കാലങ്ങൾ കഴിഞ്ഞാലും നശിക്കില്ല, ദൂരങ്ങൾ താണ്ടുന്നത് വിവിധ വഴികളിലൂടെ; അറിയാം പൂമ്പൊടിയെ | Eco Story

#വിനയ് രാജ്
പ്രതീകാത്മക ചിത്രം | Photo: Gettyimages
പ്രതീകാത്മക ചിത്രം | Photo: Gettyimages

1959 -ല്‍ ഡാന്യൂബ്‌ നദീതീരത്തുകൂടി യാത്രചെയ്യുമ്പോള്‍ ഒരാളെ കാണാതായി. എത്ര അന്വേഷിച്ചിട്ടും അയാളുടെ ശരീരം ലഭിച്ചില്ല. അയാളുടെ കൂട്ടുകച്ചവടക്കാരനായ ഒരു സുഹൃത്തിനെ സംശയത്തിന്റെ പേരില്‍ പോലീസ്‌ അറസ്റ്റ്‌ ചെയ്തു. എന്നാല്‍, ശരീരം കണ്ടുകിട്ടാത്തതുകാരണം കേസ്‌ മുന്നോട്ടുപോയില്ല. എന്നാല്‍ കൂട്ടുകാരന്റെ മുറിയില്‍ തിരയുന്നതിനിടയില്‍ മണ്ണു പുരണ്ട ഒരു ജോഡിഷൂസുകള്‍ ലഭിക്കുകയുണ്ടായി. വിയന്ന സര്‍വ്വകലാശാലയിലെ പൂമ്പൊടി വിദഗ്ദ്ധന്‍ വില്യം ക്ലോസിനെ വിളിച്ചുവരുത്തി ഷൂസിലെ ചെളിയെപ്പറ്റി അന്വേഷണം നടത്താന്‍ പോലീസ്‌ ആവശ്യപ്പെട്ടു. ധാരാളം പുതിയ പൂമ്പൊടി ആ ഷൂസില്‍ ഉണ്ടായിരുന്നു, എന്നാല്‍ അതോടൊപ്പം പുരാതനമായ ഫോസില്‍ പൂമ്പൊടിയും അദ്ദേഹത്തിന്റെ ശ്രദ്ധയില്‍പ്പെട്ടു. ഇത്തരം പൂമ്പൊടികളുടെ ഒരു സംയോഗം ഉണ്ടാകാന്‍ സാധ്യതയുള്ള ഏകയിടം വിയന്നയ്ക്കു വടക്ക്‌ 20 കിലോ മീറ്റര്‍ ദൂരെയുള്ള ഒരു ചെറിയ പ്രദേശമാണെന്നുള്ള അറിവ്‌ അദ്ദേഹത്തില്‍നിന്നു ലഭിച്ച പോലീസ്‌ സംഘം ഈ അറിവുപയോഗിച്ച്‌ അയാളെ ചോദ്യം ചെയ്തപ്പോള്‍ പ്രതിക്ക്‌ കുറ്റം സമ്മതിക്കേണ്ടിവന്നു. പിന്നീടു നടന്ന തിരച്ചിലില്‍ ക്ലോസ്‌ പറഞ്ഞ അതേ പ്രദേശത്തുനിന്നും മരിച്ചയാളുടെ ശവകുടീരം കണ്ടുപിടിക്കുകയും ചെയ്തു.

വെറുമൊരു  പൂമ്പൊടി എന്നു നമ്മൾ തള്ളിക്കളയുന്ന വസ്തു ഒട്ടും നിസ്സാരമല്ലെന്നു ചുരുക്കം. പൂമ്പൊടിക്ക്‌ രണ്ട്‌ അടുക്കുള്ള ആവരണമാണുള്ളത്‌. എക്സിന്‍ എന്നു പേരുള്ള പുറത്തെ ആവരണം സ്പോറോപൊല്ലനിന്‍ എന്നു പേരുള്ള ഒരു പോളിമര്‍ കൊണ്ടാണ്‌ ഉണ്ടാക്കിയിരിക്കുന്നത്‌. ചൂടാക്കിയാലോ ആസിഡോ ആല്‍ക്കലിയോ ഉപയോഗിച്ചാലോ ഒന്നും ഇതിനെ തകര്‍ക്കാന്‍ പറ്റില്ല. ഇതിനെ അലിയിക്കാന്‍ പറ്റിയ രാസത്വരകങ്ങള്‍ ഇനിയും കണ്ടുപിടിക്കേണ്ടിയിരിക്കുന്നു. തകര്‍ക്കാന്‍ ആവാത്തതിനാല്‍ ഇതിന്റെ രാസഘടന പോലും കൃത്യമായി അറിയില്ല. അതുകൊണ്ട്‌ പൂമ്പൊടി എവിടെയും സുരക്ഷിതമാണ്‌. കാലങ്ങള്‍ കഴിഞ്ഞാലും ഇതു നശിക്കാതെ നിലനില്‍ക്കും.എക്സിന്‌ വളരെ സവിശേഷമായ ആകൃതിയായിരിക്കും. ഓരോ തരം ചെടികള്‍ക്കനുസരിച്ച്‌ ഇതിന്റെ രൂപം വ്യത്യാസപ്പെട്ടിരിക്കും. ഇവയുടെ രൂപത്തില്‍നിന്നു പലപ്പോഴും ഏതു സ്പീഷിസാണെന്നുപോലും കൃത്യമായി കണ്ടെത്താനാവും. പലതരം വലിപ്പമുള്ള പൂമ്പൊടികള്‍ പലതരത്തില്‍ വിതരണം ചെയ്യപ്പെടുന്നു. കാറ്റില്‍ക്കൂടി, വെള്ളത്തില്‍ക്കൂടി, ജീവികളുടെ ദേഹത്തു പറ്റിപ്പിടിച്ച്‌, തേനീച്ച പോലെയുള്ള പ്രാണികള്‍ വഴി പല ദൂരങ്ങളിലേക്ക്‌ ഇവ വിതരണം ചെയ്യപ്പെടുന്നു.

Content Highlights: all you need to know about pollens, eco story column

Continue reading