ഒരിക്കലും വറ്റില്ലെന്നു കരുതി, പക്ഷെ പലഭാഗങ്ങളും ഇന്ന് മണല്‍ക്കാട്; ജലനിരപ്പ് അതിവേഗം താഴുന്നു

വഹിക്കുന്ന വെള്ളത്തിന്റെ അളവുവെച്ച് ലോകത്തെ മഹാനദിയാണ് ആമസോൺ. ആമസോൺ മഴക്കാടുകളുടെ പരിപോഷക. പിരാനകളും പിങ്ക് ഡോൾഫിനുകളുമുൾപ്പെടെയുള്ള ജീവികളുടെ ആവാസകേന്ദ്രം. ഒരിക്കലും വറ്റില്ലെന്നു കരുതിയിരുന്ന ആ നദിയുടെ പലഭാഗങ്ങളും ഇന്ന് മണൽക്കാടാണ്. ജലഗതാഗതം സാധ്യമല്ലാതായി. വന്യജീവികൾക്ക് വെള്ളംകിട്ടാനില്ല. ആമസോൺ നദിയെ ആശ്രയിച്ചുകഴിയുന്ന 350-ഓളം ഗോത്രങ്ങളുടെ ജീവിതംതന്നെ മാറിമറിഞ്ഞു.
പെറുവിലെ ആൻഡിസ് മലനിരകളിൽനിന്ന് ചെറിയ കൈവഴിയായാണ് ആമസോൺ നദിയുടെ ഉദ്ഭവം. ബൊളീവിയ, വെനെസ്വേല, കൊളംബിയ, എക്വഡോർ, ബ്രസീൽ എന്നീ രാജ്യങ്ങളിലൂടെ ഒഴുകി അറ്റ്‌ലാന്റിക് സമുദ്രത്തിൽ പതിക്കും. അപ്പോഴേക്ക് ആമസോൺ 6437 കിലോമീറ്റർ ഒഴുകിയിട്ടുണ്ടാകും. നല്ലമഴക്കാലത്ത് 50 കിലോമീറ്ററാണ് ആമസോൺ നദിയുടെ വീതി. ചിലയിടങ്ങളിൽ 400 അടി ആഴം. ആ നദിയിൽ കഴിഞ്ഞമാസം റെക്കോഡ് അളവിൽ ജലനിരപ്പ് താഴ്‌ന്നെന്ന് ബ്രസീലിയൻ ജിയോളജിക്കൽ സർവീസിന്റെ കണക്ക്. 1967-ൽ കണക്കെടുപ്പ് തുടങ്ങിയശേഷമുള്ള ഏറ്റവും താഴ്ന്നനില. ആമസോണിന്റെ മൂന്നു പ്രധാന കൈവഴികളിലും വെള്ളം ചരിത്രത്തിലെ ഏറ്റവും താഴ്ന്നനിലയിലെത്തി. സ്വന്തംനിലയ്ക്ക് വലിയ നദികളാണ് ഇവ മൂന്നും. ഓരോന്നിനും 1600 കിലോമീറ്ററിലേറെ നീളം.
വരൾച്ചയുടെ ആഘാതം നദിയിൽ മാത്രമല്ല, കരയിലുമുണ്ട്. ബ്രസീലിലെമ്പാടും സസ്യങ്ങൾ ഉണങ്ങുന്നു. ഒക്ടോബർ മൂന്നുവരെയുള്ള കണക്കനുസരിച്ച് തലസ്ഥാനമായ ബ്രസീലിയയിൽ മഴപെയ്തിട്ട് 163 ദിവസത്തിലേറെയായി. തെക്കേ അമേരിക്കയിൽ കാട്ടുതീകൾ വ്യാപിക്കുന്നു. ഗ്ലോബൽ വൈൽഡ്ഫയർ ഇൻഫർമേഷൻ സിസ്റ്റം നൽകുന്ന വിവരമനുസരിച്ച് ഇക്കൊല്ലത്തിന്റെ തുടക്കംമുതൽ സെപ്റ്റംബർ പകുതിവരെ കത്തിനശിച്ചത് 11.3 കോടി ഏക്കർ ആമസോൺ കാട്. ആമസോൺ വനത്തിൽ കഴിയുന്നവരിൽ ഭൂരിപക്ഷത്തിനും പുറംലോകത്തേക്കുള്ള ഏക ഗതാഗതമാർഗമാണ് ആമസോൺ നദിയും കൈവഴികളും. ചരക്കുകടത്തിന്റെ പ്രധാന ആശ്രയവും അതുതന്നെ.
ചിലയിടങ്ങളിൽ മണ്ണുമാന്തി ആമസോണിന്റെ ആഴംകൂട്ടുകയാണ് ഈ ഗുരുതരവരൾച്ചയ്ക്കു ബ്രസീൽ കണ്ടിരിക്കുന്ന പരിഹാരം. അടുത്ത അഞ്ചുവർഷത്തെ വരൾച്ചസാധ്യത മുന്നിൽക്കണ്ടാണ് ഈ ഡ്രെഡ്ജിങ്. പക്ഷേ, ഇത് നദീതട ആവാസവ്യവസ്ഥയെ ബാധിക്കുമെന്നും മെർക്കുറിപോലുള്ള രാസവസ്തുക്കൾ ജലത്തിൽ കലരാൻ ഇടയാക്കുമെന്നുമുള്ള വിമർശനമുയരുന്നു. എന്നാൽ, നദീതടസമ്പദ്‌വ്യവസ്ഥയെയും തീരവാസികളെയും ആമസോൺ വനത്തെയുമെല്ലാം ബാധിക്കുന്ന വരൾച്ചയെ നേരിടാൻ നദിയുടെ ആഴം കൂട്ടണമെന്ന തീരുമാനവുമായി മുന്നോട്ടുപോകുന്നു സർക്കാർ. കാലാവസ്ഥാവ്യതിയാനത്തിന്റെ ആഘാതം ഭാവിയിലല്ല, വർത്തമാനകാലത്തുതന്നെ എന്നുറപ്പിച്ചുപറയുന്നു ആമസോൺ നദി.
Content Highlights: amazon rainforest suffers dramatic drought