ഭൂമിശാസ്ത്രത്തെക്കാൾ മാറുന്നത് മനുഷ്യജീവിതത്തിന്റെ ഭൂപടങ്ങൾ; അരക്ഷിതാവസ്ഥയുടെ നിഴലിലെ കുടിയേറ്റകഥകൾ

ചെർണോബിൽ ആണവ റിയാക്ടർ ദുരന്തം അടിസ്ഥാനമാക്കി എഴുതപ്പെട്ട, സ്വെറ്റ്ലാന അലക്സേയവിച്ചിന്റെ ‘ചെർണോബിൽ പ്രയർ: എ ക്രോണിക്കിൾ ഓഫ് ദ ഫ്യൂച്ചർ’ എന്ന പുസ്തകത്തിൽ അത്യന്തം ഹൃദയഭേദകമായ ഒരു ഭാഗമുണ്ട്. ലോകത്തെ നടുക്കിയ ചെർണോബിൽ ദുരന്തത്തിനുശേഷം എല്ലാവരോടും അധികാരികൾ വിഷലിപ്തമായ ചെർണോബിൽ ഗ്രാമം വിട്ടുപോകാൻ പറയുന്നു. പക്ഷേ, ഒരു വൃദ്ധമാത്രം അതിന് വിസമ്മതിക്കുന്നു. കാരണം, അവർക്ക് അത് തന്റെ നാട് മാത്രമായിരുന്നില്ല, ജീവിതകാലം മുഴുവൻ സമ്പാദിച്ച ഓർമ്മകളും പ്രിയപ്പെട്ടവരുടെ കല്ലറകളും കൃഷിയിടങ്ങളുമെല്ലാം ചേർന്ന മറ്റൊരു സമാന്തര പ്രപഞ്ചമായിരുന്നു.
അയൽപക്കത്തെ വീടുകൾ ഓരോന്നായി ശൂന്യമായി. സകല മനുഷ്യരും പോയി. ഏതോ പ്രേതനഗരം പോലെ, നിശ്ചലമായ കാലത്തിനു മുൻപിൽ ചെർണോബിൽ വിറങ്ങലിച്ചുനിന്നു. എന്നിട്ടും ഓർമ്മകളിൽനിന്ന് ഓർമ്മകളിലേക്ക് ആ വൃദ്ധ മുങ്ങിനിവർന്നുകൊണ്ടിരുന്നു. അപകടകരമായ പിടിവാശിയായി മറ്റുള്ളവർക്ക് തോന്നുമെങ്കിലും സ്വന്തം ജീവിതത്തിന്റെ ആകെ ശേഷിപ്പായ, ഓർമ്മകളുടെ തായ്‌വേരിറങ്ങിയ മണ്ണിനെ ഉപേക്ഷിക്കാൻ ആ സ്ത്രീക്ക് അത്രവേഗം കഴിയില്ലായിരുന്നു. തന്റെ പ്രിയപ്പെട്ടവരുടെ കുഴിമാടത്തിൽനിന്ന് ഒരുപിടി മണ്ണെടുത്ത് അവസാനം അവർക്കും അവിടെനിന്ന് പലായനം ചെയ്യേണ്ടിവരുന്നു.
1986 ഏപ്രിൽ 26-ന് നടന്ന ചെർണോബിൽ ദുരന്തത്തിൽ മാത്രമല്ല, ലോകത്തിന്റെ പല ഭാഗങ്ങളിലായി നടന്ന മനുഷ്യ നിർമ്മിതവും അല്ലാത്തതുമായ നിരവധി പാരിസ്ഥിതിക ദുരന്തങ്ങളിൽപ്പെട്ട് അനേകം മനുഷ്യർക്ക് തങ്ങളുടെ നാടും വീടും സമ്പത്തും ഉപേക്ഷിച്ച് തികച്ചും അന്യമായ ഇടത്തേക്ക് പലായനം ചെയ്യേണ്ടിവന്നിട്ടുണ്ട്. കടുത്ത മനുഷ്യാവകാശ ധ്വംസനങ്ങൾക്ക്, ചൂഷണങ്ങൾക്ക് അവർ ഇരയാകുകയും ചെയ്തു.
കുടിയേറ്റക്കാരോ അതോ അഭയാർത്ഥികളോ?
പ്രകൃതിയിലുണ്ടാവുന്ന ഗുരുതര മാറ്റങ്ങൾ കാരണം തന്റെ വാസസ്ഥലം പൂർണമായോ, താത്കാലികമായോ ഉപേക്ഷിച്ച് മറ്റൊരു സ്ഥലത്തേക്ക് പലായനം ചെയ്യേണ്ടിവരുന്നവരെ പാരിസ്ഥിതിക കുടിയേറ്റക്കാർ എന്നാണ് വിശേഷിപ്പിക്കുന്നത്. വേൾഡ് വാച്ച് ഇൻസ്റ്റിറ്റ്യൂട്ടിന്റെ സ്ഥാപകനായ ലെസ്റ്റർ ബ്രൗൺ ആണ് ഈ വാക്ക് ആദ്യമായി പ്രയോഗിച്ചത്. ആഗോളതലത്തിലുള്ള ഈ പദത്തിന്റെ പ്രാധാന്യം തിരിച്ചറിഞ്ഞ് ജനശ്രദ്ധയിലേക്കും പരിസ്ഥിതി സംബന്ധ ചർച്ചകളിലേക്കും അതിനെ കൊണ്ടുവരുന്നത് എസ്സാം എൽ-ഹിന്നാവി എന്ന ഈജിപ്ഷ്യൻ ശാസ്ത്രജ്ഞനാണ്. 1985-ൽ ഐക്യരാഷ്ട്രസഭയുടെ പരിസ്ഥിതി പ്രോഗ്രാമിനുവേണ്ടി (യുഎൻഇപി) അദ്ദേഹം തയ്യാറാക്കിയ ഒരു പ്രമുഖ റിപ്പോർട്ടിലാണ് പാരിസ്ഥിതിക കുടിയേറ്റക്കാർ എന്ന പദം ആദ്യമായി നിർവ്വചിക്കപ്പെടുന്നത്.
പ്രകൃതിദത്തമായോ മനുഷ്യനിർമ്മിതമായോ പരിസ്ഥിതിയിലുണ്ടാകുന്ന ഗുരുതരമായ തകരാറുകൾ കാരണം തങ്ങളുടെ നിലനിൽപ്പിന് ഭീഷണിയുണ്ടാകുകയോ ജീവിതനിലവാരത്തെ അത് സാരമായി ബാധിക്കുകയോ ചെയ്യുമ്പോൾ, സ്വന്തം പരമ്പരാഗത വാസസ്ഥലം താൽക്കാലികമായോ സ്ഥിരമായോ ഉപേക്ഷിക്കാൻ നിർബന്ധിതരാകുന്ന മനുഷ്യരെയാണ് ഈ ഗണത്തിൽ പെടുത്തിയിരിക്കുന്നത്.
നിയമപരമായ പരിമിതികൾ കാരണം ഇക്കൂട്ടരെ അഭയാർത്ഥികളായി കണക്കാക്കാനാകില്ല. അതിനാൽ യു എൻ ഉൾപ്പടെയുള്ള അന്താരാഷ്ട്ര ഏജൻസികൾ കുടിയേറ്റക്കാർ എന്നാണ് ഇവരെ വിശേഷിപ്പിക്കുന്നത്. അഭയാർത്ഥി എന്ന വാക്കിന് 1951 ലെ യു എൻ കൺവെൻഷൻ നൽകിയ നിർവചനത്തിന്റെ പരിധിയിൽ, പാരിസ്ഥിതികപ്രശ്നംമൂലം പലായനം ചെയ്യുന്നവർ ഉൾപ്പെടുന്നില്ല. വംശം, മതം, ദേശീയത, രാഷ്ട്രീയ വീക്ഷണം, അല്ലെങ്കിൽ ഒരു പ്രത്യേക സാമൂഹിക ഗ്രൂപ്പിലെ അംഗത്വം എന്നിവയുടെ പേരിൽ പീഡനം നേരിടുന്നവർക്ക് മാത്രമേ അഭയാർത്ഥി പദവിക്ക് അർഹതയുള്ളൂ.
പീഡനം കാരണം രാജ്യാതിർത്തി കടന്ന് മറ്റൊരു രാജ്യത്ത് അഭയം തേടുന്നവരാണ് ഈ നിർവചനത്തിന് കീഴിൽ വരുന്നത്. പ്രകൃതിദുരന്തങ്ങൾ ഈ പീഡനത്തിന്റെ പരിധിയിൽ വരുന്നില്ല. അതിനാൽ ഇവരുടെ അഭയാർത്ഥിപദവി ഇനിയും അംഗീകരിക്കപ്പെട്ടിട്ടില്ല. മാത്രമല്ല, ഇവർ മിക്കപ്പോഴും നടത്തുന്നത് ആഭ്യന്തരകുടിയേറ്റമാണ്. 'അഭയാർത്ഥി' എന്ന വാക്കിന്റെ പരിധിയിലേക്ക് പ്രകൃതിദുരന്തങ്ങളാൽ പലായനം ചെയ്യുന്ന ആളുകളെക്കൂടി ഉൾപ്പെടുത്തിയാൽ, രാഷ്ട്രീയപീഡനങ്ങളും യുദ്ധങ്ങളും കാരണം ജീവൻ അപകടത്തിലായ യഥാർത്ഥ അഭയാർത്ഥികൾക്ക് ലഭിക്കേണ്ട പരിഗണനയ്ക്കും സാമ്പത്തികസഹായങ്ങൾക്കും കുറവ് വന്നേക്കാം എന്നും അന്താരാഷ്ട്ര ഏജൻസികൾ ഭയപ്പെടുന്നു. നിലവിൽ അഭയാർത്ഥികൾക്ക് ലഭിക്കുന്ന യാതൊരു ആനുകൂല്യങ്ങളും പാരിസ്ഥിതിക കുടിയേറ്റക്കാർക്ക് ലഭിക്കുന്നില്ല.
പ്രളയം, കാട്ടുതീ എന്നിവ പോലെ പെട്ടെന്നുണ്ടാകുന്ന പ്രകൃതിദുരന്തങ്ങൾ ആളുകളെ ദ്രുതഗതിയിൽ പലായനം ചെയ്യാൻ പ്രേരിപ്പിക്കുന്നു. എന്നാൽ വരൾച്ച, കാലാവസ്ഥാ വ്യതിയാനം എന്നീ സാവധാനത്തിലുള്ള മാറ്റങ്ങൾ കുടിയേറ്റത്തെ വ്യത്യസ്തമായി സ്വാധീനിക്കുന്നു. കാലാവസ്ഥയ്ക്കൊപ്പംതന്നെ തൊഴിൽ, വരുമാനം എന്നിവക്കെല്ലാം ഇവിടെ പ്രാധാന്യമുണ്ട്. ഇതിനെ കുറച്ചുകൂടി മെച്ചപ്പെട്ട ജീവിതനിലവാരം തേടിയുള്ള മനുഷ്യന്റെ യാത്രയായാണ് അന്താരാഷ്ട്ര ഏജൻസികൾ കാണുന്നത്. ഏറെക്കുറേ സാമ്പത്തികകുടിയേറ്റത്തിന്റെ പരിധിയിൽ വരുന്നതുമാണ്.
പാരിസ്ഥിതിക കുടിയേറ്റങ്ങൾ- ചില ചരിത്രങ്ങൾ
ക്രമാതീതമായി സമുദ്രനിരപ്പ് ഉയരുന്നത്, വരൾച്ച, അതിതീവ്ര പ്രളയം, തീരശോഷണം, ഉരുൾപൊട്ടൽ, ആഗോളതാപനം എന്നിവ പാരിസ്ഥിതിക കുടിയേറ്റങ്ങൾക്ക് കാരണമാകാറുണ്ട്. സമുദ്രനിരപ്പ് ഉയരുന്നത് ഏറ്റവും കൂടുതൽ പ്രതിസന്ധി സൃഷ്ടിച്ചത് സുന്ദർബെൻ ദ്വീപുകളിലാണ്. ഇന്ത്യയിലും ബംഗ്ലദേശിലുമായി വ്യാപിച്ചുകിടക്കുന്ന ദ്വീപസമൂഹമാണ് സുന്ദർബെൻ. വർഷം തോറും സമുദ്രനിരപ്പ് 1.5 ഇഞ്ച് നിരപ്പുവെച്ച് ഉയരുന്നതിനാൽ സുന്ദർബെന്നിലെ ഗൊരമാരോ ദ്വീപുകളുടെ രണ്ടിലൊരു ഭാഗവും കടലെടുത്തു. ഇവിടുത്തെ തദ്ദേശീയവാസികൾക്ക് വാസസ്ഥലം കൈവിടേണ്ടതായി വന്നു. അടുത്തുള്ള നഗരങ്ങളിലേക്കോ വലിയ ദ്വീപ് സമൂഹങ്ങളിലേക്കോ ഇവർക്ക് കുടിയേറേണ്ട സാഹചര്യമുണ്ടായി.
ബ്രസീലിലെ അതിതീവ്ര പ്രളയം
2024 ഏപ്രിൽ-മെയ് മാസങ്ങളിൽ തെക്കൻ ബ്രസീലിലെ റിയോ ഗ്രാന്റിഡോ സോൾ സംസ്ഥാനത്തുണ്ടായ വെള്ളപ്പൊക്കം ധാരാളം നാശനഷ്ടങ്ങളുണ്ടാക്കി. 537,380 പേർക്ക് തങ്ങളുടെ വാസസ്ഥലം വിട്ട് ആഭ്യന്തര കുടിയേറ്റം നടത്തേണ്ടിവന്നു. ഒറ്റ രാത്രി കൊണ്ടാണ് മിക്കവർക്കും തങ്ങളുടെ ഭൂമി നഷ്ടമായത്.
മരുഭൂമിവത്കരണവും അതിതീവ്ര വരൾച്ചയും
ചൈനയിൽ സ്ഥിതി ചെയ്യുന്ന പ്രശസ്തമായ ഗോബി മരുഭൂമി വർഷം തോറും, ജനങ്ങൾ താമസിക്കുന്ന ഭാഗങ്ങളിലേക്ക് വ്യാപിക്കുന്നതായി കണ്ടെത്തിയിരുന്നു. അതിതീവ്ര വരൾച്ചയും മരുഭൂമിവത്കരണവും കാരണം നിരവധി കൃഷിയിടങ്ങൾ പാടെ നശിച്ചുപോയി. അതോടെ കർഷകർക്കും ചെറുകിട വ്യാപാരികൾക്കും രാജ്യത്തിന്റെ തിരക്കുള്ള മേഖലകളിലേക്ക് തിങ്ങിപാർക്കേണ്ടി വന്നു.
കണക്കറ്റ കുടിയേറ്റകണക്കുകൾ
UNHCR, ഇന്റേണൽ ഡിസ്പ്ലേസ്‌മെന്റ് മോണിറ്ററിങ് സെന്റർ (IDMC) തുടങ്ങിയ അന്താരാഷ്ട്ര ഏജൻസികളുടെ, 2026-ലെ ഏറ്റവും പുതിയ ആഗോള റിപ്പോർട്ടുകൾ പ്രകാരം, 2025 ൽ നടന്ന 6.22 കോടി ആഭ്യന്തര പലായനങ്ങളിൽ 32.3 കോടി പലായനങ്ങൾ സംഘർഷങ്ങൾ കാരണം നടന്നതാണ്. എന്നാൽ 2.99 കോടി സംഭവിച്ചിരിക്കുന്നത് വനനശീകരണം, പ്രളയം, കൊടുങ്കാറ്റ്, കാട്ടുത്തീ ഉൾപ്പടെയുള്ള ദുരന്തങ്ങൾ കൊണ്ടാണ്. കഴിഞ്ഞ പത്തുവർഷത്തെ വാർഷിക ശരാശരിയെക്കാൾ പ്രകൃതി ദുരന്തങ്ങൾ കാരണമുള്ള പലായനങ്ങൾ 13 ശതമാനം വർധിച്ചു. കാട്ടുതീ കാരണം 6,94,000 പേർക്ക് തങ്ങളുടെ വാസസ്ഥലം വിട്ട് പോകേണ്ടി വന്നു. കഴിഞ്ഞ പത്ത് വർഷത്തിനിടയിൽ കാലാവസ്ഥാ വ്യതിയാനവും പ്രകൃതി ദുരന്തങ്ങളും കാരണം താൽക്കാലിക വാസസ്ഥലങ്ങളിൽനിന്ന് പോലും 25 കോടി മനുഷ്യർക്ക് മാറേണ്ടി വന്നു എന്നത് ഞെട്ടിപ്പിക്കുന്ന കാര്യമാണ്.
യുദ്ധം, മറ്റ് രാഷ്ട്രീയ പ്രശ്നങ്ങൾ എന്നിവ കാരണം അഭയാർത്ഥികളായ ഭൂരിഭാഗം പേരും ജീവിക്കുന്നത് കാലാവസ്ഥാ വ്യതിയാനവും മറ്റ് പാരിസ്ഥിതിക പ്രതിസന്ധികളും അതി രൂക്ഷമായി നിലനിൽക്കുന്ന പ്രദേശങ്ങളിലാണ്. വേൾഡ് ബാങ്കിന്റെ ഗ്രൗണ്ട്സ് വെൽ റിപ്പോർട്ട് പ്രകാരം, ആഗോളതാപനവും അതിന്റെ ഭാഗമായുള്ള ഹരിതഗൃഹ വാതകപ്രഭാവവും നിയന്ത്രിച്ചില്ലെങ്കിൽ 2050 ഓടെ പരിസ്ഥിതി ആഘാതങ്ങൾ വർദ്ധിക്കുകയും ഇതിലൂടെ ലോകത്തിന്റെ ആറ് മേഖലകളിലായി ജീവിക്കുന്ന 21.6 കോടിവരെ ജനങ്ങൾക്ക് സ്വന്തം രാജ്യത്തിനുള്ളിൽ പാരിസ്ഥിതികകുടിയേറ്റം നടത്തേണ്ടിവന്നേക്കാം.
ഇന്ത്യയിലെ പാരിസ്ഥിതിക കുടിയേറ്റ പശ്ചാത്തലം
പ്രത്യേകതരം ഭൂമിശാസ്ത്ര സവിശേഷതകളാൽ ചുറ്റപ്പെട്ട ഇന്ത്യ അതീവ ഗുരുതരമായ അവസ്ഥയാണ് നിലവിൽ ഈ വിഷയത്തിൽ നേരിടുന്നത്. കാലാവസ്ഥാ വ്യതിയാനവും തുടർച്ചയായി ഉണ്ടാകുന്ന പരിസ്ഥിതിപ്രശ്നങ്ങളും ഇന്ത്യയിലെ ജനങ്ങളെ വലയ്ക്കുന്നുണ്ട്.
വടക്ക് മഞ്ഞുമൂടി കിടക്കുന്ന ഹിമാലയ പർവ്വതനിരകളും മധ്യ- പടിഞ്ഞാറ് ഭാഗങ്ങളിലായി വരണ്ട പീഠഭൂമികളും മരുഭൂമികളും സ്ഥിതി ചെയ്യുന്നു. മൂന്ന് വശങ്ങളിലായി സമുദ്രത്താൽ ചുറ്റപ്പെട്ട തീരദേശവും കാണാം. ഭൂപ്രകൃതി ഇത്തരത്തിലായതിനാൽ ഇവിടെ പരിസ്ഥിതി ആഘാതങ്ങൾ തുടർച്ചയായി സംഭവിക്കുന്നു. ഇത് പലായനങ്ങൾ വർദ്ധിക്കാനിടയാക്കുന്നു. വിവിധ സംഘടനകളുടെ റിപ്പോർട്ട് പ്രകാരം കാലാവസ്ഥാ വ്യതിയാനങ്ങളും ദുരന്തങ്ങളും കാരണം ലോകത്തിൽ ഏറ്റവും കൂടുതൽ ആളുകൾ പലായനം ചെയ്യുന്ന രാജ്യങ്ങളുടെ പട്ടികയിൽ മുൻനിരയിലായി ഇന്ത്യയുമുണ്ട്. 2024 ൽ ദുരന്തങ്ങൾ കാരണമുള്ള വാസസ്ഥല മാറ്റം 5.4 മില്ല്യൺ ആയിരുന്നു.
ഇന്ത്യയിലെ പലായനങ്ങൾക്ക് പ്രധാന കാരണങ്ങൾ സമുദ്രനിരപ്പിലെ വ്യത്യാസം, ഹിമാലയത്തിലെ മഞ്ഞ് ഗുരുതരമായി ഉരുകുന്നത്, വരൾച്ച-അത് കാരണം കാർഷിക മേഖലയിലുണ്ടാകുന്ന തകർച്ച എന്നിവയാണ്.
ഔദ്യോഗികരേഖകൾ പ്രകാരം, പശ്ചിമബംഗാളിൽ സ്ഥിതി ചെയ്യുന്ന സുന്ദർബെൻസിലെ ഗോരമാര, ലോഹ്ചാര ദ്വീപുകളിൽ നിന്നുള്ളവരാണ് ഇന്ത്യയിലെ ആദ്യത്തെ കാലാവസ്ഥാ അഭയാർത്ഥികൾ. സമുദ്രനിരപ്പ് വർഷം തോറും ഉയരുന്നതിനാൽ ഇവർക്ക് ദ്വീപ് വിട്ട് കൽക്കത്ത പോലെയുള്ള വൻനഗരങ്ങളിലേക്ക് ചേക്കേറേണ്ടി വന്നു. ഒഡീഷയിലെ കേന്ദ്രപാര ജില്ലയിലെ സതപത ഗ്രാമപഞ്ചായത്തിലും ഗതി മറ്റൊന്നല്ല, ആറിൽ ഏഴു ഗ്രാമങ്ങളും കടലെടുത്തു. ജനങ്ങൾക്ക് മാറിത്താമസിക്കേണ്ടിവന്നു.
അന്തരീക്ഷതാപം വർദ്ധിക്കുന്നതിന്റെ ഫലമായി ഹിമാലയത്തിൽ മഞ്ഞുരുകുന്നത് ഉത്തരാഖണ്ഡ്, ഹിമാചൽ പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിൽ മേഘവിസ്ഫോടനവും പ്രളയവും ഉണ്ടാകാനിടയാക്കി. ജോഷിമഠ് പോലുള്ള സ്ഥലങ്ങളിൽ ഉണ്ടായ ഭൂമി ഇടിഞ്ഞുതാഴ്ന്ന പ്രതിഭാസം അനേകം കുടുംബങ്ങളെ വീടുപേക്ഷിച്ച് പോകാൻ നിർബന്ധിതരാക്കി.
മറാഠ് വാഡ, ബുന്ദേൽഖഡ് എന്നീ സ്ഥലങ്ങളിലുണ്ടായ വരൾച്ച കാരണം നിരവധി കർഷകർ വീട് ഉപേക്ഷിച്ച് പോയി. കുടിവെള്ളം പോലും ലഭിക്കാതായതോടെ മിക്ക കൃഷിക്കാരും ഡെൽഹി, മുംബൈ പോലുള്ള മെട്രോ നഗരങ്ങളിലേക്ക് കുടിയേറി. ലക്ഷക്കണക്കിന് ചെറുകിട കർഷകരാണ് ഇത്തരത്തിൽ നിര‍്‍ബന്ധിത കുടിയേറ്റം നടത്തിയത്.
പരിസ്ഥിതി പലായനങ്ങൾ ഇന്ത്യയിൽ നിരവധി പ്രത്യാഘാതങ്ങൾ സൃഷ്ടിച്ചിട്ടുണ്ട്. കൃഷിനാശം പോലുള്ള പ്രശ്നങ്ങളുണ്ടാകുമ്പോൾ, ഗ്രാമീണരായ ജനങ്ങൾ നഗരങ്ങളിൽ താൽക്കാലികമായ വാസസ്ഥലങ്ങൾ കണ്ടെത്താറുണ്ട്. ഇത്തരത്തിൽ നിരവധി പേർ മുംബൈയിലെ ധാരാവിയിലും യമുനാതീരത്തെ ചേരികളിലും താമസിക്കാനെത്തുന്നു. സ്വതവേ ജനപ്പെരുപ്പമുള്ള ഇത്തരം സ്ഥലങ്ങളിൽ കുടിവെള്ളമുൾപ്പടെയുള്ള വിഭവങ്ങളുടെ ലഭ്യത കുറയാനിത് ഇടയാക്കുകയും പകർച്ചവ്യാധികൾ പടർന്നുപിടിക്കാൻ കാരണമാകുകയും ചെയ്യുന്നു.
ഇന്ത്യയുടെ സമീപരാജ്യമായ ബംഗ്ലാദേശ് സമുദ്രനിരപ്പിൽ നിന്നും വളരെ താഴെയാണ് സ്ഥിതി ചെയ്യുന്നത്. കടുത്ത പ്രളയങ്ങൾ കാരണം ബംഗ്ലാദേശ് ജനത മിക്കപ്പോഴും ഇന്ത്യയിലെ പശ്ചിമബംഗാൾ, അസം മുതലായ സംസ്ഥാനങ്ങളിലേക്ക് കുടിയേറുന്നത് സാമൂഹിക,രാഷ്ട്രീയ പ്രശ്നങ്ങൾക്ക് കാരണമാകാറുണ്ട്. ഇത്തരം അഭയാർത്ഥികൾക്ക് നിയമപരമായി സുരക്ഷ ഉറപ്പാക്കാനുള്ള നടപടിക്രമങ്ങൾ ഇനിയും ഉണ്ടായിട്ടില്ല. 2005 ലെ ദുരന്ത നിവാരണ നിയമം ഇന്ത്യയിലുണ്ടെങ്കിലും , അത് ദുരന്തം നടന്നതിനുശേഷം ഉറപ്പാക്കേണ്ട രക്ഷാപ്രവർത്തനങ്ങൾക്കാണ് പ്രാധാന്യം നൽകുന്നത്. എന്നാൽ സ്വന്തം വീടും മണ്ണും നഷ്ടപ്പെടുന്ന പാരിസ്ഥിതിക കുടിയേറ്റക്കാരെ സംരക്ഷിക്കാനും അവരുടെ ജീവിതം പടുത്തുയർത്താനും പ്രാപ്തമായ കാലാവസ്ഥാ പുനരധിവാസ നയം ഇന്നും ഇന്ത്യയിൽ രൂപീകരിച്ചിട്ടില്ല.
ആഘാതങ്ങളിൽനിന്നും ആഘാതങ്ങളിലേക്ക്...
ഇന്റേണൽ ഡിസ്പ്ലേസ്‌മെന്റ് മോണിറ്ററിംഗ് സെന്ററിന്റെ (IDMC) കണക്കുകളനുസരിച്ച് ഇന്ത്യയിൽ ശരാശരി 54 ലക്ഷത്തിലധികം പ്രകൃതിദുരന്ത പലായനങ്ങൾ രേഖപ്പെടുത്തുന്നുണ്ട്. ഇതിൽ 24 ലക്ഷത്തിലധികം പലായനങ്ങളും സംഭവിക്കുന്നത് ബ്രഹ്മപുത്രയിലെ പ്രളയം കാരണമാണ്. പ്രളയത്തിൽ ഭൂമി നഷ്ടപ്പെടുന്ന നിരവധി പേർ ഗുവാഹത്തിയിലെ ചേരിപ്രദേശങ്ങളിലേക്ക് തമ്പടിക്കുന്നത് ശുദ്ധജലക്ഷാമം, കടുത്ത ആരോഗ്യപ്രശ്നങ്ങൾ, മലിനീകരണം എന്നിവയ്ക്ക് കാരണമാകുന്നു.ഇന്ത്യൻ കാർഷികവ്യവസ്ഥ തകരാൻ മണ്ണൊലിപ്പ് , വരൾച്ച എന്നിവ കാരണമാകുന്നു. ഇതിലൂടെ ഗ്രാമീണ സാമ്പത്തികവ്യവസ്ഥയുടെ നട്ടെല്ലൊടിയുന്നു. IDMC യുടെ കണക്കുകൾ പ്രകാരം ത്രിപുരയിൽ സമീപകാലത്തുണ്ടായ അതിരൂക്ഷമായ പ്രളയം 3,15,000 ആഭ്യന്തര കുടിയേറ്റക്കാരെ സൃഷ്ടിച്ചു. ഭൂരിഭാഗവും കർഷകരായിരുന്ന ഈ കൂട്ടത്തിൽ മിക്കവരും കടക്കെണിയിൽ വീണു. നഗരത്തിലേക്ക് കുടിയേറിയ പലർക്കും കുറഞ്ഞ വേതനത്തിൽ മറ്റു ജോലികൾ ചെയ്യേണ്ടിവന്നു. അതിഥിത്തൊഴിലാളികളായി ഇവരിൽ പലരും മാറി. താരതമ്യേന കുറഞ്ഞവേതനത്തിൽ ഇവർ തൊഴിലെടുത്തതിനാൽ ആ നാട്ടിലെ സാധാരണയുള്ള ദിവസവേതന നിരക്ക് കുറഞ്ഞു. ഇത് പ്രാദേശികരായ തൊഴിലാളികളും കുടിയേറ്റക്കാരുമായുള്ള സംഘർഷത്തിനിടയാക്കി.
ഇന്ത്യയിൽ 2014-2025 വരെയുള്ള കാലഘട്ടത്തിൽ 3.23 കോടിയോളം ജനങ്ങൾ പ്രകൃതിദുരന്തം കാരണംമാത്രം പലായനം നടത്തി. പരിസ്ഥിതി ആഘാതങ്ങളാൽ പ്രതിവർഷം കുടിയേറ്റത്തിന് നിർബന്ധിതരാകുന്നത് 54 ലക്ഷം പേരാണ്. കാലാവസ്ഥാ വ്യതിയാനം ഇതുപോലെ തുടർന്നാൽ 2050 ഓടെ ഇന്ത്യയിൽ 5 കോടിയിലധികം ആഭ്യന്തര-കാലാവസ്ഥാ കുടിയേറ്റക്കാർ ഉണ്ടാകാനിടയുണ്ട് എന്ന് ചില പഠനങ്ങളും സൂചിപ്പിക്കുന്നു.
പാരിസ്ഥിതിക കുടിയേറ്റത്തിന്റെ പ്രത്യാഘാതങ്ങളും കുടിയേറ്റക്കാരുടെ വിഷമതകളും ഇന്നും കൃത്യമായി വിലയിരുത്തപ്പെട്ടിട്ടില്ല. ഒരു മനുഷ്യൻ പലായനം ചെയ്യാൻ നിർബന്ധിതനാകുമ്പോൾ നഷ്ടപ്പെടുന്നത് ഭൂമി, ഓർമ്മകൾ,തൊഴിൽ, സാമൂഹികബന്ധങ്ങൾ , സംസ്കാരം , വ്യക്തിത്വം എന്നിവയുമായുള്ള ബന്ധം കൂടിയാണ്. പ്രകൃതിദുരന്തങ്ങളുടെയും കാലാവസ്ഥാവ്യതിയാനങ്ങളുടെയും ആഘാതം വർദ്ധിച്ചുകൊണ്ടിരുന്നിട്ടും അവ കാരണം കുടിയേറുന്നവരുടെ സംരക്ഷണത്തിന് ഇന്നും നിയമപരമായ അംഗീകാരം കൈവന്നിട്ടില്ല. അഭയാർത്ഥി എന്ന അന്താരാഷ്ട്ര നിയമ നിർവചനത്തിനുള്ളിൽ പ്രകൃതിയാൽ ഉണ്ടാകുന്ന ആഘാതങ്ങൾ അപ്രസക്തമായതിനാൽ , പാരിസ്ഥിതികപ്രശ്നങ്ങൾ കാരണം രാജ്യാതിർത്തി കടക്കുന്നവർക്ക് പോലും അന്താരാഷ്ട്ര നിയമപദവി ലഭിക്കുന്നില്ല.
ദുരന്തത്തിന്റെ ആഘാതം നിർണയിക്കുന്നതിൽ ഭൂമിയുടെ അവകാശം, സാമ്പത്തികശേഷി, തൊഴിൽ സാധ്യത, ലിംഗ അസമത്വം, ജാതി -വർഗ ഭേദം എന്നിവയ്ക്കും സുപ്രധാന പങ്കുണ്ട്. ഒരു വരൾച്ച വ്യത്യസ്ത രീതിയിലാണ് പലരേയും ബാധിക്കുന്നത്. സാമൂഹിക സുരക്ഷ കുറഞ്ഞവരും സാമ്പത്തിക സുസ്ഥിതിയില്ലാത്തവരും കുടിയേറേണ്ടി വരുന്നു.
ഇന്ത്യൻ സാഹചര്യത്തിൽ ഈ പ്രശ്നം കൂടുതൽ സങ്കീർണമാകുന്നു. ഭൂപ്രകൃതിയിലെ സവിശേഷത കാരണം ഒരേ സമയം പല തരത്തിലുള്ള പരിസ്ഥിതി ദുരന്തങ്ങൾ വിവിധ മേഖലകളിൽ ഉണ്ടാകുന്നതിനാൽ കൂടുതൽ ജാഗ്രത ആവശ്യമാണ്. ദുരന്തങ്ങൾ കാരണം കുടിയേറിയവരുടെ ജീവിതം മിക്കപ്പോഴും അനിശ്ചിതത്ത്വത്തിലാകുന്നു. അരക്ഷിതാവസ്ഥയും കുറഞ്ഞ തൊഴിൽവേതനവും ചേരിവാസവും ആരോഗ്യപ്രതിസന്ധിയും അവരെ അലട്ടുന്നു.
പാരിസ്ഥിതിക കുടിയേറ്റം മനുഷ്യാവകാശം, സാമൂഹിക നീതി, നഗരാസൂത്രണം, വികസനം എന്നിങ്ങനെ എല്ലാ മേഖലകളേയും ആഴത്തിൽ തൊടുന്ന പ്രതിസന്ധിയാണ്. അതിനെ പരിസ്ഥിതിപ്രശ്നമായിമാത്രം കാണാൻ ശ്രമിക്കുന്നത് യുക്തിയല്ല. കാലാവസ്ഥാ വ്യതിയാനത്തിനും പരിസ്ഥിതി ദുരന്തങ്ങൾക്കും ഒരു തരത്തിലും കാരണമാകാത്ത, പ്രകൃതിയോടിണങ്ങി ജീവിച്ച ജനസമൂഹമാണ് ഏറ്റവും കൂടുതലായി അത്തരം ആഘാതങ്ങൾക്കിരയായത് എന്നത് മറ്റൊരു വൈരുദ്ധ്യം.
കാലാവസ്ഥാ മാറ്റങ്ങളെ, അതുണ്ടാക്കുന്ന പാരിസ്ഥിതിക ആഘാതങ്ങളെ പ്രതിരോധിക്കേണ്ടത് അത്യന്താപേക്ഷിതമാണ്. അതിനോളംതന്നെ നിർണായകമാണ് ഇതിനോടകം ഇത്തരം പ്രതിസന്ധികൾക്ക് ഇരയായ മനുഷ്യരുടെ പുനരധിവാസവും. ഉപജീവനം പുനസ്ഥാപിക്കാനും നഗരജീവിതം സുരക്ഷിതമാക്കാനുമുള്ള ശ്രമങ്ങൾ ആവിഷ്കരിക്കണം.
പ്രകൃതി മാറുമ്പോൾ ഭൂമിശാസ്ത്രത്തെക്കാൾ മാറുന്നത് മനുഷ്യജീവിതത്തിന്റെ ഭൂപടങ്ങൾ കൂടിയാണ്.
Content Highlights: Climate change and natural disasters are driving millions of internal displacements in India annually., Environmental migrants lack legal recognition and protection under international refugee laws., Sea-level rise in the Sundarbans and glacial melting in the Himalayas are displacing vulnerable communities., Urban migration due to ecological crises leads to slum formation, resource scarcity, and socio-economic struggles.