കണ്ണിലൂടെ ചോര ചീറ്റുന്ന ഓന്തുകള്‍ | അതിശയജീവികള്‍

'കണ്ണില്‍ ചോരയില്ലാത്തവര്‍ എന്ന് വിളിക്കരുത്', വടക്കേ അമേരിക്കക്കാരായ ഈ ഓന്തുകള്‍ക്ക് കണ്ണില്‍ ചോരയുണ്ടെന്ന് മാത്രമല്ല, വേണമെങ്കില്‍ അത് കണ്ണിലൂടെ പുറത്തേക്ക് ചീറ്റിത്തെറിപ്പിക്കുകയും ചെയ്യും! ഫ്രൈനോസോമ (Phrynosoma) ജനുസ്സില്‍ പെട്ട ഈ ഓന്തുകളെ കൊമ്പനോന്തുകള്‍ (Horned lizards) എന്നാണ് വിളിക്കുന്നത്. കാരണം അവയുടെ തലയില്‍ അനേകം കൊമ്പുകള്‍ കാണാം. കൊമ്പുകള്‍ക്ക് പുറമേ ദേഹമാസകലം മുള്ളുകളുമുണ്ട്. ഒറ്റനോട്ടത്തില്‍ ചൊറിത്തവളകളോട് (toads) സാദൃശ്യമുള്ള ശരീരമുള്ളതിനാലാണ് അവയ്ക്ക് ഫ്രൈനോസോമ എന്ന ശാസ്ത്രീയനാമം ലഭിച്ചത്. ചൊറിത്തവളയുടെ ശരീരമുള്ളത് (toad-bodied) എന്നതാണ് ഈ ഗ്രീക്ക് വാക്കിന്റെ അര്‍ത്ഥം (ഫ്രൈന്‍-ചൊറിത്തവള; സോമ-ശരീരം). ഇവയുടെ വാലും വളരെ ചെറുതാണ്.
മെക്‌സിക്കോ, യു.എസ്.എ., കാനഡ എന്നീ രാജ്യങ്ങളിലായി 21 തരം കൊമ്പനോന്തുകളെ കണ്ടെത്തിയിട്ടുണ്ട്. 6-20 സെന്റീമീറ്ററാണ് ഇവയുടെ നീളം. എല്ലാ സ്പീഷീസുകളും വരണ്ട പ്രദേശങ്ങളിലോ മരുഭൂമികളിലോ ആണ് ജീവിക്കുന്നത്. ചില സ്പീഷീസുകള്‍ മുട്ടയിടുന്നവയും മറ്റുള്ളവ കുട്ടികളെ പ്രസവിക്കുന്നവയുമാണ്. പ്രധാന ഭക്ഷണം ഉറുമ്പുകളാണ്. ചിലവിഭാഗം ഓന്തുകളെപ്പോലെ ഇവയ്ക്കും ചുറ്റുപാടിന് അനുസരിച്ച് നിറം മാറാനുള്ള കഴിവുണ്ട്. കൊമ്പനോന്തുകളുടെ എട്ട് സ്പീഷീസുകളെങ്കിലും കണ്ണിലൂടെ ചോര ചീറ്റുന്നവയാണ്.
'ദിവ്യത്വമുള്ള' ചൊറിത്തവള
മെക്‌സിക്കോയില്‍ നിന്നാണ് 'ചോരക്കണ്ണീര്‍' ഒഴുക്കുന്ന 'ദിവ്യത്വമുള്ള' ഒരു ചൊറിത്തവളയെക്കുറിച്ച് (sacred-toad)' ലോകം കേട്ടുതുടങ്ങിയത്. ഈ ദിവ്യന്‍ മറ്റാരുമല്ല, നമ്മുടെ കൊമ്പനോന്ത് തന്നെയാണ്. എന്നാല്‍ കേട്ടവരൊന്നും ഈ കഥ വിശ്വസിക്കാന്‍ തയാറായില്ല. 1892-ല്‍ വാഷിങ്ടണ്‍ നാഷണല്‍ മ്യൂസിയത്തിലെ ഓ.പി. ഹേ (O.P. Hay) ഈ പ്രതിഭാസം സ്ഥിരീകരിക്കുന്നതുവരെ മാത്രമേ ആ അവിശ്വാസത്തിന് ആയുസ്സുണ്ടായുള്ളൂ. ഓഗസ്റ്റ് മാസത്തിലെ ഒരു ദിവസം മ്യൂസിയത്തിലെ ഒരു കൊമ്പനോന്ത് തൊലിയുരിക്കാനുള്ള (moulting) ഒരുക്കത്തിലായിരുന്നു. അതിന്റെ തൊലി അസാധാരണമായി ഉണങ്ങിക്കിടക്കുന്നതിനാല്‍ തൊലിയുരിയാന്‍ ബുദ്ധിമുട്ടുന്നതായി അദ്ദേഹത്തിന്റെ ശ്രദ്ധയില്‍ പെട്ടു.
ഇത്തിരി നനവ് സഹായിക്കുമെന്ന് കരുതി അദ്ദേഹം ഓന്തിനെ പിടിച്ച് വെള്ളത്തിലിട്ടു. അപ്പോള്‍ കണ്ട കാഴ്ചയെക്കുറിച്ച് ഓ.പി. ഹേ ഇങ്ങനെ രേഖപ്പെടുത്തി: ''ആദ്യത്തെ ഞെട്ടല്‍ അനുഭവിച്ചത് ഫ്രൈനോസോമ ആയിരുന്നിരിക്കാം. എന്നാല്‍ അടുത്തതായി ഞെട്ടിയത് ഞാനാണ്. വെള്ളമൊഴിച്ച പരന്ന പാത്രത്തിന്റെ ഒരു ഭാഗത്ത് എവിടെനിന്നില്ലാതെ ചോരയോട് സാമ്യമുള്ള ഏതാനും തുള്ളികള്‍ പ്രത്യക്ഷപ്പെട്ടു.'' മൊത്തം തൊണ്ണൂറ് തുള്ളികളുണ്ടായിരുന്നു. സൂക്ഷ്മദര്‍ശിനിയിലൂടെ പരിശോധിച്ചപ്പോള്‍ ആ ദ്രാവകം ചോരതന്നെയാണെന്ന് തെളിഞ്ഞു.
അദ്ദേഹം ഇങ്ങനെ തുടര്‍ന്നു: ''പിറ്റേ ദിവസം ഞാനതിനെ തള്ളവിരലിനും നടുവിരലിനുമിടയില്‍ പിടിച്ച്, അതിന്റെ കൊമ്പുകളെ ചൂണ്ടുവിരല്‍ കൊണ്ട് പതുക്കെ തലോടുമ്പോള്‍ പെട്ടെന്ന് അതെന്റെ വിരലിലേക്ക് ഒരു തുള്ളി രക്തം തെറിപ്പിച്ചു. ആ രക്തം വന്നത് അതിന്റെ കണ്ണില്‍ നിന്നായിരുന്നു.'' പിന്നീട് പല ഗവേഷകരും ഹേയുടെ നിരീക്ഷണം സ്ഥിരീകരിക്കുകയും മെക്‌സിക്കോക്കാരുടേത് വെറുമൊരു 'തള്ളല്‍' അല്ല എന്ന് തെളിയുകയും ചെയ്തു.
ചോര ചീറ്റലിന്റെ രഹസ്യങ്ങള്‍
ഹേയ്ക്ക് പുറമേ, 1892-ല്‍ അണ്ടര്‍വുഡും (Underwood) 1907-ല്‍ ഡിറ്റ്മാര്‍സും (Ditmars) കൊമ്പനോന്തുകളുടെ ചോര ചീറ്റലിനെ കുറിച്ച് വിശദമായി നിരീക്ഷിച്ചിട്ടുണ്ട്. ചോര തെറിപ്പിക്കുന്നതിന് തൊട്ടുമുന്‍പുള്ള സാഹചര്യം, ചോരയുടെ അളവ്, തെറിപ്പിക്കലിന്റെ വേഗത, ചോര പ്രവഹിക്കുന്ന വഴി, തുടര്‍ച്ചയായി എത്ര തവണ കൊമ്പനോന്തുകളെ ചോര ചീറ്റാന്‍ പ്രേരിപ്പിക്കാം തുടങ്ങിയ കാര്യങ്ങളില്‍ മൂന്നുപേര്‍ക്കും ഒരേ അഭിപ്രായമായിരുന്നു. പൊതുവായ ഈ നിരീക്ഷണങ്ങള്‍ക്ക് പുറമേ മൂന്നുപേരും അവരുടേതായ വ്യത്യസ്ത നിരീക്ഷണങ്ങളും നടത്തിയിരുന്നു. ഹേ പറയുന്നത് അദ്ദേഹം നിരീക്ഷിച്ച കൊമ്പനോന്ത് തൊലി ഉരിയാനുള്ള ശ്രമത്തിലായിരുന്നു എന്നാണല്ലോ. അണ്ടര്‍വുഡിന്റെ ഓന്ത് ചോര ചീറ്റിക്കഴിഞ്ഞപ്പോള്‍ ക്ഷീണിച്ച്, അവശനായി ഏഴ് മിനുറ്റോളം ചത്തത് പോലെ അനങ്ങാതെ കിടന്നത്രേ.
ഡിറ്റ്മാര്‍സിന്റെ നിരീക്ഷണം മറ്റൊന്നായിരുന്നു, ''ചോര തെറിപ്പിക്കുന്നതിന് തൊട്ടുമുമ്പ് ഓന്ത് അതിന്റെ തല അല്‍പം ഉയര്‍ത്തി. കഴുത്ത് വില്ലുപോലെയായി. കണ്ണുകള്‍ പുറത്തേക്ക് തള്ളിനിന്നു. ചോര തെറിക്കുന്നതോടൊപ്പം ഒരു പ്രത്യേക ശബ്ദവുമുണ്ടായി.''
കൊമ്പനോന്തുകള്‍ എങ്ങനെയാണ് കണ്ണിലൂടെ ചോര തെറിപ്പിക്കുന്നത് എന്നതിനെ കുറിച്ചുള്ള വിശദവിവരങ്ങള്‍ ഈ മൂന്ന് ഗവേഷകര്‍ക്കും കൃത്യമായി അറിയില്ലായിരുന്നു. ഹേയുടെ അനുമാനം ഇങ്ങനെയായിരുന്നു:
''കൊമ്പനോന്തിന്റെ തലയ്ക്ക് രണ്ട് വശത്തായി ചോര നിറഞ്ഞ ഒരു അറയുണ്ടാകാം. ഈ അറയുടെ ഭിത്തിയുടെ ഒരു ഭാഗം കണ്‍പോളയുടെ അടിവശത്താകാം. അറയുടെ ചുറ്റും മാംസപേശികള്‍ ഉണ്ടായിരിക്കാം. ഇവ ചുരുങ്ങുമ്പോള്‍ കണ്‍പോളയിലെ നേരിയ ഭിത്തി പൊട്ടുകയും കണ്ണിലൂടെ ചോര ദൂരേക്ക് തെറിക്കുകയും ചെയ്യും. അങ്ങനെയാണെങ്കില്‍ പൊട്ടിയഭിത്തി അധികസമയം കഴിയുന്നതിന് മുന്‍പ് മുറിവുണങ്ങി പൂര്‍വസ്ഥിതിയില്‍ ആകേണ്ടതാണ്. ജീവനുള്ള കൊമ്പനോന്തിന്റെ മുകളിലത്തെ കണ്‍പോള ഉയര്‍ത്തി നോക്കിയാല്‍ അടിഭാഗത്ത്, രക്തം നിറഞ്ഞ, നേരിയ ഭിത്തിയുള്ള ഒരു കുഴല്‍ ഉള്ളതായി തോന്നും. ഇങ്ങനെയൊരു സംവിധാനമാണ് ഉള്ളതെങ്കില്‍ മേല്‍പ്പറഞ്ഞ അറ തലയുടെ ഉള്‍വശത്തേക്ക് സാമാന്യം നല്ല ദൂരത്തേക്ക് വ്യാപിച്ചിട്ടുണ്ടാകും.''
1907-ല്‍ ബ്രൂണര്‍ (Bruner) നടത്തിയ പഠനങ്ങള്‍ ഹേയുടെ അനുമാനങ്ങള്‍ ഏറെക്കുറെ ശരിയാണെന്ന് തെളിയിക്കുന്നതായിരുന്നു. ഹേ സൂചിപ്പിച്ച കണ്ണറകളും (circumocular sinuses) മാംസപേശികളും ബ്രൂണര്‍ കണ്ടെത്തി. അറകളേയും അവയ്ക്ക് സമീപമുള്ള സിരകളേയും (eins) അമര്‍ത്തി മര്‍ദ്ദം വര്‍ദ്ധിപ്പിക്കുന്നത് ഈ മാംസപേശികള്‍ ആണെന്നും അദ്ദേഹം കണ്ടെത്തി. മര്‍ദ്ദം വര്‍ദ്ധിക്കുന്നതിന് അനുസരിച്ച് ഓന്തിന്റെ കണ്ണുകള്‍ പുറത്തേക്ക് തള്ളി വരും. അതിന് ശേഷമാണ് ഭിത്തിപൊട്ടി ചോര പുറത്തേക്ക് തെറിക്കുന്നത്. ബ്രൂണറുടെ അഭിപ്രായത്തെ ഖണ്ഡിക്കുന്നതായിരുന്നു 1942-ലെ ബേള്‍സന്റെ (Burleson) നിരീക്ഷണം. കണ്ണറയില്‍ നിന്നും കണ്‍പോളയുടെ ഭിത്തി പൊട്ടാതെയാണ് ചോര താഴത്തെ കണ്‍പോളയിലേക്ക് പ്രവഹിക്കുന്നത് എന്നായിരുന്നു അദ്ദേഹത്തിന്റെ നിരീക്ഷണം.
പ്രതിരോധ തന്ത്രം
പേടിയും പലതരത്തിലുള്ള അസ്വസ്ഥതകളുമാണ് കൊമ്പനോന്തുകളെ ചോര ചീറ്റാന്‍ പ്രേരിപ്പിക്കുന്നത് എന്നതായിരുന്നു ആദ്യകാല ഗവേഷകരുടെ കണ്ടെത്തലുകള്‍. വിരലുകള്‍ കൊണ്ട് കുത്തുമ്പോഴും പിടിക്കുമ്പോഴും പുറത്ത് തലോടുമ്പോഴും മറ്റുമാണ് അവ ചോര ചീറ്റിയിരുന്നത്. സൂക്ഷ്മതലത്തില്‍ പല അഭിപ്രായ വ്യത്യാസങ്ങളും ഉണ്ടെങ്കിലും ശത്രുക്കള്‍ക്കെതിരെയുള്ള പ്രതിരോധമാണ് ചോര ചീറ്റലിലൂടെ കൊമ്പനോന്തുകള്‍ ലക്ഷ്യമാക്കുന്നത് എന്നതില്‍ അഭിപ്രായ ഐക്യമുണ്ട്. ശത്രുക്കള്‍ക്ക് ഏതെങ്കിലും തരത്തില്‍ ദേഹാസ്വാസ്ഥ്യമുണ്ടാക്കുന്ന ഏതെങ്കിലും രാസപദര്‍ത്ഥങ്ങള്‍ ചോരയിലുണ്ടോ, അല്ലെങ്കില്‍ അതിന് ദുര്‍ഗ്ഗന്ധമുണ്ടോ, അതുമല്ലെങ്കില്‍ ശത്രുക്കളുടെ ശ്രദ്ധതിരിക്കാനുള്ള ഒരു അടവ് മാത്രമാണോ ഈ ചോര ചീറ്റല്‍ തുടങ്ങിയ കാര്യങ്ങളിലാണ് അഭിപ്രായ ഭിന്നതകളുള്ളത്.
തുടക്കത്തില്‍ പരാമര്‍ശിച്ച ഓ.പി. ഹേ ചോര രുചിച്ചു നോക്കിയപ്പോള്‍ അതിന് വ്യത്യസ്തമായ ഒരു രുചിയാണ് തോന്നിയത്. ഒരുതരം ഇളം മധുരമുള്ള രുചി. അദ്ദേഹം അതിനെ മസ്‌കി ടേസ്റ്റ് (musky taste) എന്നാണ് വിശേഷിപ്പിച്ചത്. എന്നാല്‍ ചോര രുചിച്ചതുകൊണ്ട് എന്തെങ്കിലും പ്രശ്‌നങ്ങളുള്ളതായി അദ്ദേഹത്തിന് അനുഭവപ്പെട്ടില്ല. അതേസമയം, രക്തം കണ്ണില്‍ വീഴുകയാണെങ്കില്‍ ചൊറിച്ചിലുണ്ടാകുമെന്ന് അദ്ദേഹവും മറ്റ് രണ്ട് ഗവേഷകരും സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ രക്തത്തിലെ ഏതെങ്കിലും ഘടകം ശത്രുക്കള്‍ക്ക് പ്രശ്‌നമുണ്ടാക്കും എന്നതിന് തെളിവൊന്നുമില്ല.
ചോര ചീറ്റുന്നതിന് മുന്‍പ് കണ്ണുകള്‍ക്ക് അരികിലുള്ള ചില ഗ്രന്ഥികള്‍ ഉല്‍പാദിപ്പിക്കുന്ന സ്രവങ്ങള്‍ ചോരയില്‍ കലര്‍ത്തുന്നുണ്ടാകാമെന്ന് ചില ഗവേഷകര്‍ അഭിപ്രായപ്പെട്ടിരുന്നുവെങ്കിലും അത് ശരിയല്ലെന്ന് പില്‍ക്കാലത്ത് തെളിയിക്കപ്പെട്ടു. ഉറുമ്പുകളെ ഭക്ഷിക്കുന്നതുകൊണ്ടാകാം അവയുടെ രക്തം മറ്റുള്ള ഉരഗങ്ങളില്‍ നിന്ന് വ്യത്യസ്തമായിരിക്കുന്നത് എന്നാണ് വിശ്വസിക്കപ്പെടുന്നത്.
പട്ടികള്‍ക്കെതിരെ?
കൊമ്പനോന്തുകള്‍ ചോര ചീറ്റുന്നത് ശത്രുക്കളില്‍ നിന്ന് രക്ഷനേടാനാണെങ്കില്‍ ഭീഷണി ആയേക്കാവുന്ന എല്ലാ മൃഗങ്ങള്‍ക്കുനേരെയും രക്തം ചീറ്റേണ്ടതല്ലേ? അങ്ങനെ സംഭവിക്കുന്നില്ല എന്നാണ് ഭൂരിഭാഗം ഗവേഷണങ്ങളും സൂചിപ്പിക്കുന്നത്. ഈ നിരീക്ഷണങ്ങള്‍ പ്രതിരോധ സിദ്ധാന്തത്തിന്റെ വിശ്വാസ്യതയെ പ്രതികൂലമായി ബാധിക്കുകയും ചെയ്തു. 1992-ല്‍ മിഡന്‍ഡോര്‍ഫും (Middendorf) ഷെര്‍ബ്രൂക്കും (Sherbrooke) ചേര്‍ന്ന് പ്രസിദ്ധീകരിച്ച ഒരു പഠനത്തില്‍ മനുഷ്യരുമായി താരതമ്യം ചെയ്യുമ്പോള്‍ പട്ടികളെ നേരിടുമ്പോളാണ് കൊമ്പനോന്തുകള്‍ കൂടുതലായും ചോര ചീറ്റുന്നത് എന്ന് കണ്ടെത്തി. ചോര ചീറ്റിയപ്പോള്‍ പട്ടികള്‍ ആക്രമണത്തില്‍ നിന്ന് പിന്തിരിയുകയും ചെയ്തു.
തുടര്‍ന്ന് നടന്ന പല പഠനങ്ങളും സൂചിപ്പിക്കുന്നത് പട്ടിവര്‍ഗ്ഗത്തില്‍ (Canids) പെട്ട മൃഗങ്ങള്‍ക്ക് നേരെയാണ് കൊമ്പനോന്തുകള്‍ പ്രധാനമായും തങ്ങളുടെ ചോര ചീറ്റല്‍ സ്വഭാവം പുറത്തെടുക്കുന്നത് എന്നാണ്. 2024-ല്‍ പ്രസിദ്ധീകരിച്ച ഒരു പഠനത്തില്‍ ഷെര്‍ബ്രൂക്കും കിംബാളും (Kimball) കൊമ്പനോന്തുകളുടെ ചോരയിലടങ്ങിയ രാസവസ്തു പോഗണോമിര്‍മിക്‌സ് (Pogonomyrmex) ജനുസ്സില്‍പെട്ട ഉറുമ്പുകളില്‍ നിന്ന് ലഭിക്കുന്നതാണെന്ന് കണ്ടെത്തി. ഇങ്ങനെയൊക്കെയാണെങ്കിലും ശത്രുക്കളുമായി മുഖാമുഖം വരുന്ന എല്ലാ സന്ദര്‍ഭങ്ങളിലും കൊമ്പനോന്തുകള്‍ അവയുടെ ചോര ചീറ്റല്‍ സ്വഭാവം പുറത്തെടുക്കാറില്ല. ചില മൃഗങ്ങളോടും ചില സന്ദര്‍ഭങ്ങളിലും മാത്രമുള്ള ഈ സ്വഭാവ വ്യത്യാസങ്ങളുടെ കാരണങ്ങള്‍ ഇപ്പോഴും വ്യക്തമല്ല.
വംശനാശ ഭീഷണി
നിര്‍ഭാഗ്യവശാല്‍ മൃഗലോകത്തെ ഈ അതിശയജീവികള്‍ കടുത്ത വംശനാശ ഭീഷണിയെ നേരിട്ടുകൊണ്ടിരിക്കുകയാണ്. വികസനവുമായി ബന്ധപ്പെട്ട നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ കാരണം ആവാസസ്ഥലങ്ങള്‍ നഷ്ടപ്പെടുന്നതാണ് ഏറ്റവും പ്രധാനപ്പെട്ട ഭീഷണി. അതിനുപുറമെ തരിശുസ്ഥലങ്ങള്‍ കൃഷിയിടങ്ങളായി മാറ്റുന്നതും അതോട് അനുബന്ധിച്ചുള്ള കീടനാശിനി പ്രയോഗവും വളര്‍ത്തുനായകളും പൂച്ചകളുമെല്ലാം ഇവയ്ക്ക് കടുത്ത ഭീഷണിയാകുന്നുണ്ട്. അതിനും പുറമെയാണ് ദക്ഷിണ അമേരിക്കയില്‍ നിന്നും കുടിയേറിയ തീയുറുമ്പുകള്‍ (Solenopsis invicta).
കൊമ്പനോന്തുകള്‍ തീയുറുമ്പുകളെ ഭക്ഷിക്കില്ല. എന്നാല്‍ ഇവയുടെ കടന്നുകയറ്റം മറ്റ് ഉറുമ്പുകളുടെ എണ്ണത്തെ സാരമായി ബാധിക്കുന്നുണ്ട്. മാത്രമല്ല ഉപദ്രവകാരികളായ ഈ ഉറുമ്പുകള്‍ക്കെതിരെ ഉപയോഗിക്കുന്ന കീടനാശിനികള്‍ മറ്റ് ഉറുമ്പുകളെയും നശിപ്പിക്കുന്നുണ്ട്. അങ്ങനെ ഉറുമ്പുതീനികളായ കൊമ്പനോന്തുകളുടെ സ്വാഭാവിക ഭക്ഷണത്തില്‍ ഗണ്യമായ കുറവ് വരികയും അവയുടെ നിലനില്‍പ്പിനെ തന്നെ ബാധിക്കുകയും ചെയ്യുന്നു. ഗൗരവപൂര്‍വമായ രക്ഷാദൗത്യത്തിന്റെ അഭാവത്തില്‍ അപൂര്‍വ്വമായ ഒരു ജീവിവര്‍ഗ്ഗത്തിന്റെ അസ്തമയത്തിന് നമ്മള്‍ സാക്ഷികളാകേണ്ടിവരും.

References
- 1. Middendorf G, Sherbrooke WC (1992). Canid Elicitation of Blood-Squirting in a Horned Lizard (Phrynosoma cornutum). Copeia, 2: 519 -527
- 2. Middendorf G, Sherbrooke WC (2001). Blood-Squirting Variability in Horned Lizards (Phrynosoma). Copeia, 4: 1114-1122
- 3. Southworth WH (1935). The biology of Phrynosoma. Dissertation submitted to Boston University.
- 4. Sherbrooke WC, Kimball BA (2024). Antipredator Blood-Squirting Defense in Horned Lizards (Phrynosoma): Chemical Isolation of Plasma Component(s), Pogonomyrmex Ant Dietary Origin, and Evolution. Ichthyology & Herpetology, 112(1):106-116
Content Highlights: horned lizards which shoots blood from its eyes amazing creatures of nature