രണ്ടാനച്ഛന്റെ കൊടിയ പീഡനത്തിൽ നിന്ന് പ്രകൃതിയിലേക്കുള്ള ദൂരമെത്ര; യുവൻ പറയും തന്റെ ജീവിതത്തിലൂടെ

#സാധനാ സുധാകരന്‍ | sadna03@mpp.co.in
യുവൻ അവിസ് | ഫോട്ടോ : ജി. ശിവപ്രസാദ്
യുവൻ അവിസ് | ഫോട്ടോ : ജി. ശിവപ്രസാദ്

യുവൻ അവിസ് എന്ന തമിഴ് യുവാവ് എഴുതി ബ്ലൂംസ്ബറി ബുക്സ് പ്രസിദ്ധീകരിച്ച ഇന്റർടൈഡൽ എന്ന പുസ്തകം പ്രകൃതിയെക്കുറിച്ചുള്ള ഡയറിക്കുറിപ്പുകളുടെ വെറും സമാഹാരമല്ല. ഉപേക്ഷിച്ചുപോയ അച്ഛനും ഉപദ്രവിക്കാൻ മാത്രമറിയാവുന്ന രണ്ടാനച്ഛനും പകർന്ന തീരാദുരിതങ്ങളിൽനിന്ന്‌ നിർധനനും നിസ്സഹായനുമായ ഒരു യുവാവ് പ്രകൃതിയിലേക്ക് ഇറങ്ങിനടന്നതിന്റെ സ്വാനുഭവംകൂടിയാണ്. പ്രകൃതി അയാൾക്ക്‌ അമ്മയും അച്ഛനുമായി. അദ്‌ഭുതകരമായ ജീവിതപാഠങ്ങൾ പകർന്നു. രണ്ടുവർഷം തുടർച്ചയായി ചെന്നൈയിലെ കടലോരങ്ങളിൽ പഠനം നടത്തി എഴുതിയ ഈ പുസ്തകം ഇന്ന് ലോകമാകെയുള്ള പ്രകൃതിസ്നേഹികൾ ചർച്ചചെയ്യുന്നു

യുവൻ അവിസിന്റെ ബാല്യം കഷ്ടപ്പാടുകൾ നിറഞ്ഞതായിരുന്നു. പ്രകൃതിയുടെ താളത്തുടിപ്പുകളറിയുന്ന ഒരു  ഹൃദയവും എന്നാൽ, രണ്ടാനച്ഛന്റെ ക്രൂരതകളാൽ തകർന്ന ആത്മാവുമുള്ള ഒരു കുട്ടിയായിരുന്നു അവൻ. അമ്മ മോണ്ടിസോറി ശൈലിയിലാണ് അവനെ വളർത്തിയിരുന്നത്. അവർ അവനെ ഉത്‌കണ്ഠയോടെ നിരീക്ഷിച്ചുകൊണ്ടേയിരുന്നു. എന്നാൽ, യുവന്റെ അച്ഛൻ  വളരെ മോശം വ്യക്തിയായിരുന്നു. അയാൾ ആഴ്ചകളും മാസങ്ങളും കൂടുമ്പോൾമാത്രമേ വീട്ടിൽ വന്നിരുന്നുള്ളൂ. സ്വന്തം കുടുംബത്തിനായി ഒരു സഹായവും നൽകിയിരുന്നില്ല. ഭാര്യയെ മർദിക്കുന്നതുകൂടാതെ മറ്റുസ്ത്രീകളുമായി അവിഹിതബന്ധവും പുലർത്തിയിരുന്നു. കുട്ടിയായ യുവന്  ആ കുടുംബത്തെക്കാൾ  സുരക്ഷിതം അവന്റെ  വിദ്യാലയമായിരുന്നു.
 
യുവന്റെ പതിനൊന്നാമത്തെ വയസ്സിൽ, അമ്മയുടെ വിവാഹമോചനത്തെത്തുടർന്നാണ് രണ്ടാനച്ഛൻ അവന്റെ ജീവിതത്തിലേക്ക് കടന്നുവന്നത്. അതോടെ ആ വീട് ഒരു നരകമായിത്തീർന്നു. സ്വയംപ്രഖ്യാപിത പ്രകൃതി വൈദ്യനും ജ്യോത്സ്യനുമായിരുന്ന അയാൾ യുവനെ അങ്ങേയറ്റം വെറുക്കുകയും അവന്റെ ജീവിതം ദുരിതമയമാക്കുകയും ചെയ്തു. ഓരോ ദിവസവും ഓരോ പുതിയ ഭീകരാനുഭവങ്ങൾ ആ വീട്ടിൽ ഉടലെടുത്തുകൊണ്ടിരുന്നു. രണ്ടാനച്ഛന്റെ ഉരുക്കുമുഷ്ടിയേറ്റ് യുവന്റെ ദേഹമാസകലം പരിക്കുകളുണ്ടായി. അയാൾ അവനെക്കൊണ്ട് ദിവസവും വീട് വൃത്തിയാക്കൽ, പാത്രങ്ങൾ കഴുകൽ, വസ്ത്രങ്ങൾ അലക്കൽ, ഭക്ഷണം പാകം ചെയ്യൽ, അയാൾക്കുള്ള സിഗരറ്റ് വാങ്ങൽ എന്നിങ്ങനെ എല്ലാ പണികളും ചെയ്യിച്ചിരുന്നു.

മർദനമേറ്റ യുവന്റെ ചുണ്ടുകൾ പൊട്ടുന്നതും ദേഹം മുറിവേൽക്കുന്നതും പതിവായി. ആഴ്ചതോറും ആ വീട്ടിൽ രക്തച്ചൊരിച്ചിൽ നടന്നുകൊണ്ടിരുന്നു. അവന്റെ വായിൽനിന്നുമൊലിക്കുന്ന രക്തം ആ വീടിന്റെ ചുവരുകളിൽ പാടുകൾവീഴ്ത്തി. ഒഴിവുദിവസങ്ങളിൽ ഒരു കത്തി ഉപയോഗിച്ച് ആ രക്തക്കറ ചുരണ്ടിനീക്കാൻ അയാൾ അവനോടുതന്നെ ആവശ്യപ്പെടും. രണ്ടാനച്ഛൻ ഉറക്കത്തിൽനിന്നെഴുന്നേൽപ്പിച്ച്‌ തല്ലുമോ എന്ന ഭയം കാരണം മിക്കദിവസവും അവൻ രാത്രി മൂന്നോ നാലോ മണിക്കൂർമാത്രമേ ഉറങ്ങിയിരുന്നുള്ളൂ. അയാൾക്ക് ഒരിക്കലും തന്റെ കോപമടക്കാൻ സാധിച്ചിരുന്നില്ല. ഒരിക്കൽ അയാൾ വീടിന്റെ ഗേറ്റ് കമ്പികൾ യുവന്റെ മുഖത്തുവെച്ചമർത്തി. അവന്റെ കണ്ണുകൾ നീരുവെച്ചുവീർത്തു. മറ്റൊരിക്കൽ അയാളുടെ അടിയേറ്റ് അവന്റെ കർണപുടം തകർന്ന്‌ നീരൊഴുകാൻ തുടങ്ങി. ആ വീട്ടിലെ ഓരോ സാധനസാമഗ്രികളും അവനെ അടിക്കാൻ അയാൾ ഉപയോഗിച്ചു. പീഡനങ്ങൾ അഞ്ചുവർഷം തുടർന്നു.

വിദ്യാര്‍ഥികള്‍ക്കൊപ്പം പരിസ്ഥിതി ക്യാംപിൽ യുവന്‍ അവിസ്

തന്റെ പഠനംനിർത്തി പൂർണമായും വീട്ടുവേല ചെയ്യാൻ നിർബന്ധിക്കപ്പെടുന്ന ദിവസം അകലെയല്ല എന്ന് യുവൻ തിരിച്ചറിഞ്ഞു. അമ്മ തികച്ചും നിസ്സഹായയായിരുന്നു. രണ്ടാനച്ഛൻ അവരെ പൂർണമായും തന്റെ നിയന്ത്രണത്തിലാക്കി. അമ്മയ്ക്ക്‌ സ്വന്തമായി വരുമാനമുണ്ടായിട്ടും ആ വീട്ടിലെ അവസ്ഥയ്ക്ക് മാറ്റമുണ്ടാക്കാനായില്ല. തന്റെ സ്വന്തം പിതാവിന്റെ തെറ്റുകളും അമ്മയുടെ വിവാഹമോചനം സൃഷ്ടിച്ച മാനസികാഘാതവും രണ്ടാനച്ഛന്റെ രാക്ഷസസ്വഭാവവും സഹോദരിയുടെ അവിഹിതബന്ധവുമെല്ലാം യുവന് കാണേണ്ടിയും അനുഭവിക്കേണ്ടിയും വന്നു. 

രണ്ടാനച്ഛൻ സ്വയം നോട്ടുപുസ്തകത്തിലെ താളുകൾ കീറിയെടുത്തു തീയിലിടാൻ അവനെ നിർബന്ധിച്ചു. അത്തരം ഉപദ്രവങ്ങൾ നിരന്തരം തുടർന്നപ്പോഴും പ്രതിരോധത്തിന്റെ ഒരു കനൽ അവന്റെ ഉള്ളിൽ ജ്വലിച്ചുകൊണ്ടിരുന്നു. അങ്ങനെ ഒരു ദിവസം അവൻ വീട്ടിൽനിന്ന്‌ ഒളിച്ചോടാൻ തീരുമാനിച്ചു. ധൈര്യം സംഭരിച്ച്, 2011 സെപ്റ്റംബർ 11-നു കുറച്ചുനാണയത്തുട്ടുകൾമാത്രം പോക്കറ്റിലിട്ട് അവൻ ഇരുട്ടിന്റെ മറപറ്റി  വീടുവിട്ടിറങ്ങി. പത്താംക്ലാസ് കഴിഞ്ഞ് പ്ലസ് വണ്ണിലായതേയുള്ളൂ. പുതുച്ചേരിയിൽ മഹർഷി അരവിന്ദന്റെ ഓറോവില്ലിയിലേക്കോ തിരുവണ്ണാമലയിൽ രമണമഹർഷിയുടെ ആശ്രമത്തിലേക്കോ  പോകാമെന്ന് അവൻ കരുതി. അമ്മയുടെ അവസ്ഥ  മനസ്സിലാക്കി ഒന്നുമറിയിച്ചില്ല.

എങ്ങോട്ടുപോകണമെന്നറിയാത്തതിനാൽ യുവന്റെ മുന്നിൽ അനിശ്ചിതാവസ്ഥ മാത്രമായിരുന്നു. യഥാർഥ ലോകത്തെപ്പറ്റി  ഒന്നുമറിയാഞ്ഞിട്ടും വഴിതെറ്റിയെന്നുതോന്നിയിട്ടും അജ്ഞാതമായ എന്തോ ഒന്ന് അവനെ മുന്നോട്ടു നീങ്ങാൻ പ്രേരിപ്പിച്ചു. അതൊരുപക്ഷേ, പ്രകൃതിയാവാം. അവൻ രണ്ടുബസുകൾ കയറി യാത്രചെയ്ത് ഒടുവിൽ ബെസന്ത് നഗർ പ്ലാറ്റ്ഫോമിൽ എത്തി. അപ്പോഴേക്കും രാത്രി ഒമ്പതര  കഴിഞ്ഞിരുന്നു. നേരേ സ്വന്തം സ്കൂളിലേക്ക് നടന്നു. കതകിൽ തട്ടിയപ്പോൾ അന്നത്തെ സ്കൂൾ ഡയറക്ടറും വിദ്യാഭ്യാസവിചക്ഷണനുമായ പ്രിൻസിപ്പൽ ജി. ഗൗതമ അകത്തേക്ക് ക്ഷണിച്ചു. അദ്ദേഹത്തോട് അവൻ കഥമുഴുവനും പറഞ്ഞു. അദ്ദേഹം ഒരു ഉറപ്പുകൊടുത്തു: ‘‘ഇനിമുതൽ ആരും നിന്നെ ഉപദ്രവിക്കില്ല.’’ അടുത്തദിവസം യുവന്റെ അമ്മയെ അദ്ദേഹം വിവരമറിയിച്ചു. എന്നാൽ, യുവനെ അദ്‌ഭുതപ്പെടുത്തിക്കൊണ്ട് നടന്ന സംഭവങ്ങൾ അമ്മ നിഷേധിച്ചില്ലെന്നു മാത്രമല്ല, അദ്ദേഹത്തോട് യുവനെ സംരക്ഷിക്കാൻ ആവശ്യപ്പെടുകയുംചെയ്തു.

അടുത്ത അഞ്ചുവർഷം യുവൻ പാഠശാലയുടെ ഹരിതാഭമായ കലാലയത്തിലാണ് ചെലവഴിച്ചത്. ജിദ്ദു കൃഷ്ണമൂർത്തി ഫൗണ്ടേഷനുകീഴിലുള്ള റെസിഡൻഷ്യൽ സ്കൂളായിരുന്നു ആ പാഠശാല. അങ്ങനെ പതിനൊന്നും പന്ത്രണ്ടാം തരവും അധ്യാപകരുടെ മാർഗനിർദേശങ്ങളോടെ യുവൻ സ്വയം പഠിച്ചെടുത്തു. അവിടത്തെ വിദ്യാർഥികൾക്കുവേണ്ടി പ്രകൃതിയധിഷ്ഠിതമായ പാഠ്യരീതിയുടെ ഭാഗമായിത്തീർന്നു യുവൻ. പാഠ്യേതര പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് കുട്ടികൾക്കുള്ള പരിസ്ഥിതി പ്രോജക്ടുകൾ തയ്യാറാക്കാൻ യുവനോട് സ്കൂൾ അധികൃതർ ആവശ്യപ്പെട്ടു. പ്രകൃതിയുമായി താദാത്മ്യം പ്രാപിക്കാൻ ദീർഘദൂരം നടക്കാൻ പോകുമായിരുന്ന യുവൻ അതിലാണ് തന്റെ ജീവിതമെന്ന് തിരിച്ചറിഞ്ഞു. ആ സഞ്ചാരങ്ങൾക്കിടയിൽ പലപ്പോഴും ഗ്രാമത്തിലെ കുട്ടികൾ യുവന്റെ കൂടെക്കൂടുമായിരുന്നു. അതിനുള്ള പ്രധാന കാരണം അധ്യാപകരിൽനിന്ന്‌ യുവന് ലഭിച്ച  ക്യാമറയും ബൈനോക്കുലറുംതന്നെ. മരങ്ങളുടെയും പക്ഷികളുടെയും പേരുവിവരങ്ങൾ അവൻ ആ കുട്ടികൾക്ക് വിശദീകരിച്ചുകൊടുക്കും. എന്നിട്ട് അവരോട് സ്വന്തം ഗ്രാമത്തിലെ  ജീവജാലങ്ങളെക്കുറിച്ച്‌ പഠിച്ചു പറഞ്ഞുകൊടുക്കാൻ ആവശ്യപ്പെടും. ഇത്തരത്തിലുള്ള അനുഭവത്തിന്റെ പശ്ചാത്തലത്തിൽ മൂന്ന്‌ ഗ്രാമീണ വിദ്യാലയങ്ങൾ യുവന്റെ ശാസ്ത്രപഠനവുമായി ബന്ധപ്പെട്ട ജൈവവൈവിധ്യ പാഠ്യപദ്ധതി പിന്തുടരാൻ ആരംഭിച്ചു. തന്റെ പതിനാറാമത്തെ വയസ്സിൽ കുട്ടികൾക്കായി  ഭൂപ്രകൃതിയെ സംബന്ധിച്ച പാഠങ്ങൾ യുവൻ തയ്യാറാക്കി. അവർ പുറത്തുപോയി നിരീക്ഷിച്ച്, വിവിധ സസ്യജാലങ്ങളുടെ ഇംഗ്ലീഷിലും തമിഴിലുമുള്ള പേരുകൾ കണ്ടെത്തി, അവയെ വരയ്ക്കുകയും അവയെക്കുറിച്ച് വിവരിക്കുകയും പരസ്പരം ചോദ്യങ്ങൾ ചോദിക്കുകയും ചെയ്യും. യുവനെ സംബന്ധിച്ചിടത്തോളം, കുട്ടികളെ അവരുടെ ചുറ്റുപാടുമുള്ള പ്രകൃതിയുമായി ഇണക്കുക എന്നതായിരുന്നു ലക്ഷ്യം.

മരങ്ങളുടെയും പക്ഷികളുടെയും പേരുവിവരങ്ങൾ കുട്ടികൾക്ക് വിശദീകരിച്ചുകൊടുക്കുന്ന യുവൻ അവിസ്

യുവൻ നാട്ടിലെ കുട്ടികൾക്കിടയിൽ താരമായി. കുട്ടികൾക്ക് മരങ്ങളുടെയും കിളികളുടെയും ചിത്രങ്ങൾ കാണിച്ച്, അവയെ നിരീക്ഷിക്കാനും അവർ കണ്ടെത്തിയതെല്ലാം എഴുതാനും ആവശ്യപ്പെട്ടു. ഗ്രാമീണപ്രകൃതിയെ കുട്ടികളിൽ  ആവേശമുണർത്തുന്ന ഒരിടമാക്കി മാറ്റാനാണ് യുവൻ ഉദ്ദേശിച്ചത്. അതുവഴി കുട്ടികളുടെ കഴിവുകൾ വികസിക്കുകയും ചെയ്തതോടെ സ്കൂൾ അധികൃതർക്ക് സന്തോഷമായി. മാത്രമല്ല, പ്രധാനാധ്യാപിക യുവനോട് പറഞ്ഞത്, കുട്ടികളുടെ പൊതുവേയുള്ള ജിജ്ഞാസ കൂടിവരുന്നുണ്ടെന്നാണ്. പരമ്പരാഗത ക്ലാസ്റൂം അധിഷ്ഠിത പഠനത്തെക്കാൾ പ്രകൃതിയിലൂന്നിയുള്ള പഠനമാണ് മികച്ചതെന്ന്‌ യുവൻ തിരിച്ചറിഞ്ഞു. എല്ലാ പ്രവർത്തനങ്ങളും തമിഴിലാണ്. പ്രകൃതിപഠനത്തിലൂടെ കുട്ടികളുടെ വൈജ്ഞാനികശേഷി വർധിക്കുന്നുണ്ടെന്ന് തെളിയിക്കാനുള്ള ഒരു പഠനം നടത്തുകയാണ് യുവൻ ഇപ്പോൾ. ഇന്ത്യയിൽത്തന്നെ ആദ്യമായാണ് പ്രാദേശികതലത്തിലുള്ള പഠനം എങ്ങനെയാണ്‌ ബൗദ്ധികമായ കഴിവുകളും ആശയവിനിമയപാടവവും വർധിപ്പിക്കുന്നത് എന്നതിനെക്കുറിച്ച് ഗവേഷണം നടക്കുന്നത്.
 
ചിലപ്പോൾ യുവന് ആഴമേറിയ ദാർശനിക ഉൾക്കാഴ്ചകളുണ്ടാകും. ഇരുളടഞ്ഞ, മുറിവേറ്റ തന്റെ ഓർമ്മകളിൽനിന്ന് പുറത്തുകടക്കാൻ ഈ ഉൾക്കാഴ്ചകൾ യുവനെ ഏറെ സഹായിക്കുന്നുണ്ട്. ഉറക്കമില്ലാത്ത രാത്രികളും ദുഃസ്വപ്നങ്ങളുമെല്ലാം നേരിട്ട അയാൾ കടുത്തസമ്മർദവും അനുഭവിച്ചു. കൂടാതെ, മാനസികാഘാതത്തിന്റെ സങ്കീർണതകളെ നിരീക്ഷിച്ചറിയാനും യുവൻ ശ്രമിച്ചു. അത് തിരിച്ചറിഞ്ഞുകഴിഞ്ഞാൽ മാറ്റത്തിലേക്കുള്ള വഴി ഉരുത്തിരിഞ്ഞുവരുമെന്നും അവൻ ദൃഢമായി വിശ്വസിച്ചു.
 
ചിന്തോദ്ദീപകമായ ചോദ്യം യുവനിൽ കതിരിട്ടു: ‘‘ഒരു പൂവിനെ തീവ്രമായ ജിജ്ഞാസയോടെ നോക്കുന്നപോലെ നിങ്ങൾക്ക് സ്വന്തം വേദനകളെ നോക്കിക്കാണാൻ കഴിയുമോ?’’ ഈ അപാരമായ നിരീക്ഷണപാടവം യുവന് പ്രകൃതി നൽകിയ വരദാനമാണ്. സ്കൂൾവിദ്യാഭ്യാസത്തിനുശേഷം കോളേജിൽ ചേരാനുള്ള തയ്യാറെടുപ്പായി. യുവന്റെ വാക്കുകളിൽ പറഞ്ഞാൽ രസകരമായ ഒരു യാത്രയുടെ തുടക്കം. ‘‘ഞാൻ വിദൂരവിദ്യാഭ്യാസം വഴിയാണ് കോളേജ് പഠനം ആരംഭിച്ചത്. സുവോളജിയായിരുന്നു ഐച്ഛികവിഷയം. എന്നാൽ, രണ്ടാമത്തെ വർഷം ഞാൻ ഫിസിക്സിലേക്കുമാറി. ഒപ്പം പഠനം പൂർത്തിയാക്കാനായി ചെന്നൈയിലേക്ക് താമസം മാറാനും തീരുമാനിച്ചു.’’

പള്ളുയിർ ട്രസ്റ്റ്

കോളേജ് വിദ്യാഭ്യാസം പൂർത്തിയാക്കിയശേഷം യുവൻ ചെന്നൈയിലെ തന്റെ സുഹൃത്തും വഴികാട്ടിയുമായ നിത്യാനന്ദ ജയരാമനുമായി ചേർന്ന് പുലിക്കറ്റ് കാമ്പയിനുവേണ്ടി പ്രവർത്തിക്കാൻ തുടങ്ങി. തീരദേശത്തെ നശിപ്പിക്കുന്ന തുറമുഖത്തിന്റെ നിർമാണത്തിനെ എതിർത്തുകൊണ്ടായിരുന്നു ഇത്. വേളാച്ചേരി ആസ്ഥാനമായി ‘പള്ളുയിർ ട്രസ്റ്റ് ഫോർ നേച്ചർ എജുക്കേഷൻ ആൻഡ് റിസർച്ച്’ ആരംഭിച്ചു. പ്രകൃതിപഠനത്തെ പ്രോത്സാഹിപ്പിക്കുന്നതിനായി ഈ ട്രസ്റ്റ് സജീവമായി ഇടപെട്ടു. അവർ സമർഥരായ പതിന്നാലു പേരടങ്ങുന്ന ഒരു ടീമിനോടൊപ്പം തമിഴ്‌നാട്ടിലെ എല്ലാ തീരപ്രദേശങ്ങളെക്കുറിച്ചും സമഗ്രപഠനം നടത്തി വിവരങ്ങൾ രേഖപ്പെടുത്തി. ഇതിന്റെ പ്രാധാന്യം വിശദീകരിക്കാൻ യുവൻ ഒരുതരം ഞണ്ടിനെക്കുറിച്ചുള്ള ഒരു ഉദാഹരണം ചൂണ്ടിക്കാട്ടി. പ്രദേശവാസികൾ മിക്കപ്പോഴും ഞണ്ടിനെക്കുറിച്ച് പരാമർശിക്കുമെങ്കിലും അത് ഏതിനത്തിൽപ്പെടുന്നതാണെന്ന് അവർക്കറിയില്ല. യുവന്റെ ലക്ഷ്യം തീരദേശത്തെ വൈവിധ്യമാർന്ന ജീവജാലങ്ങളെക്കുറിച്ച് ആളുകളെ  ബോധവത്‌കരിക്കുക എന്നതായിരുന്നു.

ചെന്നൈയിൽ പൊതുവേ കാണപ്പെടുന്ന കടൽമത്സ്യങ്ങളെക്കുറിച്ചും യുവൻ സമഗ്രമായി രേഖപ്പെടുത്തിയിട്ടുണ്ട്

 മത്സ്യത്തൊഴിലാളികളുടെ കുട്ടികൾ എങ്ങനെയാണു തീരദേശത്തെ ഒരു മികച്ച പഠനവേദിയായി ഉപയോഗപ്പെടുത്തുക എന്ന് യുവൻ ഉയർത്തിക്കാണിക്കുന്നു. പള്ളുയിർ ട്രസ്റ്റ് പ്രസിദ്ധീകരിച്ച ‘എജുക്കേറ്റേഴ്‌സ് ഹാൻഡ്ബുക്ക്‌ ഫോർ ദി കോസ്റ്റ്’  (Educators Handbook for the Coast) എന്ന പുസ്തകം തീരപ്രദേശത്തെ ജൈവവൈവിധ്യത്തെയും പ്രാദേശികഭാഷയെയും കുറിച്ചാണ് പ്രതിപാദിക്കുന്നത്. ഇതുകൂടാതെ, വഴിയോരത്തു കാണപ്പെടുന്ന വിവിധയിനം കാട്ടുപൂക്കളെ ജനങ്ങൾക്ക് പരിചയപ്പെടുത്താനായി ഒരു ഗൈഡ് യുവൻ രചിച്ചിട്ടുണ്ട്. സസ്യവൈവിധ്യത്തെ സംരക്ഷിക്കുന്നതിനായി അവയോടുള്ള താത്‌പര്യം പുനരുജ്ജീവിപ്പിക്കുക എന്നതാണ് ലക്ഷ്യം. അതിശീഘ്രം പടർന്നു വളരുന്ന കാട്ടുപൂക്കളുടെ വ്യാപനത്തെ തടയാതിരിക്കുന്നതിന്റെ പ്രാധാന്യവും യുവൻ അടിവരയിട്ടു പറയുന്നു. കൂടാതെ, ചെന്നൈയിൽ പൊതുവേ കാണപ്പെടുന്ന കടൽമത്സ്യങ്ങളെക്കുറിച്ചും യുവൻ സമഗ്രമായി രേഖപ്പെടുത്തിയിട്ടുണ്ട്. ചെന്നൈയിലും സമീപജില്ലകളിലും കണ്ടുവരുന്ന 160 തീരദേശ ജീവികളെ ഉൾക്കൊള്ളിച്ച് തയ്യാറാക്കിയ വിദഗ്‌ധ ഗൈഡും യുവന്റെ രചനകളിൽ ഉൾപ്പെടുന്നു.

കേരളസന്ദർശനം

തീരപ്രദേശങ്ങളെക്കുറിച്ചുള്ള പഠനത്തിന്റെ ഭാഗമായി യുവൻ ഒട്ടേറെ സംസ്ഥാനങ്ങൾ സന്ദർശിച്ചിട്ടുണ്ട്. കേരളത്തിലെത്തിയപ്പോൾ അദ്ദേഹം കുമ്പളങ്ങിയിൽ പോയി അവിടത്തെ തണ്ണീർത്തടങ്ങളെക്കുറിച്ച് പഠിച്ചു. അപ്പോഴേക്കും തമിഴ്നാടിനെക്കുറിച്ചുള്ള വിവരങ്ങൾ രേഖപ്പെടുത്തുന്ന ജോലികളെല്ലാം പൂർത്തിയായിരുന്നു. തീരദേശങ്ങൾ നേരിടുന്ന ഭീഷണികളെക്കുറിച്ച് അദ്ദേഹത്തിന് ആശങ്കയുണ്ട്. കേരളത്തിലെ വിഴിഞ്ഞം തുറമുഖ വികസനവുമായി ബന്ധപ്പെട്ട് അവിടത്തെ തീരദേശമേഖല ശോഷിച്ചുകൊണ്ടിരിക്കുകയാണെന്ന് യുവൻ പറയുന്നു. കോവളത്തെ കടൽത്തീരത്തിന്റെ വിസ്തൃതിയും വികസനപ്രവർത്തനങ്ങളെത്തുടർന്ന് ചുരുങ്ങിക്കൊണ്ടിരിക്കയാണ്. കേരളത്തിലെ ഡസൻകണക്കിന് മത്സ്യത്തൊഴിലാളിഗ്രാമങ്ങൾ ഭൂപടത്തിൽനിന്നുതന്നെ അപ്രത്യക്ഷമായി. കടൽത്തീരങ്ങൾ ഭൂമിക്ക് ഒരു പ്രകൃതിദത്ത കവചമായി പ്രവർത്തിക്കുന്നുവെന്നാണ് യുവൻ വാദിക്കുന്നത്. അവ മഴവെള്ളത്തെ ശേഖരിക്കുകയും കടൽവെള്ളത്തെ പുറന്തള്ളുകയും ചെയ്യുന്നു.

താൻ രചിച്ച ഇന്റർടൈഡൽ: എ കോസ്റ്റ് ആൻഡ് മാർഷ് ഡയറി’ (Intertidal: A coast and Marsh Diary) എന്ന പുസ്തകവുമായി യുവൻ അവിസ് | Photo: twitter.com/Yuvan_aves

ഇന്റർടൈഡൽ 

യുവൻ അവിസ് എഴുതിയ  ഇന്റർടൈഡൽ: എ കോസ്റ്റ് ആൻഡ് മാർഷ് ഡയറി’ (Intertidal: A coast and Marsh Diary) എന്ന പുസ്തകം അദ്ദേഹത്തിന്റെ പ്രകൃതിയോടുള്ള അഗാധമായ അഭിനിവേശം വെളിപ്പെടുത്തുന്നു. ഭവിഷ്യത്ത് മുൻകൂട്ടി കാണാതെ നടത്തുന്ന നിർമാണപ്രവർത്തനങ്ങളുടെ ദൂഷ്യഫലങ്ങളെക്കുറിച്ചും വികസനത്തിനു കൊടുക്കേണ്ടിവരുന്ന  കനത്തവിലയെക്കുറിച്ചുമെല്ലാം ഈ പുസ്തകത്തിൽ  ആഴത്തിൽ വിശദമാക്കുന്നുണ്ട്. എഴുത്തുകാരന്റെ ആന്തരികവും ബാഹ്യവുമായ ലോകത്തെത്തന്നെയാണ് ഈ പുസ്തകത്തിൽ വെളിപ്പെടുത്തുന്നത്. ഓരോരുത്തരും അവരവരുടെ ഉള്ളിലെ യാതനകളെ സസൂക്ഷ്മം നിരീക്ഷിച്ച് അവയെ ഉടച്ചുവാർക്കുന്നതിന്റെ പ്രാധാന്യത്തെപ്പറ്റി യുവൻ എഴുതുന്നു . തന്റെ ജീവിതത്തിലെ ഇരുണ്ടനാളുകളെക്കുറിച്ചും യുവൻ പുസ്തകത്തിൽ ഓർമ്മിക്കുന്നുണ്ട്. ‘മണ്ണിരകൾ അവശിഷ്ടങ്ങളെ ഫലഭൂയിഷ്ഠമാക്കി സ്വയം വളരുന്നു. ആ ജീവികളിൽനിന്ന്‌ ഞാൻ വിലപ്പെട്ട പാഠംപഠിച്ചു. സ്വന്തം ജീവിതത്തിലെ മുറിവുകൾ ഭേദമാക്കാനും കഷ്ടപ്പാടുകളെ വളർച്ചയ്ക്കുള്ള അവസരമാക്കാനും ഞാൻ ശ്രമിച്ചു. ജീവിതത്തിലെ ഏറ്റവും മോശപ്പെട്ട കാര്യങ്ങൾപോലും വളർച്ചയ്ക്കുള്ള ഇന്ധനമാക്കാം’ -യുവാവായ പ്രകൃതിനിരീക്ഷകൻ പറയുന്നു.

Content Highlights: intertidal a coast and marsh diary by yuvan aves