'ആഴക്കടല്‍ ഖനനം ആവാസവ്യവസ്ഥയെ തകിടംമറിക്കും; ഭരണനേതൃത്വം മൗനവെടിയണം'

വനവാസികള്‍ക്കും ആദിവാസികള്‍ക്കും വനാവകാശനിയമം നടപ്പാക്കിയതുപോലെ കടലോരമേഖലയില്‍ അധിവസിക്കുന്ന തീരദേശജനതയ്ക്ക് കടലാവകാശനിയമം സാധ്യമാക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് ശക്തമായ സാമൂഹികസമ്മര്‍ദം ഉയരുമ്പോഴാണ് തീരദേശമേഖലയുടെ ആവാസവ്യവസ്ഥയെത്തന്നെ തകര്‍ക്കുന്ന കടല്‍മണല്‍ ഖനനം സര്‍ക്കാര്‍ നടപ്പാക്കുന്നത്. കേരളതീരത്തെ കടലിലെയും ആഴക്കടലിലെയും ധാതുക്കള്‍ ഖനനംചെയ്യുന്നതിനുള്ള നീക്കം അതിഗുരുതരമാണ്. ആഴക്കടല്‍ ഖനനത്തിന്റെ ആഘാതങ്ങളെക്കുറിച്ചോ അതുകൊണ്ടുണ്ടാകുന്ന പരിസ്ഥിതിക, സാമൂഹിക, ആരോഗ്യ പ്രശ്നങ്ങളെക്കുറിച്ചോ ഗൗരവമായ പഠനങ്ങള്‍ നടന്നിട്ടില്ല. ഐക്യരാഷ്ട്രസഭയോ ഐക്യരാഷ്ട്രസഭയുടെ ഇന്റര്‍നാഷണല്‍ സി ബെഡ് അതോറിറ്റിയോ (ഐ.എസ്.എ.) അന്താരാഷ്ട്ര ആഴക്കടല്‍ ഖനനത്തിനുള്ള അനുമതി നല്‍കിയിട്ടില്ല.
പ്രത്യാഘാതങ്ങള്‍ പഠിച്ചോ
ആഴക്കടല്‍ ഖനനത്തിലെ ദോഷവശങ്ങളെക്കുറിച്ചോ അതുണ്ടാക്കുന്ന ഭവിഷ്യത്തുകളെക്കുറിച്ചോ ശരിയായ പഠനമോ മുന്‍ അനുഭവങ്ങളോ പരിചയമോ ഇല്ലാത്തതുകൊണ്ടാണ് അന്താരാഷ്ട്രതലത്തില്‍ ആഴക്കടലില്‍ ഖനനംനടത്താന് ഐ.എസ്.എ. അനുമതിനല്കാത്തത്. ശാസ്ത്രസാങ്കേതികവിദ്യയില്‍ ഇന്ത്യയെക്കാള്‍ മുന്നില്‍നില്‍ക്കുന്ന ഇതരരാജ്യങ്ങളും ആഴക്കടല്‍ ഖനനത്തിന് തയ്യാറാകാത്തതിന്റെ കാരണമിതാണ്. ഇന്ത്യയുടെ ആഴക്കടലിനെക്കാള്‍ ധാതുസമ്പത്തുകൊണ്ട് സമ്പന്നമായ രാജ്യങ്ങള്‍ അതിനു മുതിരാത്തതിന്റെ പശ്ചാത്തലമിതാണ്. കേരളത്തെ ആഴക്കടല്‍ ധാതുഖനനത്തിന്റെ പരീക്ഷണശാലയായി തിരഞ്ഞെടുക്കാന്‍ കേന്ദ്രസര്‍ക്കാരിനെ പ്രേരിപ്പിച്ച ഘടകങ്ങള്‍ സൂക്ഷ്മമായ പരിശോധനയ്ക്ക് വിധേയമാക്കേണ്ടിരിക്കുന്നു.
ആവാസവ്യവസ്ഥയിലേക്കുള്ള കടന്നുകയറ്റം
ആഴക്കടല്‍ ഖനനത്തെക്കുറിച്ച് പഠനംനടത്തിയിട്ടുള്ള വേള്‍ഡ് റിസോഴ്സ് ഇന്‍സ്റ്റിറ്റ്യൂട്ടിലെ വിദഗ്ധരുടെ അഭിപ്രായം വിലപ്പെട്ടതാണ്. ഒലിവര്‍ ആഷ്ഫോര്‍ഡ്, ജോനാതന് ബെയിന്‍സ് മെല്ലിസാ ബാര്ബെന്നെല്, കീവാങ് എന്നിവര്‍ നടത്തിയിട്ടുള്ള വിലയിരുത്തലുകള്‍ ശ്രദ്ധേയമാണ്. ലോകത്ത് വാണിജ്യാടിസ്ഥാനത്തില്‍ ആഴക്കടല്‍ ഖനനം നടക്കുന്നില്ല. എന്നാല്‍, ചില രാജ്യങ്ങള്‍ തങ്ങളുടെ അധികാരപരിധിയില്‍ ആഴക്കടല്‍ ഖനനം നടത്തുന്നതിന്റെ പ്രാരംഭഘട്ടത്തിലാണ്. 2025-ഓടുകൂടി ആഴക്കടല്‍ ഖനനത്തെസംബന്ധിച്ചുള്ള നിബന്ധനകള്‍ ഐ.സ്.എ. അംഗീകരിക്കാന്‍ നടപടിസ്വീകരിച്ചുവരുന്നു.
ദക്ഷലക്ഷക്കണക്കിനു വിശിഷ്ടമായ ജൈവവൈവിധ്യങ്ങളുടെ നിലനില്‍പ്പിനെയും കടലിന്റെ ആവാസവ്യവസ്ഥയെയും ദോഷകരമായി ആഴക്കടല്‍ ഖനനം ബാധിക്കും. ആഴക്കടല്‍ ഖനനത്തിനുപയോഗിക്കുന്ന കൂറ്റന്‍ യന്ത്രങ്ങളും അതില്‍നിന്ന് പുറന്തള്ളുന്ന മാലിന്യവും ജൈവവൈവിധ്യത്തെ നശിപ്പിക്കും. വര്‍ഷങ്ങളായി ബാഹ്യ ഇടപെടലുകളില്ലാതെ തുടരുന്ന ആവാസവ്യവസ്ഥയിലേക്കുള്ള കടന്നുകയറ്റം സൂക്ഷ്മജീവികളെയും സസ്യങ്ങളെയും മത്സ്യങ്ങളെയും മാത്രമല്ല കടലിലെ തിമിംഗിലംപോലുള്ള വലുപ്പമേറിയ ജീവികളുടെയും നിലനില്‍പ്പിനെ പ്രതികൂലമായി ബാധിക്കും.
യന്ത്രങ്ങളുടെ പ്രവര്‍ത്തനവും അതില്‍നിന്ന് പുറന്തള്ളുന്ന മാലിന്യവും കിലോമീറ്ററോളം കടലില്‍ വ്യാപിക്കുകയും ദോഷഫലങ്ങളുണ്ടാക്കുകയും ചെയ്യും. ഇത് മീനുകളുടെ വളര്‍ച്ചയ്ക്ക് ദോഷകരമാകും. മത്സ്യസമ്പത്തിനെ കുറയ്ക്കും. ഖനനം കടലിനുള്ളില്‍ യന്ത്രങ്ങള്‍ സ്ഥാപിക്കുന്നതുകൊണ്ടുമാത്രം നടത്താന്‍കഴിയുന്ന ഒന്നല്ല. കൂറ്റന്‍ ഫാക്ടറികള്പോലെ പ്രവര്‍ത്തിക്കുന്ന യന്ത്രങ്ങള്‍ക്കാവശ്യമായ അനുബന്ധസൗകര്യങ്ങളൊരുക്കേണ്ടത് കരയിലാണ്. അതിന് സ്ഥലംകണ്ടെത്താന്‍ തീരദേശവാസികളെ കുടിയൊഴിപ്പിക്കുന്നതുള്പ്പെടെയുള്ള നടപടി സ്വീകരിക്കേണ്ടിവരും. ആഴക്കടല്‍ ജൈവവൈവിധ്യത്തിന്റെ നഷ്ടംകൊണ്ട് അന്തരീക്ഷത്തിലെ കാര്‍ബണ്‍ അളവ് ഉയരുകയും ആഗോളതാപനത്തിന് വഴിവെക്കുകയും ചെയ്യും. ഈ മേഖലയില്‍ ഗവേഷണംനടത്തിയ വിദഗ്ധരുടെ പഠനത്തിന്റെ അടിസ്ഥാനത്തിലുള്ള വിലയിരുത്തലുകളാണ് പ്രതിപാദിച്ചത്.
ഭരണനേതൃത്വത്തിന്റെ മൗനം
വസ്തുത ഇതായിരിക്കെ കേരളത്തില്‍ കടലിലെ ധാതുഖനനത്തില്‍ ഇത്തരം പ്രത്യാഘാതങ്ങളുണ്ടാകില്ല എന്ന് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്ക് പറയാന്‍കഴിയുമോ? എക്സ്ക്ലൂസീവ് ഇക്കണോമിക്സ് സോണിലാണ് ഇന്ത്യ ഖനനംനടത്താന് ടെന്‍ഡര്‍ വിളിച്ചത് എന്ന് പ്രതിവാദം ഉന്നയിക്കാം. ജനനിബിഡമായ കേരളതീരത്ത് ഖനനംനടത്തിയാലുണ്ടാകുന്ന പ്രത്യാഘാതങ്ങള്‍ മനസ്സിലാക്കാന്‍ പാരിസ്ഥിതിക, സാമൂഹിക, ആരോഗ്യ ആഘാതപഠനം നടത്തിയിട്ടുണ്ടോ? യാതൊരുവിധ പഠനവും നടത്താതെ എന്തടിസ്ഥാനത്തിലാണ് ആഴക്കടല്‍ ധാതുഖനനത്തിന് വിദേശനിക്ഷേപം ഉള്‍പ്പെടെ സ്വീകരിക്കാന്‍ തയ്യാറായി സര്‍ക്കാര്‍ ടെന്‍ഡര്‍ വിളിച്ചിരിക്കുന്നത്.
തിരുവനന്തപുരംമുതല്‍ കാസര്‍കോടുവരെയുള്ള കേരളതീരത്തെ ഗ്രസിക്കുന്നതും അതിഗുരുതരമായ ദോഷഫലങ്ങളുണ്ടാക്കുന്നതുമായ ആഴക്കടല്‍ ഖനനത്തില്‍ കേരളത്തിലെ ഭരണനേതൃത്വം സ്വീകരിക്കുന്ന മൗനവും വിഷയത്തിന്റെ ഗൗരവം വര്‍ധിപ്പിക്കുന്നു. കേന്ദ്രസര്‍ക്കാരിന്റെ പരിധിക്കുള്ളില്‍വരുന്ന ഭരണഘടനയിലെ അനുച്ഛേദം 297(1)-ല്‍ പ്രതിപാദിക്കുന്ന ആഴക്കടലില്‍ മാത്രമല്ല ഖനനനടപടി.
സംസ്ഥാനത്തിന്റെ അധികാരപരിധിക്കുള്ളില്വരുന്ന ഭരണഘടനയുടെ സംസ്ഥാന ലിസ്റ്റ് ഏഴാം പട്ടിക രണ്ടാം ലിസ്റ്റ് 21-ാം ഇനത്തില്‍ ഉള്‍പ്പെട്ടുവരുന്ന മത്സ്യബന്ധനത്തില്വരുന്ന കടല്‍മേഖലയും കൂട്ടിച്ചേര്‍ത്താണ് ഖനനനടപടി. മത്സ്യബന്ധനം സംസ്ഥാന ലിസ്റ്റില്വരുന്ന വിഷയമാണ്. 12 നോട്ടിക്കല്‍ മൈല്‍വരെ സുഗമമായി മത്സ്യബന്ധനം ഉറപ്പാക്കാനും മത്സ്യത്തൊഴിലാളികളുടെ ഉപജീവനം സാധ്യമാക്കാനുമുള്ള ബാധ്യത സംസ്ഥാനസര്‍ക്കാരിനാണ്. എന്നാല്‍, മത്സ്യത്തൊഴിലാളികളുടെ താത്പര്യം സംരക്ഷിക്കുന്നതിനുള്ള നടപടിസ്വീകരിക്കുന്നതില്‍ സംസ്ഥാനഭരണനേതൃത്വം കാണിക്കുന്ന അലംഭാവം ദുരൂഹമാണ്.
ലക്ഷ്യം ലാഭംമാത്രം
തീരദേശത്തെയും മത്സ്യബന്ധനമേഖലയെയും മത്സ്യത്തൊഴിലാളികളെയും ദോഷകരമായിബാധിക്കുന്ന പരീക്ഷണത്തിനായി കൊല്ലം തിരഞ്ഞെടുത്തത് കച്ചവടക്കണ്ണോടുകൂടിയാണ്. കെട്ടിടനിര്‍മാണത്തിനുള്ള മണലിന്റെപേരില് കടല്‍ഖനനത്തിന് കേരളം, പ്രത്യേകിച്ച് കൊല്ലം തിരഞ്ഞെടുത്തതിന്റെപിന്നില് കൊള്ളലാഭമാണ് ലക്ഷ്യം. അന്താരാഷ്ട്ര ആഴക്കടലില്‍ ധാതുഖനനം ആരംഭിച്ചിട്ടില്ലെങ്കിലും എക്സ്ക്ളൂസിവ് ഇക്കണോമിക് സോണില്‍ ചില രാജ്യങ്ങള്‍ ആഴക്കടല്‍ ഖനനം നടത്തിയിട്ടുണ്ട്.
ലോകത്താദ്യമായി ആഴക്കടല്‍ ഖനനത്തിന് അനുമതിനല്‍കിയ രാജ്യം പാപ്പുവ ന്യൂഗിനിയാണ്, സള്‍ഫൈഡ് ഖനനപദ്ധതി. പദ്ധതിയുടെ പേര് സൊള്വാറ-1 ആയിരുന്നു. 1997-ല്‍ സ്ഥാപിതമായ നൗട്ടിലസ് മിനറല്‍സ് ഇന്‍ക എന്ന കനേഡിയന്‍ ആഴക്കടല്‍ മൈനിങ് ആന്‍ഡ് എക്സ്പ്ലൊറേഷന്‍ കമ്പനിയാണ് ഖനനം നടത്തിയത്. 2011-ലാരംഭിച്ച ഖനനനടപടികള്, 2019-ല്‍ കമ്പനി ബാങ്ക് വായ്പയെടുത്ത് പാപ്പരായതിനെത്തുടര്‍ന്ന് നിര്‍ത്തിവെച്ചു.
ഖനനത്തിനെതിരേ ശക്തമായ സമരമാണ് ഉയര്‍ന്നുവന്നത്. സോള്വാറയില് ഉയര്‍ന്നുവന്ന പ്രധാനപ്പെട്ട ആവശ്യം തീരദേശവാസികള്‍ക്കും മത്സ്യത്തൊഴിലാളികള്‍ക്കും കടലിലുള്ള അവകാശം സംരക്ഷിക്കണമെന്നതാണ്. ഐക്യരാഷ്ട്രസഭയുടെ തദ്ദേശീയ ജനതയുടെ കടലവകാശ വിളംബരപ്രകാരം തീരദേശവാസികളുടെ സ്വാതന്ത്ര്യവും മുന്‍കൂട്ടിയുള്ള അനുവാദവും ഇത്തരം ഖനനത്തിനാവശ്യമാണ് (United Nations Declaration on the Rights of Indigenous People (UNDRIP). ലോകത്തെ ആദ്യ ആഴക്കടല്‍ ഖനനം ജനങ്ങളുടെ എതിര്‍പ്പുകൊണ്ടും നിയമപോരാട്ടംകൊണ്ടും പരാജയപ്പെട്ടതാണ് ചരിത്രസത്യം.
Content Highlights: Deep Sea Mining in Kerala: Environmental Concerns