ആലുംകാ പഴുത്താൽ പറന്നെത്തും പച്ചിലയിൽ ഒളിച്ചിരിക്കും, കുട്രൂ, കുട്രൂ.. ചിന്നക്കുട്ടുറുവൻ

നാട്ടിലും കാട്ടിലും സർവ്വസാധാരണമായി കണ്ടുവരുന്ന കിളിയാണ് ചിന്നക്കുട്ടുറുവൻ അഥവാ പച്ചിലക്കുടുക്ക ( White cheeked barbte) . കാട്ടിൽ ഇവരുടെ ശബ്ദം ചെവിയിൽപ്പെടാതെ പത്തു മിനിറ്റുപോലും ചെലവഴിക്കാനാവില്ല. ചുറ്റുവട്ടം മുഴുവൻ ഒച്ചയാണെങ്കിൽ ഇവരെ കണ്ടുപിടിക്കുക അത്ര എളുപ്പമല്ല. ഇലകൾക്കിടയിൽ നിന്നും കുട്രൂ കുട്രൂ കുട്രൂ എന്ന ശബ്ദം തുടർച്ചയായി മുഴക്കും. എന്നാൽ എത്ര തേടാനാരംഭിച്ചാലും ചിലപ്പോൾ നിരാശരാവേണ്ടിവരാം.
പച്ചിലയോട് ഇണങ്ങിചേരാനുള്ള നിറമാണ് ഇങ്ങനെ ഒളിച്ചിരിക്കാൻ സഹായിക്കുന്നത്. എന്നാൽ വേനൽക്കാലം തുടങ്ങി മരങ്ങൾ ഇലപൊഴിച്ചു തുടങ്ങിയാൽ ഇവരെ കണ്ടെത്തുക വളരെയെളുപ്പമാണ്.
പഴുത്ത പപ്പായ, മൾബറി, പേര ഇവയൊക്കെ വീട്ടിലുണ്ടെങ്കിൽ ഇവർ നമ്മുടെ വീട്ടിലെ നിത്യസന്ദർശകരുമാകും.
ആൽമരത്തിൽ കായ്കൾ പഴുത്താൽ ഇവരെ നമുക്ക് നാട്ടിൽ ധാരാളമായി കാണാം. മഴയൊട്ടൊന്നടങ്ങി വേനലെത്തിയാൽ ഇവർ കൂട് കൂട്ടാനാരംഭിക്കും. ഉണങ്ങി ചെതുക്കു പിടിച്ച മരങ്ങളിലാണ് കൂടു നിർമ്മിക്കുക. മരംകൊത്തികളോട് മൽസരിക്കാനൊന്നുമില്ല. എങ്കിലും കൊക്കുകൾ കൊണ്ട് മരത്തിൽ കൊത്തിത്തുളച്ച് കൂടുണ്ടാക്കും. ആ കൂടിന്റെ വൃത്തി, അതൊന്ന് വേറെ തന്നെയാണ്. ചിലപ്പോൾ രണ്ട് കുഞ്ഞുങ്ങളുണ്ടാകും. നാലുവരെ കുഞ്ഞുങ്ങളെ കണ്ടിട്ടുണ്ട്. പഴവർഗങ്ങളാണ് പ്രധാന ആഹാരം. എങ്കിലും ഇവർ ഷഡ്പദങ്ങളെയും ആഹാരമാക്കാറുണ്ട്. പിന്നൊരു വിശേഷംകൂടി, ഇടയ്ക്കിവർ ചെമ്പുകൊട്ടിയുടെ ശബ്ദം അനുകരിക്കാറുണ്ട്. അനുകരണം അത്ര പോരെങ്കിലും.
Content Highlights: White-cheeked barbet is commonly known as Pachalakkudukka or Chinnakkutturuvan in Kerala., Their green plumage provides perfect camouflage among leaves, making them hard to spot., They feed primarily on fruits like papaya, mulberry, and guava, as well as insects., Nesting season begins with summer in hollows of dried trees.