷികൾ, സസ്യങ്ങൾ, ഷഡ്പദങ്ങൾ, ഉരഗങ്ങൾ, ഉഭയജീവികൾ, സസ്തനികൾ എന്നിവയുടെ ജീവിതചക്രത്തെയും വംശവർധനയെയും എങ്ങനെ ബാധിക്കുന്നുവെന്നതിൽ കൂടുതൽ പഠനം ആവശ്യമാണെന്ന് ശാസ്ത്രജ്ഞർ പറയുന്നു. 

മനുഷ്യ ഇടപെടലുകൾ

ആഗോളതാപനവും മറ്റു കാലാവസ്ഥാദുരന്തങ്ങളും ആവാസവ്യവസ്ഥയെ എങ്ങനെ ബാധിക്കുമെന്ന് കണക്കാക്കാനുള്ള സമയംപോലും നൽകാത്തവിധമാണ് ചുറ്റുവട്ട പരിസ്ഥിതിയിലെ മാനുഷിക ഇടപെടൽ. റോഡ് വികസനവും മറ്റു സൗന്ദര്യവത്കരണ പ്രവൃത്തികളും നശിപ്പിക്കുന്നത് ആയിരക്കണക്കിന് ആവാസവ്യവസ്ഥകളെയാണ്. 
ഹിമയുഗത്തിൽ പശ്ചിമഘട്ടത്തിലെത്തപ്പെട്ട ഐസ് ഏജ് റിലിക്സ് വിഭാഗത്തിൽപ്പെട്ട ചില ജീവികളുണ്ട്. ആഗോളതാപനം അവയെ കൂടുതൽ ഉയരങ്ങളിലേക്ക് പലായനംചെയ്യിക്കുന്നു. ഉഷ്ണമേഖലാപ്രദേശങ്ങളിൽ അവയ്ക്ക് ജീവിക്കാൻ കഴിഞ്ഞിരുന്നുവെങ്കിലും ഇപ്പോൾ അതല്ല സ്ഥിതി. നീൽഗിരി ഫ്രിട്ടില്ലറി, നീൽഗിരി ക്ലൗഡഡ് യെല്ലോ, റെഡ് ഡിസ്‌ക് ബുഷ്ബ്രൗൺ, റെഡ് ഐ ബുഷ് ബ്രൗൺ തുടങ്ങിയ ഇനത്തിൽപ്പെട്ട ചിത്രശലഭങ്ങൾ വംശനാശം നേരിടുന്നു.

മറുനാടൻ ഉറുമ്പുകൾ

കേരളത്തിലെ ഉറുമ്പുകളിൽ 90 ശതമാനം സ്പീഷീസുകളും തദ്ദേശീയരല്ല. കാലാവസ്ഥാവ്യതിയാനം സൂക്ഷ്മ ആവാസത്തെ എങ്ങനെ ബാധിക്കുമെന്നതിന്‌ ഉദാഹരണമാണ് ഉറുമ്പുകൾ. ഒരു ചെടിയുടെ വേരിന്റെ അറ്റമോ ഇലകളുടെ തുമ്പോ ഒക്കെയായിരിക്കാം അവയുടെ ആവാസകേന്ദ്രം. അവിടെയുണ്ടാകുന്ന ആർദ്രത, താപവ്യത്യാസം ഒക്കെ ആവാസത്തെ ബാധിക്കും. സങ്കടകരമായ വസ്തുതയെന്തെന്നാൽ ഇവയെക്കുറിച്ചൊന്നും കൃത്യമായ പഠനങ്ങൾ കാലാനുസൃതമായി നടക്കുന്നേയില്ലെന്നതാണ്. 2016 മുതൽ കേരളത്തിൽ ദേശാടനക്കാരായ ചിത്രശലഭങ്ങളുടെ വരവ് കുറഞ്ഞിട്ടുണ്ട്. 10 വർഷത്തിനിടെ തിരുവനന്തപുരത്ത് കാണപ്പെട്ട 140-ലധികം ചിത്രശലഭ സ്പീഷീസുകളുടെ എണ്ണം 80 ആയി - ഡോ. കലേഷ് സദാശിവൻ, ട്രാവൻകൂർ നാച്വറൽ ഹിസ്റ്ററി സൊസൈറ്റി ആൻഡ് റിസർച്ച് ഗ്രൂപ്പ് ഗവേഷകൻ

എന്നും പൂക്കുന്ന കൊന്ന

സസ്യങ്ങളെ പ്രകാശലഭ്യതയും പുഷ്പിക്കലും അടിസ്ഥാനമാക്കി ലോങ്‌ ഡേ പ്ലാന്റ്സ്(പ്രകാശം കൂടുതലുള്ള സമയത്ത് പുഷ്പിക്കുന്നത്- വേനൽക്കാലത്ത് ഉദാ -കൊന്ന), ഷോർട്ട് ഡേ പ്ലാന്റ്സ് ( ശൈത്യകാലത്ത് പുഷ്പിക്കുന്നവ, മാവ്, പ്ലാവ് തുടങ്ങിയവ), ഡേ ന്യൂട്രൽ (ഉദാ: ചെമ്പരത്തി ) എന്നിങ്ങനെ തരംതിരിക്കാം. പ്രകാശത്തിന്റെ തീവ്രത, അന്തരീക്ഷ ഊഷ്മാവ് എന്നിവയുമായി ബന്ധപ്പെട്ടാണ് ഇവയിൽ ‘ഫോട്ടോപീരിയോഡിസം’ നടക്കുന്നത്. പക്ഷേ, ഇന്ന് വർഷം മുഴുവൻ പൂത്തു നിൽക്കുന്ന കൊന്നകളെ കാണാം.ചെടികൾക്ക് കാലാവസ്ഥയെ തിരിച്ചറിയാൻ കഴിയാത്ത സാഹചര്യമുണ്ടായിരിക്കുന്നു. അമിതമായ ലൈറ്റുകളും ഇലുമിനേഷനുകളും കൊണ്ട് പ്രകാശപൂരിതമായി നിൽക്കുന്ന ഇടങ്ങളിലെ ചെടികൾ തെറ്റിദ്ധരിക്കപ്പെടുകയും അവയുടെ ഹോർമോണുകളുടെ പ്രവർത്തനത്തെ അത് ബാധിക്കുകയും ചെയ്യുന്നു -  ഡോ.കെ. കിഷോര്‍ കുമാര്‍, അസി.പ്രൊഫസര്‍, ഫാറൂഖ് കോളേജ്

ചൂടാണ് പ്രശ്നം

ലോകത്തെ 8500-ലധികം ഉഭയജീവി വർഗങ്ങളിൽ 41 ശതമാനത്തോളം വംശനാശഭീഷണി നേരിടുന്നുണ്ട്. കേരളത്തിൽ കുറച്ചുകാലമായി മഴരീതി വല്ലാതെ മാറി. ഉഭയജീവികളുടെ മുട്ട വിരിയുന്നതിനുമുമ്പ് വെള്ളം വറ്റിപ്പോകുന്ന അവസ്ഥ. പക്ഷികളെപ്പോലെ അനുകൂലസാഹചര്യങ്ങളിലേക്ക് ആവാസകേന്ദ്രം പറിച്ചുനടാനോ കൂടുതൽദൂരേക്ക് ദേശാടനം ചെയ്യാനോ ഉഭയജീവികൾക്ക് സാധിക്കുകയുമില്ല.  അഗസ്ത്യമലനിരകളുടെ ഉയർന്ന ഭാഗത്തുള്ള മനോഹരിത്തവള, മഞ്ഞക്കണ്ണി ഇലത്തവള, ആനമുടിയിലെയും നീലഗിരിയിലെയും ഇലത്തവളകൾ എന്നിവയെല്ലാം മലമുകളിൽ ജീവിക്കുന്നവരാണ്. അവിടെയും ചൂട് വർധിച്ചാൽ അവയ്ക്ക് മുകളിലോട്ട് പോകാൻ പിന്നെ ഇടമില്ല. അതികൊണ്ടുതന്നെ അവ വംശനാശഭീഷണി നേരിടുന്നു. തണ്ണീർത്തടങ്ങളിലെ ഉഭയജീവികളും വ്യാപകമായി വംശനാശഭീഷണി നേരിടുന്നുണ്ട്. ഒരുകാലത്ത് ഒരുപാടുണ്ടായിരുന്നു ഇന്ത്യൻ ബുൾ ഫ്രോഗുകൾ (മാക്കാച്ചിത്തവള )കുറഞ്ഞത് ഉദാഹരണം.
ഡോ. സന്ദീപ് ദാസ്, എൻ.പി.ഡി.എഫ്.-കാലിക്കറ്റ് സർവകലാശാല  

ചെല്ലാനത്തേയും കുട്ടനാട്ടിലേയും വയനാട്ടിലേയും പഴമക്കാർ പറയുന്നു

കടലിലല്ല, ഈ നെഞ്ചിലാണ് തിര

ഇരുപതുവയസ്സുമുതൽ കടലിലിറങ്ങി വലവീശി എത്രയോ മീൻപിടിച്ചിരിക്കുന്നു. എന്നാൽ, അഞ്ചാറുവർഷമായി കടലിൽ ഇറങ്ങാൻപറ്റാത്ത അവസ്ഥയാണ്. മുങ്ങിപ്പോകും അത്രയേറെ കടൽ താഴ്ന്നു. ഇപ്പോൾ 60 വയസ്സായി. ഈ കടലോരത്തുതന്നെയാണ് ജനിച്ചുവളർന്നത്. എന്നാൽ, ഇതുപോലെയൊരു കടലേറ്റവും മീനില്ലാത്ത അവസ്ഥയും ഉണ്ടായിട്ടേയില്ല. ആറുവർഷമായി ദുരിതത്തിലാണ്. കഴിഞ്ഞ ചുഴലിക്കാറ്റിൽ വീട് പാടേ തകർന്നു. കടലിൽനിന്ന് 30 മീറ്റർ മാറിയാണ് വീട് നിർമിച്ചത്. എന്നാൽ, ഇപ്പോൾ വീട് നിന്നയിടത്ത് കടലാണ്. പലപ്പോഴും ബന്ധുവീടുകളിൽ അഭയംതേടുമായിരുന്നു. അല്ലെങ്കിൽ തൊട്ടടുത്ത് ഉയരമുള്ള കെട്ടിടത്തിൽ കയറി നിൽക്കും. ജീവിക്കാൻപറ്റാതെ വന്നതോടെ ഒടുവിൽ വാടകവീട്ടിലേക്ക് മാറി. 4500 രൂപ വാടകകൊടുക്കണം. മീനിന്റെ കുറവുമൂലം പലപ്പോഴും ഏറെ ബുദ്ധിമുട്ടിയാണ് വാടകനൽകുന്നത്. പുനർഗേഹം പദ്ധതിപ്രകാരം 10 ലക്ഷം രൂപ കിട്ടി. ഇതിൽ എട്ടേകാൽ ലക്ഷംരൂപയ്ക്ക് സ്ഥലം വാങ്ങി. ബാക്കി തുക കൊണ്ട് എങ്ങനെ വീട് നിർമിക്കും.- ജോസി കാളിപറമ്പ്, മറുവക്കാട്

ജലംകൊണ്ട് മുറിവേറ്റ എന്റെ നാട്

 ജനിച്ചുവളർന്ന നാടായിരുന്നു കുട്ടനാട്, അവിടെനിന്നാണ് മനസ്സില്ലാമനസ്സോടെ പടിയിറങ്ങിയത്. മുന്നിൽ മറ്റു മാർഗങ്ങളില്ലായിരുന്നു. ഈ ദുരിതമനുഭവിക്കാൻ തുടങ്ങിയത് 2018-ന്‌ ശേഷമാണ്. അന്നത്തെ പ്രളയത്തോടെ കുട്ടനാട്ടിൽ ജീവിക്കാൻ വയ്യാതായി. മഴക്കാലം കഴിഞ്ഞാലും മാസങ്ങളോളം നെൽക്കൃഷിയില്ലാത്ത പാടങ്ങൾ വെള്ളക്കെട്ടിലാഴും. വേലിയേറ്റംകാരണം ജലനിരപ്പു താഴില്ല. വീടുകൾ ഓരോ വെള്ളപ്പൊക്കം കഴിയുമ്പോഴും ഇടിഞ്ഞുതാഴും. ചുമരുകൾ വിണ്ടുകീറും. ഒടുവിൽ പൂർണമായി തകരും. വെള്ളം താഴാത്തതുകൊണ്ട് വാഹനഗതാഗതവുമില്ല. അത്യാവശ്യത്തിന് ചികിത്സ തേടാനാകാത്ത അവസ്ഥ. അമ്മയ്ക്ക് പ്രായമേറിയതോടെ ഞങ്ങളും പ്രയാസത്തിലായി. പലപ്പോഴും ആശുപത്രിയിലെത്തിക്കാനുമായില്ല. അതോടെ ഉള്ള സമ്പാദ്യവുമായി ചങ്ങനാശ്ശേരിയിലേക്ക് മാറി. അവിടെ സ്ഥലം വാങ്ങി വീടുവെച്ചു. ജീവിതകാലം മുഴുവൻ ഞാനും സഹോദരനും ചേർന്നു സമ്പാദിച്ച പണംകൊണ്ട് ഉണ്ടാക്കിയ വീടായിരുന്നു കുട്ടനാട്ടിലേത്. വെള്ളപ്പൊക്കത്തിനുശേഷം ഭൂമി വാങ്ങാൻ ആളില്ലാതെയായി.-വേണുകുമാർ, സർക്കാർ ജീവനക്കാരൻ

കാടിറങ്ങുന്ന പേടി

വന്യമൃഗശല്യമാണ് ഞങ്ങൾ നേരിടുന്ന പ്രധാന പ്രശ്നം. കാട്ടിലെ ആവാസവ്യവസ്ഥ തകിടംമറിഞ്ഞതോടെ മൃഗങ്ങൾ നാട്ടിലേക്കിറങ്ങാൻ തുടങ്ങി. അഞ്ചെട്ടുവർഷംമുമ്പുവരെ ആന, പന്നി, കുരങ്ങ് എന്നിവ കാടിറങ്ങിവരുമായിരുന്നു. എന്നാലിപ്പോൾ കടുവയും പുലിയും വരെ എത്തിത്തുടങ്ങി. ഇതോടെ നാട്ടിൽ ജീവിക്കാനാകാത്ത അവസ്ഥയാണ്. പുതുതലമുറ നാടുവിട്ട് വിദേശത്തേക്ക് ചേക്കേറാൻ തുടങ്ങി. തലമുറകളായി കൈമാറിവന്ന കൃഷിയോട് അവർക്ക് താത്പര്യമില്ലാതെയായി. ഇതിനുള്ള പ്രധാനകാരണം കൃഷിചെയ്യാനുള്ള സാഹചര്യം ഇന്ന് വയനാട്ടിലെ പല മേഖലകളിലുമില്ലെന്നതാണ്. ചൂടുകൂടിയതും വെള്ളംകുറഞ്ഞതും കൃഷിയെ സാരമായി ബാധിച്ചു.

മൃഗങ്ങളെപ്പേടിച്ച് ആരും തോട്ടങ്ങളിലേക്ക് ഇറങ്ങാതെയായി. അതിരാവിലെയും രാത്രി ഇരുട്ടിയും തോട്ടത്തിൽപോകുന്ന പതിവ് ഇപ്പോഴില്ല. ഇതോടെ കൂലിപ്പണിചെയ്തിരുന്ന സ്ത്രീകൾ പലരും തമിഴ്നാട്ടിലെ മില്ലുകളിൽ ജോലിതേടിപ്പോയി. വയനാട്ടിലെ അന്തരീക്ഷ ഊഷ്മാവിലും വലിയ വ്യതിയാനമുണ്ടായി. താപനില കൂടിയത് കാപ്പിയെയും കുരുമുളകുകൃഷിയെയും ബാധിച്ചു. കാർഷികവിളവ് കുറഞ്ഞു. അതിൽനിന്ന് വരുമാനമുണ്ടാക്കിയവരുടെ ജീവിതം തകിടംമറിയാൻ തുടങ്ങി. വിളകൾക്ക് മുമ്പെങ്ങുമില്ലാത്ത രോഗങ്ങളുമുണ്ട്. എങ്ങനെ വയനാടിനെ തിരികെ കൈപിടിച്ചുയർത്താമെന്നത് ഗൗരവമായി ആലോചിക്കണം. - കെ. ആർ.സതീശൻ നായർ, പുൽപ്പള്ളി, വയനാട്

Content Highlights: Kerala Environmental Change in last 20 years