ആൺതേനീച്ചയ്ക്ക് അച്ഛനില്ല, മകനുമില്ല; മുത്തച്ഛനും പേരകുട്ടിയുമുണ്ട്!

സ്ത്രീകൾ മാത്രം വിചാരിച്ചാൽ സന്താനങ്ങളുണ്ടാകുമോ? പറ്റുമല്ലോ. ക്ലോണിങ് ചെയ്താൽ മതി. ക്ലോണിങ് വഴി പിറന്ന ഡോളി എന്ന ചെമ്മരിയാടിനെക്കുറിച്ച് കേൾക്കാത്തവരുണ്ടാകില്ല. പക്ഷേ, ക്ലോണിങ്ങിന് കുഴപ്പമുണ്ട്, പെൺമക്കൾ മാത്രമേ ഉണ്ടാകൂ. ആൺകുട്ടികളുണ്ടാകണമെങ്കിൽ വൈ ക്രോമസോം വേണം. അത് ആണുങ്ങളുടെ കോശങ്ങളിലേ ഉള്ളൂ. ഇത് മനുഷ്യരുടേയും മറ്റ് സസ്തനികളുടേയും കാര്യം. നമ്മൾ പറയുന്നത് തേനീച്ചകളെ കുറിച്ചാണ്. ലോകത്തിലെ ഒരു ആൺതേനീച്ചയ്ക്കും അച്ഛനില്ല!
അപ്പോൾ വൈ ക്രോമസോം എവിടെനിന്ന് വന്നു? ഉത്തരം ലളിതം. എല്ലാ ജീവികൾക്കും ലിംഗം തീരുമാനിക്കാൻ (sex determination) വൈ ക്രോമസോം വേണ്ട! തേനീച്ചകളുടെ ലോകത്തെ ലിംഗനിർണ്ണയം വളരെ കൗതുകമേറിയതാണ്. സാധാരണ ജീവികളിൽനിന്ന് തികച്ചും വ്യത്യസ്തമായ രീതിയിലാണ് ഇവയിൽ ആണും പെണ്ണും തീരുമാനിക്കപ്പെടുന്നത്.
മനുഷ്യരിലെ രീതി (ഡിപ്ലോയിഡി): സാധാരണ ജീവികളിൽ അമ്മയിൽനിന്നും അച്ഛനിൽനിന്നും പകുതി വീതം ക്രോമസോമുകൾ ലഭിക്കുന്നു. ഉദാഹരണത്തിന് മനുഷ്യരിൽ 23ജോഡി (46എണ്ണം) ക്രോമസോമുകളുണ്ട്. ഇതിൽ ലിംഗനിർണ്ണയ ക്രോമസോമുകളാണ് (Sex Chromosomes) ആണാണോ പെണ്ണാണോ എന്ന് തീരുമാനിക്കുന്നത്.
തേനീച്ചകളുടെ പ്രത്യേകത (ഹാപ്ലോ-ഡിപ്ലോയിഡി): തേനീച്ചകൾക്ക് പ്രത്യേകമായി ലിംഗനിർണ്ണയ ക്രോമസോമുകൾ ഇല്ല. പകരം, ക്രോമസോമുകളുടെ എണ്ണമാണ് ഇവിടെ ആൺ-പെൺ വ്യത്യാസം നിശ്ചയിക്കുന്നത്!
തേനീച്ചജീവിതം
സമൂഹമായി ജീവിക്കുന്ന പ്രാണികളാണ് (social insects) തേനീച്ചകൾ. ഒരു തേനീച്ച കോളനിയിൽ മൂന്ന് തരം ഈച്ചകളുണ്ടാകും. അവയെ മൂന്ന് ജാതികൾ (castes) എന്നാണ് പറയുന്നത്. രാജ്ഞി (queen), സേവികമാർ (workers), ഡ്രോണുകൾ. ഒരു കോളനിയിൽ ഒരു രാജ്ഞിയും ആയിരക്കണക്കിന് സേവികമാരും നൂറ് കണക്കിന് ഡ്രോണുകളും ഉണ്ടാകും. പ്രത്യുൽപാദന ശേഷിയില്ലാത്ത പെണ്ണീച്ചകളാണ് സേവികമാർ. തേനും പൂമ്പൊടിയും മെഴുകും തേടിക്കൊണ്ടുവരുന്നതും കുഞ്ഞുങ്ങളെ തീറ്റ കൊടുത്ത് വളർത്തുന്നതും രാജ്ഞിയെ പരിചരിക്കുന്നതും കൂട് വൃത്തിയായി സൂക്ഷിക്കുന്നതും മെഴുകുപയോഗിച്ച് തേനടകൾ (hives) ഉണ്ടാക്കുന്നതും സേവികമാരാണ്. മുട്ടയിടുന്നതും കോളനിയെ ചേർത്തുനിർത്തുന്നതും രാജ്ഞിയാണ്.
ഫെറമോണുകൾ എന്ന രാസപദാർത്ഥത്തിലൂടെയാണ് രാജ്ഞി കോളനിയെ നിയന്ത്രിച്ചു നിർത്തുന്നത്. രാജ്ഞിയുമായി ഇണചേരുക എന്നത് മാത്രമാണ് ഡ്രോണുകളുടെ ജോലി. അവയ്ക്ക് വിഷവും വിഷമുള്ളുമില്ല. വലുപ്പത്തിൽ ഒന്നാം സ്ഥാനം രാജ്ഞിക്കും രണ്ടാം സ്ഥാനം ഡ്രോണുകൾക്കുമാണ്. ഏറ്റവും ചെറുത് സേവികമാരും. ആയുസ്സിന്റെ കാര്യത്തിൽ രാജ്ഞി ഏറെ മുമ്പിലാണ്. ശരാശരി 3-4 വർഷത്തോളം ജീവിക്കും. ചിലപ്പോൾ അതിൽ കൂടുതലും. സേവികമാരുടെ ആയുസ്സ് ഏകദേശം ഒരു മാസവും ഡ്രോണുകളുടേത് അതിൽ കുറവുമാണ്. സാധാരണയായി ഒരേ കോളനിയിലുള്ള ഡ്രോണുകളും രാജ്ഞിയും തമ്മിൽ ഇണചേരില്ല. എന്ന് പറഞ്ഞാൽ ഡ്രോണുകളെ സേവികമാർ തീറ്റിപ്പോറ്റുന്നത് സ്വന്തം കോളനിക്ക് വേണ്ടിയല്ല, മറ്റൊരു കോളനിക്ക് വേണ്ടിയാണ്!
കൂട്ടിൽ ലഭ്യമായ തേനിന്റെ അളവ് കുറയുമ്പോൾ സേവികമാർ ഡ്രോണുകളെ കൂട്ടിൽ നിന്ന് ബലപ്രയോഗത്തിലൂടെ പുറത്താക്കും. സ്വന്തം കൂട്ടിൽ നിന്നും കിലോമീറ്ററുകൾ അകലെയുള്ള പ്രദേശത്തുവെച്ചാണ് രാജ്ഞിമാരും ഡ്രോണുകളും കണ്ടുമുട്ടുന്നതും ഇണചേരുന്നതും. തന്റെ പ്രത്യേക അറയിൽ നിന്ന് പുറത്തുവരുന്ന കന്യകയായ രാജ്ഞി ഏകദേശം ഒരാഴ്ചയ്ക്ക് ശേഷം ഇണചേരാനുള്ള ആദ്യ പറക്കൽ നടത്തും (nuptial flight). ഇത് മൂന്നോ നാലോ ദിവസം തുടരും. അനേകം കോളനികളിലുള്ള രാജ്ഞിമാരും ഡ്രോണുകളുമാണ് ഈ ഇണചേരൽ പ്രക്രിയയിൽ പങ്കെടുക്കുന്നത്. പറന്നുകൊണ്ടാണ് ഇണചേരുന്നത്. സ്വന്തം കോളനിയിലെ ഡ്രോണുകളെ കഴിയുന്നതും ഒഴിവാക്കുക എന്നതാണ് ഈ പ്രത്യേക സംവിധാനത്തിന്റെ ഉദ്ദേശ്യം. അപൂർവ്വമായി സ്വന്തം ഡ്രോണുകളുമായും യാദൃച്ഛികമായി ഇണചേരലുകൾ നടക്കാറുണ്ട്. ഒന്നിലധികം ഡ്രോണുകളുമായി ഇണചേരുന്നതു വഴി ഇതിന്റെ ദോഷവശങ്ങളെ ഒരു പരിധിവരെ ലഘൂകരിക്കാൻ കഴിയും (എന്താണ് ആ ദോഷവശങ്ങൾ എന്നത് പിന്നീട് പറയാം). ഒരു രാജ്ഞി 34-77 ഡ്രോണുകളുമായി ഇണചേരുമെന്നാണ് ഏറ്റവും പുതിയ പഠനങ്ങൾ പറയുന്നത്. ഇങ്ങനെ കിട്ടുന്ന പുംബീജങ്ങൾ സ്‌പെർമാതീക്ക (spermatheca) എന്ന സഞ്ചി പോലെയുള്ള അവയവത്തിൽ സൂക്ഷിച്ചുവയ്ക്കും. സ്‌പെർമാതീക്കയിൽ ദശലക്ഷക്കണക്കിന് പുംബീജങ്ങൾ വർഷങ്ങളോളം സൂക്ഷിച്ചുവെക്കാൻ കഴിയും. ജീവിതകാലം മുഴുവൻ സ്‌പെർമാതീക്കയിൽ സൂക്ഷിച്ചുവെച്ച പുംബീജങ്ങളാണ് മരണം വരെ അണ്ഡങ്ങളുമായി ബീജസംയോജനം നടത്താൻ ഉപയോഗിക്കുന്നത്! രാജ്ഞി രണ്ടാമതൊരു ഇണതേടിപ്പറക്കൽ നടത്തില്ല എന്നർത്ഥം . രാജ്ഞി ഒരു ദിവസം 1500-2000 അണ്ഡങ്ങൾ ഉൽപാദിപ്പിക്കും. ഡ്രോണുകളും ജീവിതത്തിൽ ഒരിക്കൽ മാത്രമേ ഇണചേരുകയുള്ളൂ. ഇണചേർന്നു കഴിഞ്ഞ് കുറച്ച് സമയത്തിനകം അവ ചത്തുവീഴും!
രാജ്ഞിയുടെ തന്ത്രങ്ങൾ
ആൺതേനീച്ചകളിലെ ക്രോമസോമുകളുടെ എണ്ണം പെൺതേനീച്ചകളുടേതിന്റെ പകുതി മാത്രമേ ഉള്ളൂ എന്ന് പറഞ്ഞല്ലോ. മനുഷ്യരുടെ കാര്യത്തിലെന്നപോലെ ബീജങ്ങളിലെ ക്രോമസോം സംഖ്യ തേനീച്ചകളിലും ശരീര കോശത്തിലേതിന്റെ പകുതി മാത്രമേ ഉണ്ടാകൂ (ഹാപ്‌ളോയിഡ്). പുംബീജവും അണ്ഡവും സംയോജിക്കുമ്പോൾ സിക്ത്താണ്ഡത്തിൽ( Zygote ) സ്വാഭാവികമായും ക്രോമസോം സംഖ്യ ഇരട്ടിക്കണമല്ലോ (ഡിപ്‌ളോയിഡ്). ആൺതേനീച്ചയായി മാറേണ്ട സിക്ത്താണ്ഡത്തിൽ എന്തുകൊണ്ട് അങ്ങനെ സംഭവിക്കുന്നില്ല? അവിടെയാണ് രാജ്ഞി തന്ത്രം പ്രയോഗിക്കുന്നത്. സ്‌പെർമാതീക്കയിൽ ശേഖരിച്ചുവെച്ച പുംബീജങ്ങളാണല്ലോ ബീജസങ്കലനത്തിന് ഉപയോഗിക്കുന്നത്.
അണ്ഡാശയത്തിൽനിന്ന് ഓരോ അണ്ഡവും അണ്ഡവാഹിനി കുഴലിലൂടെ ജനനേന്ദ്രിയത്തിലേക്ക് പോകുമ്പോൾ ആവശ്യത്തിന് മാത്രമുള്ള പുംബീജങ്ങൾ സ്‌പെർമാതീക്കയിൽനിന്ന് പുറത്തുവിടുകയാണ് ചെയ്യുന്നത്. ഇങ്ങനെ പുംബീജങ്ങൾ പുറത്ത് വിടണോ വേണ്ടയോ എന്ന് തീരുമാനിക്കുന്നത് രാജ്ഞിയാണ്. പെണ്ണീച്ചകളാണ് ആവശ്യമെങ്കിൽ പുംബീജങ്ങൾ പുറത്തുവിടും. അതല്ല, ലക്ഷ്യം ആണീച്ചകളാണെങ്കിൽ പുംബീജങ്ങൾ പുറത്തുവിടില്ല. അങ്ങനെവരുമ്പോൾ ബീജസങ്കലനം നടന്ന അണ്ഡങ്ങൾ പെണ്ണീച്ചകളായും ബീജസങ്കലനം നടക്കാത്തവ ആണീച്ചകളായും വളർന്നുവരും.
ബീജസങ്കലനം നടക്കാത്ത അണ്ഡങ്ങളിൽ നിന്ന് സന്താനങ്ങളുണ്ടാകുന്ന പ്രതിഭാസത്തെ പർത്ഥനോജനസിസ് (Parthenogenesis) എന്നാണ് പറയുന്നത്. ഈ തന്ത്രം പ്രയോഗിക്കുക വഴി ഒരു കോളനിയിൽ എത്രമാത്രം ആണീച്ചകൾ വേണമെന്ന് രാജ്ഞിക്ക് തീരുമാനിക്കാൻ കഴിയും. രാജ്ഞി മുട്ടയിടുന്നത് തേനടയിലെ അറകളിലാണ്. ആണീച്ചകൾ വളരുന്ന അറകൾ പെണ്ണീച്ചകൾ വളരുന്ന അറകളെക്കാൾ വലുതാണ്.
മുട്ടയിടുന്നതിന് മുൻപ് രാജ്ഞി അറയുടെ വലിപ്പം പരിശോധിച്ച് ചെറിയ അറയിൽ ബീജസങ്കലനം നടന്ന അണ്ഡങ്ങളും വലിയ അറകളിൽ ബീജസങ്കലനം നടക്കാത്ത അണ്ഡങ്ങളും നിക്ഷേപിക്കും. ജനിതകപരമായി രാജ്ഞിയും സേവകരും തമ്മിൽ വ്യത്യാസമൊന്നുമില്ല. സേവികമാർ അവയുടെ പ്രത്യേക ഗ്രന്ഥികളിൽ നിന്നുൽപാദിപ്പിക്കുന്ന റോയൽ ജെല്ലി എന്ന പ്രോട്ടീൻ സമൃദ്ധമായ ഭക്ഷണം കൂടുതൽ അളവിലും കാലയളവിലും ഭക്ഷിക്കുന്നതിലൂടെയാണ് ഒരു സാധാരണ പെൺതേനീച്ച രാജ്ഞിയായി വളരുന്നത്. രാജ്ഞി വളരുന്ന അറ മറ്റുള്ള അറകളേക്കാൾ വലുതാണ്.
നിലവിലുള്ള രാജ്ഞിക്ക് പ്രായമാകുമ്പോളോ കോളനിയിലെ അംഗങ്ങൾ അധികമാകുമ്പോളോ സേവികമാർ വലിയ അറകൾ ഉണ്ടാക്കാൻ തുടങ്ങും. പുതിയ രാജ്ഞി ഉണ്ടായിക്കഴിഞ്ഞാൽ ഒന്നുകിൽ പഴയ രാജ്ഞി എഴുപത് ശതമാനത്തോളം തേനീച്ചകളോടൊപ്പം പുറത്തുപോയി പുതിയ കോളണി സ്ഥാപിക്കും അല്ലെങ്കിൽ സേവികമാർ പഴയ രാജ്ഞിയെ കൊന്നുകളയും. പ്രത്യേക രീതിയിലാണ് രാജ്ഞിയുടെ മരണം ഉറപ്പാക്കുന്നത്. സേവികമാർ പന്തിന്റെ ആകൃതിയിൽ രാജ്ഞിക്ക് ചുറ്റും കൂടിനിൽക്കും (balling). ഇത് പന്തിന്റെ ഉള്ളിലെ താപനില വർദ്ധിപ്പിക്കും. അതിന്റെ ഫലമായി രാജ്ഞി മരിക്കും.
മുട്ട വിരിഞ്ഞ് ലാർവ, പ്യൂപ്പ ഘട്ടങ്ങൾ കടന്ന് തേനീച്ചയാകാൻ സേവികമാർ ശരാശരി 20 ദിവസവും ഡ്രോണുകൾ 23 ദിവസവും രാജ്ഞി 13-16 ദിവസങ്ങളുമെടുക്കും. ചെറിയ അറകളിൽ വളരുന്നത് സേവികമാരാണെന്ന് പറഞ്ഞല്ലോ. എന്നാൽ അപൂർവ്വമായി ചെറിയ അറകളിൽ ഡിപ്ലോയിഡ് ആയിട്ടുള്ള (16 ജോഡി ക്രോമസോമുകളുള്ള) ആണീച്ചയുടെ ലാർവകൾ വളരാറുണ്ട്. ഇതെങ്ങനെ സംഭവിക്കുന്നു? ഇത്തരം ഡിപ്ലോയിഡ് ആണീച്ചകളുടെ ഭാവി എന്താണ്?
സ്‌ത്രൈണ ജീനുകൾ തേനീച്ചശാസ്ത്രത്തിന്റെയും (Apiology) തേനീച്ചവളർത്തലിന്റെയും (Apiculture) പിതാവായി അറിയപ്പെടുന്നത് ജാൻ ജെർസോൺ (Jan Dzierzon) എന്ന പോളണ്ടുകരനാണ്. 1835 ൽ അദ്ദേഹമാണ് ആൺതേനീച്ചകൾ ഉണ്ടാകുന്നത് ബീജസങ്കലനം നടക്കാത്ത അണ്ഡങ്ങളിൽ നിന്നാണെന്ന് കണ്ടെത്തിയത്. അക്കാലത്ത് ക്രോമസോമുകൾ കണ്ടുപിടിക്കപ്പെട്ടിട്ടില്ല. അതുകൊണ്ടുതന്നെ ലിംഗനിർണ്ണയത്തിൽ ക്രോമസോമുകളുടെ പങ്കിനെക്കുറിച്ച് സ്വാഭാവികമായും അദ്ദേഹത്തിനറിയില്ലായിരുന്നു.
ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കം മുതൽ ക്രോമസോമുകളും ജീനുകളും ജീവശാസ്ത്രത്തിന്റെ പ്രധാന ഭാഗമായി മാറി. 1951 ൽ ഓട്ടോ മാക്കൻസെൻ (Otto Mackensen) എന്ന അമേരിക്കക്കാരൻ ഒരു പ്രത്യേക ജീനാണ് തേനീച്ചകളിൽ ലിംഗനിർണ്ണയം നടത്തുന്നത് എന്ന് അഭിപ്രായപ്പെട്ടു. ഈ ജീനിന് പല അലീലുകൾ (ഒരേ ജീനിന്റെ വ്യത്യസ്ത വകഭേദങ്ങൾ) ഉണ്ടെന്നും ഒരു തേനീച്ചയിൽ വ്യത്യസ്തങ്ങളായ അലീലുകളാണെങ്കിൽ (അച്ഛനിൽ നിന്ന് കിട്ടുന്ന ക്രോമസോമിലെ അലീലും അമ്മയിൽ നിന്ന് കിട്ടുന്ന ക്രോമസോമിലെ അലീലും വ്യത്യസ്തങ്ങായിരിക്കണം എന്നർത്ഥം) അത് പെൺതേനീച്ചയാകുമെന്നും ഒരു അലീൽ മാത്രമുള്ള ബീജസങ്കലനം നടക്കാത്ത അണ്ഡം ആൺതേനീച്ചയാകുമെന്നും അദ്ദേഹം സിദ്ധാന്തിച്ചു.
മാത്രമല്ല ബീജസങ്കലനം നടന്ന അണ്ഡത്തിൽ ഒരേപോലെയുള്ള അലീലുകലാണെങ്കിൽ അത് 16 ജോഡി ക്രോമസോമുകളുള്ള ഡിപ്പ്‌ളോയിഡ് ആൺതേനീച്ചയാകുമെന്നും! 1963 ൽ മറ്റൊരു പോളിഷ് ശാസ്ത്രജ്ഞനായ ജെ. വോയ്‌കെ (J. Woyke) മാക്കൻസെന്റെ സിദ്ധാന്തം ശരിയാണെന്ന് തെളിയിച്ചു. ഈ ജീനിനെ 'കോംപ്‌ളിമെന്ററി സെക്‌സ് ഡിറ്റെർമിനർ' ജീൻ (ചരുക്കത്തിൽ സി.എസ്സ്.ഡി. ജീൻ) എന്നാണ് പറയുന്നത്. ചുരുക്കിപ്പറഞ്ഞാൽ ക്രോമസോമുകളുടെ മൊത്തം എണ്ണം മാത്രമല്ല, സി.എസ്സ്.ഡി. ജീനുകളുടെ പ്രത്യേകതകൂടിയാണ് തേനീച്ചകളുടെ ലിംഗം നിർണ്ണയിക്കുന്നത്.
ഡിപ്ലോയിഡ് ആൺതേനീച്ചകൾക്ക് എന്ത് സംഭവിക്കും?
ഒരേ കോളണിയിലെ ഡ്രോണുകളും രാജ്ഞിയും ഇണചേരുമ്പോഴാണ് ഡിപ്ലോയിഡ് ആൺതേനീച്ചകളുണ്ടാകുന്നത്. കാരണം ഒരു കോളണിയിലെ രാജ്ഞിയുടേയും ഡ്രോണുകളുടേയും ജനിതക ഘടന ഒരുപോലെ ആയിരിക്കുമല്ലോ. അതുകൊണ്ടുതന്നെ ഈ പ്രതിഭാസം വളരെ അപൂർവ്വമാണ്. ഇങ്ങനെയുണ്ടാകുന്ന ലാർവകളെ കണ്ടെത്തി സേവികമാർ നശിപ്പിച്ചുകളയും. അവയുടെ ശരീരത്തിലെ പ്രത്യേക ഫെറമോണുകളാണ് ഒറ്റുകാരാവുന്നത് എന്നാണ് കരുതപ്പെടുന്നത്. അഥവാ രക്ഷപ്പെട്ട് തേനീച്ചയായാൽ തന്നെ അവ ഉൽപാദിപ്പിക്കുന്ന പുംബീജങ്ങൾ ഡിപ്ലോയിഡ് ആയിരിക്കും. അത്തരം ബീജങ്ങൾ അണ്ഡവുമായി സംയോജിച്ചാൽ അണ്ഡങ്ങൾ വിരിയുകയില്ല.
ഒരേ കോളണിയിലുള്ള ഡ്രോണുകളും രാജ്ഞിയും ഇണചേരുമ്പോളുണ്ടാകുന്ന ദോഷഫലങ്ങളിൽ ഒന്ന് ഇതാണ്. ഇതിന് പുറമെ ഇത്തരം ഇണചേരലുകൾ കോളണിയുടെ മൊത്തം ആരോഗ്യത്തെ തന്നെ വിപരീതമായി ബാധിക്കും. ഇങ്ങനെയുണ്ടാകുന്ന കോളണികളിൽ പാരമ്പര്യ രോഗങ്ങൾ കൂടുതലായിരിക്കും. ആയുസ്സ് കുറവായിരിക്കും. രോഗപ്രതിരോധ ശക്തി കുറവായിരിക്കും.
പെണ്ണിന് ആൺ ക്രോമസോം, ആണിന് പെൺ ക്രോമസോം!
മനുഷ്യരുടെ കാര്യത്തിൽ സന്താനങ്ങൾ ആണോ പെണ്ണോ എന്ന് തീരുമാനിക്കുന്നത് പുംബീജങ്ങളുടെ ജനിതക ഘടനയാണല്ലോ. എന്നാൽ രസകരമാണ് തേനീച്ചകളുടെ കാര്യം. ആൺതേനീച്ചകളിൽ അമ്മയിൽ നിന്ന് കിട്ടുന്ന പെൺ ക്രോമസോമുകൾ മാത്രമേയുള്ളൂ. എന്നാൽ പെൺ തേനീച്ചകളിൽ പകുതി മാത്രമേ അമ്മയുടെ ക്രോമസോമുകളുളളൂ. മറുപകുതി അച്ഛനിൽ നിന്ന് കിട്ടുന്നതാണ്. വിചിത്രമാണ് പ്രകൃതിയിലെ പല പ്രതിഭാസങ്ങളും!
അപ്പൂപ്പനും പേരക്കുട്ടിയും
ആൺതേനീച്ചകൾക്ക് അച്ഛനും മകനും ഇല്ലെന്ന് ഇപ്പോൾ ഉറപ്പായല്ലോ. എങ്കിലും അവയ്ക്ക് ആശ്വസിക്കാൻ വകയുണ്ട്. പുരുഷ ബന്ധുക്കളായി അവയ്ക്ക് അപ്പൂപ്പനും പേരക്കുട്ടിയുമുണ്ട്. അമ്മയ്ക്ക് അച്ഛനും മകൾക്ക് മകനും ഉണ്ടാകുമല്ലോ.
(ഡോ. പി. കെ. സുമോദൻ, സുവോളജി അസോഷിയേറ്റ് പ്രൊഫസർ (റിട്ട.) ഗവ. കോളേജ്, മടപ്പള്ളി, വടകര)
അധിക വായനയ്ക്ക് :
Kaskinova MD, Nikolenko AG (2017). csd Gene of Honeybee: Genetic Structure, Functioning, and Evolution. Genetika. 53 (3): 279-283.
Koetz AH (2013). Ecology, Behaviour and Control of Apis cerana with a Focus on Relevance to the Australian Incursion. Insects. 24: 558-592.
Leung K, Geuverink E, Pannebakker BA (2026). Where are we with CSD? The candidate regions and population dynamics of hymenopteran complementary sex determination.
Current Opinion in Insect Science. 74:101480
Winston ML (1987). The biology of the honey bee. Harward University Press.
Content Highlights: Honeybees utilize haplo-diploidy, where sex is determined by chromosome count rather than Y-chromosomes., Male bees (drones) develop from unfertilized eggs, meaning they have no fathers., The CSD (complementary sex determiner) gene is the primary regulator of honeybee sex differentiation., Queens control colony sex ratios by selectively releasing sperm from their spermatheca., Inbreeding results in diploid males, which are typically destroyed by worker bees to maintain colony health.